ഷൂട്ടിങ് സെറ്റ് മാറിയത് ഇങ്ങനെ ; എല്ലാവർക്കും കൊറോണയെന്ന് തെറ്റിദ്ധരിക്കരുത്: ജിഷിൻ മോഹൻ

actor-jishin-mohan-on-changes-in-shooting-set
SHARE

കോവിഡിനെ തുടർന്നു സ്തംഭിച്ച മിനിസ്ക്രീൻ രംഗം പതിയെ തിരിച്ചുവരികയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടുകൾ പുനരാരംഭിച്ച് കഴിഞ്ഞു. പതിവിൽ നിന്നു വ്യത്യസ്തമാണ് ഷൂട്ടിങ് സെറ്റുകളിപ്പോൾ. ഈ മാറ്റം രസകരമായ ഒരു കുറിപ്പിലൂടെയാണ്  നടൻ ജിഷിൻ മോഹന്‍ പങ്കുവച്ചത്.

ശ്രീമൂവിസ് നിർമിച്ച്, ജോർജ് കട്ടപ്പനയുടെ തിരക്കഥയില്‍ ജി.ആർ കൃഷ്ണൻ സംവിധാനം ചെയ്യുന്ന ജീവിതനൗക എന്ന സീരിയലിന്റെ സെറ്റിലെ മാറ്റങ്ങളാണ് ജിഷിൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. സുരക്ഷ ഉറപ്പാക്കാൻ കർശന നിര്‍ദേശങ്ങളാണ് നിർമാതാവ് ശ്രീമൂവീസ് ഉണ്ണിത്താൻ നൽകിയിരിക്കുന്നത്.

നിരവധിപ്പേരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ഇക്കാര്യം കുറിക്കുന്നതെന്നും ഒരു സീരിയൽ സെറ്റിൽ കോവിഡ് ബാധിതനായ ഓട്ടോറിക്ഷ ഡ്രൈവർ വന്നതു പറഞ്ഞ് പൊലിപ്പിച്ച് എല്ലാവർക്കും കോവിഡ് ആണെന്ന പ്രചാരണം നടത്തരുതെന്നും ജിഷിൻ ആവശ്യപ്പെടുന്നു.

ജിഷിന്റെ കുറിപ്പ് വായിക്കാം; 

സാമൂഹിക അകലവും എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ജീവിതനൗക സീരിയലിന്റെ ഷൂട്ട്. ലൊക്കേഷനിൽ എത്തുമ്പോൾ തന്നെ ശരീരതാപനില പരിശോധിക്കാനും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധമാക്കി എന്ന് ഉറപ്പാക്കാനും കൺട്രോളർ ശ്രീകുമാറേട്ടൻ നിൽപ്പുണ്ട്. എല്ലാവരുടെയും താപനില ഒരു ബുക്കിൽ രേഖപ്പെടുത്തിയശേഷമാണ് അകത്തേക്ക് പ്രവേശനം. 

സാധാരണ ചായ തരാറുള്ള കുപ്പി ഗ്ലാസിന്റെ അല്ലെങ്കിൽ സ്റ്റീൽ ഗ്ലാസിന്റെ സ്ഥാനം ഡിസ്പോസിബിൾ ഗ്ലാസ്‌ കയ്യടക്കി. പ്രൊഡക്ഷൻ ഫുഡ്ഡിനു വലിയ മാറ്റം ഒന്നും ഇല്ലെങ്കിലും സീരിയലിലെ മമ്മൂട്ടി എന്നറിയപ്പെടുന്ന സാജൻ സൂര്യയും അമ്മായി അമ്മ കാർത്തിക ചേച്ചിയും തമിഴിൽ നിന്ന് വന്ന നായികയും എല്ലാം സ്വന്തം പ്ലേറ്റും ഗ്ലാസും കൊണ്ടു വന്നു ഇതുവരെ ഫുഡ്‌ കാണാത്ത രീതിയിൽ ശാപ്പിടുന്നത് കണ്ടു.

മേക്കപ്പ് ചെയ്യാൻ ഇരുന്നപ്പോൾ ഇടവിടാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന മേക്കപ്പ്മാൻ പ്രഭാകരേട്ടൻ മാസ്ക് വച്ച് സംസാരിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടു. ഓരോരുത്തർക്കും പ്രത്യേക വസ്ത്രം, സാധാരണ കൈ കൊണ്ട് പുട്ടി വാരി തേക്കുന്നത് ഒഴിവാക്കി ബ്രഷ് ഉപയോഗിക്കുന്നു! 

പതിവു പോലെ പഞ്ചാരയടിക്കാൻ പെൺപിള്ളേർ ഇരിക്കുന്ന റൂമിൽ ചെന്നപ്പോഴാണ് ഇടിത്തീ പോലെ ആ വാർത്ത അറിഞ്ഞത്. ശ്രീമൂവീസിന്റെ അമരക്കാരൻ, നമ്മുടെ അന്നദാതാവ് ഉണ്ണിത്താൻ സാറിന്റെ നിർദേശപ്രകാരം എല്ലാവരും ഒന്നിച്ചു ഇരുന്നു വാചകമടിക്കുന്ന പരിപാടി വേണ്ട. എല്ലാവരും പല റൂമുകളിൽ സാമൂഹിക അകലം പാലിച്ചു ഇരിക്കണമത്രേ. 

ഉള്ള മൂഡ് പോയി സീൻ റെഡി ആയോ എന്നു നോക്കാൻ പോയപ്പോൾ ആണ് ആ കാഴ്ച കണ്ടത്. ശ്രീമൂവീസിന്റെ പൊന്നോമനപ്പുത്രൻ യൂണിറ്റിലെ ജോസഫ് മാസ്ക് നെറ്റിയിൽ വച്ച് ലൈറ്റ് സെറ്റ് ചെയ്യുന്നു. നമ്മുടെ സ്വന്തം രായണ്ണൻ നിന്ന് തെറി വിളിക്കുവാ ജോസഫിനെ. തെറി കേട്ടു സഹികെട്ടു ജോസഫ് മാസ്ക് നേരെ വച്ചു. പതിവ് പോലെ പിറുപിറുത്തു കൊണ്ട് രായണ്ണൻ യൂണിറ്റ് ചീഫ് ഹരി ചേട്ടനോട് പോയി പരാതി പറയുന്നത് കണ്ടു. 

സീൻ റെഡി ആയി, ആർട്ടിസ്റ്റുകൾ മാസ്ക് മാറ്റി കഥാപാത്രങ്ങൾ ആയി. അസോസിയേറ്റ് പ്രസാദ് പ്രോംപ്റ്റ് ചെയ്യുമ്പോൾ മാത്രം മാസ്ക് താഴ്ത്തി വച്ചു. രണ്ടു മൂന്നു മാസം വീട്ടിൽ ഇരുന്നത് കൊണ്ട് ടച്ച്‌ വിട്ടു പോയ ചിലർ ഡയലോഗ് തെറ്റിച്ചു കേട്ടോ. എങ്കിലും വൈകുന്നേരം അനുവദിക്കപ്പെട്ട സമയത്തിന് അര മണിക്കൂർ മുൻപ് തന്നെ ഡയറക്ടർ പാക്കപ്പ് പറഞ്ഞു. 

താമസസ്ഥലമായ ശ്രീമൂവീസിന്റെ തന്നെ ഗസ്റ്റ് ഹൗസിൽ തിരിച്ചെത്തി ചൂട് വെള്ളത്തിൽ കുളിച്ച് ഫ്രഷ് ആയി താഴെ സ്റ്റുഡിയോയിൽ ഡബ് ചെയ്യാൻ എത്തി. ശ്രീമൂവീസ് ഉണ്ണിത്താൻ സാറിന്റെ മകൻ, നമ്മൾ സ്നേഹത്തോടെ ഉണ്ണി എന്ന് വിളിക്കുന്ന അനീഷ് ഉണ്ണിത്താൻ കൂപ്പു കയ്യുമായി ചിരിച്ചോണ്ട് നിൽക്കുന്നു. ഒരു നിമിഷം ജ്വല്ലറിയിൽ കയറിയ പോലെ തോന്നിപ്പോയി. ഷേക്ക്‌ ഹാൻഡ് തരില്ലത്രേ. സാനിറ്റൈസർ ഉപയോഗിച്ചശേഷം ഉള്ളിൽ കയറി ഡബ് ചെയ്തു തിരിച്ചു റൂമിൽ വന്നു കിടന്നുറങ്ങി. അങ്ങനെ 12 ദിവസത്തോളം ഷൂട്ടിങ്. 

അതിനിടയിൽ മറ്റൊരു ലൊക്കേഷനിൽ ചെന്ന ഓട്ടോക്കാരന് കോവിഡ് പോസിറ്റീവ് എന്ന വാർത്ത കേട്ട് എല്ലാവരും പരിഭ്രമിച്ചു. എങ്കിലും നമ്മുടെ ലൊക്കേഷനിൽ ഇത്രയും ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടല്ലോ എന്ന് ഓർത്തു ആശ്വസിച്ചു. ഷൂട്ട് കഴിഞ്ഞു വീട്ടിൽ എത്തി അടുത്ത ഷെഡ്യൂളിന് ആയി കാത്തിരിക്കുന്നു. 

പലരും ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം ആണ് മുകളിൽ എഴുതിയിരിക്കുന്നതെല്ലാം. ലൊക്കേഷനിൽ ഓട്ടോറിക്ഷ കൊണ്ടു വന്ന ഒരാൾക്ക് രോഗം പിടിപെട്ടു എന്നു കേട്ടാൽ സീരിയലിൽ ഉള്ള എല്ലാവർക്കും കൊറോണ വന്നു എന്ന് തെറ്റിദ്ധരിക്കരുത് കൂട്ടുകാരെ. പറഞ്ഞു പറഞ്ഞു നമ്മൾ പാവം കലാകാരന്മാരുടെ കഞ്ഞികുടി മുട്ടിക്കല്ലേ പ്ലീസ്.

അപ്പൊ എല്ലാം പറഞ്ഞ പോലെ. മഴവിൽ മനോരമയിൽ രാത്രി 7.30 നു കാണാൻ മറക്കരുത്...‘ജീവിതനൗക’

സാമൂഹിക അകലം പാലിച്ചു കൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് ജീവിതനൗക സീരിയലിന്റെ shoot. With Director Gr Krishnan....

Posted by Jishin Mohan on Sunday, 28 June 2020

English Summary : Actor Jishin Mohan fb post on Changes in shooting sets

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA