ADVERTISEMENT

സൂഫിയും സുജാതയും എന്ന സിനിമ മികച്ച അഭിപ്രായങ്ങൾ നേടുമ്പോൾ ഏറെ സന്തോഷത്തിലാണ് കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്. ദാവണി അണിഞ്ഞ്, വെള്ളിക്കൊലുസ് കിലുക്കി ഓടി നടക്കുന്ന സുജാത പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. സിനിമ പോലെ സംഗീതവും പ്രണയവും ഇഴച്ചേർത്ത ആ ദാവണികൾ സുജാതയില്‍ നിന്നും വേർതിരിക്കുക അസാധ്യമാണ്. അദിതി റാവുവിനെ നാടൻ സുന്ദരിയാക്കിയ കഥ സമീറ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.

‘‘2 വർഷം മുമ്പാണ് ഡയറക്ടർ ഷാനവാസ് ഈ പ്രൊജക്ടിനെ കുറിച്ച് പറയുന്നത്. അന്ന് മറ്റൊരു ഹീറോയിനായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്. ആദ്യം കഥ കേട്ടും പിന്നീട് തിരക്കഥ വായിച്ചും സുജാത എങ്ങനെയാണ് എന്നു മനസ്സിലാക്കിയിരുന്നു. പിന്നീട് സിനിമ നീണ്ടു പോവുകയും അതിലേക്ക് അദിതി റാവു വരികയും ചെയ്തു. അദിതിക്ക് സ്വന്തമായി സ്റ്റൈലിസ്റ്റ് ഉണ്ട്. എന്നാൽ ഞാൻ തന്നെ ചെയ്യണമെന്ന് ഷാനവാസിന് നിർബന്ധമുണ്ടായിരുന്നു.

തുടർന്ന് അദിതിയെ മുംബൈയിൽ പോയി കാണുകയും എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നു പറയുകയും ചെയ്തു. ഒരു ഡ്രസ് തയാറാക്കി ട്രയൽ നോക്കി. അദിതിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ പ്രൊജക്ടുമായി മുന്നോട്ടു പോയി.

aditi-rao

ഇരുപത്തി അഞ്ചോളം ദാവണികളാണ് തയാറാക്കിയത്. പാവാടയിലേ ബ്ലൗസിലോ ഡിസൈനുകൾ നൽകി ദുപ്പട്ട പ്ലെയിൻ ആയി നിലനിർത്തുന്നതായിരുന്നു സ്റ്റൈൽ. ചില ബ്ലൗസുകൾ പഫ് സ്ലീവ് ഉള്ളവയായിരുന്നു. സിംപിൾ കോട്ടണിലാണ് വസ്ത്രങ്ങൾ ഒരുക്കിയത്.

കളർ കോംമ്പിനേഷനുകളാണ് ദാവണിയെ ശ്രദ്ധേയമാക്കുന്നത്. പിന്നെ അദിതി അണിയുമ്പോൾ ആ ദാവണിക്ക് ഒരു പ്രത്യേക സൗന്ദര്യം കൈവരുന്നുണ്ട്. അവരുടെ ആ ഒരു ഗ്രൈയ്സ് നമ്മൾ ചെയ്തതിനെ ഇരിട്ടിയാക്കി മാറ്റുന്നു. മറ്റൊരു കാര്യം അനു മൂത്തേടത്തിന്റെ ക്യാമറയാണ്. അദ്ദേഹത്തിനൊപ്പം ഞാൻ അതിരൻ എന്ന സിനിമയിലും വർക് ചെയ്തിരുന്നു. നമ്മൾ ചെയ്യുന്ന ചെറിയ ഡീറ്റൈയ്‌ലിങ് പോലും അദ്ദേഹം ഒപ്പിയെടുക്കും. ഒരു കോസ്റ്റ്യൂം ഡിസൈനർ എന്ന നിലയിൽ വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ് അത്.

aditi-rao-3

അദിതി ഉപയോഗിച്ച വെള്ളിക്കൊലുസ് എറണാകുളത്ത് നിന്നെടുത്തതാണ്. അത് ഒന്നു മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഞാൻ അനുഭവിച്ച ഏറ്റവും വലിയ ടെൻഷന് കാരണവും അതായിരുന്നു. സിനിമയിൽ മുഴുനീളം ഉപയോഗിക്കുന്ന ആക്സസറികളുടെ ഒരു ജോഡി അധികം കരുതാറുണ്ട്. എന്നാൽ കൊലുസിന്റെ കാര്യത്തിൽ അതിനു സാധിച്ചില്ല. ഒന്ന് കാണാതാവുകയോ മറ്റോ ചെയ്താൽ മാറ്റിയിടാൻ മറ്റൊന്നില്ല എന്ന ടെൻഷൻ ഷൂട്ട് കഴിയുന്നതു വരെ ഉണ്ടായിരുന്നു. എന്നാൽ എല്ലാ വളരെ നന്നായി അവസാനിച്ചു. 

അദിതിക്കൊപ്പം വർക് ചെയ്യുക വളരെ കംഫർട്ടബിളാണ്. അതിനുകാരണം അവരുടെ ഹൃദ്യമായ പെരുമാറ്റമാണ്. വലിയ മോഡലാ താരമോ ആണെന്ന നിലയിൽ ഒരിക്കലും നമ്മളോട് പെരുമാറില്ല. ക്രൂവിനൊപ്പം സാധാരണ നാടൻ ഭക്ഷണശാലയിലിരുന്ന് ഭക്ഷണം കഴിക്കാനോ ഒന്നും യാതൊരു മടിയുമില്ല.

aditi-rao-2

സിനിമ വളരെ മികച്ച അഭിപ്രായങ്ങൾ നേടി മുന്നോട്ടു പോകുന്നുണ്ട്. വളരെയധികം താൽപര്യത്തോടും ഇഷ്ടത്തോടും കൂടി ചെയ്ത പ്രൊജക്ട് ആണ് ഇത്. കണ്ടു കഴിഞ്ഞ് പലരും എന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചു. അങ്ങനെ എല്ലാം കൊണ്ടും ഈ പ്രൊജക്ട് വളരെയധികം സന്തോഷം നൽകി.

English Summary : Costume Designer Sameera Saneesh on Sufiyum Sujathyam Movie Costume

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com