ശരീരമാകെ ടാറ്റൂ, ഇല്യൂമിനേറ്റി പ്രചാരണം ; നാടൻ സുന്ദരി ടാറ്റൂ ഗേളായ കഥ

tattoo-girl-wish-rathod-style-and-life
SHARE

ലോക ടാറ്റൂ ദിനമാണ് ജൂലൈ 17. സ്റ്റൈലും പ്രണയവും ഭക്തിയുമെല്ലാം പറയുന്ന ടാറ്റൂകൾ ഇന്ന് വ്യാപകമാണ്. എന്നാൽ ടാറ്റൂകളോടുള്ള പ്രണയത്തിൽ ജീവിക്കുകയാണ് വിഷ്‌വ റാത്തോഡ് എന്ന 22 കാരി. ശരീരം നിറയെ ടാറ്റൂ, കാതിലും മുഖത്തും സ്റ്റഡുകൾ, വിചിത്രമായ ഹെയർസ്റ്റൈൽ – ആരു കണ്ടാലും വിഷ്‌വയെ കൗതുകത്തോടെ നോക്കിനിൽക്കും. 

47 ടാറ്റൂകളാണ് വിഷ്‌വയുടെ ശരീരത്തിൽ നിലവിലുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതു തന്നെ പുതിയ ടാറ്റൂ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതിനാൽ ഒരോ മാസവും പുതിയ ടാറ്റൂ ശരീരത്തിൽ സ്ഥാനം പിടിക്കുന്നു. ഈ ടാറ്റൂകളും സ്റ്റൈലും ടിക്ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ കോടിക്കണക്കിന് ഫോളോവേഴ്സിനെയാണ് വിഷ്‌വയ്ക്ക് നേടി കൊടുത്തത്. കഥകളും അപവാദങ്ങളുമൊക്കെ ചേർന്നുള്ള ടാറ്റൂ ഗേളിന്റെ ജീവിതം അറിയാം.

tattoo-girl-2

ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനനം. വിഷ്‌വയ്ക്ക് രണ്ടു വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും വിവാഹമോചിതരായി. പിന്നീട് അച്ഛന്റെ കുടുംബത്തിനൊപ്പമായിരുന്നു താമസം. പരമ്പരാഗത ഗുജറാത്തി കുടുംബത്തിലെ രീതികൾ പലതും തന്റെ സ്വാതന്ത്ര്യം നിഷേധിക്കുന്നതാണെന്നു വിഷ്‌വയ്ക്ക് തോന്നിയിരുന്നു. അച്ഛനും ബന്ധുക്കളും മുന്നോട്ടുവച്ച പല നിയന്ത്രണങ്ങളും വിഷ്‌വ ലംഘിച്ചത് പ്രശ്നങ്ങൾക്കു കാരണമായി. 

17 വയസ്സുള്ളപ്പോൾ അച്ഛനുമായി വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇനി വീട്ടിലേക്ക് കയറ്റില്ല എന്നായിരുന്നു അച്ഛന്റെ തീരുമാനം. തുടർന്ന് രാജ്കോട്ടിലേക്ക് പോവുകയും അവിടെ പേയിങ് ഗസ്റ്റ് ആയി താമസം തുടങ്ങുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന കുറച്ച് ആഭരണങ്ങള്‍ വിറ്റായിരുന്നു പുതിയ ജീവിതം ആരംഭിച്ചത്. ഇതോടെ പഠനം അവസാനിപ്പിച്ച് ജോലിക്ക് പോയി തുടങ്ങി. പിന്നീട് കാസ്റ്റിങ് ഡയറക്ടർ ആയി ജോലി കിട്ടി ഡൽഹിയിലേക്ക് പോയി.

tattoo-girl-3

ഇതിനിടയിലാണ് മുത്തച്ഛൻ മരിച്ചെന്ന വാർത്ത തേടിയെത്തുന്നത്. തന്നെ വളരെയധികം സ്നേഹിച്ചിരുന്ന മുത്തച്ഛന്റെ വിയോഗം വിഷ്‌വയെ മാനസികമായി തളർത്തി. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനായി നാട്ടിലെത്തിയപ്പോള്‍ അച്ഛനുമായി വഴക്കുണ്ടായി. ഈ വേദനയിൽ ഡൽഹിയിലേക്ക് മടങ്ങിയെത്തിയ സമയത്താണ് ആദ്യത്തെ ടാറ്റൂ കുത്തുന്നത്. മുത്തച്ഛന്റെ മരണ തീയതിയാണ് കൈത്തണ്ടയിൽ പച്ച കുത്തിയത്. 

ടാറ്റൂ ചെയ്യുമ്പോഴുള്ള വേദന മനസ്സിലെ വേദനകളെ ശമിപ്പിക്കുന്നതു പോലെ വിഷ്‌വയ്ക്ക് തോന്നി. പിന്നീട് ടാറ്റൂ ജീവിതത്തിന്റെ ഭാഗമായി മാറി. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ടാറ്റൂ ചെയ്തു. ഇതിനിടയിൽ ഹെയർസ്റ്റൈലിലും മാറ്റങ്ങൾ വരുത്തി. ഒരു വശത്തെ മുടി വെട്ടികളഞ്ഞും ഡിസൈനുകൾ ചെയ്തുമായിരുന്നു പരീക്ഷണങ്ങൾ. കാതിൽ നിറയെ സ്റ്റഡുകൾ സ്ഥാനം പിടിച്ചു.

രൂപത്തിലെ മാറ്റം വിഷ് റാത്തോഡ് എന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ആദ്യം പ്രതിഫലിച്ചത്. ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുകയും അക്കൗണ്ടിൽ ഫോളോവേഴ്സ് കൂടുകയും ചെയ്തു. എന്നാൽ അദ്ഭുതങ്ങൾ കാത്തിരുന്നത് ടിക്ടോക്കിലായിരുന്നു. വിഷ്‌വ ചെയ്ത ലിപ് സിങ്ക് വിഡിയോകൾ തരംഗമായി. ടാറ്റൂ നിറഞ്ഞ ശരീരവും ഹെയർസ്റ്റൈലും വസ്ത്രധാരണവുമൊക്കെ സൃഷ്ടിച്ച കൗതുകം കമന്റുകളിൽ പ്രകടമായിരുന്നു. മോശം കമന്റുകള്‍ നിരവധിയായിരുന്നെങ്കിലും അതെല്ലാം പ്രശസ്തിയിലേക്ക് നയിച്ചു. ‘ടാറ്റൂ ഗേൾ’ എന്നായിരുന്നു ആരാധകരുടെ വിശേഷണം. 

ഇതോടെപ്പം വിഷ്‌വ ‘ഇല്യൂമിനേറ്റി’ ആണെന്ന പ്രചാരണങ്ങളും ഉണ്ടായി. ടാറ്റൂകൾ അതിന് തെളിവാണെന്നും കൂടതൽ ആളുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നുമായിരുന്നു കിംവദന്തികൾ. കഥകളും ഉപകഥകളും അപസർപ്പക കഥകളും ചേർത്ത് സോഷ്യൽ ലോകം പൊലിപ്പിച്ചതോടെയാണ് ‘ഇല്യൂമിനേറ്റി’യുടെ അക്കൗണ്ട് തേടിപ്പിടിച്ച് ആളുകൾ എത്താൻ തുടങ്ങിയത്. അങ്ങനെ ഇല്യൂമിനേറ്റി കരുത്തിൽ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുകയറി.  

tattoo-girl-4

ടിക്ടോക്കിൽ താരമായതോടെ വിഷ്‌വയെ തേടി വമ്പൻ ബ്രാൻഡുകൾ പാഞ്ഞെത്തി. ഇൻഫ്ലൂവൻസിങ്ങും പ്രെമോഷനുമൊക്കെ തുടങ്ങിയതോടെ മികച്ച വരുമാനം ലഭിച്ചു.  വിഷ്‌വയ്ക്ക് 1.2 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്നപ്പോഴാണ് ഇന്ത്യയിൽ ടിക്ടോക് നിരോധിക്കപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ 6 ലക്ഷം ഫോളോവേഴ്സ് ഉണ്ട്.

എങ്ങനെ പ്രശസ്തയായി എന്ന ചോദ്യം നേരിട്ടപ്പോഴെല്ലാം വിഷ്‌വ  വിരൽ ചൂണ്ടിയത്  തന്റെ ടാറ്റൂകളിലേക്കാണ്. ജീവിതത്തിൽ ഒരിക്കലും തോൽക്കാതിരിക്കാനുള്ള ഊർജമാണ് വിഷ്‌വയ്ക്ക് ടാറ്റൂ. 

English Summary : Tattoo girl Vishwa Rathod style and life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA