പൂച്ച മുഖത്തിന് പ്ലാസ്റ്റിക് സർജറികൾ, 28000 കോടി ജീവനാംശം; ആഡംബര രാജ്ഞിക്ക് 80 വയസ്സ്

cat-women-jocelyn-wildenstein-life-story
കടപ്പാട് : സമൂഹമാധ്യമങ്ങൾ
SHARE

കോടീശ്വരി എന്നാൽ എന്താണ് അർഥം? ഒരുകാലത്ത് ആ വാക്കിന്റെ അർഥം ജോസെലിൻ വിൽഡെൻസ്റ്റീൻ എന്നായിരുന്നു. ‘ആഡംബരത്തിന്റെ രാജ്ഞി’ എന്നു വിളിക്കാൻ ജോസെലിനെക്കാളും അർഹതയുള്ള മറ്റൊരാളെ കണ്ടെത്തുക പ്രയാസമാണ്. കണക്കില്ലാത്ത പ്ലാസ്റ്റിക് സർജറികൾ, 28000 കോടിയിലേറെ രൂപ ജീവനാംശം ലഭിച്ച വിവാഹമോചനം, ഓരോ വർഷവും ഭക്ഷണത്തിനും മദ്യത്തിനുമായി 4 കോടിയിലേറെ രൂപയും ഫോൺ ബില്ലായി 45 ലക്ഷത്തോളം രൂപയും ചെലവഴിച്ചയാള്‍, വാഹനങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, വില്ലകൾ........ അങ്ങനെ നീണ്ട ആഡംബര ജീവിതം ഒടുവിൽ സാമ്പത്തിക ഞെരുക്കത്തിന്റെ പടുകുഴിയിൽ വീണതും വലിയ വാർത്തയായി. ഓഗസ്റ്റ് 5 ന് 80 വയസ്സ് പൂർത്തിയാക്കുമ്പോഴും പാപ്പരാസികളുടെ ഇഷ്ട നായികാ സ്ഥാനത്ത് ജോസെലിനുണ്ട്. ആഡംബരത്തിന് പുത്തൻ അർഥം സമ്മാനിച്ച ജോസെലിന്റെ ജീവിതത്തിലൂടെ....

1940 ഓഗസ്റ്റ് 5 ന് സ്വിറ്റ്സർലൻഡിലെ ലോസെന്നയിൽ ഒരു സാധാരണ കുടുംബത്തിലാണ് ജോസെലിൻ ഡയാനിസ് ഡാ സിൽവ ബെസേറ പെരിസെറ്റിന്റെ ജനനം. അച്ഛൻ കായിക ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ സെയിൽസ്മാനായിരുന്നു. സ്വിസ് ചലച്ചിത്ര നിർമാതാവ് സിറിൾ പിഗ്വെയെ കണ്ടുമുട്ടിയതാണ് 17 കാരി ജോസെലിന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയത്. സിറിളുമായി പ്രണയത്തിലായ ജോസെലിൻ 19-ാം വയസ്സിൽ പാരിസിലേക്കു താമസം മാറി. സമൂഹത്തിൽ ഏതു നിലയിലുള്ളവരുമായും ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള ജോസെലിന്റെ കഴിവ് അമ്പരപ്പിക്കുന്നതായിരുന്നു. പാരിസിലെ തെരുവ്ഗായകർ മുതൽ യൂറോപ്യൻ ചലച്ചിത്ര രംഗത്തെ വമ്പൻ നിർമാതാക്കൾ വരെ ജോസെലിന്റെ സുഹൃത്തുക്കളായി. പീന്നീട് സിറിലുമായി പരിഞ്ഞ ജോസെലിൻ ഇറ്റാലിയൻ സംവിധായകൻ സെർജിയോ ഗോബിയുമായി അടുത്തു. ഈ ബന്ധം അഞ്ചു വർഷം നീണ്ടു.

jocelyn-wildenstein-0
(ഇടത്) ജോസെലിൻ വിൽഡെൻസ്റ്റീൻ പ്ലാസ്റ്റിക് സർജറിക്ക് മുൻപുള്ള ചിത്രം (വലത്) ഇപ്പോഴത്തെ രൂപം

സ്വപ്നഭൂമിയെന്ന് ജോസെലിൻ വിശേഷിപ്പിക്കാറുള്ള ആഫ്രിക്കൻ വൻകരയിലേക്കുള്ള തുടർച്ചയായ യാത്രകളാണ് വീണ്ടും ജീവിതത്തിന്റെ ഗതി മാറ്റുന്നത്. ഒരു ആഫ്രിക്കൻ യാത്രയ്ക്കിടയിലാണ് സൗദി അറേബ്യൻ ആയുധക്കച്ചവടക്കാരനായ അദ്നാൻ ഖഷോഗിയെയും ഭാര്യ സൊറായ ഖഷോഗിയെയും ജോസെലിൻ കണ്ടുമുട്ടുന്നത്. ലോകത്തിലെ അതിസമ്പന്നരിലൊരാളായ അദ്നാനുമായുള്ള സൗഹൃദം മറ്റു ശതകോടീശ്വരൻമാരുമായി സൗഹൃദം സൃഷ്ടിക്കാൻ ജോസെലിനെ സഹായിച്ചു. 

ഖഷോഗി കുടുംബത്തോടൊപ്പമുള്ള ഒരു കെനിയൻ യാത്രയിലാണ് അലെക് വിൽഡെൻസ്റ്റീൻ എന്ന ചെറുപ്പക്കാരനെ ജോസെലിൻ പരിചയപ്പെടുന്നത്. കുതിരയോട്ടത്തിലൂടെയും കലാവസ്തുക്കളുടെ വിപണനത്തിലൂടെയും കോടീശ്വരരായിരുന്നു വിൽഡെൻസ്റ്റീൻ കുടുംബം. കണ്ടുമുട്ടിയ ദിവസം തന്നെ അലെക്കും ജോസെലിനും അടുപ്പത്തിലായി. 1978 ഏപ്രിൽ 30ന് ലാസ്‌വേഗസിൽ വച്ച് ഇവർ വിവാഹിതരായി. തുടർന്ന് ലോസെന്നയിൽ വമ്പനൊരു സത്കാരവും നടത്തി. 

ലിൻക്സ് ഇനത്തിൽപ്പെട്ട കാട്ടുപൂച്ചകളോട് അലെക്കിന് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ഭർത്താവിന്റെ പൂച്ചപ്രേമം ജോസെലിനും പകർന്നുകിട്ടി. ലിൻക്സ് പൂച്ചകളുടെ വശ്യതയാർന്ന കണ്ണുകളോടായിരുന്നു ജോസെലിന് പ്രിയം. അത്തരം കണ്ണുകൾ ലഭിക്കാൻ വേണ്ടിയായിരുന്നു ജോസെലിന്‍ ആദ്യമായി കോസ്മെറ്റിക് സർജറി നടത്തിയത്. ലിൻക്സിന്റെ മുഖ സാദൃശ്യം ലഭിക്കാനായിയിരുന്നു പിന്നീടുള്ള തുടർച്ചയായ ശസ്ത്രക്രിയകൾ. ഏകദേശം രണ്ടു ദശലക്ഷം പൗണ്ട് കോസ്മെറ്റിക് സർജറികൾക്കു വേണ്ടി മാത്രം ചെലവഴിച്ചതായാണ് റിപ്പോർട്ടുകള്‍. ഭർത്താവിന്റെ ഇഷ്ടം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നത്രേ ഈ ശസ്ത്രക്രിയകൾ. ജോസെലിന്റെ ധൂർത്തിനൊപ്പം അലെക്കിന്റെ വിവാഹേതര ബന്ധങ്ങളും പാപ്പരാസികളുടെ ഇഷ്ടവിഷയമായിരുന്നു. കാറ്റ് വുമൺ, ദ് ലയൺ ക്വീൻ എന്നീ വിശേഷണങ്ങള്‍ ജോസെലിന് മാധ്യമങ്ങളും ഫാഷൻ മാസികകളും അക്കാലത്ത് ചാർത്തിക്കൊടുത്തു.

jocelyn-wildenstein-3
(ഇടത്) അലെക് വിൽഡെൻസ്റ്റീൻ, (വലത്) ജോസെലിൻ ഒരു ഫാഷൻ വീക്കിന് എത്തിയപ്പോൾ

1997ൽ ഒരു പൊതുപരിപാടിക്കുശേഷം വീട്ടിലെത്തിയ ജോസെലിൻ ഭർത്താവ് മറ്റൊരു സ്ത്രീയുമായി കിടക്ക പങ്കിടുന്നതാണ് കണ്ടത്. തുടർന്നു നടന്ന തർക്കത്തിനിടെ അലെക് തോക്കു ചൂണ്ടി ജോസെലിനെ ഭീഷണിപ്പെടുത്തി. ഇവരുടെ ദാമ്പത്യത്തിന്റെ തകർച്ച പൂർണമായതും ഈ സംഭവത്തോടെയാണ്. രണ്ടു വർഷത്തോളം വിവാഹമോചന കേസ് നീണ്ടു. തുടർന്നു വന്ന കോടതി വിധിയും വലിയ വാർത്താ പ്രാധാന്യം നേടി. 3.8 ബില്യൻ ഡോളർ (28000 കോടിയിലേറെ രൂപ) എന്ന ഭീമമായ തുകയാണ് അലെക് ജോസെലിനു നൽകേണ്ടി വന്നത്. 2.5 ബില്യൻ ഒറ്റത്തവണയായും ബാക്കി തുക 100 മില്യൻ വീതം 13 വർഷവുമാണ് നൽേകണ്ടിയിരുന്നത്. ജീവനാംശ തുക ഉപയോഗിച്ച് ജോസെലിൻ കോസ്മെറ്റിക് ശസ്ത്രക്രിയകൾ നടത്തരുത് എന്നും കോടതി വിധിച്ചു. അങ്ങനെ 19 വർഷം നീണ്ട ദാമ്പത്യത്തിന് അവസാനമായി.

വിവാഹമോചനത്തിനു ശേഷം ഒരു അഭിമുഖത്തിൽ ജോസെലിനെ പറ്റി അലെക് പറഞ്ഞത് ഇങ്ങനെയാണ് – ‘അവർ കോസ്മെറ്റിക് സർജറികൾക്ക് അടിമപ്പെട്ടുകഴിഞ്ഞിരുന്നു. പലപ്പോഴും ശസ്ത്രക്രിയ നടത്തുന്ന കാര്യം ഞാൻ അറിഞ്ഞതു പോലുമില്ല. ഒരു മരത്തടിയിൽ ശില്പം ചെത്തിമിനുക്കുന്നതുപോലെ തന്റെ മുഖം മാറ്റിയെടുക്കാമെന്നായിരുന്നു അവരുടെ വിചാരം. എത്ര പറഞ്ഞാലും മനസ്സിലാവുകയുമില്ല.’

lynx-cat
ലിൻക്സ് ഇനത്തിൽപ്പെട്ട കാട്ടുപൂച്ച

അലെക്കുമായുള്ള വിവാഹമോചനത്തിനുശേഷം ഫ്രഞ്ച് ഫാഷൻ ഡിസൈനറായ ലോയ്ഡ് ക്ലെയിനിനൊപ്പം ജോസെലിൻ താമസം തുടങ്ങി. 2016 ൽ ഈ ബന്ധത്തിന്റെ പേരിലും ജോസെലിൻ കോടതി കയറി. ലോയ്ഡിനെ മൂർച്ചയുള്ള വസ്തു കൊണ്ട് ആക്രമിച്ചതിനാണ് ജോസെലിൻ അറസ്റ്റിലായത്. തന്നെ ആക്രമിക്കുന്ന വിഡിയോ ലോയ്ഡ് മാധ്യമങ്ങൾ വഴി പുറത്തുവിടുകയും ചെയ്തു. പിന്നീട് ഇരുവരും രമ്യതയിലെത്തുകയും ചെയ്തു.

2008ൽ അലെക്ക് അന്തരിച്ചെങ്കിലും അദ്ദേഹത്തിന്റെ കുടുംബം കോടതി ഉത്തരവ് പ്രകാരമുള്ള തുക ഓരോ വർഷവും നൽകികൊണ്ടിരുന്നു. 2015 ലാണ് പണം നൽകൽ അവസാനിച്ചത്. ഇതോടെ ജോസെലിൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടു. ഇത്രയേറെ തുക ലഭിച്ചിട്ടും കടക്കെണിയിലകപ്പെട്ട ജോസെലിൻ വീണ്ടും വാർത്തകളിൽ നിറഞ്ഞു. ഓരോ വർഷവും ഭക്ഷണത്തിനും മദ്യത്തിനു മാത്രം കുറഞ്ഞത് നാലു കോടി, ഫോൺ ബിൽ 45 ലക്ഷം, കോടികൾ വിലവരുന്ന ബ്രാൻഡഡ് വസ്ത്രങ്ങൾ, ആഭരണങ്ങൾ, വാഹനങ്ങൾ, വില്ലകൾ എന്നിങ്ങനെ ജോസെലിന്റെ ആഡംബര ജീവിതശൈലി വീണ്ടും ചർച്ചയായി. ആ ജീവീതശൈലിയുമായി തട്ടിച്ചു നോക്കുമ്പോൾ 3.8 ബില്യൻ ഡോളർ ഒരു വലിയ തുക ആയിരുന്നില്ല എന്നതായിരുന്നു സത്യം.

jocelyn-wildenstein-2
(ഇടത്) ലോയ്ഡ് ക്ലെയിനിനൊപ്പം ജോസെലിൻ (വലത്) ഫാഷൻ ഷോയ്ക്കിടെ മാധ്യമങ്ങൾ മുന്നിൽ പോസ് ചെയ്യുന്ന ജോസെലിൻ

2019ൽ ന്യൂയോർക്കിലെ ട്രംപ് ടവറിലെ തന്റെ മൂന്ന് അപ്പാർട്ട്മെന്റുകൾ വിറ്റ് ചെലവിനുള്ള പണം കണ്ടെത്താൻ ജോസെലിൻ ഒരുങ്ങിയതും വാർത്തയായി. 80 വയസ്സ് പൂർത്തിയാകുമ്പോഴും പാപ്പരാസികളുടെ ഇഷ്ടനായികമാരിലൊരാളായി ജോസെലിൻ തുടരുന്നതിനു കാരണവും ജീവിതത്തെ ആഡംബരമാക്കി മാറ്റിയ ആ ശൈലിയാണ്.

English Summary : Cat women Jocelyn Wildenstein's life story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA