ADVERTISEMENT

‘‘നമ്മൾ എല്ലാവരും പ്രേമിച്ചിട്ടുള്ളവരാണ്. പലപ്പോഴും നമ്മളെത്തന്നെയോ അല്ലെങ്കിൽ സ്നേഹിച്ച വ്യക്തിയെയോ നഷ്ടപ്പെട്ടിട്ടുണ്ടാവാം. അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോയവർക്ക് കണ്ണു നിറയാതെ കാണാൻ പറ്റില്ല ഈ ചിത്രങ്ങൾ...’’ –സിനിമാ താരം ഐശ്വര്യ ലക്ഷ്മി ഇങ്ങനെയൊരു ആമുഖത്തോടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഫോട്ടോ സ്റ്റോറി വിസ്മയത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ലൗവ് ആഫ്റ്റർ ലൗവ് വെബ് സ്പെഷൽ ഫോട്ടോ സീരീസിന്റെ ആദ്യ എപ്പിസോഡ് ചിത്രങ്ങളാണിത്. പ്രഫഷനൽ ഫൊട്ടോഗ്രഫർ ടിജോ ജോണാണ് ഇതിന്റെ സൂത്രധാരൻ. സൗണ്ട് ഡബ്ബിങ് ചെയ്ത ഫോട്ടോ സ്റ്റോറിയാണ് ലൗവ് ആഫ്റ്റർ ലൗവ്. ഇതിന്റെ ആദ്യ ഭാഗമാണ് ഐശ്വര്യ മോഡലായ ലോസ്റ്റ് ആൻഡ് ഫൗണ്ട്. വ്യത്യസ്തമായ കാഴ്ചകളും ഉൾക്കാഴ്ചകളും കാഴ്ചക്കാരിലേക്ക് എത്തിക്കുന്ന 13 ഫ്രെയിമുകൾ. പ്രഫഷനൽ സൗണ്ട്, സ്റ്റൈലൻ ബാക്ക്ഗ്രൗണ്ട് സ്കോർ, ലളിതവും മനോഹരവും ആയ സ്ക്രിപ്റ്റ്, ലേ ഔട്ട്... രാജ്യാന്തര നിലവാരം ഉള്ള സൃഷ്ടി.  ഈ ഫോട്ടോ ഷൂട്ട് വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ടിജോയും ഐശ്വര്യലക്ഷ്മിയും. 

ലൗവ് ആഫ്റ്റർ ലൗവ്

ടിജോ: ലോക്ഡൗൺ കാലത്ത് എല്ലാവരും വെബ് സീരീസുകളുടെ പിന്നാലെയാണ്, ആ രീതിയിൽ തുടർക്കഥ പോലെ കാണാൻ സാധിക്കുന്ന ഒരു ഫോട്ടോ സീരീസാണ് ലൗവ് ആഫ്റ്റർ ലൗവ്. ഇത്തരത്തിലുള്ള പുതിയൊരു വിഷ്വൽ നറേറ്റീവ് ആശയം  ഇതിന്റെ എഴുത്തുകാരൻ ജോബി ജോസഫുമായുള്ള ചർച്ചകളിൽ നിന്നാണ് വന്നത്. ഓരോ എപ്പിസോഡിലും ഓരോ കഥയാണ് ചിത്രീകരിക്കുന്നത്. പ്രണയത്തിൽ ആയിരിക്കുമ്പോൾ മനസ്സിലാകാത്തതും നഷ്ടപ്പെടുമ്പോൾ എന്താണെന്ന് തിരിച്ചറിയുന്നതുമാണ് പ്രണയം... പിന്നെ കാണുന്നതെല്ലാം പ്രണയമാണ്. ഈ സീരീസിൽ പല കഥകൾ ഉണ്ട്, അവതരിപ്പിക്കുന്ന ആർട്ടിസ്റ്റുകൾ മാറി മാറി വരുന്നു. പ്രണയം, നഷ്ടപ്പെടൽ, തിരിച്ചറിവ്, സെൽഫ് ലൗവ്... സ്നേഹത്തിന്റെ വിവിധ മുഖങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.

ഐശ്വര്യലക്ഷ്മി: ഫോട്ടോ ഷൂട്ട് സാധാരണ ചെയ്യുന്നതാണ്. പക്ഷേ ഈ കൊറോണ കാലത്ത് ഇതിന്റെ ഷൂട്ട് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. വാരാപ്പുഴയിലായിരുന്നു ഔട്ട് ഡോർ ഷൂട്ട്. എന്റെതായ ആശയങ്ങൾ ഒന്നും കൊണ്ടുവരേണ്ടി വന്നില്ല, അത്ര ക്ലിയർ ആയിരുന്നു. ടിജോ ഇത് വിശദമാക്കി അയച്ചു തന്ന വോയ്സ് മെസേജുകൾ കേട്ടാൽ മാത്രം മതി, അത്ര വ്യക്തതയുണ്ടായിരുന്നു. അതു കൊണ്ടായിരുന്നു ഈ പ്രോജക്ട് ചെയ്തതും. ഇതിൽ ഭാഗമായ എല്ലാവരും ഒരു പാട് സ്നേഹത്തോടെ ചെയ്തൊരു വർക്കാണിത്. ആണ്, പെണ്ണ് എന്ന വ്യത്യാസം കൂടാതെ ആർക്കും മനസ്സിലാകുന്ന ഇമോഷനാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.

ലോക്ഡൗൺ സമയത്ത് പിറന്ന ആശയം

ടിജോ: പുതിയ ഒരു ദൃശ്യ അനുഭവമാണ് ഇത്; ഒരു സിനിമ കാണുന്നതുപോലെ. ടിക്കറ്റ് എടുത്ത് സിനിമ കാണാൻ വേണ്ടതിലും വളരെ കുറച്ച് സമയം മാത്രം മതി. വിവിധ മേഖലയിലെ വിദഗ്ധരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ലോക്ഡൗൺ കാലത്തും കൈ മെയ് മറന്ന് പ്രവർത്തിച്ചവരുടെ മികവാണ് ഈ പ്രൊജക്ടിന്റെ വിജയവും. ലോക്ഡൗണിന്റെ തുടക്കത്തിൽ മറ്റ് ഷൂട്ടിങ് വർക്കുകൾ എല്ലാം നിർത്തി വച്ച സമയത്താണ് മനസ്സിലുള്ള ഈ ആശയം ചിറക് വിടർത്തിയത്. ചെറിയ ഒരു ആശയം സുഹൃത്തുക്കളിലൂടെ വികസിക്കുകയായിരുന്നു. സങ്കേതിക വിദഗ്ധരും എഴുത്തുകാരും ആർട്ടിസ്റ്റുകളും പല സ്ഥലങ്ങളിൽ ഇരുന്ന് പ്രവർത്തിച്ചു. 

ഐശ്വര്യലക്ഷ്മി: ആർട്ടിന് ഒരു വ്യക്തിയുടെ ജീവിതം തന്നെ മാറ്റി മറിക്കാൻ സാധിക്കും. ഒരാളിൽനിന്നു മറ്റൊരാളിലേക്ക് അത് കൈമാറിക്കൊണ്ടിരിക്കും.

ഈ ലോക്ഡൗൺ കാലം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം ഏറ്റവും മനോഹരങ്ങളായ ദിനങ്ങളാണ് സമ്മാനിച്ചത്. ഇതിന്റെ  ഭാഗമായവരെല്ലാം ഏറ്റവും ഇഷ്ടത്തോടെ ചെയ്ത വർക്കാണിത്. ഏതൊരു വ്യക്തിക്കും അവനവന്റെ ജീവിതവുമായി ഇതിനെ ബന്ധപ്പെടുത്താൻ സാധിക്കുന്ന ആർട്ട് രൂപം.

tijo-aishu
ടിജോ ജോൺ, ഐശ്വര്യ ലക്ഷ്മി

ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം

ടിജോ: ഷൂട്ടിന്റെ സമയത്ത് മോണിറ്റർ നോക്കാതെ തന്നെ, പടം ഉദ്ദേശിച്ച രീതിയിൽ വന്നു എന്ന് തോന്നിയാൽ ഓക്കേ പറ‍ഞ്ഞ് പോകുകയായിരുന്നു. കൈ കൊണ്ട് കഥപറയുന്ന ഒന്നാമത്തെ ചിത്രം, വെള്ളത്തെ കെട്ടിപ്പിടിച്ച് കിടക്കുന്ന മൂന്നാമത്തെ ചിത്രം, കണ്ണുനീരിന്റെ അഞ്ചാമത്തെ ചിത്രം, ഏഴാമത്തെ ചിത്രത്തിലെ നോട്ടം എല്ലാം... 

ഐശ്വര്യലക്ഷ്മി: എല്ലാ ഫ്രെയിമും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു ഈ കഷ്ടപ്പാടുകളിലൂടെ കടന്നുപോയി എത്തിച്ചേർന്ന സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ വിരിച്ച പതിമൂന്നാമത്തെ ചിത്രമാണ് പഴ്സനലി ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്.

13 ചിത്രങ്ങളിലൂടെ ലോസ്റ്റ് ആൻഡ് ഫൗണ്ട് 

മോഡലും പശ്ചാത്തലത്തിലെ വളരെ കുറച്ച് സംഗതികളും ഇഴചേർന്ന് രൂപപ്പെടുത്തുന്ന കഥാസൂചനകൾ. കണ്ണാടിച്ചില്ലുകളും ലൈറ്റിങും പറയുന്നു  

ഓരോ ചിത്രവും ഓരോ അനുഭവമാണെന്ന്. ചിപ്പിക്കുള്ളിൽ മുത്ത് രൂപപ്പെടുന്നത് പോലെ രൂപം കൊണ്ട അനുഭവങ്ങൾ... മുറിവുകളെ സൃഷ്ടിപരമായി രൂപപ്പെടുത്തി എടുത്ത കലാസൃഷ്ടികൾ... മനോഹരമായ ശബ്ദത്തിനൊപ്പം കണ്ടാൽ ഒരു മെഡിറ്റേഷൻ പോലെ കാഴ്ചക്കാരനും അനുഭവിക്കാൻ കഴിയും. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആരോ ഒരാൾ നഷ്ടപ്പെട്ടപ്പോൾ കടന്നു പോയ അതിജീവന വഴികൾ, അതിന്റെ നന്മ എന്ന് ഒറ്റ വാക്യത്തിൽ പറയാം.

ചിത്രം 1

പ്രിയപ്പെട്ടത് നഷ്ടമായതിന്റെ തീവ്രവേദനയാണ്, ജീവശ്വാസം പോലും ഇല്ലാത്ത അവസ്ഥ.

ചിത്രം 2

രണ്ടാമത്തെ െഫ്രയിമിൽ പഴയ ഓർമകളിൽ ജീവിക്കാൻ ശ്രമിക്കുന്നു.

ചിത്രം 3

വെള്ളത്തെ കെട്ടിപ്പിടിച്ച്, അതിതീവ്രമായ വേദനയിൽ...

ചിത്രം 4

അങ്ങനെ തന്നെ തുടർന്നാൽ അതിൽ മുങ്ങും...

ചിത്രം 5

അതിജീവനത്തിനുള്ള ആദ്യശ്രമം, നഷ്ടങ്ങളെ മറികടക്കാൻ അടുത്തുള്ള കണ്ണാടിക്കഷ്ണത്തിൽനിന്നു മുഖത്തേക്ക് വീഴുന്ന ചെറിയ വെളിച്ചം...

ചിത്രം 6 

ഇതുവരെ ചിത്രത്തിൽ കഥാപാത്രം ധരിച്ചിരുന്ന ഡീപ് റോയൽ റെഡ് ഗൗൺ ഐവറി ഗൗണായി. ലോസ്റ്റ് എന്ന ആദ്യഘട്ടത്തിൽനിന്നു ഫൗണ്ട് എന്ന രണ്ടാം ഘട്ടത്തിലേക്കുള്ള എൻട്രി. കത്തിയെരിഞ്ഞ ഓർമകളുടെ പൂക്കൾ ഫാഷൻ സ്റ്റേറ്റ്മെന്റാക്കി, ജീവിത കണ്ണാടിയിലേക്ക് ആത്മവിശ്വാസത്തോടെ നോക്കുന്നു. പതിയെ പുറത്തു കടക്കാൻ ശ്രമിക്കുന്നു....

ഈ യാത്രയുടെ 12 ചിത്രങ്ങളിലും ആകാശത്തിന്റെ ഒരു ചെറിയ കാഴ്ചകൾ പോലും വരുന്നില്ല. പക്ഷേ പതിമൂന്നാമത്തെ ചിത്രത്തിൽ എഴുപത്തിയഞ്ച് ശതമാനവും ആകാശമാണ്. വേദനയുടെ പ്രതീകമായിരുന്ന ബാത്ത് ടബ്ബും കണ്ണാടിചില്ലുകളും ഇവിടെ ചിറകുകളാകുകയാണ്. ഹൃദയം പിളർക്കുന്ന വേദനകളെ പറക്കാനുള്ള ഊർജ്ജമാക്കിയാൽ അതിനേക്കാൾ മികച്ചൊരു ശക്തി വേറെയില്ല.

ചിത്രങ്ങളിൽ മോഡലിനൊപ്പം തന്നെ വസ്ത്രങ്ങളും ശ്രദ്ധേയമാണ്. ചേന്ദമംഗലം കൈത്തറി യൂണിറ്റിൽനിന്ന് അനുയോജ്യമായരീതിയിൽ നെയ്തെടുത്തവയാണ്. ഷാജേഷ് നോയലാണ് വസ്ത്രാലങ്കാരം ചെയ്തത്.

നഷ്ടപ്പെടലിൽനിന്നു സ്വയം ആർജ്ജിച്ചെടുത്ത ശക്തിയിലൂടെ വന്നവർക്ക് ഇതൊരു ഓർമപുതുക്കൽ കൂടിയാണ്. വേദനയിൽ തുടരുന്നവർക്ക് പ്രതീക്ഷയും.

ലൗവ് ആഫ്റ്റർ ലൗവ് ഫോട്ടോസ്റ്റോറി കാണാൻ ഇവിടെ ക്ലിക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com