കേട്ടിട്ടുണ്ടോ ഈ ഓണക്കഥകൾ ?

onam-rituals-and-traditions-in-the-villages
Image Credit : RIJU009 / shutterstock.com
SHARE

മലയാളികൾക്ക് ഓണം കേവലം ഒരു ആഘോഷമല്ല, മറിച്ച് വികാരമാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഐതിഹ്യങ്ങളും വിശ്വാസവും ഇഴചേർന്ന് കിടക്കുന്ന ഒരു ആഘോഷം. ഓണത്തെക്കുറിച്ചുള്ള അറിയാക്കഥകൾ തേടി ഗ്രാമങ്ങളിലേക്കു ചേക്കേറിയാൽ മനസ്സു നിറയ്ക്കുന്ന ഒത്തിരിയൊത്തിരി ഓണക്കഥകൾ കേട്ടു മടങ്ങാം. അത്തരം ഒരുപാടു കൗതുകങ്ങളാണ് വടക്കു മലബാറിൽ മുതൽ തെക്കു തിരുവിതാംകൂറിൽ വരെയുള്ള ഗ്രാമങ്ങൾ കാത്തുവച്ചിരിക്കുന്നത്. ഓണം കൊണ്ടാടുന്ന 10 ദിവസങ്ങളിൽ ഏറ്റവും പ്രധാനം തിരുവോണം എന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഓണക്കാലത്ത് തിരുവോണ നാളിനേക്കാൾ പ്രാധാന്യം മറ്റു നാളുകൾക്ക് കൽപിക്കുന്ന ചില ഗ്രാമപ്രദേശങ്ങളുണ്ട്. കൗതുകത്തോടെ കൺതുറക്കാം അത്തരം കഥകളിലേക്ക്, വിശ്വാസങ്ങളിലേക്ക്.... 

ഈ പൂക്കളം മഹാലക്ഷ്മിക്ക്... 

അത്തം മുതൽ മകം വരെ നീളുന്ന ആഘോഷമാണ് കണ്ണൂരുകാരുടെ ഓണം. തളിപ്പറമ്പ്, കണ്ണൂർ, മട്ടന്നൂർ തുടങ്ങിയ ചില പ്രദേശങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഒരു ചടങ്ങാണ് ഓണത്തിനു ശേഷം മഹാലക്ഷ്മിയെ കുടിയിരുത്തൽ. അത്തം കഴിഞ്ഞാൽ പൂക്കളമിടുക ശീബോതിയിലകൾ കൊണ്ടാണ്. ആദ്യദിനങ്ങളിൽ കോനായിൽ ഇടുന്ന പൂക്കളം മകം നാളിൽ വീടിനുള്ളിലെ പടിഞ്ഞീറ്റയിലാണ് ഇടുക. ശീബോതിയമ്മയെ (മഹാലക്ഷ്മിയെ) വീടിനുള്ളിൽ കുടിയിരുത്തുക എന്ന വിശ്വാസമാണ് ഓണത്തോടനുബന്ധിച്ച ഈ ചടങ്ങിനുള്ളത്.

ഓണത്തേക്കാൾ വലിയ മകമുണ്ടോ?

ശീബോതി പൂക്കളത്തിനു പിന്നിലെ ഐതിഹ്യമിതാണ്. നീണ്ട ശീബോതി ഇലകൾ ദേവിയുടെ കാൽവിരലുകളാണെന്നാണ് സങ്കൽപം. ആ ശീബോതി ഇലകളാൽ പൂക്കളമിട്ടാൽ സർവൈശ്വര്യവുമായി മഹാലക്ഷ്മി വീട്ടിൽ കുടിയേറുമെന്ന വിശ്വാസത്തിൽ വർഷാദ്യം കൊയ്ത നെല്ലും തേങ്ങയും കൊണ്ട് ഉപ്പു ചേർക്കാത്ത കഞ്ഞിയുണ്ടാക്കി ദേവിക്കു സമർപ്പിക്കും. പാലാഴി മഥനവേളയിൽ മഹാലക്ഷ്മി പ്രത്യക്ഷപ്പെട്ടത് മകം നാളിലാണെന്നും അതിനാൽ മകം ദേവിയുടെ പിറന്നാളാണെന്നും സങ്കൽപിച്ചാണ് ദേവിക്ക് നിവേദ്യ സമർപ്പണം നടത്തുന്നത്. കണ്ണൂരിന്റെ ഓണാഘോഷം വ്യത്യസ്തമാവുന്നത് ഈ ഐതിഹ്യത്തിലൂടെയാണ്.

അമൃത് തരുന്ന ചിങ്ങവെള്ളം

കണ്ണൂരിലെ വെള്ളൂർ തുടങ്ങിയ ഗ്രാമപ്രദേശങ്ങളിൽ വ്യത്യസ്തമായ ഒരു ഐതിഹ്യമാണ് നമ്മളെ കാത്തിരിക്കുന്നത്. ചിങ്ങം പിറന്നാൽ ഒന്നാം തീയതി മുതൽ 30 ദിവസം അവർ പൂക്കളമിടും. പൂക്കളത്തിനു സമീപത്തായി ആ ദിവസം ആദ്യമായി കിണറ്റിൽനിന്നു കോരുന്ന വെള്ളം വയ്ക്കും. വൈകിട്ട് പൂക്കളം മാറ്റുമ്പോൾ ആ വെള്ളമെടുത്ത് കിണറ്റിലൊഴിക്കും. 30 ദിവസവും ഇതു തുടരും. ഈ ദിവസത്തിനിടയിൽ ഏതെങ്കിലുമൊരു ദിവസം കിണറ്റിൽ തിരിച്ചൊഴിക്കുന്ന വെള്ളത്തിൽ അമൃതുണ്ടാവുമെന്നാണ് വിശ്വാസം.

ഓണസന്ദേശവുമായെത്തുന്ന ഓണേശ്വരൻ

കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഉൾനാടൻ പ്രദേശങ്ങളിൽ ഇന്നും ഓണപ്പൊട്ടന്റെ നിറ സാന്നിധ്യമുണ്ട്. ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനും വീടുകളിൽ കയറിയിറങ്ങുന്ന ഓണപ്പൊട്ടൻ ഓണേശ്വരൻ എന്നും അറിയപ്പെടുന്നു. ഓണപ്പൊട്ടൻ ഓരോ വീട്ടിലുമെത്തി ഐശ്വര്യം നൽകുന്നുവെന്നാണ് വിശ്വാസം. ഓണത്തെയ്യങ്ങളിൽ സംസാരിക്കാത്ത തെയ്യമായതിനാലാണ് ഓണേശ്വരന് ഓണപ്പൊട്ടൻ എന്ന പേരു കിട്ടിയത്. ഓണപ്പൊട്ടന്റെ മണികിലുക്കിയുള്ള വരവാണ് നാട്ടിൽ ഓണമെത്തിയെന്ന സന്ദേശം നൽകുന്നത്.

വരവേറ്റാൽ മാത്രം പോരാ പറഞ്ഞയയ്ക്കണം തമ്പുരാനെ... 

പാലക്കാടൻ ഗ്രാമങ്ങളിലെ ഓണാഘോഷം മിഥുനമാസത്തിലേ തുടങ്ങും. മിഥുനം ഒന്നു മുതൽ അവർ പൂക്കളമിടും. ഓണത്തലേന്ന് ഉത്രാടം നാളിലാണ് ഓണം കൊള്ളൽ. അരിമാവു കൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ പ്രതിഷ്ഠിക്കുന്നു. തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി തുമ്പക്കുടം, പുഷ്പങ്ങൾ എന്നിവ കൊണ്ട് ഇതിനെ അലങ്കരിക്കുന്നു. എന്നിട്ട് നിലവിളക്കുവച്ച് മുറിച്ച നാളികേരം, അവൽ, മലർ എന്നിവ നിവേദിക്കും. ചിറ്റൂർ മുതലായ ഗ്രാമപ്രദേശങ്ങളിലാണ് കൂടുതലായും ഈ ചടങ്ങുകൾ കണ്ടു വരുന്നത്. ഓണത്തപ്പനെ വരവേൽക്കുന്നിടത്തോളം പ്രധാനമാണ് തമ്പുരാനെ യാത്രയയക്കുന്നതും. തിരുവോണ നാൾ കഴിഞ്ഞെങ്കിൽപ്പോലും വാവ്, വെള്ളി എന്നീ ദിനങ്ങളിൽ തൃക്കാക്കരയപ്പനെ പറഞ്ഞയയ്ക്കില്ല. നാട്ടുമ്പുറങ്ങളിൽ ഇന്നും ഈ ആചാരം പിന്തുടരുന്നവരുണ്ട്.

മധ്യതിരുവിതാംകൂറിലെ ഓണമിങ്ങനെ...

ഓണസമ്മാനമായി കാഴ്ചക്കുലകൾ...

ഓണഘോഷത്തിന്റെ സന്തോഷം പങ്കുവയ്ക്കാൻ കാഴ്ചക്കുലകൾ കൈമാറുന്ന പതിവുണ്ടായിരുന്നു. തൃശ്ശൂരിലെ ചൂണ്ടൽ പുത്തൂർ, പേരാമംഗലം, വേലൂർ, എരുമപ്പെട്ടി, പഴുന്നാന എന്നിവിടങ്ങളിൽ കാഴ്ചക്കുല സമ്മാനിക്കുന്ന പതിവുണ്ടായിരുന്നു. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ ഓണത്തിന് പെൺവീട്ടുകാർ ആൺവീട്ടുകാർക്ക് കാഴ്ചക്കുലകൾ സമ്മാനിക്കും. ഈ കാഴ്ചക്കുല സമർപ്പണം ഉരുത്തിരിഞ്ഞു വന്നത് ജന്മി — കുടിയാൻ ബന്ധത്തിൽ നിന്നുമാണ്. ഓണം വിളവെടുപ്പു മഹോത്സവം കൂടിയായതിനാൽ ഈ വിശേഷ ദിവസം കുടിയാൻമാർ കാഴ്ചക്കുലകളും മറ്റും തങ്ങളുടെ തമ്പ്രാക്കൻമാർക്ക് സമ്മാനിക്കും. തമ്പുരാക്കൻമാർ നെല്ലും പുതു വസ്ത്രങ്ങളും തിരിച്ചും സമ്മാനിക്കും. അന്നൊക്കെ ഒത്തൊരുമയുടെ, കൊടുക്കൽ വാങ്ങലുകളുടെ ആഘോഷമായിരുന്നു ഓണം.

ഉൽസവനാളിൽ 10 ദിവസവും തൃക്കാക്കരയപ്പനെ കുളിച്ചു തൊഴുതാൽ... 

തൃക്കാക്കരയിലെ വാമനമൂർത്തി ക്ഷേത്രത്തിലെ ഉത്സവവും തൃപ്പൂണിത്തുറയിലെ അത്തച്ചമയ ആഘോഷവും കൊണ്ടാണ് കൊച്ചിയുടെ ഓണാഘോഷം പൂർണമാകുന്നത്. ലോകത്തിലെതന്നെ ചുരുക്കം വാമനമൂർത്തി ക്ഷേത്രങ്ങളിലൊന്നാണ് തൃക്കാക്കര. ഭഗവാന്റെ പാദമുദ്ര പതിഞ്ഞ സ്ഥലം എന്ന വിശേഷണത്താൽ ആദ്യം തിരുകാൽക്കര എന്നറിയപ്പെട്ടിരുന്ന ദേശത്തിന്റെ പേര് പിന്നീട് ലോപിച്ച് തൃക്കാക്കര എന്നായി എന്നാണ് ഐതിഹ്യം. മഹാബലിയെ ചവിട്ടിത്താഴ്ത്താനായി കാലുയർത്തി നിൽക്കുന്ന വാമനമൂർത്തിയുടെ ത്രിവിക്രമ രൂപത്തിലുള്ള പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. അത്തം മുതൽ 10 ദിവസമാണ് ഈ ക്ഷേത്രത്തിലെ ഉത്സവം. പത്ത് ദിവസം മുടങ്ങാതെ ക്ഷേത്രത്തിൽ കുളിച്ചുതൊഴുന്നവർക്ക് ഇഷ്ടകാര്യ സിദ്ധി ഉണ്ടാവുമെന്നും വിശ്വാസമുണ്ട്.

അത്തച്ചമയമില്ലാതെ എന്തോണം ?

നാനാജാതി മതസ്ഥരും പങ്കെടുക്കുന്ന ഒരു മതേതര ആഘോഷമാണ് അത്തച്ചമയം. ഔദ്യോഗികതലത്തിൽ നടക്കുന്ന ഓണാഘോഷപരിപാടിയിലെ ഒരിനമാണിത്. തൃക്കാക്കര ക്ഷേത്രത്തിൽ നിന്ന് കൊണ്ടു വരുന്ന ഓണപ്പതാക ഉയർത്തുന്നതോടെയാണ് ആഘോഷങ്ങൾ തുടങ്ങുന്നത്. ചമയ ഘോഷയാത്രയും അതിനോടനുബന്ധിച്ചു നടത്തുന്ന മത്സരങ്ങളുമാണ് അത്തച്ചമയത്തിൽ ഇപ്പോഴുള്ളത്. നാടൻ കലാരൂപങ്ങളും പഞ്ചവാദ്യം, പെരുമ്പറ, താലപ്പൊലി, നിശ്ചല ദൃശ്യങ്ങൾ, ഇരുചക്രവാഹനത്തിലെ പ്രച്ഛന്ന വേഷക്കാർ തുടങ്ങിയവയും ഘോഷയാത്രയിലെ പ്രധാന ആകർഷണങ്ങളാണ്. ഉത്സവവും ഐതിഹ്യവും നിറങ്ങളും വാദ്യഘോഷങ്ങളുമെല്ലാം ചേർന്നതാണ് കൊച്ചിക്കാരുടെ ഓണാഘോഷം.

അയ്മനം വല്യച്ഛന്റെ കൂടെ ഓണം

കോട്ടയത്തുകാരുടെ ഓണം അയ്മനത്തെ നരസിംഹ മൂർത്തിയുടെ കൂടെയാണ്. അയ്മനത്ത് വല്യച്ഛൻ എന്നും നരസിംഹമൂർത്തി  അറിയപ്പെടുന്നു. ചിങ്ങമാസത്തിലെ തിരുവോണ ദിവസമാണ് ഈ ക്ഷേത്രത്തിലെ ആറാട്ട്. 2012 ലെ ഓണത്തിന് അത്തച്ചമയ ഘോഷയാത്രയുടെ ആഡംബരം കൂടിയുണ്ടായിരുന്നു കോട്ടയത്തെ ഓണാഘോഷത്തിന്. തൃപ്പൂണിത്തുറ അത്തച്ചമയ കലാകാരന്മാർ തന്നെയാണ് തിരുനക്കരയിൽ ചമയങ്ങളണിഞ്ഞ് ഓണത്തിന്റെ വരവറിയിക്കാനെത്തിയത്. പഴയ രാജഭരണ കാലത്തെ ഓർമ്മിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളും നാടൻ കലാ രൂപങ്ങളും പാരമ്പര്യത്തനിമ വിളിച്ചോതി ആഘോഷത്തിന്റെ കൊഴുപ്പു കൂട്ടിയിരുന്നു. 

ഡാം കാണാതെ എന്ത് ഓണാഘോഷം...

ഇടുക്കിയിൽ ഓണത്തിന് മാവേലിക്കൊപ്പം കുറേ പേരുണ്ടാവും വിരുന്നുകാരായിട്ട്. പക്ഷേ അവർ എത്തുന്നത് ഓണം കാണാനല്ല, മറിച്ച് ഇടുക്കി ഡാം കാണാനാണ്. ഇടുക്കിയിലെ ഓണാഘോഷത്തിന് മാവേലിക്കൊപ്പം വിരുന്നെത്തുന്നത് വിനോദ സഞ്ചാരികളാണ്. വർഷത്തിൽ രണ്ടു വട്ടമാണ് ഇടുക്കി ഡാം പൊതുജനങ്ങൾ ക്കായി തുറന്നു കൊടുക്കുന്നത് അതിലൊന്നാണ് ഓണക്കാലം. അതുകൊണ്ട് ആഘോഷങ്ങളിലും ആചാരങ്ങളിലും കോട്ടയത്തിന്റെയും എറണാകുളത്തിന്റെയും പാത പിന്തുടരുന്ന ഇടുക്കിക്കാരുടെ ഓണം സമ്പന്നമാക്കുന്നത് വിനോദ സഞ്ചാരികളാണ്.

ഞാനുമൊരു വർണ്ണപ്പട്ടമായിരുന്നു...

പാടശേഖരങ്ങളുടെ പച്ചപ്പും കടലാഴങ്ങളുടെ നീലിമ കൊണ്ടും സുന്ദരമായ ആലപ്പുഴയിലെ ഓണത്തിന് കടും നിറങ്ങൾ നൽകുന്നത് പട്ടങ്ങളാണ്. പല നിറത്തിൽ, വലുപ്പത്തിൽ സ്വാതന്ത്യ്രത്തിന്റെ പ്രതീകമായ പട്ടങ്ങൾ പറപ്പിച്ചാണ് കുട്ടികൾ ഓണം ആഘോഷിക്കുന്നത്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടൽക്കരയിലൂടങ്ങനെ പട്ടം പറത്തി നടക്കുന്ന കുട്ടിപ്പട്ടാളത്തെ നോക്കി നിൽക്കുമ്പോൾ നമ്മളും അറിയാതെ പറഞ്ഞു പോകും, കണ്ണേ മടങ്ങുക ഇനിയൊരിക്കലും മടങ്ങി വരാത്ത എന്റെ ബാല്യത്തിലേക്ക്...

ആർപ്പോ ഇർറോ...

വള്ളംകളിയുടെ ആർപ്പും ബഹളവും ഇല്ലാതെ പത്തനംതിട്ടക്കാർക്ക് ഓണമില്ല. ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറൻമുള വള്ളംകളി നടക്കുന്നത്. തിരുവോണസദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മാങ്ങാട്ടില്ലത്തു നിന്നു തിരുവാറന്മുള ക്ഷേത്രത്തിലേക്കു വന്ന ഭട്ടതിരിയെ അക്രമികളിൽനിന്നു സംരംക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ പുതുക്കുന്നതിനാണ് ഈ വള്ളം കളി. ജലഘോഷയാത്രയുടെ ആവേശത്തിലാണ് ഇവിടെ ഓണം കൊണ്ടാടുന്നത്.

വഞ്ചിപ്പാട്ടിന്റെ ഈണവുമായി കരടികളെത്തും ഓണം അറിയിക്കാൻ

കൊല്ലം ജില്ലയിലെ അരിനെല്ലൂർ, കരുനാഗപ്പള്ളി എന്നീ സ്ഥലങ്ങളിൽ ഓണത്തിന്റെ വരവറിയിക്കുന്നത് കരടികളാണ്. ഉണങ്ങിയ വാഴയിലയും ഈർക്കിൽ കളഞ്ഞ ഓലയും ചുറ്റി പാലത്തടികൊണ്ട് നിർമിച്ച കരടിയുടെ മുഖംമൂടിയുമണിഞ്ഞ് വഞ്ചിപ്പാട്ടിന്റെ ഈണത്തിന്റെ അകമ്പടിയോടെയാണ് കരടികളിക്കാർ വീട്ടുമുറ്റത്തെത്തുന്നത്. രാമപുരത്തു വാര്യരുടെ കുചേലവൃത്തം, കായംകുളം മുതൽ തിരുവനന്തപുരം വരെയുള്ള പക്ഷിയുടെ യാത്ര, ലക്ഷ്മീ പാർവതിമാരുടെ സംവാദം എന്നിവ പാടിയാണ് കരടികളിക്കാർ ഊരു ചുറ്റുന്നത്. മൊഴികളറിഞ്ഞ് താളം തെറ്റാതെയാണ് പാടുക. പാരമ്പര്യമായി കൈമാറിക്കിട്ടിയ ഈ കലാ രൂപത്തിന്റെ പിന്തുടർച്ചക്കാരായി 20 ഓളം കലാകാരൻമാരാണ് ഈ ഗ്രാമപ്രദേശങ്ങളിലുള്ളത്. കരടികളിയുടെ കൗതുകവും വഞ്ചിപ്പാട്ടിന്റെ ശീലുകളും നിറഞ്ഞ ഓണമാണ് കൊല്ലംകാരുടേത്.

മഹാബലിയുടെ ആഗ്രഹം, വിഷ്ണുവിന്റെ വിശ്വരൂപം: ഓണവില്ലിന്റെ ഐതിഹ്യമിതാണ്

ശ്രീപത്മനാഭ സ്വാമിക്ക് തിരുവോണനാളിൽ ഓണവില്ല് സമർപ്പിക്കുന്നത് തിരുവനന്തപുരത്തുകാരുടെ ഓണാഘോഷത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു ചടങ്ങാണ്. ഈ ചടങ്ങിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്. മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്ന സമയത്ത് മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന് മഹാബലി ആവശ്യപ്പെട്ടു. അപേക്ഷ മാനിച്ച് വിഷ്ണു വിശ്വരൂപം പൂണ്ട് മഹാബലിക്ക് ദർശനം നൽകി. കാലാകാലങ്ങളിൽ മഹാവിഷ്ണു  സ്വീകരിക്കുന്ന അവതാരങ്ങളും അവയെപ്പറ്റിയുള്ള കഥകളും കാണാനും അറിയാനും അവസരം നൽകണമെന്ന് മഹാബലി പറഞ്ഞു. അതിൻപ്രകാരം മഹാവിഷ്ണു വിശ്വകർമാവിനെ പ്രത്യക്ഷപ്പെടുത്തുകയും തന്റെ അവതാരങ്ങൾ ചിത്രങ്ങളായി വരയ്ക്കാനുള്ള നിർദേശം നൽകുകയും ഭഗവത് സന്നിധിയിൽ എത്തുന്ന മഹാബലിക്ക് ചിത്രങ്ങൾ കാണിച്ചു കൊടുക്കാമെന്ന് വാക്കു നൽകുകയും ചെയ്തുവത്രേ. ഈ ഐതിഹ്യത്തിന്റെ ഓർമയിൽ നാടുകാണാനെത്തുന്ന മഹാബലിയെ വിഷ്ണുവിന്റെ ദശാവതാരചിത്രങ്ങൾ വരച്ചു ചേർത്ത ഓണവില്ല് കാട്ടുന്നു. തിരുവനന്തപുരത്തെ രാജാക്കൻമാർ രാജ്യം ശ്രീ പത്മനാഭന് അടിയറ വച്ചപ്പോൾ ഓണവില്ലും ഭഗവാന് സമർപ്പിച്ചു എന്നും ഈ ആചാരത്തിന്റെ സ്മരണയിലാണ് ക്ഷേത്രത്തിൽ ഓണവിൽ സമർപ്പണമെന്നും മറ്റൊരു ഐതിഹ്യമുണ്ട്.

നഷ്ടപ്പെടലും വീണ്ടെടുക്കലുമായി ഓരോ ഓണക്കാലവും കടന്നു പോകുമ്പോൾ, ഇന്നലെകളിലെ നന്മയെ വാഴ്ത്തി ഇന്നിന്റെ ആശങ്കയെക്കുറിച്ചോർക്കുമ്പോൾ കക്കാടിന്റെ സഫലമീയാത്ര എന്ന കവിത ഓർമയിലെത്തുന്നു:

കാലമിനിയുമുരുളും വിഷു വരും

വർഷം വരും തിരുവോണം വരും

പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും

അപ്പോളാരെന്നും എന്തെന്നും ആർക്കറിയാം?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA