ADVERTISEMENT

വിൽപത്രം സംബന്ധിച്ച വായനക്കാരുടെ സംശയങ്ങൾക്ക് കുറവില്ല. കൂടുതൽ പേർ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി ഇതാ:

മുസ്‌ലിം വിൽപത്രത്തിന് പ്രത്യേകതകളുണ്ടോ?

ഇന്ത്യയിലെ വ്യക്തി നിയമം എല്ലാ മതവിഭാഗങ്ങൾക്കും ഒരു പോലെയല്ല എന്ന് അറിയാമല്ലോ. ഇന്ത്യയിലെ നീതി നിർവഹണ സംവിധാനം  അംഗീകരിച്ചിരിക്കുന്ന സുന്നി മുസ‌ലിം വ്യക്തിനിയമം അനുസരിച്ച് മുസ്‌ലീം വിഭാഗങ്ങൾക്ക് അവരുടെ മൊത്തം സ്വത്തും വിൽപത്രത്തിലൂടെ ആളുകൾക്ക് എഴുതി നൽകാൻ സാധ്യമല്ല. മരണാനന്തര കർമ /പരലോകപുണ്യ ചെലവുകൾ, ബാധ്യതകൾ എന്നിവ ഒഴിവാക്കിയുള്ളതാണ് ആകെ സ്വത്തായി കണക്കാക്കുന്നത്. ഇതിന്റെ മൂന്നിൽ ഒരു ഭാഗം സ്വത്തു മാത്രമേ സ്വാഭാവിക അവകാശികൾ അല്ലാത്തവർക്ക് വിൽപത്രപ്രകാരം നൽകുവാൻ സാധിക്കൂ. വിൽപത്രത്തിൽ പറയുന്ന ഗുണഭോക്താവ് നിയമപരമായ അവകാശിയാണെങ്കിൽ മറ്റ് അവകാശികളുടെ സമ്മതം കൂടി വേണം .

വിൽപത്ര ഗുണഭോക്താവ്  ദാതാവിനെക്കാൾ മുൻപേ മരിച്ചു പോയാൽ എന്തു ചെയ്യും?

സാധാരണഗതിയിൽ വിൽപത്രം അസാധുവാകും . പക്ഷേ വിൽപത്രം എഴുതിയത് നിയമപരമായ പിൻതുടർച്ചാവകാശിക്കാണെങ്കിൽ , അയാളുടെ അവകാശിക്ക് വിൽപത്ര സ്വത്തുക്കൾ പിൻതുടർച്ചയായി തന്നെ ലഭിക്കും. ഇതിനടിസ്ഥാനമായ നിയമം ഉള്ളത് 1925-ലെ ഇന്ത്യൻ പിന്തുടർച്ചാനിയമത്തിലാണ്. ഏതു മത വിഭാഗത്തിന്റേതായാലും  വിൽപത്ര സംബന്ധമായ കോടതി നടപടിക്രമങ്ങൾ ഈ നിയമപ്രകാരമാണ് നടക്കുക. കൂടാതെ വിൽപത്ര ദാതാവിന്റെ വിവാഹത്തോടെ വിൽപത്രം അസാധുവാക്കപ്പെടും . വിൽപത്ര  ഗുണഭോക്താവിന്റെ ഭാര്യ /ഭർത്താവ് സാക്ഷിയാവുന്നതിൽ തെറ്റില്ലെന്നും ഈ നിയമം അനുശാസിക്കുന്നുണ്ട്. ദാതാവോ അയാളുടെ നിർദേശപ്രകാരം അയാളുടെ സാന്നിധ്യത്തിൽ ആരെങ്കിലുമോ  വിൽപത്രം നശിപ്പിച്ചാലും വിൽപത്രം അസാധുവായതായി കണക്കാക്കും .

എന്താണ് പ്രിവിലേജ്ഡ് വിൽപത്രം ?

സൈനികൻ അയാൾ യുദ്ധമുഖത്തോ, വിദേശത്തൊ മറ്റോ  ഔദ്യോഗിക കൃത്യനിർവഹണത്തിൽ  ഏർപ്പെട്ടിരിക്കുന്ന സമയത്ത്  എഴുതുന്നതാണ് പ്രിവിലേജ്ഡ് വിൽപത്രം .

വാമൊഴിയായോ , ഭാഗിക വരമൊഴിയായോ , ആംഗ്യമായിപ്പോലുമോ (അത്യാസന്ന നിലയിൽ)  തന്റെ  വിൽ വ്യക്തമാക്കാമെന്ന്  നിയമം അനുശാസിക്കുന്നു . ഇവിടെ  സാധാരണ ഗതിയിലുള്ള സാക്ഷ്യപ്പെടുത്തൽ പോലും ആവശ്യമില്ല.  എന്നാൽ വാമൊഴിയായും മറ്റും  നടത്തിയ വിൽ, ദാതാവ് ജീവിച്ചിരുന്നാൽ ഒരു മാസത്തിനകം ലിഖിതമാക്കേണ്ടതാണ്‌.

വിൽപത്രമെഴുതലും നടപ്പാക്കലും  പിന്തുടർച്ചനിയമങ്ങളുമായി ബന്ധപ്പെട്ടതാണ് . വ്യത്യസ്ത മത- ജാതി വിഭാഗങ്ങൾക്ക് വ്യത്യസ്തങ്ങളായ പിന്തുടർച്ച നിമയങ്ങൾ നിലനിൽക്കുന്നത്  പൊതുജനങ്ങൾക്കിടയിൽ  ഏറെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതും , അനാവശ്യ വ്യവഹാരങ്ങൾക്ക് ഇടവരുത്തുന്നതുമാണ് . കൂടാതെ  പിന്തുടർച്ചാനിയമങ്ങൾ ഇന്ത്യയിലെ തന്നെ  വിവിധ സംസ്ഥാനങ്ങളിൽ പോലും വ്യത്യസ്തമാണ്.  വ്യക്തികളുടെയും കുടുംബങ്ങളുടെയും പൊതു സമാധനത്തിന് ഏകീകൃത പൊതു പിന്തുടർച്ചാ നിയമം അത്യന്തം അനിവാര്യമാണ്.

വിലാസം: nallaprayam@mm.co.in

English Summary : Important things about will

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com