അഞ്ചടി വലുപ്പത്തിൽ ചിറക് വിരിച്ച അപർണയുടെ ‘പാതിരാക്കോഴി’

HIGHLIGHTS
  • വോൾ റിലീഫ് ആർട്ട് ആയി ചെയ്തിരിക്കുന്ന കോഴിയുടെ രൂപം
  • പാതിരാക്കോഴി ഹിറ്റ് ആയതോടെ അപർണയുടെ സമയവും തെളിഞ്ഞു
artist-aparna-george-wall-relief-art
SHARE

ഒറിജിനൽ പൂവൻ കോഴിയെ വെല്ലുന്ന ‘പാതിരാക്കോഴി’. ഒറ്റ നോട്ടത്തിൽ അഞ്ചടി പൊക്കത്തിൽ ഒരു പൂവൻ കോഴി ചിറക് വിരിച്ചു നിൽക്കുകയാണ് എന്നേ തോന്നൂ. കളമശ്ശേരിയിലുള്ള പാതിരാക്കോഴി എന്ന റസ്റ്ററന്റിൽ എത്തുന്നവർ ആസ്വദിക്കുന്ന ഒന്നാണ് ഭിത്തിയിൽ വോൾ റിലീഫ് ആർട്ട് ആയി ചെയ്തിരിക്കുന്ന കോഴിയുടെ രൂപം. ഇത്ര വലുപ്പത്തിൽ ഒരു സ്റ്റൈലൻ കോഴിയെ അരികിൽ കിട്ടിയാൽ പിന്നെ കൂടെ നിന്നൊരു ചിത്രം എടുക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. കൂട്ടത്തിൽ പലർക്കും അറിയേണ്ടത് ആരാണ് ഇത്ര മനോഹരമായി  വോൾ ആർട്ട് ചെയ്തതെന്നാണ്.

അടിമാലി സ്വദേശിനിയും ആർട്ടിസ്റ്റുമായ അപർണ ജോർജിന്റെ കലാവിരുതിലാണ് പാതിരാക്കോഴി പിറക്കുന്നത്. സുഹൃത്തുക്കൾ പുതുതായി തുടങ്ങുന്ന റസ്റ്ററന്റിന് പുതുമ നൽകാൻ വേറിട്ട എന്തെങ്കിലും ആർട്ട് വർക്ക് വേണം എന്നു പറഞ്ഞപ്പോൾ അപർണ ആ ചാലഞ്ച് ഏറ്റെടുക്കുകയായിരുന്നു. കേരളത്തിൽ അത്രകണ്ട് ആഘോഷിക്കപ്പെടാത്ത വോൾ റിലീഫ് ആർട്ട് എന്ന രീതിയാണ് ഇതിനായി അപർണ തിരഞ്ഞെടുത്തത്.

aparna-george-1

സിമന്റും കോൺക്രീറ്റും ഉപയോഗിച്ച് ഭിത്തിയിൽ നിന്നും പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ നിർമിക്കുന്ന രൂപങ്ങൾക്കാണ് വോൾ റിലീഫ് ആർട്ട് എന്ന് പറയുക. ഇതു പെയിന്റ് ചെയ്ത് കൂടുതൽ മനോഹരമാക്കുകയും ചെയ്യുന്നു.ഒന്നര മാസത്തോളം സമയമെടുത്താണ് അപർണ പാതിരക്കോഴിയുടെ നിർമാണം പൂർത്തിയാക്കിയത്. സിമന്റും കോൺക്രീറ്റും മിക്സ് ചെയ്യുന്നത് മുതൽ പെയിന്റിങ് വരെ അപർണ ഒറ്റയ്ക്കാണു ചെയ്തത്. ഈ വർക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നു മാത്രമല്ല, റസ്റ്ററന്റിന്റെ മുഖമുദ്രയായി മാറുകയും ചെയ്തു.

പാതിരാക്കോഴി ഹിറ്റ് ആയതോടെ അപർണയുടെ സമയവും തെളിഞ്ഞു. സമാനമായ രീതിയിൽ വോൾ റിലീഫ് വർക്കുകൾ ധാരാളം അപർണയെ തേടി എത്താൻ തുടങ്ങി. ‘‘ചെറുപ്പം മുതൽ ഇത്തരത്തിലുള്ള കലകളോട് എനിക്ക് വലിയ താല്പര്യമായിരുന്നു. അച്ഛൻ വരയ്ക്കുന്ന വ്യക്തിയായതിനാൽ രണ്ടു വയസ്സു മുതല്‍ ഞാനും ചെറുതായി ചിത്ര രചന തുടങ്ങി. പിന്നെ പഠനശേഷം കലയുമായി ബന്ധപ്പെട്ട് കരിയർ തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രാഫിക് ഡിസൈനിങ് ആണ് പഠിച്ചതെങ്കിലും ശിൽപങ്ങൾ ചെയ്യാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അങ്ങനെയാണ് പാതിരാക്കോഴി ചെയ്യാനുള്ള മനസ്സുണ്ടായത്’’– അപർണ പറഞ്ഞു.

aparna-george-2

ബെംഗളുരുവിൽ ഡിജിറ്റൽ ആർട്ടിസ്റ്റ് ആയി ജോലി നോക്കിയിരുന്ന അപർണ ഇപ്പോൾ നാട്ടിൽ സ്വന്തമായി ഒരു സ്റ്റുഡിയോ ആരംഭിച്ചിരിക്കുകയാണ്. ഒരു ഓഫിസ് ജോലിയുമായി നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കാതെ പെയിന്റിങ്ങുകൾ, ശിൽപങ്ങൾ, വോൾ റിലീഫ് ആർട്ടുകൾ അങ്ങനെ വിവിധങ്ങളായ മേഖലകളിലൂടെ കലാലോകത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് അപർണ. അതിന് നിമിത്തമായതോ അഞ്ചടി ഉയരത്തിൽ ചിറക് വിരിച്ചു നിൽക്കുന്ന പാതിരാക്കോഴിയും.

English Summary : Artist Aparna Georges' wall relief art goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA