ADVERTISEMENT

ബ്രിട്ടിഷ് രാജകുടുംബം നൂറ്റാണ്ടുകളായി പിന്തുടരുന്ന പല ആചാരങ്ങളും പെരുമാറ്റച്ചട്ടങ്ങളുമുണ്ട്. കുടുംബത്തിലെ ഏറ്റവും മുതിർന്ന വ്യക്തി മുതൽ ഇളമുറക്കാർ വരെ അവ പാലിക്കാൻ ബാധ്യസ്ഥരാണ്. ഇത്തരം രീതികൾ ജീവിതശൈലിയിലും വസ്ത്രധാരണത്തിലും വരെ കർശനമായി പാലിക്കപ്പെടുന്നുണ്ട്. നമുക്കു വിചിത്രമെന്നു പോലും തോന്നാവുന്ന അത്തരം ചില കീഴ്‌വഴക്കങ്ങളെയും രാജകുടുംബത്തിന്റെ ശീലങ്ങളെയും പറ്റി അറിയാം.

നിറങ്ങളെ പ്രണയിക്കുന്ന എലിസബത്ത് രാ‍ജ്ഞി

വസ്ത്രധാരണത്തിലും ഫാഷനിലും എലിസബത്ത് രാ‍ജ്ഞി രാജകീയമായ ചില കീഴ്‌വഴക്കങ്ങൾ വിട്ടുവീഴ്ചയില്ലാതെ പിന്തുടരുന്നുണ്ട്. നിറങ്ങളോടുള്ള രാജ്ഞിയുടെ പ്രണയം പ്രസിദ്ധമാണ്. വല്ലപ്പോഴും മാത്രമേ അത്ര നിറപ്പകിട്ടും അലങ്കാരങ്ങളുമൊന്നുമില്ലാത്ത വസ്ത്രങ്ങളിൽ രാജ്ഞിയെ കാണാൻ കഴിയുകയുള്ളൂ. ഔദ്യോഗിക ചടങ്ങുകളിലടക്കം പലപ്പോഴും ശ്രദ്ധാകേന്ദ്രം രാജ്ഞിയുടെ ഫാഷനായിരിക്കും. അതുകൊണ്ടാണ് ‘ദ് ക്യൂൻ അറ്റ് 90’ എന്ന ഡോക്യുമെന്ററിയിൽ വെസെക്സ് പ്രഭ്വി സോഫി ഇങ്ങനെ പറഞ്ഞത്: ‘ഞാൻ രാജ്ഞിയെത്തന്നെയാണു കണ്ടത് എന്ന് ആളുകൾ പറയണമെന്നാണ് രാജ്ഞിയുടെ ആഗ്രഹം.’

royal-family-2
Image Credits : Shaun Jeffers / Shutterstock.com

കിരീടം ബന്ധങ്ങളുടെ പ്രതീകം

രാജകുടുംബാംഗങ്ങളെ സംബന്ധിച്ച് വിവാഹമോതിരം പോലെ തന്നെ പ്രധാനമാണ് കിരീടവും. സ്ത്രീകൾ വിവാഹിതരാണ് എന്ന സൂചനയാണ് കിരീടം നൽകുന്നത്. അതുകൊണ്ടുതന്നെ രാജകുടുംബത്തിലെ അവിവാഹിതകൾക്കും കുട്ടികൾക്കും കിരീടം ധരിക്കാൻ കഴിയില്ല. വിവാഹിതകളും വധുക്കളുമാണ് അതു ധരിക്കുക. ‘ടിയാരാസ്: എ ഹിസ്റ്ററി ഓഫ് സ്പ്ലെൻഡർ’ എന്ന പുസ്തകത്തിന്റെ രചയിതാവ് ജെഫറി മൺ ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെ: ‘വിവാഹം പ്രണയത്തിന്റെ കിരീടധാരണവും പക്വതയിലേക്കുള്ള മാറ്റവുമാണ് എന്നതിന്റെ അടയാളമാണ് വധുവിന്റെ കിരീടം’.

ഹാറ്റിലേക്കെത്തും നോട്ടം

രാജ്ഞിയോ രാജകുടുംബത്തിലെ വനിതകളോ പങ്കെടുക്കുന്ന ചടങ്ങുകളുടെ ചിത്രങ്ങൾ കണ്ടിട്ടില്ലേ, പലപ്പോഴും നമ്മുടെ ശ്രദ്ധ ആദ്യം പതിയുന്നത് അവർ ധരിച്ചിരിക്കുന്ന തൊപ്പിയിലാവും. വസ്ത്രത്തിനു ചേർന്ന, നിറപ്പകിട്ടും അലങ്കാരങ്ങളുമുള്ള ഹാറ്റുകൾ ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് മാത്രമല്ല, നൂറ്റാണ്ടുകളായുള്ള രാജകീയ കീഴ്‌വഴക്കത്തിന്റെ ഭാഗം കൂടിയാണ്. 1950 കൾ വരെ രാജകുടുബത്തിലെ സ്ത്രീകൾ ശിരസ്സു മൂടാതെ പൊതുവിടങ്ങളിലും ചടങ്ങുകളിലും മറ്റും എത്തരുതെന്ന് കീഴ്‌വഴക്കമുണ്ടായിരുന്നു. പക്ഷേ പിന്നീട് അതിന് അയവുവന്നു. ഇപ്പോൾ, ചില ഔപചാരിക അവസരങ്ങളിൽ മാത്രമാണ് ഹാറ്റ് നിർബന്ധം. എന്നാലും വിശേഷാവസരങ്ങളിലും മറ്റും രാജകുടുംബത്തിലെ വനിതകൾ ഹാറ്റ് ധരിച്ചെത്താറുണ്ട്.

Royal-family-5
Image Credits : Thomas Dutour / Shutterstock.com

ഔദ്യോഗിക ചടങ്ങുകളിൽ പുരുഷന്മാർക്കു സൈനിക യൂണിഫോം

രാജകുടുംബത്തിലെ സ്ത്രീകൾക്കു മാത്രമല്ല ഫാഷൻ നിയമങ്ങൾ ബാധകം. പുരുഷന്മാരും നിർബന്ധമായി അനുസരിക്കേണ്ട ചില കാര്യങ്ങളുണ്ട്. 19–ാം നൂറ്റാണ്ടു മുതൽ രാജകുടുംബത്തിലെ പുരുഷന്മാർ സൈനികസേവനം അനുഷ്ഠിക്കുകയോ സൈന്യത്തിലെ ഓണററി പദവികൾ വഹിക്കുകയോ ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ ഔദ്യോഗിക ചടങ്ങുകളിലും വിവാഹവേളയിലും മറ്റും അവർ സൈനിക വേഷം ധരിക്കാറുണ്ട്.

royal-family-4
Image Credits : Lorna Roberts / Shutterstock.com

നിർബന്ധമാണ് പാന്റിഹോസ്

രാജകുടുംബത്തിലെ സ്ത്രീകൾ വസ്ത്രങ്ങൾക്കൊപ്പം പാന്റിഹോസ് ധരിക്കണമെന്ന് നിർബന്ധമുണ്ട്. അത് രാജ്ഞിയുടെ ഒരു അനൗദ്യോഗിക കൽപനയാണ്.

കുഞ്ഞു രാജകുമാരന്മാർ പാന്റ് ധരിക്കണ്ട, ഷോർട്സ് ആവാം

കുടുംബത്തിലെ കുഞ്ഞുങ്ങളുടെ വസ്ത്രധാരണ കാര്യത്തിൽ വലിയ കടുംപിടുത്തമില്ലെങ്കിലും കുഞ്ഞു രാജകുമാരന്മാരെ പാന്റ് ധരിപ്പിക്കാറില്ല. അവർക്ക് ഷോർട്സ് ധരിക്കാം. അങ്ങനെയാണ് ഷോർട്സ് അവരുടെ സിഗ്നേച്ചർ ഔട്ട്ഫിറ്റായി മാറിയത്.

royal-family-1
Image Credits : Lorna Roberts / Shutterstock.com

സൂക്ഷ്മത റോയൽ ഫാഷന്റെ മുഖമുദ്ര

സൂക്ഷ്മതയ്ക്ക് വളരെയേറെ പ്രാധാന്യം റോയൽ ഫാഷൻ നൽകുന്നുണ്ട്. രാജ്ഞിയുടെ വസ്ത്രങ്ങളിൽ കടുംനിറങ്ങൾ‍ ഉപയോഗിക്കാറുണ്ടെങ്കിലും മേക്കപ്പിലും നെയിൽ പോളിഷിലും മറ്റും മിതത്വം നിർബന്ധമാണ്. നിറങ്ങളുള്ള നെയിൽ പോളിഷ് വേണ്ടെന്നാണ് കീഴ്‌വഴക്കം. സഭ്യതയ്ക്കു നിരക്കുന്ന, കുലീനമായ വസ്ത്രങ്ങൾക്കാണ് രാജകുടുംബത്തിന്റെ വാർഡ്രോബിൽ സ്ഥാനം.

ക്ലച്ചസിലും ഹാൻഡ്ബാഗിലും ഒളിച്ചിരിക്കുന്ന നിഗൂഢത

സാധാരണയായി, ചടങ്ങുകളിലും മറ്റും സ്വകാര്യവസ്തുക്കൾ സൂക്ഷിക്കാനാണ് ക്ലച്ചസും ഹാൻഡ് ബാഗുകളും ഉപയോഗിക്കുക. സെലിബ്രിറ്റികളും മറ്റും ആക്സസറീസ് എന്ന നിലയിലും ഇവ ഉപയോഗിക്കാറുണ്ട്. പക്ഷേ രാജകുടുംബത്തിലെ സ്ത്രീകളെ സംബന്ധിച്ചടത്തോളം അതിലും ഉപരിയായ ഉപയോഗങ്ങൾ ഇവയ്ക്കുണ്ട്. ചടങ്ങുകൾക്കിടയിലും മറ്റും തങ്ങളുടെ സ്റ്റാഫിനോ പരിചാരകർക്കോ മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ നിർദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും ഇവ ഉപയോഗിക്കാറുണ്ട്. 

royal-family-10
Image Credits : Zoran Karapancev / Shutterstock.com

ഡയാന രാജകുമാരി ക്ലച്ചസിനെ തമാശയായി വിളിച്ചിരുന്നത് ക്ലീവേജ് ബാഗ് എന്നാണെന്ന് ഡയാനയുടെ ഫാഷൻ സ്റ്റൈലിസ്റ്റായി പ്രവർത്തിച്ചിട്ടുള്ള ബ്രിട്ടിഷ് ലക്‌ഷ്വറി ഡിസൈനർ ആന്യ ഹിൻമാർച്ച് പറഞ്ഞിട്ടുണ്ട്. കാറിൽനിന്നിറങ്ങുമ്പോഴും മറ്റും ഫൊട്ടോഗ്രഫർമാർ വളയുമ്പോൾ ക്ലച്ചസ് കൊണ്ട് ‍‍ഡയാന മാറിടം മറയ്ക്കാറുണ്ടായിരുന്നു. 

ഡച്ചസ് ഓഫ് കേംബ്രിജ് കേറ്റ് മിഡിൽടൻ രണ്ടു കൈകൊണ്ടുമാണ് പഴ്സ് പിടിക്കുക. ചടങ്ങുകളിലും മറ്റും അനാവശ്യമായ ഷേക്ക്ഹാൻഡ് ഒഴിവാക്കാനാണത്രേ ഇത്. 

എലിസബത്ത് രാജ്ഞി തന്റെ സ്റ്റാഫിനു നിർദേശം നൽകാൻ ഹാൻഡ് ബാഗുകൾ ഉപയോഗിക്കാറുണ്ട്. രാജ്ഞി സാധാരണയായി ഇടതുകയ്യിലാണ് ഹാൻഡ്ബാഗ് പിടിക്കാറുള്ളത്. കൂടിക്കാഴ്ചകൾക്കും മറ്റുമിടയിൽ ബാഗ് ഇടതുകയ്യിൽനിന്നു വലതുകയ്യിലേക്കു മാറ്റിയാൽ, ആ സംഭാഷണം മടുത്തുതുടങ്ങിയെന്നോ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നോ ആണത്രേ അർഥം. അത് സ്റ്റാഫിനുള്ള സൂചനയാണെന്നു പറയാറുണ്ട്.

English Summary : Fashion rules and dress codes of British Royal Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com