പെൺജീവിതങ്ങളിലേക്ക് തുറക്കുന്ന ശർമിളയുടെ ‘ദി അൽമിറ’ ; ശ്രദ്ധ നേടി ഫാഷൻ ആർട്ട് ഇൻസ്റ്റലേഷൻ

HIGHLIGHTS
  • പെൺജീവിതത്തിൽ അലമാരയ്ക്കു വലിയ പങ്കുണ്ട്
  • സ്ത്രീകളുടെ എട്ടുമനോനിലകൾ ആവിഷ്കരിച്ചു
sharmila-nair-fashion-art-installation
(ഇടത്) ദി അൽമിറ ആർട്ട് ഇന്‍സ്റ്റാലേഷനിൽ നിന്ന് (വലത്) ശര്‍മിള നായർ
SHARE

തീക്ഷ്ണമായ എട്ടു പെൺഭാവങ്ങളുമായി ഒൻപതുമുഴം നീളമുള്ള ചേലവാരിച്ചുറ്റി കറുത്ത സിന്ദൂരമണിഞ്ഞ് പെണ്ണൊരുത്തി അലമാരയുടെ വാതിൽപടിയിൽ നിൽപുണ്ട്. അരുതുകളുടെയും നിയന്ത്രണങ്ങളുടെയും അദൃശ്യമായ ചങ്ങലക്കണ്ണികളെ പൊട്ടിച്ചെറിയാനുള്ള കൊതിയോടെ, ഒറ്റപ്പെടലിനെ അതിജീവിക്കാനുള്ള ധൈര്യത്തോടെ അവളാ നിൽപ് തുടങ്ങിയത് ഈ കോവിഡ് കാലത്താണ്. പൊതുവിടങ്ങൾ നഷ്ടപ്പെടുമ്പോഴുള്ള ആകുലതകളും നോവുകളും എട്ടു സ്ത്രീവികാരങ്ങളിലൂടെ പകർത്തിയ ഒരു ഫാഷൻ ആർട്ട് ഇൻസ്റ്റലേഷൻ പ്രോജക്ടിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കേരളത്തിലെ ആദ്യത്തെ മൾട്ടി ഡിസിപ്ലിനറി ഫാഷൻ ആർട്ട് ഇൻസ്റ്റലേഷനു പിന്നിലെ ബുദ്ധി ശർമിള നായരുടേതാണ്. കൊച്ചി ആസ്ഥാനമായ റെഡ് ലോട്ടസ് ഫാഷൻ ഡിസൈനിങ്ങിന്റെ ഉടമയും ഡിസൈനറുമായ ശർമിള ‘ദി അൽമിറ’ എന്ന ഫാഷൻ ആർട്ട് ഇൻസ്റ്റലേഷൻ പ്രോജക്ടിനെക്കുറിച്ച് മനസ്സുതുറക്കുന്നു.

1. എന്താണ് ദി അൽമിറ?

അൽമിറയുടെ ബാക്ക്ഗ്രൗണ്ട് സ്റ്റോറി പറഞ്ഞു തുടങ്ങാം. ഒരു പ്രോജക്ട് ചെയ്യണമെന്ന ആഗ്രഹവുമായി ഞാൻ പല പ്രശ്നങ്ങളെപ്പറ്റിയും പലരോടും സംസാരിച്ച് കമന്റുകൾ എടുത്തിരുന്നു. പിന്നാലെ അതു ഷൂട്ട് ചെയ്യാനായിരുന്നു പദ്ധതി. അപ്പോഴാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗൺ നീണ്ടതോടെ ആ പ്രോജക്ട് നിശ്ചലമായി. മാസങ്ങൾ മുന്നോട്ടു പോകുന്നതല്ലാതെ കാര്യമായി ഒന്നും നടക്കാത്ത അവസ്ഥ. കോവിഡ് കാലം പക്ഷേ പുതിയ ചില അനുഭവങ്ങളും തിരിച്ചറിവുകളും നൽകി. അങ്ങനെയാണ് അവയുടെ വെളിച്ചത്തിൽ പുതിയൊരു പ്രോജക്ടിനെപ്പറ്റി ചിന്തിച്ചതും അൽമിറയിലേക്കെത്തിയതും.

2. കോവിഡ് കാലത്തെ സ്ത്രീകളുടെ മനോനില പ്രമേയമാക്കി ഇത്തരമൊരു പ്രോജക്റ്റ് ഒരുക്കുവാനുള്ള പ്രചോദനം?

കോവിഡ് കാലത്ത് എന്റെ ചുറ്റും കണ്ട കാഴ്ചകൾ, ചില ആളുകളോട് സംസാരിച്ചപ്പോൾ മനസ്സിലായ കാര്യങ്ങൾ, പത്രത്തിലും സമൂഹമാധ്യമങ്ങളിലുമൊക്കെ വന്ന വാർത്തകൾ അങ്ങനെ കുറേ കാര്യങ്ങൾ ഈ പ്രൊജക്ടിനെക്കുറിച്ചാലോചിക്കുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായത്, കോവിഡ് കാലത്ത് സ്ത്രീകൾക്ക് പൊതുസ്ഥലങ്ങൾ അന്യമായി എന്നുള്ളതാണ്. ഉദാഹരണത്തിന് എന്റെ വീട്ടിലെ കാര്യമെടുക്കുകയാണെങ്കിൽ അമ്പലത്തിൽ പോകുന്നതാണ് എന്റെ അമ്മൂമ്മയ്ക്ക് ഏറെയിഷ്ടമുള്ള കാര്യം. അമ്മയ്ക്ക് പച്ചക്കറി വാങ്ങാൻ പോകുന്നതാണ് ഇഷ്ടം. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ അവരുടെ ആ കൊച്ചുകൊച്ചു സന്തോഷങ്ങളാണ് ഇല്ലാതായത്. ചിലരൊക്കെ അതിനോടു പൊരുത്തപ്പെട്ടപ്പോൾ മറ്റുചിലർ ഡിപ്രഷന്റെ വക്കിൽ വരെയെത്തി. പൊതുസ്ഥലങ്ങൾ സ്ത്രീകളെ സംബന്ധിച്ച് എത്രത്തോളം പ്രധാനമാണെന്ന് പലരും തിരിച്ചറിഞ്ഞത് കോവിഡ് കാലത്താണ്.

almira-7

സ്ത്രീകൾക്കെതിരെ അക്രമങ്ങൾ മുൻപും നടക്കുന്നുണ്ടായിരുന്നുവെങ്കിലും കോവിഡ് കാലത്ത് അതും വർധിച്ചു. മാധ്യമങ്ങളിൽ ഏറെ ചർച്ചയായ ഉത്ര വധക്കേസൊക്കെ നടന്നതും കോവിഡ് സമയത്തായിരുന്നല്ലോ. ഇത്തരം പല കാര്യങ്ങളും കണക്ട് ചെയ്താണ് കോവിഡ് കാലത്തെ സ്ത്രീകളുടെ മനോനില പ്രമേയമാക്കി ഇത്തരമൊരു പ്രോജക്ട് ഒരുക്കിയത്.

3. അലമാര എങ്ങനെയാണ് ഈ പ്രോജക്ടിലെ കേന്ദ്രകഥാപാത്രമായത്?

പെൺജീവിതത്തിൽ അലമാരയ്ക്കു വലിയ പങ്കുണ്ട്. അതിന്റെ വിശദീകരണത്തിലേക്ക് കടക്കുംമുൻപ് എന്റെ വ്യക്തിപരമായ ഒരനുഭവം പങ്കുവയ്ക്കാം. മുത്തശ്ശിയിൽനിന്നു പാരമ്പര്യമായി കിട്ടിയ ഒരു അലമാര എനിക്കുണ്ട്. 100 വർഷത്തോളം പഴക്കമുണ്ടതിന്. ഓൺലൈൻ ബുട്ടീക് നടത്തുന്നതുകൊണ്ട് വളരെ ലിമിറ്റഡ് കളക്‌ഷൻസ് മാത്രമേ എടുക്കാറുള്ളൂ. ആ വസ്ത്രങ്ങൾ സ്റ്റോക്ക് ചെയ്യാൻ ഈ അലമാര തന്നെ ധാരാളമാണ്. 

almira-8

ലോക്ഡൗൺ നീളുന്നതിന്റെയും മുൻപു പ്ലാൻ ചെയ്ത പ്രോജക്ട് നടക്കാത്തതിന്റെയും ഫ്രസ്ട്രേഷനുമായി ഒരു ദിവസം ഓഫിസിലെത്തി അലമാര തുറക്കുമ്പോൾ വസ്ത്രങ്ങളുടെ സ്റ്റോക്ക് അങ്ങനെതന്നെയിരിക്കുന്നു. ഇനി എന്തു ചെയ്യുമെന്നു ചിന്തിച്ചപ്പോഴാണ് ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ, സ്ത്രീകൾ പൊതുസ്ഥലങ്ങൾ മിസ് ചെയ്യുന്നത്, ലോക്ഡൗണിൽ വർധിക്കുന്ന ഗാർഹിക പീഡനം, ഉത്രവധക്കേസ് ഇവയൊക്കെ മനസ്സിലേക്കെത്തിയത്. അങ്ങനെ സ്ത്രീജീവിതവും അലമാരയുമായി റിലേറ്റ് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം കൂടി ചേർത്തുവച്ചപ്പോൾ ദി അൽമിറ എന്ന പ്രോജക്ട് പിറന്നു.

വിവാഹിതകളുടെ ജീവിതത്തിൽ അലമാരയ്ക്ക് പ്രധാന റോളുണ്ട്. വിവാഹശേഷം വധുവിന്റെ പ്രിയപ്പെട്ടവർ വരന്റെ വീട്ടിലേക്കു വരുന്ന അടുക്കളകാണൽ ചടങ്ങിനൊക്കെ മിക്കവാറും സമ്മാനമായി നൽകുക അലമാരയായിരിക്കും. സ്വർണവും പണവും സ്വത്തുമൊക്കെ നൽകുന്നുണ്ടെങ്കിലും അവൾക്ക് അതൊന്നും സ്വന്തമല്ല. ഏറ്റവുമൊടുവിൽ അവൾക്ക് സ്വന്തമെന്നു പറയാൻ അവശേഷിക്കുക ആ അലമാര മാത്രമായിരിക്കും. കേരളത്തിൽ ഇങ്ങനെയൊരു ആചാരമുള്ളതുകൊണ്ട് മലയാളികൾക്ക് വേഗം ഇതിന്റെ വൈകാരികതലം മനസ്സിലാകും. 

almira-2

4. സ്ത്രീകളുടെ എട്ടുമനോനിലകൾ ഫാഷൻ ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി, സോളോ പെർഫോമൻസ്, കവിത, സ്ട്രക്ചറൽ ഡിസൈൻ തുടങ്ങിയ എട്ട് ആർട്ട്ഫോമിൽ ചിത്രീകരിച്ചതിനെക്കുറിച്ച്?

സ്ത്രീജീവിതത്തിലെ ഒരു ആംഗിൾ മാത്രമെടുത്ത് ഈ പ്രോജക്ട് ചെയ്യാൻ ഞാൻ ആഗ്രഹിച്ചില്ല. അതിനു കാരണവുമുണ്ട്. ഐടി ഫീൽഡിൽ ജോലിചെയ്യുന്ന ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട്. അവരിൽ പലരും ലോക്ഡൗൺ വന്ന് വർക്ക് ഫ്രം ഹോം ഒക്കെ ആയതോടെയാണ് പങ്കാളികളെ ശരിക്കൊന്നു കാണുന്നതു പോലും. അടുത്തിരുന്നു സംസാരിക്കാനും ഒരുമിച്ചു സമയം ചെലവഴിക്കാനുമൊക്കെ അവർക്ക് അപ്പോഴാണ് അവസരം കിട്ടിയത്. ഒരു ഫിസിക്കൽ സ്പേസ് പങ്കുവയ്ക്കാൻ അത്തരം ആളുകൾക്ക് അവസരം കിട്ടിയതൊക്കെ ലോക്ഡൗൺ കാലത്തെ സന്തോഷക്കാഴ്ചകളാണ്. അതുകൊണ്ടാണ് സ്ത്രീകളുടെ എട്ടു മനോനിലകൾ പ്രമേയമാക്കി പ്രോജക്ട് ഒരുക്കിയത്. ഒരു സ്ത്രീയുടെ ജീവിതം പ്രതിനിധീകരിച്ച്, അലമാരയ്ക്കുള്ളിൽ അത് പ്രസന്റ് ചെയ്ത് അതിലൂടെ എന്തുകൊണ്ട് സ്ത്രീകളുടെ എട്ടുമനോനിലകൾ ആവിഷ്കരിച്ചു കൂടാ എന്ന ആശയത്തിൽ നിന്നാണ് ഈ പ്രോജക്ട് രൂപം കൊണ്ടത്.

almira-4

5. ആഗ്രഹങ്ങളും പരീക്ഷണങ്ങളും സമന്വയിച്ചപ്പോഴുണ്ടായ വെല്ലുവിളികൾ? 

ഈ പ്രൊജക്ടിന്റെ ആശയം മനസ്സിൽ വന്നപ്പോൾ ഞാൻ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളി ഇതെങ്ങനെ പ്രാവർത്തികമാക്കാമെന്ന് എന്റെ ടീമിനെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു. ആശയം പറഞ്ഞപ്പോൾത്തന്നെ എല്ലാവരും കൺവിൻസ്ഡ് ആയിരുന്നു. എങ്ങനെ ഇംപ്ലിമെന്റ് ചെയ്യും എന്ന കാര്യത്തിലായിരുന്നു ആശയക്കുഴപ്പം. അവർക്ക് ഉദാഹരണമായി കാട്ടാൻ എനിക്കൊരു റഫറൻസ് പിക്ച്ചർ ഇല്ലായിരുന്നു. നടപ്പാക്കാനൊരുങ്ങിയപ്പോൾ അത് ഓരോ ലെവലിലും ഒരു പരീക്ഷണം തന്നെയായിരുന്നു. ആദ്യം അലമാര പണിയിച്ചു, പിന്നെ കണ്ണാടി വച്ചു, അതിനുള്ളിൽ ലൈറ്റ് പിടിപ്പിച്ചു. അങ്ങനെ ഓരോ ഘട്ടമായി പൂർത്തിയായപ്പോഴാണ് ഇതൊരു മൂവബിൾ പ്രോജക്ട് ആണെന്ന് എല്ലാവർക്കും വിശ്വാസം വന്നത്. ആശയക്കുഴപ്പം മാറിയതോടെ ക്രൂവിലെ എല്ലാവരും ഇതു വളരെ ആസ്വദിച്ചു. മുൻവിധികളോ അതുകൊണ്ടുണ്ടാവുന്ന ഭാവനാപരിമിതിയോ ഇല്ലാതെയാണ് ഇത് പൂർത്തിയാക്കിയത്.

almira-5

6. ഇത് വിജയകരമായി ആവിഷ്കരിക്കുമ്പോൾ നേരിട്ട വെല്ലുവിളികളെന്തൊക്കെയാണ്?

ഇതൊരു മൾട്ടി ഡിസിപ്ലിനറി പ്രോജക്ട് ആണ്. ഫാഷൻ, ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി, സോളോ പെർഫോമെൻസ്, കവിത, സ്ട്രക്ചറൽ ഡിസൈൻ, ഇൻസ്റ്റലേഷൻ അങ്ങനെ വ്യത്യസ്തങ്ങളായ എട്ട് ആർട്ട്ഫോമിലൂടെയാണ് സ്ത്രീകളുടെ എട്ടു മനോനിലകളെ ആവിഷ്കരിച്ചത്. കേരളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു പ്രോജക്ട്. ഒരു സോളോ പെർഫോമെൻസ് ആർട്ടിസ്റ്റാണ് അലമാരയ്ക്കുള്ളിലിരുന്ന് പെർഫോം ചെയ്യുന്നത്. സ്ത്രീകളുടെ എട്ടു മനോനിലകൾ എന്ന ആശയം മാത്രമായിരുന്നു ആദ്യം മനസ്സിലുണ്ടായിരുന്നത്. ഒരു ഇൻസ്റ്റലേഷൻ പ്രോജക്ട് എന്ന ചിന്തയൊന്നും അന്ന് മനസ്സിലുണ്ടായിരുന്നില്ല. ഇതിനു മുൻപ് ചെയ്ത മഴവിൽ, 18 ഷേഡ്സ് ഓഫ് ബ്ലാക്ക്, ഇപ്പോൾ അലമാര ഈ പ്രൊജക്ടുകളെല്ലാം എന്റേതായ ഒരു ആർട്ടിസ്റ്റിക് എക്സ്പ്രഷൻ ആയിരുന്നു. ഇൻസ്റ്റലേഷൻ പ്രൊജക്ട് എന്നത് പിന്നീട് മനസ്സിലേക്ക് വന്നതാണ്.

7. കോവിഡ് കാലമല്ലായിരുന്നെങ്കിൽ വമ്പൻ റിലീസിന് സാധ്യതയുണ്ടായിരുന്ന ഒരു പ്രോജക്ട് റെഡ്‌ലോട്ടസ് ഓൺലൈൻ ഫാഷൻ ബുട്ടീക് ഇൻസ്റ്റഗ്രാം പേജിൽ റിലീസ് ചെയ്യേണ്ടി വന്നതിനെക്കുറിച്ച്?

ഈ പ്രോജക്ട് സമൂഹമാധ്യമ വേദികളിൽ മാത്രം ഒതുങ്ങിത്തീരരുതെന്ന് ആഗ്രഹമുണ്ട്. അതിലുപരി ഈ പ്രോജക്ടിന് വലിയ ചില ലക്ഷ്യങ്ങളുണ്ട്. ലോകമെമ്പാടും ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. നമ്മുടെ സഹായം വേണ്ടുന്ന ഒരുപാട് രാജ്യങ്ങളുണ്ട്. ഇതൊരു സ്ത്രീകേന്ദ്രീകൃത പ്രോജക്ട് ആയതുകൊണ്ടു തന്നെ നുട്രീഷ്യൻ ബേസിസ് ആയ കുറേ കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധിക്കും. അതുകൊണ്ടുതന്നെ പുറത്തുള്ള ഗാലറികളുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. 18 ഷേഡ്സ് ഓഫ് ബ്ലാക്ക് എന്ന പ്രോജക്ടിന്റെ സമയത്ത് യുണിസെഫ് ഒരു ആർട്ട് പ്രൊജക്ടിനുവേണ്ടി സമീപിച്ചിരുന്നു. അലമാര എന്ന പുതിയ പ്രോജക്ടിനെക്കുറിച്ചും യുനിസെഫിനോട് സംസാരിച്ചിട്ടുണ്ട്. മറുപടി അനുകൂലമാണെങ്കിൽ അൽമിറ വലിയ പ്രകാശന സാധ്യതകൾ ലഭിക്കും. കോവിഡ് ഭീതി മാറിയശേഷം – അതെന്നായാലും–  ഈ പ്രോജക്ട് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആർട്ട് കൊളാബറേഷനും ഇൻസ്റ്റലേഷനുമൊക്കെ ചെയ്യുന്ന ആളുകളോടൊക്കെ സംസാരിച്ചിട്ടുണ്ട്. കേരളത്തിൽനിന്ന് ഇത്തരമൊരു പ്രോജക്ട് ആദ്യമായതുകൊണ്ട് അടുത്ത ബിനാലെയിൽ ഒരവസരം കിട്ടണമെന്ന ആഗ്രഹമുണ്ട്.

almira-6

8. അൽമിറ എന്ന പ്രോജക്ടിന്റെ മുന്നൊരുക്കങ്ങൾ

സ്ത്രീകളുടെ എട്ടുമനോനിലകൾ എന്ന ആശയം ആദ്യം മുതൽ മനസ്സിലുണ്ടായിരുന്നു. അൽമിറ ഷൂട്ട് ചെയ്തത് ഒരു കെട്ടിടത്തിന്റെ ബേസ്മെന്റിലായിരുന്നു. ഒരു ബ്ലാങ്ക് സ്പേസിൽ ഷൂട്ട് ചെയ്യാനായിരുന്നു ആദ്യ പദ്ധതി. അലമാര ഒരു ഫൈനൽ പ്രോഡക്ടായി മുന്നിലെത്തിയപ്പോഴാണ് ബേസ്മെന്റ് വലിയൊരു മെറ്റഫർ ആണെണന്ന് മനസ്സിലായത്. ബേസ്മെന്റ് ഒരു കോമൺ ഫിനോമിനൻ ആണ്. പുരുഷകേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കേണ്ടി വരുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങളെപ്പറ്റിയും അർഹതപ്പെടാത്തവരുടെ ഇടയിലേക്ക് ഒരു സ്ത്രീ  വിവാഹം ചെയ്തയയ്ക്കപ്പെടുമ്പോൾ അവളുടെ ജീവിതം, അല്ലെങ്കിൽ സ്ത്രീത്വം എങ്ങനെ മോശം രീതിയിൽ ട്രീറ്റ് ചെയ്യപ്പെടുമെന്നുമൊക്കെയുള്ള ചിന്തയും അപ്പോൾ മനസ്സിൽ വന്നു. സ്ത്രീയുടെ എല്ലാ ഭാവങ്ങളും ഈ പ്രൊജക്ടിൽ ആവിഷ്കരിക്കാൻ സാധിച്ചിട്ടില്ല. ഞാൻ അനുഭവിച്ച, അല്ലെങ്കിൽ കണ്ടതും കേട്ടതുമായ കാര്യങ്ങൾ മനസ്സിൽ വച്ചാണ് ഏതൊക്കെ മനോനിലകളാണ് അവതരിപ്പിക്കേണ്ടത് എന്നു തീരുമാനിച്ചത്.

almira-1

9. അലമാരക്കുള്ളിലെ വ്യത്യസ്ത സ്ത്രീഭാവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച കഥാപാത്രത്തെപ്പറ്റി?

ആ പെർഫോമറുടെ പേര് രമ്യസുവിയെന്നാണ്. ആളൊരു ഭരതനാട്യം നർത്തകിയാണ്. ഈ പ്രോജക്ടിൽ എക്സ്പ്രഷൻസിന് അത്രയേറെ പ്രാധാന്യമുള്ളതുകൊണ്ട് ഒരു മോഡലിന് എത്രത്തോളം മനോഹരമായി അത് അവതരിപ്പിക്കാൻ പറ്റുമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. അതുകൊണ്ട് ഒരു പെർഫോമൻസ് ആർട്ടിസ്റ്റ് തന്നെ ഇത് അവതരിപ്പിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. എനിക്കും രമ്യയ്ക്കും സമൂഹമാധ്യമങ്ങളിൽ ധാരാളം കോമൺ സുഹൃത്തുക്കളുണ്ടായിരുന്നു. അങ്ങനെ രമ്യയുടെ ഫോട്ടോസ് ഒക്കെ ഞാൻ കണ്ടിട്ടുണ്ടായിരുന്നു. ഈ പ്രോജക്ടിനെക്കുറിച്ചോർത്തപ്പോൾ എന്റെ മനസ്സിൽ പെട്ടെന്ന് വന്നത് രമ്യയുടെ മുഖമാണ്. രമ്യയുടെ മുഖവും കണ്ണുമൊക്കെ നല്ല പവർഫുൾ ആണ്. ഈ പ്രൊജക്ടിനെക്കുറിച്ച് പറഞ്ഞപ്പോൾ രമ്യയും വളരെ എക്സൈറ്റഡ് ആയിരുന്നു. അലമാരയ്ക്കുള്ളിൽ പെർഫോം ചെയ്യുന്നതിൽ ഒരു പുതുമയുമുണ്ടല്ലോ.

almira-3

10. ഒരു ടീം വർക്കിന്റെ വിജയമാണല്ലോ ഈ പ്രോജക്ട്

തീർച്ചയായും നല്ലൊരു ടീം ഇതിനു പിന്നിലുണ്ട്.  ഒരു പ്രോജക്ട് വിജയകരമായി നടപ്പിലാക്കണമെങ്കിൽ ആശയം മാത്രം പോരല്ലോ. അതിന്റെ മൂല്യം മനസ്സിലാക്കാനും ആദ്യന്തം പിന്തുണയ്ക്കാനും ആളുകൾ ഉണ്ടെങ്കിലല്ലേ അത് സംഭവിക്കൂ. ഫോട്ടോയും വിഡിയോയും എടുത്തത് രതീഷ് രവീന്ദ്രനാണ്. അദ്ദേഹം ഒരു ഛായാഗ്രാഹകനും സംവിധായകനുമാണ്. അതുകൊണ്ടുതന്നെ ഈ പ്രോജക്ടിനു വേണ്ട കുറേ ഇൻപുട്സ് അദ്ദേഹത്തിൽനിന്ന് ലഭിച്ചു. ഞങ്ങൾക്ക് ഒരു പ്രൊഡക്‌ഷൻ ഹൗസ് കൂടിയുണ്ട്. അതുകൊണ്ടാണ് ഇതു വേഗം ചെയ്യാൻ പറ്റിയത്.

ചിത്രീകരണ സമയത്തെ പ്രധാനവെല്ലുവിളി ഷൂട്ട് ചെയ്യുമ്പോഴുള്ള റിഫ്ലക്‌ഷനായിരുന്നു. ചില്ലലമാരയിലൂടെ ഷൂട്ട് ചെയ്യുമ്പോൾ വരുന്ന ലൈറ്റിനെ കട്ട് ചെയ്യാനാണ് ഏറ്റവും കൂടുതൽ പണിയെടുത്തത്. ഫോട്ടോ, വിഡിയോ, പോയട്രി ഇതു മൂന്നും രതീഷാണ് ചെയ്തത്. സതീഷ് മോഹനാണ് എന്നെ അസിസ്റ്റ് ചെയ്തത്. ആർട്ട് ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്തത് ഇമ്ന ഫെലിക്സ്, സ്റ്റൈലിസ്റ്റ് ആയി അസോസിയേറ്റ് ചെയ്തത് കാരലിൻ ജോസഫ്, മേക്കപ്പ് ചെയ്തത് അൻസാരി ഇസ്മെയ്ക്, ഹെയർ സ്റ്റൈലിസ്റ്റ് ഷിറീൻ യാസിർ, വിഡിയോ എഡിറ്റിങ് അൻസർ മൊഹമ്മദ്, ട്രെയിലറിന്റെ സൗണ്ട് ഡിസൈൻ കൃഷ്ണനുണ്ണി കെ.ജെ  ഇത്രയും പേരാണ് ഈ പ്രോജക്ടിന്റെ അണിയറയിൽ പ്രവർത്തിച്ചത്. 

sharmila-nair-2

11. പൊട്ടും സിന്ദൂരവും വ്യത്യസ്തമായിരുന്നല്ലോ?

ഈ സോളോ പെർഫോമൻസ് കണ്ടവരിൽ ചിലർ ശ്രദ്ധിച്ചതും ശ്രദ്ധിക്കാതെ പോയതുമായ ചില കാര്യങ്ങളുണ്ട്. പെർഫോമറുടെ നെറ്റിയിലെ പൊട്ടും സിന്ദൂരവുമാണത്. നോ എൻട്രിയുടെ ഇന്റർനാഷനൽ പ്രൊഹിബിഷൻ സൈൻ ആണ് പൊട്ടായി അണിഞ്ഞത്. സ്ത്രീകൾക്ക് പൊതുവേ അഭിമുഖീകരിക്കേണ്ടി വരുന്ന വിലക്കുകളെ സൂചിപ്പിക്കാനായി മനഃപൂർവം തിരഞ്ഞെടുത്തതായിരുന്നു അത്. ചുവന്ന സിന്ദൂരത്തിനു പകരം കറുത്ത സിന്ദൂരമാണ് ഉപയോഗിച്ചിരിക്കുന്നത്. All Marriages Are Not Auspecious എന്ന അർഥത്തിലാണ്  അങ്ങനെ ചെയ്തത്. ഒരു ആർട്ടിസ്റ്റിക് പെഴ്സ്പെക്റ്റീവിൽക്കൂടി കണ്ടപ്പോഴാണ് അങ്ങനെ ഒരു ആശയം തോന്നിയത്.

12. ഷേഡ്സ് ഓഫ് ബ്ലാക്കിനു ശേഷം ദി അൽമിറ എന്ന ഗംഭീര പ്രോജക്ട്. എന്താണ് മുന്നോട്ടുള്ള പദ്ധതികൾ?

ആദ്യം മഴവില്ല്, പിന്നെ ഷേഡ്സ് ഓഫ് ബ്ലാക്ക് ഇപ്പോൾ അലമാര. ഈ പ്രൊജക്ടുകളൊക്കെ തന്ന ഒരു തിരിച്ചറിവുണ്ട്. എനിക്കിത്തരം ഷൂട്ട് ആണ് ചെയ്യാൻ കഴിയുകയെന്നു ബോധ്യപ്പെട്ടത് ഈ പ്രോജക്ടോടെയാണ്. തീർച്ചയായും ഇനിയും ഇത്തരം ആശയങ്ങളും പദ്ധതികളുമായി ഞാൻ വരും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.