ADVERTISEMENT

പ്രശസ്തി, വിവാദം, ആഡംബരം, ഫാഷൻ ഇതെല്ലാം ചേരുമ്പോൾ കിം കർദാഷിയാൻ ആകും. കേൾക്കുമ്പോൾ അതിശയോക്തി എന്നു തോന്നുമെങ്കിലും അമേരിക്കയിലെ അറ്റോർണിയും ബിസിനസ്സുകാരനുമായ റോബർട്ട് ജോർജ് കർദാഷിയാന്റെയും സംരംഭകയും ടെലിവിഷൻ ഷോ പ്രൊഡ്യൂസറും എഴുത്തുകാരിയുമായ ക്രിസ് ജെന്നറിന്റെയും രണ്ടാമത്തെ മകൾ കിംബർലി നോയൽ കർദാഷിയാൻ എന്ന കിം കർദാഷിയാന്റെ ജീവിതം ഇങ്ങനെ അടയാളപ്പെടുത്താം. അഭിനേത്രി, മോഡൽ, ബിസിനസ് വുമൺ എന്നിങ്ങനെ വിശേഷണങ്ങൾ പലതുണ്ട് കിം കർദാഷിയാന്. പ്രശസ്തി തേടി വന്നില്ലെങ്കിൽ തേടിപ്പിടിക്കേണ്ടത് എങ്ങനെയെന്ന് നന്നായി അറിയുന്ന ആൾ. കിമ്മിന്റെ ആഡംബര ജീവിതത്തെ അസൂയ കലർന്ന അദ്ഭുതത്തോടെ നോക്കിക്കാണുന്നവര്‍ നിരവധിയാണ്. കിം കർദാഷിയാന്റെ ജീവിതകഥ.

സെക്സ് ടേപ്പ് വിവാദത്തിലൂടെ പ്രശസ്തിയിലേക്ക്

പ്രശസ്തമായ കർദാഷിയാൻ കുടുംബാംഗം എന്നതിലുപരി അമേരിക്കൻ നടി പാരിസ് ഹിൽട്ടന്റെ സ്റ്റൈലിസ്റ്റ് എന്ന നിലയിലാണ് കിം ആദ്യമായി മാധ്യമ ശ്രദ്ധയിലെത്തിയത്. എന്നാല്‍ 2007 ൽ പുറത്തായ ഒരു സെക്സ് ടേപ്പ് സൃഷ്ടിച്ച വിവാദത്തിലൂടെ കിം വാർത്തകളിൽ നിറഞ്ഞു. അമേരിക്കന്‍ റാപ്പര്‍ റേയ് ജെയ്ക്ക് ഒപ്പമുള്ള ആ ടേപ്പ് പുറത്തു വിട്ടതിന് ഒരു എന്റര്‍ടെയ്ൻമെന്റ് സ്ഥാപനത്തിനെതിരെ കിം കേസ് കൊടുത്തെങ്കിലും പിന്നീട് വലിയൊരു തുകയ്ക്ക് കേസ് പിൻവലിച്ചതായി റിപ്പോര്‍ട്ടുകൾ വന്നു. എന്നാൽ കർദാഷിയാന്‍ കുടുംബം ആരംഭിക്കുന്ന ഒരു റിയാലിറ്റി ഷോയുടെ പ്രമോഷനുവേണ്ടി വേണ്ടി കിം നടത്തിയ നാടകമായിരുന്നു ഇതെന്ന് ചിലർ ആരോപിച്ചു. വിവാദങ്ങളിലൂടെ പ്രശസ്തി നേടുന്ന തന്ത്രമാണ് കിം പയറ്റിയത് എന്നായിരുന്നു അവരുടെ ആക്ഷേപം.

Kim-Kardashian-6

എന്തായാലും വിവാദം കിമ്മിന് ഗുണകരമായിത്തന്നെ ഭവിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കര്‍ദാഷിയാൻ കുടുംബത്തിലെ ഏറ്റവും പ്രമുഖ വ്യക്തിത്വമായി കിം വളർന്നു. കൈവച്ചതിലെല്ലാം നേട്ടം കൊയ്തായിരുന്നു കുതിപ്പ്. പ്രമുഖ മാസികകളുടെയെല്ലാം കവർ ഗേളായി. ബിസിനസ്, സിനിമ, ടെലിവിഷൻ എന്നിവയിലെല്ലാം തിളങ്ങി. 2015 ൽ ടൈം മാസികയുടെ, ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പേരുടെ പട്ടികയിൽ സ്ഥാനം പിടിക്കുകയും ചെയ്തു. 53 മില്യൻ ഡോളറായിരുന്നു 2015 ൽ ടെലിവിഷൻ മേഖലയിൽ നിന്നുള്ള കിമ്മിന്റെ വരുമാനം. ലോകത്ത് ടെലിവിഷൻ രംഗത്ത് ഏറ്റവും ഉയർന്ന പ്രതിഫലം നേടുന്ന വ്യക്തിയെന്ന വിശേഷണവും ഇതോടെ സ്വന്തമായി. 

സമൂഹമാധ്യമങ്ങളിലെ ഫോളവേഴ്സും ഇക്കാലയളവിൽ കുത്തനെ ഉയർന്നു. യുവാക്കൾക്കിടയിൽ കിം ആരാധന പടർന്നതോടെ പ്രമുഖ ബ്രാൻഡുകൾ തങ്ങളുടെ ഉൽപന്നങ്ങൾ പ്രമോട്ട് ചെയ്യാൻ കിമ്മിനെ സമീപിച്ചു. സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഒരു പോസ്റ്റിന് 75,000 മുതൽ 300,000 വരെ ഡോളറായിരുന്നു ബ്രാൻഡുകൾ നല്‍കിയിരുന്നത്. 2016 ൽ സിബിസി മാർക്കറ്റ് പ്ലേസ് പുറത്തുവിട്ട ഈ കണക്കും ആരാധകരെ ഞെട്ടിച്ചു. നിരവധി ബ്യൂട്ടി പ്രോഡക്ടുകൾ, ശീതള പാനീയങ്ങൾ, ആക്സസറികൾ എന്നിവയുടെ മോഡലും ഇൻഫ്ലുവൻസറുമായി കിം സമ്പാദിച്ചത് കോടികളാണ്. നിലവിൽ 19 കോടി ആളുകളാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. മറ്റു സമൂഹമാധ്യമങ്ങളിലും നിരവധി ഫോളോവേഴ്സ് ഉണ്ട്.

Kim-Kardashian-4

ആഡംബരം എന്നാൽ കിം കർദാഷിയാൻ

കർദാഷിയാൻ കുടുംബാംഗം, വിവാദങ്ങൾ, ആഡംബര ജീവിതം എന്നിവയാണ് കിമ്മിനെ ഇത്രയേറെ പ്രശസ്തയാക്കിയത്. ആഡംബരത്തിന്റെ പര്യായമെന്നു പോലും കിം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. പുതിയ സൂപ്പർ കാറുകൾ സ്വന്തമാക്കുന്നതാണ് ഒരു പ്രധാന ഹോബി. നിലവിൽ ഇരുപതോളം ആഡംബര കാറുകൾ ഉണ്ട്.

ലോകത്തെ എല്ലാ ആഡംബര ബ്രാൻഡുകളുടെയും ഹാൻഡ് ബാഗുകൾ കിമ്മിനുണ്ട്. ലോകത്തെ ഏറ്റവും വിലയുള്ള ഹാൻഡ് ബാഗ് ഉൾപ്പടെ 70 എണ്ണം ഈ കലക്‌ഷനിലുണ്ട്. 2019 ൽ തന്റെ മൂന്നു വയസ്സുകാരി മകൾക്ക് ആഡംബര ബ്രാൻഡായ ഹെർമീസിന്റെ 12 ലക്ഷം രൂപ വിലവരുന്ന മിനി ബാഗാണ് സമ്മാനമായി നൽകിയത്. കുടുംബത്തിലെ എല്ലാ പെൺകുട്ടികൾക്കും ഇത്തരം ബാഗുകൾ സമ്മാനിക്കുന്നത് കിമ്മിന്റെ ശീലമാണ്. മാത്രമല്ല, വീട്ടിലും ഓഫിസിലുമൊക്കെ ഉപയോഗിക്കുന്ന ചവറ്റുകുട്ട വരെ വമ്പൻ ബ്രാൻഡുകളുടേത് ആയിരിക്കണമെന്ന നിർബന്ധവും ഈ സുന്ദരിക്കുണ്ട്.

Kim-Kardashian-5

മിയാമിയിൽ ഒരു സമ്മർ പാർട്ടിയില്‍ പങ്കെടുക്കാനായി നിയോൺ ഗ്രീൻ നിറത്തിലാണ് മുടി കളർ ചെയ്തത്. അന്നു സഞ്ചരിക്കാൻ വേണ്ടി മാത്രം അതേ നിറത്തിലുള്ള ലംബോർഗിനി കാർ താരം വാടകയ്ക്കെടുത്തതും വാർത്തയായിരുന്നു. എന്നാൽ കിം കാർ വാടകയ്ക്കെടുത്തത് അറിഞ്ഞ് ഭർത്താവും അമേരിക്കൻ റാപ്പറുമായ കാന്യ വെസ്റ്റ് നിയോൺ ഗ്രീൻ നിറത്തിലുള്ള മെഴ്സിഡീസ് ബെൻസ് ജി വാഗൺ വാങ്ങി സമ്മാനിച്ചതാണ് ആരാധകരെ ഏറെ അമ്പരപ്പിച്ചത്. ഒരു ദിവസം ജിമ്മിലേക്കു പോകാൻ ഇറങ്ങുമ്പോഴാണ് ഇങ്ങനെ ഒരു സർപ്രൈസ് അദ്ദേഹം തനിക്കു വേണ്ടി ഒരുക്കിയത് കിം അറിയുന്നത്.

സൗന്ദര്യ സംരക്ഷണത്തിനു വേണ്ടി കോടികളാണ് ഓരോ വർഷവും കിം മുടക്കുന്നത്. ലോകോത്തര ബ്രാൻഡുകളുടെ ഉൽപന്നങ്ങൾക്കു മാത്രമേ കിമ്മിന്റെ മേക്കപ് കിറ്റിൽ സ്ഥാനമുള്ളൂ. ബ്യൂട്ടി–ഫിറ്റ്നസ് ട്രെയിനർമാരുടെ ഒരു ടീം യാത്രകളിലും മറ്റും കിമ്മിനൊപ്പമുണ്ടാകും. സ്വന്തം ഡിസൈനർമാർ തയാറാക്കുന്ന വസ്ത്രം മാത്രമേ ധരിക്കാറുള്ളൂ. വർഷം തോറും വിനോദ യാത്രകൾ നടത്തുന്നതും കിംകുടുംബത്തിന്റെ ശീലമാണ്. സ്വകാര്യതയ്ക്കു വേണ്ടി റിസോർട്ടുകള്‍ പൂർണമായി വാടകയ്ക്കെടുക്കാനും വീടുകൾ വാങ്ങാനും മടിക്കാറില്ല. യാത്രകൾ പ്രൈവറ്റ് ‍ജെറ്റില്‍ മാത്രം.

പ്രശസ്തിക്കു വേണ്ടി വിവാഹം 

Kim-Kardashian-3
കിം കർദാഷിയാൻ ഭർത്താവ് കാനി വെസ്റ്റിനൊപ്പം

2000 ൽ 19 വയസ്സുള്ളപ്പോഴായിരുന്നു കിം കർദാഷിയാന്റെ ആദ്യ വിവാഹം. മ്യൂസിക് പ്രൊഡ്യൂസർ ഡാമൻ തോമസുമായുള്ള ഈ ബന്ധം 2003 ൽ അവസാനിച്ചു. ഇതിനുശേഷമാണ് റേയ് ജെയുമായുള്ള പ്രണയവും വിവാദ വിഡിയോ പുറത്തുവരുന്നതും. 2010 ൽ ബാസ്കറ്റ് ബോൾ താരം ക്രിസ് ഹംഫ്രീസുമായി പ്രണയത്തിലായി. 2011ൽ ഓഗസ്റ്റിൽ ഇവർ വിവാഹിതരാവുകയും ചെയ്തു. ഈ വിവാഹം വലിയ വാർത്താ പ്രാധാന്യം നേടി.

എന്നാൽ 72–ാം ദിവസം വിവാഹമോചനം തേടി കിം കോടതിയിലെത്തി. അഭിപ്രായ വ്യത്യാസങ്ങളാണ് കാരണമായി പറഞ്ഞത്. എന്നാൽ പ്രശസ്തിക്കു വേണ്ടിയാണ് വിവാഹം നടത്തിയതെന്ന ആക്ഷേപം ഉയർന്നു. കർദാഷിയാൻ എന്ന ബ്രാൻഡിനെ വാർത്തകളിൽ നിറയ്ക്കാനും പണം സമ്പാദിക്കാനും മാത്രമാണ് വിവാഹം ചെയ്യുന്നതെന്ന ആരോപണമുയർത്തിയ ജാക്സൻ എന്ന പ്രഫഷനൽ പബ്ലിസിസ്റ്റിനെതിരെ കിം മാനനഷ്ടത്തിന് കേസു കൊടുത്തതോടെ വിവാദം ആളിപ്പടർന്നു.

2014 ൽ  അമേരിക്കയിലെ ഏറ്റവും പ്രമുഖ റാപ്പർമാരിൽ ഒരാളായ കാന്യ വെസ്റ്റിനെ വിവാഹം ചെയ്തു. ഇരുവരും തങ്ങളുടെ മേഖലകളിൽ വിജയിച്ചവരായതിനാൽ ഈ വിവാഹം മുൻ വിവാഹങ്ങളേക്കാൾ മാധ്യമശ്രദ്ധ നേടി. ഇവർക്ക് നാലു മക്കളാണ്.

പണം വേണ്ടുവോളം

Kim-Kardashian-1

കെകെഡബ്ല്യു എന്ന പേരിലുള്ള ബ്യൂട്ടി ബ്രാൻഡ് ആണ് കിമ്മിന്റെ ഇപ്പോഴത്തെ പ്രധാന വരുമാന മാർഗം. കർദാഷിയാൻ കുടുംബത്തിന്റെ പ്രശസ്തി പൂർണമായി ഉപയോഗപ്പെടുത്തിയും വിവാദങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചും ബ്രാൻഡിനെ വളർത്താൻ കിമ്മിനായി. 2018 ലെ കണക്കു പ്രകാരം 350 മില്യൻ ഡോളർ ആണ് കിം കര്‍ദാഷിയാന്റെ ആസ്തി. ഭർത്താവ് കാന്യ വെസ്റ്റിന്റെ ആസ്തി കൂടി ചേർക്കുമ്പോൾ ഇത് 1.3 ബില്യൻ ഡോളർ (ഇന്ത്യൻ രൂപയിൽ ഏകദേശം 9500 കോടി) വരും.

English Summary : Kim Kardashian luxury lifestyle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com