ADVERTISEMENT

തൊലിപ്പുറത്തെ നിറവ്യത്യാസങ്ങളും വെളുത്ത പാടുകളും മഞ്ജു എന്ന പെൺകുട്ടിയെ ഒരിക്കൽ തളർത്തിയിട്ടുണ്ട്. അന്ന് ലൂക്കോഡർമ (leucoderma) എന്നത് ഒരു രോഗാവാസ്ഥയാണെന്നോ ആർക്കും വരാവുന്ന ഒരു അസുഖം മാത്രമാണെന്നോ തിരിച്ചറിയാനുള്ള പക്വത മഞ്ജുവിന് ഉണ്ടായിരുന്നില്ല. തൊലിപ്പുറത്തെ ഈ നിറവ്യത്യാസത്തിന്റെ പേരിൽ അധ്യാപകരും സുഹൃത്തുക്കളും വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചപ്പോൾ ഉള്ളുലഞ്ഞും കണ്ണു നിറഞ്ഞുമിരുന്ന ഒരു ദിവസം അവളെ ചേർത്തു പിടിച്ച് അച്ഛൻ ചോദിച്ചു, ഈ ലോകത്തിൽ ഏറ്റവും സുന്ദരിയായിട്ടുള്ള കുട്ടി ആരാണെന്ന് അറിയാമോ? നിറഞ്ഞ കണ്ണുകളോടെ അവൾ അച്ഛനെ നോക്കി... ആ കണ്ണുനീർ തുടച്ച് അച്ഛൻ പറഞ്ഞു, എന്റെ ഈ മോള് തന്നെ!!! ഈ ചോദ്യോത്തരങ്ങൾ പിന്നീട് പതിവായി. അച്ഛൻ ചോദ്യം ആവർത്തിക്കും... മറുപടിയായി മഞ്ജു പറയും... ആ സുന്ദരി ഞാൻ തന്നെ! അപകർഷതാബോധത്തിന്റെ ആഴത്തിലേക്ക് വീണുപോകാതെ മഞ്ജുവിന്റെ ജീവിതത്തിൽ ആത്മവിശ്വാസം നിറച്ചത് ഈ കൊച്ചു ചോദ്യവും അതിന്റെ ഉത്തരവുമായിരുന്നു. 

ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെ അവൾ ജീവിതത്തെ സ്നേഹിച്ചു. വാശിയോടെ പഠിച്ചു. കരിയറിൽ സ്വന്തമായ ഒരു മേൽവിലാസമുണ്ടാക്കി. ഒടുവിൽ ആത്മവിശ്വാസം തുളുമ്പുന്ന ആ പുഞ്ചിരി തേടി സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് ജസീന കടവിലെത്തി. ‘കാറ്റലിസ്റ്റ് സ്കോളർ’ എന്ന ജസീനയുടെ മേക്കോവർ ഫോട്ടോഷൂട്ടിന്റെ ഭാഗമാകാനായിരുന്നു ആ ക്ഷണം. സമൂഹത്തിൽ പലപ്പോഴും മാറ്റി നിറുത്തപ്പെടുന്ന ലൂക്കോഡർമ (leucoderma) രോഗികൾക്ക് പ്രചോദനമേകാനുള്ള ആ ശ്രമത്തിൽ അങ്ങനെ മഞ്ജു കുട്ടികൃഷ്ണനും ഭാഗമായി. സൗന്ദര്യത്തെക്കുറിച്ചുള്ള വ്യവസ്ഥാപിത കാഴ്ചപ്പാടുകളെ തകിടം മറിക്കുന്ന ഫോട്ടോഷൂട്ടിനെക്കുറിച്ച് മഞ്ജു കുട്ടികൃഷ്ണൻ സംസാരിക്കുന്നു. 

manju-kuttikrishnan-4

ഈ പുഞ്ചിരിക്കു പിന്നിൽ

ഒരു ക്യാമറയെ നോക്കി ഇത്രയും ആത്മവിശ്വാസത്തോടുകൂടി ചിരിക്കാൻ എനിക്ക് കഴിയുന്നുണ്ടെങ്കിൽ അതിനു കാരണങ്ങൾ പലതാണ്. ഇതു ഒറ്റ ദിവസം കൊണ്ട് ഉണ്ടായ മാറ്റമല്ല. എന്റെ സുഹൃത്തുക്കൾ, എന്റെ അനുഭവങ്ങൾ, പ്രഫഷൻ അങ്ങനെ എല്ലാം കൂടി എനിക്ക് തന്ന ഒരു ആത്മവിശ്വാസം ആണ്. എന്റെ  പ്രഫഷൻ നിരന്തരം ആളു‌കളുമായി സംവദിക്കുകയും ഇടപെടുകയും ചെയ്യുന്ന ഒരു മേഖലയാണ്. അതിൽ ഏറ്റവും ടോപ്പിലുള്ള ആളുകൾ തുടങ്ങി ഏറ്റവും സാധാരണക്കാരായ ആളുകൾ വരെ ഉണ്ട്. അത് എനിക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. എന്നാൽ, എടുത്തു പറയേണ്ട ഒരു വ്യക്തിയുണ്ട്... അത് എന്റെ അച്ഛനാണ്. ചെറുപ്പത്തിൽ എന്റെ കൂട്ടുകാർ, അറിവില്ലാതിരുന്ന കുറച്ച് അധ്യാപകർ എന്നെ പലപ്പോഴും അറിഞ്ഞോ അറിയാതെയൊ തളർത്താനായിട്ട് ശ്രമിച്ചിട്ടുള്ളപ്പോഴൊക്കെ എനിക്ക് ഏറ്റവും കൂടുതൽ ആത്മവിശ്വാസം തന്നത് എന്റെ അച്ഛനാണ്. ഈ ലോകത്തിൽ ഏറ്റവും സുന്ദരിയായിട്ടുള്ള കുട്ടി ഏതാണ് എന്ന് എന്നോട് ചോദിക്കുകയും അത് ഞാനാണ് എന്ന് എന്നെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്ത അച്ഛനാണ് എന്റെ ഉള്ളിൽ ആത്മവിശ്വാസത്തിന്റെ ആദ്യത്തെ വിത്ത് പാകിയത്. അതായിരിക്കാം ഇപ്പോൾ മുളയ്ക്കുകയും വളരുകയും പുഷ്പിക്കുകയും ചെയ്തിരിക്കുന്നത്. പക്ഷേ ഇതിനേക്കാൾ കൂടുതൽ ആത്മവിശ്വാസത്തോടെ തുറന്നു ചിരിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ.

manju-kuttikrishnan-3

എന്തുകൊണ്ട് ഞാൻ?

ഈ ഫോട്ടോഷൂട്ടിനെക്കുറിച്ച് എന്നോടു പറയുന്നത് എന്റെ സഹപ്രവർത്തകയാണ്. അപ്പോൾ ഞാൻ ചോദിച്ചു, എന്തുകൊണ്ട് ഞാൻ? അപ്പോൾ അവർ എന്നോട് പറഞ്ഞത്, ജസീന കടവിൽ എന്ന ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ട്. അവരുടെ പ്രൊഫൈൽസ് ഒന്നു നോക്കൂ അവരുടെ സൈറ്റിൽ ഒന്ന് പോയി നോക്കൂ എന്നു പറഞ്ഞു. ഞാൻ അവരുടെ പേജിൽ പോയി നോക്കി. അവിടെ ഞാൻ കണ്ട ഫോട്ടോകളിൽ ഒന്നും ഒരു പരമ്പരാഗത സൗന്ദര്യ സങ്കൽപത്തിൽ ഒതുങ്ങുന്ന ആളുകളല്ല. അത് എന്നെ ആകർഷിച്ചു. എന്നെപ്പോലെ ലൂക്കോഡർമ രോഗം ബാധിച്ചവർക്ക് എന്തെങ്കിലും ഒരു കോൺഫിഡൻസ് ഇതിലൂടെ കൊടുക്കാൻ കഴിയുമെങ്കിൽ അത് നല്ലതല്ലേ എന്ന് അവർ പറഞ്ഞപ്പോൾ, എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ എന്ന് ഞാനും ആലോചിച്ചു. ഞാൻ ചെയ്യാം എന്ന് ഓക്കെ പറഞ്ഞു. അങ്ങനെയാണ് ഈ ഫോട്ടോഷൂട്ടിലേക്ക് ഞാൻ എത്തുന്നത്.  

manju-kuttikrishnan-5

ഈ ചിത്രങ്ങളുടെ രാഷ്ട്രീയം

ലൂക്കോഡർമ (leucoderma) ഉള്ള ഒരു വ്യക്തി ഒരു ഫോട്ടോഷൂട്ട് നടത്തുമ്പോൾ ആ ഫോട്ടോഷൂട്ടിന് സമൂഹത്തോട് ചില കാര്യങ്ങൾ പറയാനുണ്ട്. വ്യവസ്ഥാപിതമായ രീതിയിൽ നിന്ന് മാറി നടക്കുന്ന ആളുകളെ സമൂഹം മാറ്റിനിർത്തുകയോ പരിഗണിക്കാതെ ഇരിക്കുകയോ ചെയ്യും. അങ്ങനെ കുറേ ആളുകളെ പരിഗണിക്കാതിരിക്കുകയോ മാറ്റി നിർത്തുകയോ ചെയ്തുകൊണ്ട് എങ്ങനെയാണ് ഒരു സമൂഹത്തിന് മുന്നോട്ട് പോകാൻ കഴിയുന്നത്? ഇങ്ങനെ ചില ചോദ്യങ്ങളാണ് ഈ ഫോട്ടോഷൂട്ടിൽ മുന്നോട്ട് വയ്ക്കുന്നത്. പ്രത്യേകിച്ച് സൗന്ദര്യവുമായി ബന്ധപ്പെട്ട ഒട്ടേറെ ചോദ്യങ്ങൾ ഈ ഫോട്ടോഷൂട്ടിൽ ഉയർത്തുന്നുണ്ട്. സൗന്ദര്യം എപ്പോഴും ഡിബേറ്റബിൾ ആയിട്ടുള്ള വിഷയമാണ്. അതിനകത്ത് നിറം, ആകാരവടിവുകൾ, പൊക്കക്കുറവ് എല്ലാം വരുന്നുണ്ട്. അതിന് വംശീയമായിട്ടുള്ള പല പ്രദേശങ്ങൾ തമ്മിലുള്ള  വ്യത്യാസങ്ങളുണ്ടാവും, കറുത്തവൻ, വിരൂപൻ, വെളുത്തവൻ, അതിസുന്ദരി, പൊക്കമുള്ളവൻ എല്ലാം തികഞ്ഞവൻ, പൊക്കം കുറഞ്ഞവർ മഹാ മോശക്കാരൻ എന്നിങ്ങനെയുള്ള പല ധാരണകളും സൗന്ദര്യത്തെ സംബന്ധിച്ച് നമ്മുടെ സമൂഹത്തിലുണ്ട്. മൂല്യങ്ങൾ ചിലത് സമൂഹങ്ങൾ സെറ്റ് ചെയ്തിട്ടുണ്ട്.  കാലത്തിനനുസരിച്ച് ഈ മൂല്യങ്ങൾ എല്ലാം മാറേണ്ടതാണ്, പരിഷ്ക്കരിക്കപ്പെടേണ്ടതാണ്. 

manju-kuttikrishnan-6

അച്ഛൻ കൊണ്ട വെയിൽ

ഈ രോഗം പൂർണമായും ഭേദമാക്കാനുള്ള ചികിത്സയൊന്നുമില്ല. എങ്കിലും സാധാരണജീവിതം നയിക്കുന്നതിന് തടസങ്ങളൊന്നുമില്ല. അധികനേരം വെയിൽ കൊള്ളുന്നത് മറ്റുള്ളവരെക്കാൾ അസഹ്യമാണെന്നു മാത്രം. തണുപ്പിൽ പ്രശ്നങ്ങളില്ല. മറ്റുള്ളവരെ അപേക്ഷിച്ച് പലതിനോടും അലർജിക് ആണ്. എനിക്ക് മൂന്നു നാലു വയസുള്ളപ്പോഴാണ് രോഗം കണ്ടെത്തിയത്. അന്നു മുതൽ ചെയ്യാത്ത ചികിത്സകളില്ല. ശരീരത്തിൽ എവിടെയെങ്കിലും മുറിവുണ്ടായാൽ അതുണങ്ങി പുതിയ സ്കിൻ വരുന്നത് ഈ വെളുത്ത നിറത്തിലായിരിക്കും. അതുകൊണ്ട് അധികം ഓടിച്ചാടി നടക്കാറില്ലായിരുന്നു. വീണു മുറിഞ്ഞാലോ എന്നൊരു പേടി. അതുകൊണ്ട് സൈക്കിൾ ചവിട്ടാൻ പോലും പഠിച്ചില്ല. ക്യൂബയിൽ ഇതിനു മരുന്നുണ്ടെന്ന് കേട്ട് അച്ഛൻ അവിടെ നിന്ന് മരുന്നു വരുത്തി എനിക്ക് തന്നിട്ടുണ്ട്. മരുന്നു പുരട്ടി കുറെ നേരം വെയിലത്ത് നിൽക്കണം. എനിക്കൊപ്പം ആ വെയിൽ മുഴുവൻ അച്ഛനും കൊള്ളും. അങ്ങനെ അച്ഛനൊപ്പം കുറെ ഓർമകളുണ്ട്. ഈ വർഷം ജൂൺ 3ന് അച്ഛൻ പോയി. ഇപ്പോൾ അച്ഛനുണ്ടായിരുന്നെങ്കിൽ എന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് ഏറ്റവും സന്തോഷിക്കുന്ന വ്യക്തി അദ്ദേഹമായിരിന്നേനെ! 

manju-kuttikrishnan-2

സ്വാസ്ഥ്യമാണ് സൗന്ദര്യം

എന്താണ് സൗന്ദര്യം എന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും ഏറ്റവും സ്വസ്ഥവും സമാധാനവുമായ ഒരു മാനസികാവസ്ഥ ഉണ്ടായിരിക്കുക എന്നുള്ളതാണ്. അങ്ങനെയുള്ള ഒരാൾക്ക് വ്യക്തികളിലേക്കും സമൂഹത്തിലേക്കും ഒരുപാട് സൗന്ദര്യ അനുഭവങ്ങൾ പകർന്ന് കൊടുക്കാൻ കഴിയും അങ്ങനെ സമൂഹത്തിന് കൂടുതൽ സമാധാനവും കൂടുതൽ മാനവികതയും ലോകം മുഴുവൻ പടർത്താൻ കഴിയും എന്നാണ് എനിക്ക് തോന്നുന്നത്. 

English Summary : Manju Kuttikrishnan - Jaseena Kadavil photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com