നാടോടി പെൺകുട്ടിക്ക് മേക്കോവര്‍; അവളുടെ സന്തോഷം ഹൃദയം നിറച്ചു; വിഡിയോ

HIGHLIGHTS
  • ആദ്യം ഭയപ്പെട്ടെങ്കിലും കാര്യങ്ങൾ മനസ്സിലായതോടെ ആസ്മാനും കുടുംബവും സമ്മതിച്ചു
  • ഷൂട്ടിന്ശേഷം മേക്കപ് നീക്കാൻ തുടങ്ങിയപ്പോൾ ആസ്മാന്റെ മുഖത്ത് ദുഃഖം നിറഞ്ഞു
photographer-mahadevan-thambi-on-rajasthani-girl-make-over-shoot
SHARE

‘മേക്കപ്പും ഹെയർ സ്റ്റൈലിങ്ങും കഴിഞ്ഞതിനുശേഷം അവൾ കണ്ണാടിയിലേക്ക് നോക്കി. ആ നിമിഷത്തെ അവളുടെ മുഖഭാവം എങ്ങനെ വിവരിക്കണമെന്നറിയില്ല. സന്തോഷവും അദ്ഭുതവും പിന്നെ മറ്റെന്തല്ലാമോ അതിലുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷമാണത്’. കൊച്ചി നഗരത്തിൽ മൊബൈൽ സ്റ്റാൻഡുകളും ബലൂണും വളകളുമൊക്കെ വിൽക്കുന്ന രാജസ്ഥാനി നാടോടി സംഘത്തിലെ പെൺകുട്ടിയെ മേക്കോവര്‍ ഷൂട്ടിന്റെ ഭാഗമാക്കിയപ്പോഴുള്ള ഹൃദ്യമായ അനുഭവം ഫൊട്ടോഗ്രഫറായ മഹാദേവൻ തമ്പി വിവരിക്കുന്നത് ഇങ്ങനെയാണ്. സെലിബ്രിറ്റികളും മോഡലുകളുമായ നിരവധിപ്പേർ ക്യാമറയ്ക്ക് മുമ്പിൽ വന്നിട്ടുണ്ടെങ്കിലും ഇത്രയും സന്തോഷകരമായ ഒരു ഷൂട്ട് മുമ്പ് ഉണ്ടായിട്ടില്ലെന്ന് മഹാദേവൻ പറയുന്നു.

കൊച്ചിയിലൂടെയുള്ള യാത്രയ്ക്കിടെ സിഗ്നൽ കാത്തുകിടക്കുമ്പോൾ സാധനങ്ങൾ വിൽക്കാനായി മുമ്പിലെത്തുന്ന നാടോടികളെ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അങ്ങനെയാണ് അക്കൂട്ടത്തിൽ നിന്നൊരു പെൺകുട്ടിയെ മേക്കോവർ ഷൂട്ടിന്റെ ഭാഗമാക്കിയാലോ എന്ന ചിന്ത മഹാദേവന് ഉണ്ടാകുന്നത്. തുടർന്നു നടത്തിയ അന്വേഷണമാണ് ആസ്മാൻ എന്ന പെൺകുട്ടിയിലെത്തുന്നത്. ‘‘വളരെ കഠിനാധ്വാനികളാണ് ഇവർ. വളരെ കഷ്ടപ്പെട്ട് ജീവിക്കുന്നവർ. എന്നാല്‍ പലരുടെയും ധാരണ ഇവർ മാഫിയാ സംഘമാണെന്നൊക്കെയാണ്. കളമശ്ശേരിയിലുള്ള ഇവരുടെ താമസ സ്ഥലത്തുൾപ്പടെ പോയി സംസാരിച്ചിരുന്നു. മൂന്നു നില കെട്ടിടത്തിൽ പല അറകളിലായാണ് ഇവരുടെ താമസം. കെട്ടിടത്തിന്റെ ഉടമസ്ഥനോട് സംസാരിച്ചപ്പോൾ കൃത്യമായി വാടക തരുന്ന, കഷ്ടപ്പെട്ട് പണം സമ്പാദിച്ച്, സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന നല്ല മനുഷ്യർ എന്നായിരുന്നു സാക്ഷ്യം’’– മഹാദേവൻ പറഞ്ഞു. 

asman-1

ആദ്യം ഭയപ്പെട്ടെങ്കിലും കാര്യങ്ങൾ മനസ്സിലായതോടെ  ആസ്മാനും കുടുംബവും മേക്കോവർ ഷൂട്ടിന്  സമ്മതിച്ചു. അങ്ങനെയാണ് മനസ്സിൽ കുറച്ചു കാലമായി കൊണ്ടു നടന്ന ആശയം മഹാദേവൻ ഫ്രെയിമിലാക്കുന്നത്. മേക്കപ്പ് ആർടിസ്റ്റിനോടും കോസ്റ്റ്യൂം ഡിസൈനറോടും പുതിയ മോഡലാണ് എന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ. മഹാദേവൻ നൽകിയ നൽകിയ ഏകദേശ അളവിലാണ് വസ്ത്രം ഡിസൈൻ ചെയ്തത്. ഷൂട്ടിന് ആസ്മാനുമായി എത്തിയപ്പോൾ അവർക്ക് കൗതുകം. 

സ്റ്റുഡിയോയിൽ ഏറെ കൗതുകത്തോടെയാണ് ആസ്മാന്‍ നിന്നത്. ക്യാമറ, ലൈറ്റ്, പോസ് ചെയ്യേണ്ടത് എങ്ങനെ എന്നീ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. തുടക്കത്തിലെ അപരിചിതത്വം മാറിയതോടെ ശരിക്കുമൊരു മോഡലായി ആസ്മാൻ മാറി. നാല് കോസ്റ്റ്യൂമിലുള്ള ചിത്രങ്ങളാണ് പകർത്തിയത്. ഒരോ ചിത്രം കാണിച്ചു കൊടുത്തപ്പോഴും അഭിമാനവും സന്തോഷവും ആ മുഖത്ത് നിറഞ്ഞു. അതാണ് ഈ ഷൂട്ടിന്റെ ലഭിച്ച പ്രതിഫലമെന്നും മഹാദേവൻ പറയുന്നു. 

ഷൂട്ടിന്ശേഷം മേക്കപ് നീക്കാൻ തുടങ്ങിയപ്പോൾ ആസ്മാന്റെ മുഖത്ത് ദുഃഖം നിറഞ്ഞു. അമ്മയ്ക്കും അച്ഛനും തന്നെ ഇങ്ങനെ കാണാൻ സാധിക്കില്ലല്ലോ എന്നതാണ് ഇതിനു കാരണമായി അവൾ പറഞ്ഞത്. തുടര്‍ന്ന് നീക്കം ചെയ്ത ഭാഗത്ത് വീണ്ടും മേക്കപ് ഇട്ടാണ് ആസ്മാനെ വീട്ടിലേക്ക് അയച്ചത്. കൂടെ പുത്തൻ വസ്ത്രങ്ങളുൾപ്പടെ ചില സമ്മാനങ്ങളും നൽകി. വീട്ടിൽ തിരിച്ചെത്തി, കുടുംബാംഗങ്ങളുടെ നടുവിൽ ഒരു രാജകുമാരിയെപ്പോലെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് ആസ്മ ഇരിക്കുന്ന രംഗം ഇപ്പോഴും മഹാദേവന്റെ മനസ്സിലുണ്ട്. ‘‘തെരുവിൽനിന്ന് ഫ്ലോറിലേക്കെത്തിയ ആ ദിവസം ആസ്മാൻ എന്നും ഓർമയിൽ സൂക്ഷിച്ചേക്കും. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അങ്ങനെയൊരു ദിവസം സമ്മാനിക്കാനായി എന്നത് ഷൂട്ടിന്റെ ഭാഗമായ ഞങ്ങള്‍ ഓരോരുത്തരെയും വളരെയധികം സന്തോഷിപ്പിക്കുന്നു’’– ഫോട്ടോഷൂട്ട് ഹൃദയം നിറച്ചതിനെക്കുറിച്ച് മഹാദേവൻ പറഞ്ഞു. 

ക്ലാപ് ആണ് ഷൂട്ടിന്റെ പ്രൊഡക്‌ഷൻ. പ്രഭിൻ മേക്കപ്പും അയന ഡിസൈൻസിനുവേണ്ടി ഷെറിൻ കോസ്റ്റ്യൂം ഡിസൈനിങ്ങും ചെയ്തിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച മേക്കോവർ ഷൂട്ടിന്റെ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

English Summary : Rajastani girl make over shoot goes viral; video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA