ADVERTISEMENT

ഫാഷൻ രംഗത്തെ അതികായന്മാരിലൊരാളായിരുന്ന ഫ്രഞ്ച് ഡിസൈനർ പിയറി കാർഡിൻ (98) അന്തരിച്ചു. പാരിസിലെ വസതിയിൽ ഡിസംബർ 29ന് ആയിരുന്നു അന്ത്യം. 

ഫാഷൻ ലോകത്ത് നിരവധി തരംഗങ്ങൾക്ക് തുടക്കമിട്ട ഡിസൈനറാണ് പിയറി കാ‍ർഡിൻ. 1959 ൽ റെഡി ടു വെയർ വസ്ത്രങ്ങൾ അവതരിപ്പിച്ചാണ് പിയറി ശ്രദ്ധ നേടുന്നത്. പുരുഷന്മാർക്കു വേണ്ടി അവതരിപ്പിച്ച ആഡം എന്ന ബ്രാൻഡും ഹിറ്റായി. ഫാഷൻ ലോകത്ത് അതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെയുള്ള യാത്രയായിരുന്നു പിയറിയുടേത്. കുമിളകളും ഗണിതശാസ്ത്ര രൂപങ്ങളുമുള്ള ഡിസൈനുകൾ പിയറിയുടെ വസ്ത്രങ്ങൾക്ക് പുതുമ സമ്മാനിച്ചു. 

വസ്ത്രങ്ങൾ കൂടാടെ ആയിരത്തോളം മറ്റ് ഉത്പന്നങ്ങളും പിയറി കാർഡിൻ അവതരിപ്പിച്ചു. പേന, പെർഫ്യൂം, വാച്ച്, കുട എന്നിങ്ങനെ നീളുന്ന ആ പട്ടിക. ഹോട്ടൽ വ്യവസായത്തിലും വിജയക്കൊടി പാറിച്ച അദ്ദേഹം പിന്നീട് വാഹന രൂപകൽപനയ്ക്കും സമയം കണ്ടെത്തി. അമേരിക്കൻ മോട്ടർ കോർപറേഷന്റേതുൾപ്പെടെ ഒട്ടേറെ മോഡ‍ലുകൾ അവതരിപ്പിച്ചു. 140 രാജ്യങ്ങളിലേക്ക് ഇദ്ദേഹത്തിന്റെ ബ്രാ‍ൻഡ് വളർന്നു. പ്രതാപകാലത്ത് ആയിരത്തിലേറെ ഔട്ട്ലറ്റുകള്‍ പിയറി കാർഡിന് ഉണ്ടായിരുന്നു.

1922 ജൂലൈ 2ന് ഇറ്റാലയിലെ വെനീസിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിലാണ് പിയറി ജനിച്ചത്. 11 മക്കളുള്ള കുടുംബത്തിലെ ഏറ്റവും ഇളയവനായിരുന്നു. മാതാപിതാക്കൾ കൃഷി ചെയ്തും വൈൻ നിർമിച്ച് വിറ്റുമാണ് ഉപജീവനം നടത്തിയിരുന്നത്. ഒന്നാം ലോക മഹായുദ്ധത്തെത്തുടർന്ന് ഭൂമി നഷ്ടമായതോടെ തെക്കൻ ഫ്രാൻസിലേക്ക് കുടിയേറി. അന്ന് മൂന്നു വയസ്സായിരുന്നു പിയറിയുെട പ്രായം. 

1944 ൽ ഫ്രാ‍ൻസിന്റെ തലസ്ഥാനമായ പാരിസിൽ എത്തിയ പിയറി ഡിസൈനറായ ക്രിസ്റ്റ്യൻ ഡയറുടെ സഹായി ആയി ജോലി ചെയ്തു. സ്ഥിരോത്സാഹിയായിരുന്നു അദ്ദേഹം. കഠിനാധ്വാനത്തിന്റെ ഫലമായി 1949 ൽ സ്വന്തം സംരംഭം ആരംഭിച്ചു. പിന്നീട് പിയറി കാർഡിൻ എന്ന പേര് ഫാഷൻ ലോകത്തെ വിലയേറിയ ബ്രാൻഡായി മാറുന്നതിനാണ് ലോകം സാക്ഷ്യം വഹിച്ചത്. 

English Summary : Renowned French Fashion Designer Pierre Cardin Dies At 98

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com