ഒരു മാറ്റവും ഇല്ലല്ലോ എന്ന് പറയല്ലേ, ഇതാണ് ആ രഹസ്യം: അഞ്ജു അരവിന്ദ്

HIGHLIGHTS
  • ഭക്ഷണത്തിലൊന്നും അധികം നിയന്ത്രണം ഏർപ്പെടുത്താറില്ല
  • ഡ്രസ്സിങ്ങിൽ ഞാൻ അങ്ങനെ കാര്യമായി ശ്രദ്ധിക്കാറില്ല
actress-anju-aravind-style-statement-and-life
SHARE

അക്ഷരം എന്ന സിബി മലയിൽ ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ അനിയത്തിക്കുട്ടിയായി മലയാളസിനിമയിൽ അരങ്ങേറ്റം. ‘പൂവൈ ഉനക്കാഗെ’ എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിൽ വിജയ്‌യുടെ നായികയായി. തെലുങ്കിലും കന്നടയിലും അഭിനയിച്ചു. ഇപ്പോഴിതാ 2020 ൽ ഫുഡ്‌വ്ലോഗറുമായി. കരിയർ തുടങ്ങുന്ന സമയം മുതൽ ഈ നിമിഷം വരെ അഞ്ജു അരവിന്ദിനെ കാണുന്നവർക്ക് ഒന്നേ പറയാനുള്ളൂ. ‘ഒരു മാറ്റവും ഇല്ലല്ലോ’. ജീവിതത്തിലും മനസ്സിനും എന്നും ചെറുപ്പം സൂക്ഷിക്കുന്ന അഞ്ജു തന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റിനെക്കുറിച്ചും കോസ്റ്റ്യൂം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുന്ന കാര്യങ്ങളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് സംസാരിക്കുന്നു.

∙ ഒരു മാറ്റവുമില്ലല്ലോ. ചെറുപ്പത്തിന്റെ രഹസ്യം ?

എപ്പോഴും ഹാപ്പിയായിരിക്കുക. പോസിറ്റീവ് കാര്യങ്ങൾ മനസ്സിൽ നിറയ്ക്കുക. മനസ്സിനു വിഷമമുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് ഓർക്കാതിരിക്കുക. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോൾ അത് വയറിനു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ അല്ലാതിരിക്കാൻ ശ്രദ്ധിക്കുക. വ്യായാമമൊന്നും കാര്യമായി ചെയ്യാറില്ലെങ്കിലും ചെറിയ രീതിയിൽ യോഗ ചെയ്യാറുണ്ട്. ഡാൻസ് പഠിപ്പിക്കുന്നതുകൊണ്ട് ഫിറ്റായിരിക്കാൻ അതും സഹായിക്കുന്നുണ്ട്. ഭക്ഷണത്തിലൊന്നും അധികം നിയന്ത്രണം ഏർപ്പെടുത്താറില്ല. തടി വല്ലാതെ കൂടുന്നു എന്നു തോന്നിയാൽ ഡയറ്റ് കൺട്രോൾ ചെയ്യും.

anju-aravind-2

∙ കോസ്റ്റ്യൂംസ് തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കുക? ധരിക്കാൻ ഏറ്റവും കംഫർട്ടബിൾ ആയ വസ്ത്രമേതാണ് ? 

ഏറെയിഷ്ടത്തോടെ വാങ്ങുന്ന, എനിക്ക് ഇണങ്ങുമെന്നു തോന്നുന്ന വസ്ത്രങ്ങൾ മാത്രമേ ഞാൻ അണിയാറുള്ളൂ. ആ വസ്ത്രമണിഞ്ഞാൽ എത്രത്തോളം കോൺഫിഡൻസ് ലെവൽ ഉണ്ടാകും തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിക്കാറുണ്ട്. കാഷ്വലായി പുറത്തു പോകുന്ന സമയത്തൊന്നും ഡ്രസ്സിങ്ങിൽ ഞാൻ അങ്ങനെ കാര്യമായി ശ്രദ്ധിക്കാറില്ല. പക്ഷേ പ്രോഗ്രാംസ് അവതരിപ്പിക്കുമ്പോഴും വ്ലോഗ് ചെയ്യുമ്പോഴുമൊക്കെ ഡ്രസ്സിങ്ങിൽ നന്നായിത്തന്നെ ശ്രദ്ധിക്കാറുണ്ട്. വ്ലോഗിങ് തുടങ്ങിയ സമയത്തൊന്നും തീരെ ശ്രദ്ധിച്ചിരുന്നില്ല.  വീട്ടിലിടുന്ന ഡ്രസ് ഇട്ട് വ്ലോഗ് അവതരിപ്പിച്ചിട്ടുണ്ട്. എന്നിട്ടുപോലും ആളുകൾ കോസ്റ്റ്യൂംസ് ശ്രദ്ധിച്ച് നന്നായിട്ടുണ്ടെന്ന് കമന്റ്സ് പറയുന്നതൊക്കെ കേട്ടപ്പോഴാണ് ഡ്രസ്സിങ്ങിലൊക്കെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.

നേരിട്ട് ഷോപ്പിൽ പോയി ഡ്രസ് തിരഞ്ഞെടുക്കുകയാണെങ്കിൽ ആ വസ്ത്രത്തിന്റെ ഫോട്ടോയെടുത്ത് ഫോട്ടോയിൽ എങ്ങനെയുണ്ടെന്നു നോക്കും. ഷോപ്പിലെ ലൈറ്റിലും പുറത്തെ ഡേ ലൈറ്റിലും എങ്ങനെയാണ് വസ്ത്രത്തിന്റെ നിറം എന്നൊക്കെ നോക്കാറുണ്ട്. മനസ്സിലുദ്ദേശിച്ച കളർ ലഭിക്കുകയാണെങ്കിൽ, 100 ശതമാനം മനസ്സിന് സംതൃപ്തി തോന്നുകയാണെങ്കിൽ ആ വസ്ത്രം തിരഞ്ഞെടുക്കാറുണ്ട്. ഇപ്പോൾ പുറത്തു പോകാതെ തന്നെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള ഒരുപാട് ഓപ്ഷൻസ് ഉണ്ടല്ലോ. ഓൺലൈനിൽ പർച്ചേസ് നടത്തുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. റിപ്ലേസ്മെന്റിനു സാധ്യതയുണ്ടോ എന്നകാര്യം ശ്രദ്ധിക്കണം. വിശ്വസനീയമായ സൈറ്റുകളിൽനിന്ന് ഷോപ്പിങ് ചെയ്യാൻ ശ്രദ്ധിക്കണം. 

∙ കണ്ണൂർ ടാലന്റ്  എന്ന നൃത്ത മൽസരത്തെക്കുറിച്ച്?

എന്റെ ഡാൻസ് ഇൻസ്റ്റിറ്റ്യൂഷനുമായി ( അഞ്ജു അരവിന്ദ് അക്കാദമി ഓഫ് ഡാൻസ്) സഹകരിച്ച് കണ്ണൂർ ടാലന്റ്  സംഘടിപ്പിക്കുന്ന ഓൺലൈൻ നൃത്ത മൽസരം ഇപ്പോൾ നടക്കുന്നുണ്ട്. 30 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കുവേണ്ടിയുള്ള ഒരു പ്ലാറ്റ്ഫോമാണത്. ഡാൻസ് പഠിച്ച, പഠിക്കുന്ന അല്ലെങ്കിൽ ഡാൻസിനോട് പാഷനുള്ള ആർക്കും പങ്കെടുക്കാം. കഴിഞ്ഞ ബുധനാഴ്ച മുതൽ മത്സരവും അതു സംബന്ധിച്ച കണ്ടന്റുകളും ചാനലിലൂടെ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അതിനു പുറമേ എന്റെ നൃത്ത അനുഭവങ്ങളും ഡാൻസിനെ സംബന്ധിച്ച പാഠ്യവിഷയങ്ങളും അവതരിപ്പിക്കുന്നുണ്ട്.

∙ പുതിയ പ്രോജക്ടുകൾ?

കൊറോണയുടെ സമയത്ത് ഏറ്റവും ഒടുവിലായി അഭിനയിച്ച ഒരു സിനിമയുണ്ട് ‘ഭൂമിയിലെ മനോഹര സ്വകാര്യം’. അത് ഡിസംബർ 26 ന് ടിവിയിൽ റിലീസ് ചെയ്തിരുന്നു. ഇപ്പോൾ എല്ലാം ഒടിടി റിലീസ് അല്ലേ. യാത്രകൾ പരമാവധി ഒഴിവാക്കണം എന്ന ഉദ്ദേശ്യത്തിലാണ് അധികം വർക്കുകൾ കമ്മിറ്റ് ചെയ്യാത്തത്.  അത്ര ഇംപ്രസീവ് കഥാപാത്രങ്ങളൊന്നും വന്നിട്ടില്ലാത്തതുകൊണ്ടുതന്നെ മൂന്നു വർഷത്തിലേറെയായി മിനിസ്ക്രീനിൽ വർക്കുകളൊന്നും അങ്ങനെ കമ്മിറ്റ് ചെയ്തിട്ടില്ല. വിശ്വാസ്യതയുടെ പ്രശ്നമുള്ളതുകൊണ്ടു കൂടിയാണ് അങ്ങനെയൊരു തീരുമാനമെടുത്തത്.

anju-aravind-3

∙ സൗഹൃദങ്ങൾ

സിനിമ ഇൻഡസ്ട്രിയിൽ എല്ലാവരുമായും നല്ല സൗഹൃദമുണ്ട്. ആരോടും ശത്രുതയോ ദേഷ്യമോ ഒന്നുമില്ല. എപ്പോഴും വിളിക്കാറൊന്നുമില്ലെങ്കിലും കാണുമ്പോൾ ആ ഇഷ്ടമുണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും പരസ്പരം സഹായിക്കാറുണ്ട്. വലിയ ആർട്ടിസ്റ്റുകളുൾപ്പടെയുള്ളവർ ആ സ്നേഹവും കരുതലും പ്രകടിപ്പിക്കാറുമുണ്ട്. അതൊക്കെയാണ് സൗഹൃദം നൽകുന്ന സന്തോഷങ്ങൾ.

English Summary : Actress Anju Aravind style statement 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.