അരങ്ങിൽ ഉണർവായ് കർണവധം

HIGHLIGHTS
  • 'കർണശപഥം' ഉള്ളപ്പോൾ കർണവധത്തിന്റെ പ്രസക്തിയെന്ത് എന്നൊരു ചോദ്യം ഉയരുന്നുണ്ട്
  • കീർത്തനങ്ങളായിരുന്നു ജനാർദനൻ പോറ്റിയുടെ ആദ്യകാല രചനകൾ
eg-janardanan-potty-karnavadham-kathakali
(ഇടത്) കർണവധത്തിൽ കുന്തിയും കർണനും, (വലത്) ജനാർദനൻ പോറ്റി
SHARE

ഇ.ജി.ജനാർദനൻ പോറ്റി എന്ന എൻജിനീയറിങ് കോളജ് അധ്യാപകന്റെ വിശ്രമജീവിതം ശ്രേഷ്ഠകലയായ കഥകളിക്കായി ഉഴിഞ്ഞു വച്ചിരിക്കയാണ്. 31 ആട്ടക്കഥകളുടെ രചയിതാവാണദ്ദേഹം. അതിൽ പലതും അരങ്ങിൽ ആടി സഹൃദയശ്രദ്ധ നേടിയതും. ജനാർദനൻ പോറ്റിയുടെ ആട്ടക്കഥകൾ കഥകളിയുടെ പാരമ്പര്യത്തിലും പുരാണേതിഹാസങ്ങളുടെ സത്തയിലും അധിഷ്ഠിതമാണ്. കൗതുകത്തിനോ രംഗശോഭയ്ക്കോ വേണ്ടി ഇതിഹാസ പുരാണങ്ങളിലെ സന്ദർഭങ്ങളെ വളച്ചൊടിക്കാൻ തയാറല്ല അദ്ദേഹം.

ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന കഥ കർണവധമാണ്. ആസ്വാദകർ ഏറെ മനസ്സിലേറ്റിയ ‘കർണശപഥം’ ഉള്ളപ്പോൾ കർണവധത്തിന്റെ പ്രസക്തിയെന്ത് എന്നൊരു ചോദ്യം ഉയരുന്നുണ്ട്. ആട്ടക്കഥാകാരന് അതിനു കൃത്യമായ മറുപടിയുണ്ട്. തന്റെ ആട്ടക്കഥകളോരോന്നും ആസ്വാദകരോ കഥകളി സംഘങ്ങളോ കലാകാരന്മാർ തന്നെയോ ആവശ്യപ്പെട്ടതനുസരിച്ചു രചിച്ചിട്ടുള്ളതാണ്. തോന്നയ്ക്കൽ പീതാംബരനാശാൻ ഒരിക്കൽ പോറ്റിയോടു പറഞ്ഞു, കർണന്റെ കഥ മഹാഭാരതത്തിൽ എപ്രകാരമാണോ അപ്രകാരം ഒരു ആട്ടക്കഥ എഴുതണം. ആ ആവശ്യമാണു കർണവധം എന്ന കഥയുടെ മാതാവ്. തോന്നയ്ക്കൽ ആശാന് അപ്രകാരം തോന്നാനൊരു കാരണമുണ്ട്. ‘കർണശപഥ’ത്തിലെ കുന്തിയായി അരങ്ങിൽ പലവട്ടം ജീവിച്ചപ്പോഴും കലാകാരനെന്ന നിലയിൽ സംതൃപ്തി തോന്നിയിട്ടില്ലത്രെ. ആസ്വാദകന് ഏറെ ഗംഭീരമെന്നു തോന്നുന്ന ‘കർണശപഥ’ത്തിൽ കലാകാരന് കാര്യമായൊന്നും ചെയ്യാനില്ലെന്ന തോന്നൽ.

പോറ്റി കർണവധം രചിക്കുമ്പോൾ മനസ്സിൽ മറ്റുചില കണക്കുകൂട്ടലുകളും ഉണ്ടായിരുന്നു. മഹാഭാരതത്തെ ഉപജീവിച്ച് ഒരു കഥയെഴുതുമ്പോൾ അതു പൂർണമായും മൂലഗ്രന്ഥത്തെ അനുസരിച്ചാകണം. ഇതിഹാസത്തിൽ പലയിടത്തും വ്യാസൻ മൗനങ്ങൾ ഒളിപ്പിച്ചിട്ടുണ്ട്. അതിനു നാവു നൽകിയ ഒട്ടേറെ സാഹിത്യ സൃഷ്ടികളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, കർണന്റെ കഥയിൽ അത്തരം മൗനങ്ങളൊന്നും വ്യാസൻ ഒളിപ്പിച്ചു വച്ചിട്ടില്ല. അതിനു പുതിയ വ്യാഖ്യാനം ചമച്ചാൽ അവിവേകമാകും. 

മാലി മാധവൻനായരുടെ കർണശപഥത്തിൽ അവതരിപ്പിക്കുന്ന കർണന്റെ ദുഃഖം മഹാഭാരതത്തിൽ യഥാർഥത്തിൽ അനുഭവിക്കുന്നതു ധർമപുത്രരാണ്. യുദ്ധാനന്തരം, കൊല്ലപ്പെട്ട ബന്ധുമിത്രാദികൾക്കു മരണാനന്തര ചടങ്ങുകൾ നടത്തുമ്പോൾ ആദ്യം കർണനു വേണ്ടിയാണു നടത്തേണ്ടതെന്ന കുന്തിയുടെ വാക്കുകൾ യുധിഷ്ഠിരനെ ഞെട്ടിക്കുന്നു. എന്തിനെന്നാരാഞ്ഞ ധർമപുത്രരോടു കുന്തി കർണന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നു. ആ നിമിഷം ധർമപുത്രരിൽ ഉണ്ടാകുന്ന വികാരവിക്ഷോഭങ്ങൾ അവർണനീയമാണ്. ധർമത്തിൽ നിന്ന് അണുവിട വ്യതിചലിക്കാത്ത ജ്യേഷ്ഠപാണ്ഡവൻ മാതാവിനു നേരേ പൊട്ടിത്തെറിക്കുന്നു. എല്ലാം അറിഞ്ഞു കൊണ്ടു ജ്യേഷ്ഠനെ വധിക്കാൻ കൂട്ടുനിന്ന കഠിനതയ്ക്കു മാപ്പുകൊടുക്കാൻ യുധിഷ്ഠിരൻ തയാറാകുന്നില്ല. സ്ത്രീകൾക്കു രഹസ്യങ്ങൾ ഒളിപ്പിക്കാൻ കഴിയാതെ വരട്ടെ എന്നു സ്ത്രീകുലത്തെ ഒന്നാകെ ശപിക്കുകയാണു ധർമപുത്രർ. ഇതേ മാനസിക സംഘർഷമാണു കർണശപഥത്തിൽ കർണൻ പ്രകടമാക്കുന്നത്. അതിൽ സാംഗത്യമില്ലെന്നാണു ജനാർദനൻ പോറ്റിയുടെ അഭിപ്രായം. 

തന്റെ ജന്മരഹസ്യമെല്ലാം ശ്രീകൃഷ്ണനിൽ നിന്നറിഞ്ഞ കർണന് കുന്തിയുടെ വരവും അർഥനയും വലിയ ഞെട്ടൽ ഉളവാക്കുന്നില്ല. 

അരങ്ങിൽ കഥാപാത്രങ്ങൾക്കു തുല്യ പ്രാധാന്യം വേണമെന്ന നിർബന്ധമുണ്ടു ജനാർദനൻ പോറ്റിക്ക്. ചില കഥാപാത്രങ്ങൾ അരങ്ങിൽ ആദ്യവസാനം പ്രതിമ കണക്കെ നിൽക്കേണ്ടി വരുന്നതു ശരിയല്ല. അക്കാര്യം മുൻകൂട്ടി കണ്ടാണു പദരചന പോലും അദ്ദേഹം നിർവഹിക്കുന്നത്. കർണവധത്തിൽ കർണനും കൃഷ്ണനും കുന്തിക്കും തുല്യപ്രാധാന്യമാണ്. കർണനോടെതിർത്തു ഘോരഘോരം യുദ്ധം ചെയ്യുന്ന യുധിഷ്ഠിരനും കഥയിൽ നല്ല പ്രാധാന്യമുണ്ട്. 

സ്ത്രീപക്ഷ രചന

ചുരുക്കം കഥകളിലൊഴികെ പൊതുവേ സ്ത്രീവേഷക്കാർക്ക് അരങ്ങിൽ കാര്യമായൊന്നും ചെയ്യാനില്ലാ എന്നതാണു നിലവിലെ സ്ഥിതി. അതുമാറ്റി സ്ത്രീകഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യം നൽകി വേണം കഥകളി അവതരണമെന്ന സ്ത്രീപക്ഷ വാദിയാണു ജനാർദനൻ പോറ്റി. ഇതിന് ഏറ്റവും നല്ല ഉദാഹരണം അദ്ദേഹത്തിന്റെ ശാകുന്തളം ആട്ടക്കഥയാണ്. ദുഷ്യന്ത രാജാവിനു വഴങ്ങി ഗാന്ധർവ വിവാഹത്തിലൂടെ ഗർഭിണിയായി, അദ്ദേഹത്തെക്കുറിച്ചോർത്തു കരഞ്ഞുകഴിയുന്ന അബലയായ ആശ്രമകന്യകയല്ല അതിലെ ശകുന്തള. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തെ അപ്പാടെ മറന്ന്, പുരാണത്തിലെ കഥാമൂലമാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. ആശ്രമ പരിസരത്തെത്തിയ ദുഷ്യന്തന്റെ വിവാഹാഭ്യർഥന ശകുന്തള സ്വീകരിക്കുന്നത് ഉപാധികളോടെയാണ്. ദുഷ്യന്തനിലുണ്ടാകുന്ന മകനു രാജ്യാവകാശം നൽകണമെന്ന്. മകൻ സർവദമനനെയും കൂട്ടി പിന്നീട് ദുഷ്യന്ത രാജധാനിയിലെത്തുമ്പോഴും ശകുന്തള ചപലയാകുന്നില്ല. സ്ത്രീത്വത്തെ അപമാനിക്കാനൊരുങ്ങുന്ന ദുഷ്യന്തനു ചുട്ട മറുപടി കൊടുക്കുന്നുണ്ടു കണ്വപുത്രി. അവിടെ ദുർവാസാവിന്റെ ശാപമോ അഭിജ്ഞാനമോ മുക്കുവനോ ഒന്നുമില്ല.

ആട്ടക്കഥാ പ്രവേശം

കീർത്തനങ്ങളായിരുന്നു ജനാർദനൻ പോറ്റിയുടെ ആദ്യകാല രചനകൾ. എല്ലാ ദൈവങ്ങളെ സ്തുതിച്ചും എഴുതിയിട്ടുണ്ട്. പലതും പ്രസിദ്ധീകരിച്ചു. ചിലതു സിഡിയിലാക്കി. 2013ലാണ് ആദ്യമായി ആട്ടക്കഥാ രചനയിലേക്കു തിരിയുന്നത്. ശുനശ്ശേഫ ചരിതമാണ് ആദ്യകഥ. പിന്നീട് ആട്ടക്കഥാ രചനയുടെ പുഷ്കലകാലമായിരുന്നു. 2016ൽ ജോലിയിൽ നിന്നു വിരമിച്ചതോടെ പൂർണമായും ആ രംഗത്തേക്കു തിരിഞ്ഞു. 

സീതാശപഥം, ഗണേശ മാഹാത്മ്യം, ഭദ്രകാളീ മാഹാത്മ്യം, പരശുരാമ ചരിതം, ധീരാംഗന, സുഭദ്രാ ധനഞ്ജയം, വൈദേഹീചരിതം, ശുക്രായണം, ഏകാവലി ചരിതം, സർവജ്ഞപീഠം, സീതോപാഖ്യാനം, പാർവതീ ഗർവഭംഗം, പാർവതീ പ്രകോപം, ശ്രീകുമാരചരിതം, ഭാമാപരിണയം, പാരിജാതം, ദുർഗാ മാഹാത്മ്യം, ജയദ്രഥവധം, സയോധന വിഷാദം തുടങ്ങി മുപ്പതിലേറെ കഥകളുടെ രചയിതാവാണു പോറ്റി.

കഥകളിയിലേക്ക്

ക്ഷേത്രപരിസരവുമായുള്ള ബാല്യത്തിലെ അടുപ്പമാണ് ജനാർദനൻ പോറ്റിയെ കഥകളിയുമായി അടുപ്പിക്കുന്നത്. അമ്മയുടെ മുത്തച്ഛൻ കഥകളി വേഷക്കാരനായിരുന്നു. ആട്ടക്കാരൻ രാമചന്ദ്രൻ പോറ്റി. ഒരുപക്ഷേ, ആ പാരമ്പര്യമാകാം തന്നെ കഥകളിയുടെ വഴിയേ നടത്തിയതെന്നു ജനാർദനൻ പോറ്റി കരുതുന്നു. രാമചന്ദ്രൻ പോറ്റി ആട്ടക്കാരനായതിനു പിന്നിൽ രസകരമായ കഥയുണ്ട്. വൈക്കത്ത് അമ്പലത്തിൽ ദേഹണ്ഡവും മറ്റുമായി കഴിയുകയായിരുന്നു രാമചന്ദ്രൻ പോറ്റി. ഒരു കഥകളി ദിവസം ഹനുമാൻ വേഷം കെട്ടേണ്ടയാൾ എത്തിയില്ല. കഥകളിക്കമ്പക്കാരനായ പോറ്റി ആ ഒഴിവിൽ അന്ന് അരങ്ങേറ്റം നടത്തി. കഥ അവിടെ അവസാനിക്കുന്നില്ല. കളി നടക്കുമ്പോൾ കായലിലൂടെ വള്ളത്തിൽ വരികയായിരുന്ന മഹാരാജാവ് പോറ്റിയുടെ അരങ്ങിലെ അലർച്ച കേട്ടു. ക്ഷേത്രത്തിലെത്തിയ രാജാവ് ചോദിച്ചു, ആരാണിത്ര സ്ഫുടമായും ഗംഭീരമായും അലറിയത് എന്ന്. വിവരങ്ങളറിഞ്ഞ രാജാവ് രാമചന്ദ്രൻ പോറ്റിയെ കഥകളി അഭ്യസിക്കാൻ ഉപദേശിക്കുകയായിരുന്നു. (അലർച്ചയാണ് രാജാവിനെ ആകർഷിച്ചതെങ്കിൽ വെള്ളത്താടിയാകില്ല, ചുവന്ന താടിയോ ഏതെങ്കിലും കത്തിവേഷമോ ആയിരുന്നിരിക്കണം രാമചന്ദ്രൻ പോറ്റി ചെയ്തതെന്നു ജനാർദനൻ പോറ്റിയുടെ തിരുത്ത്.)

എഴുത്തിലെ മാതൃക

ആട്ടക്കഥാ രചനയിൽ കൊട്ടാരക്കര തമ്പുരാനാണു തനിക്കു മാതൃകയെന്നു ജനാർദനൻ പോറ്റി പറയുന്നു. ശ്ലോകത്തിൽ മണിപ്രവാളം, പദങ്ങളിൽ ശുദ്ധ മലയാളം. സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷ. കുന്തി കർണനോടു പറയുന്നതു കേൾക്കുക:

‘സഹന ത്യാഗ സ്നേഹ സൗഹൃദാദികളുടൽ

പുണ്ട നിന്നിലഹം അഭിമാനിച്ചീടുന്നൂ

നിന്നുടെ സഹജനാം അർജുനനോടും കൂടി

ക്ഷമിച്ചീടുകിലഹം ധന്യയായീടും വത്സ’

സ്ഥിരം ആസ്വാദകർക്കു പുറമേ പുതിയ ആളുകളെയും കഥകളിയിലേക്ക് ആകർഷിക്കാൻ ലളിത മധുര പദാവലിയിൽ തീർത്ത പദങ്ങൾ ഉപകാരപ്പെടുമെന്നാണു പ്രതീക്ഷ

പുതിയ കഥകളോട് ആസ്വാദക സമീപനം

അരങ്ങിന് ഏറെ പരിചിതമായ കഥകൾക്കൊപ്പം പുതിയ കഥകളും ആസ്വാദകർ സ്വീകരിക്കുമെന്നാണ് അനുഭവമെന്നാണു പോറ്റിയുടെ അഭിപ്രായം. കലാകാരന്മാർക്കും പുതിയ കഥകളോട് അഭിനിവേശമുണ്ട്. സ്ഥിരം അവതരിപ്പിക്കുന്ന കഥകളിലെ സ്ഥിരം കഥാപാത്രങ്ങളെ അപേക്ഷിച്ചു പുതിയ പരീക്ഷണങ്ങൾ ഇവയിൽ സാധിക്കും എന്നതു തന്നെ കാരണം.

ജനാർദനൻ പോറ്റി

കോട്ടയം ജില്ലയിലെ പെരുന്തുരുത്തിയിൽ ഇടമന മഠത്തിൽ ഗോപാലകൃഷ്ണൻ പോറ്റിയുടെയും ഭൂമിയമ്മാളിന്റെയും മകനായി 1959 നവംബർ 9നു ജനിച്ചു. 1977ൽ പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനത്തിനു ചേർന്നു. ബിരുദാനന്തര ബിരുദം നേടിയത് കോയമ്പത്തൂർ പിഎസ്ജി കോളജ് ഓഫ് ടെക്നോളജിയിൽ നിന്ന്. കാലിക്കറ്റ് സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റ്. 1983ൽ അധ്യാപകനായി എൻഎസ്എസ് കോളജിൽ തിരിച്ചെത്തി 2016ൽ വിരമിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA