‘നോ’ പറയേണ്ടിടത്ത് പറഞ്ഞാണ് ശീലം. ഒരു ‘യെസ്’ കൊണ്ട് കാര്യങ്ങൾ മാറിമറിയുമെന്നും തെളിയിച്ചു. നായ്ക്കളെ സ്നേഹിക്കുന്നവരുടെ പ്രിയപ്പെട്ട യു ട്യൂബ് ചാനലായ ലെയ്സ് മീഡിയയുടെ (LAZE MEDIA) എല്ലാമെല്ലാമായ പ്രവീണ്‍, എന്‍ജിനീയറിങ് കോളജ് അധ്യാപകനായിരുന്നു. ഇപ്പോള്‍ യുട്യൂബറായി മാറിയെങ്കിലും ചിരിച്ചുകൊണ്ട് അദ്ദേഹം പറയും: ‘വ്യത്യാസമൊന്നുമില്ല, രണ്ടും എജ്യൂക്കേഷനല്ലേ’.
മനുഷ്യ മനശാസ്ത്രവും പഠിച്ചിട്ടുള്ള പ്രവീണിന് നായ്ക്കളുടെ മനസ്സും ശരീരഭാഷയുമൊക്കെ മനഃപാഠമാണ്. ഒറ്റ നോട്ടത്തില്‍ കാര്യം പിടികിട്ടും. കടിക്കാന്‍ പാഞ്ഞുവരുന്നവനെയും പറഞ്ഞുനിർത്തുന്ന ട്രെയിനിങ്ങിന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 1.26 ലക്ഷം കടന്നു. വിവിധ പ്ലേ ലിസ്റ്റുകളിലായി മൂന്നൂറിലേറെ വീഡിയോകള്‍. ലെയ്സ് മീഡിയയിലെ നായ്ക്കളുടെ ട്രെയിനിങ് വിഡിയോ കണ്ട് വീട്ടിൽ നായ ഇല്ലാത്തതുകൊണ്ട് ആടിനെ വരെ പരിശീലിപ്പിച്ചു വിജയിച്ചവരുണ്ട്. ഏതു വിഡിയോകൾക്കും വരുന്ന കമന്റുകള്‍ക്കും സംശയങ്ങള്‍ക്കും അപ്പോള്‍ തന്നെ മറുപടി നല്‍കുന്നതും പ്രത്യേകതയാണ്.
നിരീക്ഷണത്തിലൂടെ ആർജിച്ച അറിവും അനുഭവ പരിചയവും ലളിതമായി അവതരിപ്പിക്കുന്ന രീതിയാണ് ചാനലിന്റെ ഹൈലൈറ്റ്. താൻ പ്രഫഷനൽ ഡോഗ് ട്രെയിനറല്ലെന്നു പറയുമ്പോഴും നായ്ക്കളെ ഒന്നു നോവിക്കുക പോലും ചെയ്യാതെയുള്ള പരിശീലനത്തിന് ഇഷ്ടക്കാരേറെയാണ്.

മിക്ക വിഡിയോകളും ഒരു കട്ടുപോലും ഇല്ലാതെയാണ് യുട്യൂബിലിടുന്നതും. ചാനല്‍ തുടങ്ങി അറുപതിനായിരം വരിക്കാരായപ്പോഴാണ് തന്റെ ഉൗരും പേരും പോലും വെളിപ്പെടുത്തുന്നതും. കൊല്ലം ശാസ്താംകോട്ട പടന്നയില്‍ വീട്ടില്‍ റിട്ട. പ്രഫസര്‍മാരായ ഉണ്ണിക്കൃഷ്ണന്റെയും ചന്ദ്രലേഖയുടെയും മകനായ യു.കെ.പ്രവീണിന് കുട്ടിക്കാലം മുതല്ക്കുതന്നെ നായ്ക്കളോട് ചങ്ങാത്തം കൂടാന്‍ വലിയ ഇഷ്ടമായിരുന്നു. അന്ന് നാടന്‍ നായ ആയിരുന്നു വീട്ടില്‍. അവനെ ചില്ലറ സിറ്റും നോ യും യെസുമൊക്കെ പഠിപ്പിക്കലായി സ്കൂള്‍ വിട്ടുവന്നാല്‍ പണി. സംഗതി ഫലിക്കുന്നുവെന്നു വന്നപ്പോള്‍ പിന്നെയതൊരു ഹരമായി മാറുകയായിരുന്നു. നായ്ക്കളെ നിരീക്ഷിക്കുന്നതും ശീലമായി. നായയുടെ മുഖത്തേക്ക് ഉൗതിയാല്‍ അവന് കുരയ്ക്കുമെന്നു കണ്ടതോടെ, അത് സ്പീക് കമാന്‍ഡ് ആയി പിന്നീട് മോഡിഫൈ ചെയ്തെടുത്തു.
ബിടെക് പഠനത്തിനു ശേഷം പവര്‍ ഇലക്ട്രോണിക്സില് എംടെക് നേടിയ പ്രവീണ്‍, ആറു വര്‍ഷത്തോളം കേരളത്തിലെ പ്രമുഖ എൻജിനീയറിങ് കോളജുകളിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി നോക്കി. ‘എന്റെ ആശയങ്ങള്‍ക്ക് സ്ഥാനം കിട്ടുന്നില്ലെന്ന് കണ്ടതോടെയാണ് അധ്യാപനജോലി വിട്ടത്. ഇപ്പോഴാണെങ്കില്‍ എന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നു.’-പ്രവീണ്‍ പറയുന്നു.
2017 ലാണ് ലെയ്സ് മീഡിയ എന്ന പേരില്‍ യു ട്യൂബ് ചാനല്‍ തുടങ്ങുന്നത്. ആദ്യമൊക്കെ എല്ലാ തരത്തിലുമുള്ള വിഡിയോകളും ചെയ്യുമായിരുന്നു. ഇടയ്ക്ക് വീട്ടിലെ നായ്ക്കളുടെ ട്രെയിനിങ് വിഡിയോയും ഇട്ടു. അത് കൂടുതല്‍ പേര് കണ്ടതോടെ, പൂര്‍ണമായും അതിലേക്കു മാറുകയായിരുന്നു. ലോക് ഡൗണിനു ശേഷം എല്ലാ ദിവസവും വിഡിയോ അപ് ലോഡ് ചെയ്യുന്നുണ്ട്. ഫാഷന്‍ ഡിസൈനര്‍ ആയ ഭാര്യ മാതുവാണ് ക്യാമറയ്ക്കു പിന്നിലും പിന്തുണയും.
വീട്ടിലെ ടെസ എന്ന ജര്‍മന്‍ ഷെപ്പേഡിന്റെയും ടെറി എന്ന ലാബ്രഡോറിന്റെയും വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളും പരിശീലനവും വിവരിക്കുന്ന വിഡിയോകള്‍ പ്രത്യേകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. നായ്ക്കളുടെ പ്രതിരോധ കുത്തിവയ്പുകള്‍, രോഗങ്ങള്‍, ടോയ്ലെറ്റ് പരിശീലനം, ആഹാരക്രമം തുടങ്ങിയ എല്ലാറ്റിനും ഉത്തരം ലെയ്സ് മീഡിയയില്‍ കിട്ടും. നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കും സ്നേഹിക്കുന്നവര്‍ക്കും എന്നും ഒരുപാട് സംശയങ്ങളാണ്. പുതുതായി ഇൗ രംഗത്തേക്ക് കടന്നുവരുന്നവരാണെങ്കില് പ്രത്യേകിച്ചും. അതിനെല്ലാമുള്ള പരിഹാരം ഇവിടെയുണ്ട്.
വിഡിയോ കണ്ടിട്ടും സംശയം തീരുന്നില്ലെങ്കിൽ കമന്റിട്ടാല്‍ മറുപടിയും കിട്ടും. കമാന്‍ഡ് അനുസരിക്കുമ്പോള്‍ നല്കുന്ന ട്രീറ്റുകളുടെ റെസിപ്പിയും ലഭ്യമാണ്. നമ്മള് പറയുന്നത് നായ അനുസരിക്കുമ്പോള്‍ നൽകുന്ന ‘ഗുഡ് ഗേള്‍, ഗുഡ് ബോയ്’ എന്ന അഭിനന്ദനവാക്കുകൾ പോലും സംഗീതാത്മകമായി വേണമെന്നാണ് പ്രവീണിന്റെ അഭിപ്രായം. ഇപ്പോള്‍ സബ്സ്ക്രൈബേഴ്സിന്റെ വീടുകളില്പോയും ഷൂട്ട് ചെയ്യുന്നുണ്ട്. ‘ഒരു ദിവസം കൊണ്ട് പരിഹരിക്കാന്‍ പറ്റുന്ന പ്രശ്നങ്ങളല്ല കൂടുതലും. എങ്കിലും മറ്റു വീടുകളിൽ പോയി നായയെ കണ്ടു മനസ്സിലാക്കി ഇത്രയും കാലം ഉടമ വരുത്തിയ തെറ്റുകള്‍ പറഞ്ഞുമനസ്സിലാക്കുകയും തുടര്‍ന്ന് അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നിര്‍ദേശിക്കുകയുമാണ് രീതി. അവയെ സ്നേഹിച്ചുകൊണ്ട് സമീപനത്തിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയാൽ മതിയാവും’. നാലു വയസ്സുള്ള മകന് ആരവും അച്ഛന്റെ ഇഷ്ടങ്ങളോടൊപ്പമുണ്ട്.
https://youtube.com/c/LazeMedia
English Summary : Life - Success story of Praveeen Laze Media