‘കുട്ടിസ്ഫടികം’ കണ്ടപ്പോൾ വീട്ടുകാർ ഒന്നുറപ്പിച്ചു: ‘ചെക്കൻ പൊളിക്കും’

HIGHLIGHTS
  • സ്റ്റെഫിന്റെ ഷോറൂം കണ്ടീഷൻ ലുക്കുള്ള മിനിയേച്ചർ വണ്ടികൾക്ക് ഇപ്പോൾ നല്ല 'ബുക്കിങ്'
  • ലോറിയും ജീപ്പും ഒക്കെ ഒറിജിനൽ പോലെ ഇരുന്നാൽ ആരെങ്കിലും വേണ്ടെന്നു പറയുമോ?
miniature-vehicle-models-by-stephin-davi-spadikam-lorry
SHARE

നാലു ചക്രം ഉണ്ടാക്കാനുള്ള പാട് 17–ാം വയസ്സിലേ സ്റ്റെഫിന്‍ ഡേവിക്ക് നന്നായറിയാം. ‘നാലുചക്രം’ വരുമാനത്തിലേക്ക് അതേ ചക്രം ഉരുണ്ടുതുടങ്ങിയത് ഇപ്പോഴാണ്. ബസും കാറും ലോറിയും ജീപ്പും ഒക്കെ ഒറിജിനൽ പോലെ ഇരുന്നാൽ ആരെങ്കിലും വേണ്ടെന്നു പറയുമോ? അതുതന്നെയാണു സംഭവിച്ചത്. സ്റ്റെഫിന്റെ ഷോറൂം കണ്ടീഷൻ ലുക്കുള്ള മിനിയേച്ചർ വണ്ടികൾക്ക് ഇപ്പോൾ നല്ല ‘ബുക്കിങ്’ ആണ്. സ്വാഭാവികമായും സംശയിക്കാം, 

miniature-vehicle-models-by-stephin-davi-article-image
സ്റ്റെഫിന്‍ ഡേവി

അപ്പൊ കള്ളവണ്ടിയാണോ...?

അങ്ങനെ ചോദിച്ചാൽ...! വീട്ടിലെ ലൊട്ടുലൊടുക്ക് സാമഗ്രികള്‍ സകലതും കാണാതാകുന്നതിൽ തുടങ്ങും ഒരു വണ്ടിയുടെ ജനനം. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ഒഴിഞ്ഞ മരുന്നുകുപ്പികൾ, ഗുളികകൾ, അമ്മയുടെ തയ്യൽ സാമഗ്രികൾ, ചേച്ചിയുടെ ക്യൂട്ടെക്സ്...കൈയിൽ കിട്ടുന്നതെന്തും വണ്ടിയുടെ ആക്സസറീസ് ആണ്. പാരസെറ്റമോൾ ഗുളികയാണ് ഹെഡ് ലൈറ്റ് എങ്കിൽ, മരുന്നുകുപ്പിയാണ് ടാങ്ക്. പേനയും പെൻസിലും ആക്സിൽ ആകും. ഡൈനിങ് ടേബിളില്‍ വിരിക്കുന്ന ട്രാൻസ്പേരന്റ് ഷീറ്റ് വെട്ടിയൊതുക്കി ഗ്ലാസും സ്പീക്കറിന്റെ നെറ്റ് കൊണ്ട് ബോണറ്റ് ഗ്രില്ലും ഉറപ്പിക്കും. വയർ വളച്ചാൽ സ്റ്റിയറിങ് ആയി. സ്ട്രോ ആണ് പുകക്കുഴൽ. മൾട്ടിവുഡ് കൊണ്ട് ഷാസിയും ഫോറെക്സ് ഷീറ്റ് കൊണ്ട് ബോഡിയും പണിയും. എത്ര വലിയ വണ്ടി പണിയാനിരുന്നാലും 4 ദിവസം. അതു തീർത്തിട്ടേ ഊണും ഉറക്കവുമുള്ളൂ. വണ്ടി ഉണ്ടാക്കുന്നതിനേക്കാൾ പെയിന്റിങ്, സ്റ്റിക്കർ പണികൾക്കാണ് സമയച്ചെലവ്. വൃത്താകൃതിയിൽ വെട്ടിയെടുക്കുന്ന ഫോറെക്സ് ഷീറ്റ് ഉരപേപ്പർ ഉപയോഗിച്ച് ചീകിമിനുക്കിയാണ് ടയർ നിർമാണം. കട്ടർ ഉപയോഗിച്ച് ഗ്രിപ്പ് ഉണ്ടാക്കും. ഇയർ ബഡ്സ് നട്ടും ബോൾട്ടുമാക്കി വീൽ കയറ്റും. 

miniature-vehicle-models-by-stephin-davi-jeep

നിർമാണം തകൃതിയായപ്പോൾ ഫോറെക്സ് ഷീറ്റ്, ബെയറിങ്, ഇനാമൽ പെയിന്റ്, ഫ്ലെക്സ് ഗ്ലൂ, ടേബിൾ ഷീറ്റ് എന്നിവ വാങ്ങേണ്ടിവന്നു. പെർഫെക്‌ഷന്റെ കാര്യത്തിൽ ഒരു കോംപ്രമൈസും ഇല്ല. വണ്ടിയിൽ കള്ളപ്പണി ഇല്ലേയില്ല.  

ആടുതോമയുടെ ‘സ്ഫടികം’ 

വീടിനു സമീപത്തെ വെയ് ബ്രിഡ്ജിലേക്ക് വരാറുള്ള ‘സ്ഫടികം’ ലോറി കണ്ടപ്പോൾ സ്റ്റെഫിനും ആടുതോമയുടെ അതേ വാശി. ലോറി രൂപം മനസിൽ ധ്യാനിച്ച് ഒറ്റയിരിപ്പാണ്. തടികയറ്റിയ ‘സ്ഫടികം’ ലോറിയൊന്ന് സിറ്റ് ഔട്ടിൽ കിടന്നു! തീർന്നില്ല, ‘കൊമ്പൻ’ ടൂറിസ്റ്റ് ബസ്, ‘ദോസ്ത്’ നാഷനൽ പെർമിറ്റ് ലോറി, ‘ലൂസിഫർ’ മോഡൽ ജീപ്പ്, ടിപ്പർ, ജെസിബി, കെഎസ്ആർടിസി ഓർഡിനറി മുതൽ ലോ ഫ്ലോറും വോൾവയും വരെ വാഹനശ്രേണിയിലുണ്ട്. 10 സെന്റി മീറ്റർ മാത്രമുള്ള പിക് അപ് വാൻ ആണ് ഏറ്റവും കുഞ്ഞൻ. 130 സെന്റി മീറ്റർ നീളവും 45 സെന്റി മീറ്റർ ഉയരവുമുള്ള കണ്ടെയ്നർ ലോറിയാണ് വമ്പനിൽ മുമ്പൻ. ദുബായിൽ അച്ഛന്‍ ഓടിക്കുന്ന ഇസുസു വാന്‍ ആണ് നിരയിലെ പുത്തൻ. 

miniature-vehicle-models-by-stephin-davi-willys-jeep

മോഹം പതപ്പിച്ച ബാർ സോപ്പ്

ഒരു നാലാം ക്ലാസുകാരന്റെ വണ്ടിക്കമ്പം പതപ്പിച്ചെടുത്തത് വീട്ടിലെ ബാർ സോപ്പ് ആണ്. സോപ്പുകട്ടയിൽ കൊത്തിയെടുത്ത വാഹനരൂപം കണ്ട് വീട്ടുകാരുടെ കലിപ്പ് അലിഞ്ഞു. കടയിൽ പോയാൽ മിഠായിക്കു കരയുന്ന പ്രായത്തിൽ പയ്യൻ ചോദിച്ചുവാങ്ങിയത് കുഞ്ഞു പ്ലാസ്റ്റിക് വണ്ടികൾ. കളിപ്പാട്ടത്തിന്റെ പപ്പും തൂവലും പറിച്ച് സ്വന്തം വണ്ടിക്ക് ഫിറ്റിങ്സ് ഒരുക്കുന്നതു കണ്ടപ്പോഴും വീട്ടുകാർ ഒന്നുറപ്പിച്ചു: ‘ചെക്കൻ പൊളിക്കും’. 

പടവരാട് അടിയാട്ടിപ്പറമ്പിൽ ഡേവിസിന്റെയും സിനിയുടെയും മകനാണ് സ്റ്റെഫിൻ. സോപ്പുകട്ടയിൽ തുടങ്ങിയ ഇഷ്ടത്തിനു കട്ട സപ്പോർട്ടുമായി ചേച്ചി സ്റ്റെഫിയും അപ്പൂപ്പനും അമ്മൂമ്മയുമായ സൈമണും മേരിയും ഒപ്പമുണ്ട്. 

miniature-vehicle-models-by-stephin-davi-tipper-lorry

അവിണിശ്ശേരി സെന്റ് ജോസഫ് സ്കൂളിലെ പ്ലസ് വൺ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ സ്റ്റെഫിനോട്, ‘നീ എൻജിനീയറിങ്ങിനു ചേരണമെന്ന് അധ്യാപകർ പോലും പറയില്ല. കാരണം, പ്രാക്ടിക്കൽ കഴിഞ്ഞ് നിൽക്കുകയാണ് ‘വെഹിക്കിൾ ഡിസൈനിങ്’. 

English Summary : Life - Miniature vehicle models by Stephin Davi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA