സ്റ്റാംപിലെ ഗാന്ധി; തിരുവല്ല സ്വദേശി ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ

HIGHLIGHTS
  • ഗാന്ധിക്ക് ആദരവേകി 42 രാജ്യങ്ങൾ ഗാന്ധി സ്റ്റാംപുകൾ പുറത്തിറക്കി
  • ഇതിൽ 39 എണ്ണവും സണ്ണീസ് കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്.
jacob-mathayi-in-the-asian-books-of-record-for-his-collection-of-gandhi-stamps
ഗാന്ധിജിയുമായി ബന്ധപ്പെട്ട് ലോക രാഷ്ട്രങ്ങൾ പ്രസിദ്ധീകരിച്ച സ്റ്റാംപുകൾ ഏറ്റവും കൂടുതൽ ശേഖരിച്ചിട്ടുള്ള വ്യക്തിക്ക് തിരുവല്ലയിൽ നടന്ന ചടങ്ങിൽ ഏഷ്യ ബുക് ഓഫ് റെക്കോഡ് അഡ്ജ്യൂഡിക്കേറ്റർ കുശാൽ സച്ചിൻ മെഡലുകളും സർട്ടിഫിക്കറ്റും കൈമാറിയ ശേഷമുള്ള സമ്മേളനം. മുൻ എംഎൽഎ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്യുന്നു. ഫാ. വർഗീസ് തോമസ്, കെ. വി. ജേക്കബ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ അധ്യക്ഷൻ ജിജി മാത്യു, തിരുവല്ല സിഐ പി. ജെ. വിനോദ്, ഫാ. വർഗീസ് തോമസ്, കെ. വി. ജേക്കബ്, കെ. കെ മാത്യു, ലത വിൽസൺ തുടങ്ങിയവർ സമീപം.
SHARE

ഏകദേശം 161 രാജ്യങ്ങൾ ഗാന്ധിജിയുടെ ചിത്രമുള്ള അപൂർവ തപാൽ സ്റ്റാംപുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണു കണക്ക്. ഇതിൽ 153 എണ്ണവും ശേഖരിച്ച് തിരുവല്ല ഇരവിപേരൂർ നെല്ലാട് കണ്ണോലിൽ ജേക്കബ് മത്തായി (സണ്ണി– 67) ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ചു.

ഇന്ത്യൻ തപാൽ വകുപ്പ് 50 ഇഷ്യൂകളിലായി പുറത്തിറക്കിയിട്ടുള്ള 97 ഗാന്ധി സ്റ്റാമ്പുകൾക്കു പുറമെയാണിത്. ഇന്ത്യ ഉൾപ്പെടെ 154 രാജ്യങ്ങളിൽ നിന്നുള്ള 4300 ഗാന്ധി സ്റ്റാമ്പുകളും ഫിലാറ്റലിക് കവറുകളും മറ്റും സണ്ണിയുടെ സ്റ്റാംപുകളെ ഏഷ്യയിലെ അപൂർവ ശേഖരമാക്കുന്നു.

സിവിൽ എൻജിനീയറായി ജീവിതം ആരംഭിച്ച സണ്ണി 1970 ൽ സ്റ്റാംപ്  ശേഖരണം തുടങ്ങിയെങ്കിലും 1985 മുതലാണ് ഗാന്ധി തീം സ്റ്റാംപ്  ശേഖരിച്ചു തുടങ്ങിയത്.  

ഗാന്ധിജിയുടെ ആദ്യത്തെ തപാൽ സ്റ്റാംപ് അദ്ദേഹത്തിന്റെ 80-ാം ജന്മദിനത്തിൽ (1949) പുറത്തിറക്കാനായിരുന്നു കേന്ദ്രസർക്കാർ തീരുമാനം. ഇതിനായി 4 തരം സ്റ്റാംപുകൾ തയ്യാറാക്കി. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇക്കാര്യത്തിൽ അതീവ താൽപ്പര്യം കാണിച്ചു. ഇതിനിടെ ഗാന്ധിജിയുടെ 80-ാം വാർഷികത്തിന് 8 മാസം മുമ്പ് അദ്ദേഹം വധിക്കപെട്ടു. 1948 ലെ സ്വാതന്ത്ര്യദിനത്തിൽ ആ തപാൽ സ്റ്റാംപുകളും ഫസ്റ്റ് ഡേ കവറും പുറത്തിറക്കി രാജ്യം രാഷ്ട്രപിതാവിനെ ആദരിച്ചു. ലോകം കണ്ട ആദ്യ ഗാന്ധി സ്റ്റാംപുകളും ഇതുതന്നെ.

ഇന്ത്യക്കു പുറത്ത് ആദ്യ ഗാന്ധി സ്റ്റാംപ്  പുറത്തിറക്കുന്നത് യുഎസ് ആണ്– 1961 ജനുവരി 26 -ന്. രണ്ടാമത്തെ രാജ്യം കോംഗോ– 1967 -ൽ. 

1969 ൽ ‍ജന്മശതാബ്ദി വേളയിൽ ഗാന്ധിക്ക് ആദരവേകി 42 രാജ്യങ്ങൾ ഗാന്ധി സ്റ്റാംപുകൾ പുറത്തിറക്കി. ഇതിൽ 39 എണ്ണവും സണ്ണീസ് കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്.

ഭൂട്ടാൻ രണ്ടും സൊമാലിയ മൂന്നും സ്റ്റാംപുകൾ പുറത്തിറക്കി. ഇവയെല്ലാം അച്ചടിച്ചത് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ്‌ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ. 

ഗാന്ധിജിയോടുള്ള ആദര സൂചകമായി ഇന്ത്യക്കു പുറത്ത് ആദ്യമായി പോസ്റ്റ് കാർഡിറക്കിയ വിദേശ രാജ്യം പോളണ്ട് ആണ്. കവർ എൻവെലപ്‌ പുറത്തിറക്കിയ വിദേശ രാജ്യം റൊമാനിയ.

2007 ജൂൺ 15 ന് യുഎൻ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 രാജ്യാന്തര അഹിംസാ ദിനമായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 2009 ഒക്ടോബർ 2 ന് 140-ാo ജന്മവാർഷികത്തോടനുബന്ധിച്ച് യുഎൻ ഒരു മഹാത്മാഗാന്ധി സ്റ്റാംപ് പുറത്തിറക്കി.

രണ്ട് വരയിലൂടെ ഗാന്ധിജിയെ ഇന്ത്യയായി കാണിക്കുന്ന സ്റ്റാംപ് രണ്ടായിരത്തിൽ ഇറങ്ങി. കാർട്ടൂണിസ്റ്റ് എൻ.കെ. രംഗയായിരുന്നു രണ്ടുവരകളിലൂടെ മഹാത്മാവിനെ അനശ്വരനാക്കിയത്.

ആദ്യമായി ഗാന്ധി സ്റ്റാംപ് ഖദർ തുണിയിൽ ഇറക്കിയത് ഇന്ത്യൻ തപാൽ വകുപ്പ്  – 2011ൽ.

150-ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് 2018 -ൽ വൃത്താകൃതിയിലുള്ള 7 സ്റ്റാംപുകളടങ്ങുന്ന ഒരു മിനിയേച്ചർ ഷീറ്റ് ഇന്ത്യ പോസ്റ്റ് പുറത്തിറക്കി - ഇന്ത്യയിലെ ആദ്യത്തെ വൃത്താകൃതിയിലുള്ള ഗാന്ധി സ്റ്റാംപ് ഇതായിരുന്നു.

150-ാംജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് 2019 -ൽ ഷഡ്‌ഭുജാകൃതിയിലുള്ള 7 സ്റ്റാംപുകളടങ്ങുന്ന ഒരു മിനിയേച്ചർ ഷീറ്റ് ഇന്ത്യ പോസ്റ്റ് പുറത്തിറക്കി - ലോകത്തെ തന്നെ ആദ്യത്തെ ഷഡ്‌ഭുജാകൃതിയിലുള്ള ഗാന്ധി സ്റ്റാംപ് ഇതാണ്.

2011 -ൽ ഡൽഹിയിൽ നടന്ന പ്രദർശനത്തിൽ 4 ഡിസൈനുകളിലുള്ള ''ഗാന്ധി മൈ സ്റ്റാംപുകൾ പുറപ്പെടുവിച്ചു. 

ഗാന്ധിജിയുടെ 71-ാം ചരമ വാർഷികത്തിനു ലോകത്താദ്യമായി പുറപ്പെടുവിച്ച വൃത്താകൃതിയിലുള്ള സ്പെഷൽ കവറിന്റെ മറുപുറം പക്ഷെ 150–ാം ജന്മ വാർഷികത്തിനുവേണ്ടി മാറ്റി വച്ചു. ഒരാളുടെതന്നെ ജന്മ വാർഷികത്തിനും ചരമവാർഷികത്തിനും ഒരേ കവറിന്റെ ഇരുവശങ്ങളും മാറ്റിവയ്ക്കുന്നതും ഒരുപക്ഷെ ലോകത്താദ്യമായിരിക്കും.

വെള്ള സ്വരോവ്സ്‌കി ക്രിസ്റ്റൽ പതിച്ച ലോകത്തെ ആദ്യ ഗാന്ധി സ്റ്റാംപ് മലേഷ്യയുടേതാണ്.

ലോകത്ത് ആദ്യം തടിയിൽ നിർമ്മിച്ച ചുവന്ന സ്വരോവ്സ്കി ക്രിസ്റ്റൽ പതിച്ച അത്യപൂർവ ഗാന്ധി മിനിയേച്ചർ ഷീറ്റ് ജീനിയ റിപ്പബ്ലിക്കിന്റേതാണ്.

ലോകത്തെ ആദ്യത്തെ സിൽക്കിൽ നിർമ്മിച്ച ഗാന്ധി സ്റ്റാംപ് -മാലി ദ്വീപ് വക.

Gandhi-stamp-curator-Jacob-Mathew-(Sunny)

ഇന്ത്യൻ ഖാദി ആൻറ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനിൽ (കെവിഐസി) നിന്ന് വാങ്ങിയ അതിമേത്തരമായ മസ്ലിൻ തുണിയിൽ പ്രത്യേകമായി നിർമ്മിച്ച 4,000 മീറ്റർ മസ്ലിൻ ഖാദി സ്റ്റാംപ് പോർച്ചുഗലിന്റേത്. 

അസാധാരണ ആകൃതിയിലുള്ള സിൽക്ക് തുണി പേപ്പറിൽ നിർമ്മിച്ച സ്റ്റാംപ് മിനിയേച്ചർ ഷീറ്റ്- വടക്കൻ കൊറിയയുടെ സൃഷ്ടിയാണ്. ചെന്നൈയിലുള്ള സ്റ്റാംപ് ശേഖരണക്കാരനായ രമേശ് ഇത്തിരാജാണ് ഇതു രൂപകൽപ്പന ചെയ്തത്.

സ്റ്റാംപായും പണമായും ഉപയോഗിക്കാനിറക്കിയ തുവാലു എന്ന ഒരു കൊച്ചു രാജ്യത്തിന്റെ അത്യപൂർവ സ്റ്റാംപ് -കറൻസിയിലും അർധനഗ്നനായ ആ മനുഷ്യൻ തിളങ്ങിനിൽക്കുന്നു. നൈജർ എന്ന രാജ്യം പുറത്തിറക്കിയ സ്പെഷ്യൽ ഡിസൈൻ സ്റ്റാംപിനു നിറം കറുപ്പ്.

ബ്രിട്ടനിൽ 1971 -ൽ പോസ്റ്റൽ ജീവനക്കാർ പണിമുടക്ക് നടത്തിയപ്പോൾ , അത്യാവശ്യ തപാലുകൾ അയക്കുന്നതിനുവേണ്ടി പുറത്തിറക്കിയ പോസ്റ്റൽ സ്ട്രൈക്ക് കൂപ്പണുകൾ ഇന്ന് കിട്ടാനില്ല. ഇതും സണ്ണിയുടെ ശേഖരത്തെ സമ്പന്നമാക്കുന്നു.

സ്കോട്ട്ലൻഡിലെ വേലിയേറ്റ ദ്വീപായ ക്യാംപെൽ‌ ടൗണിനടുത്തുള്ള ഡോർലിൻ എന്ന പ്രകൃതിദത്ത ഭൂപ്രദേശമായാ ദാവാർ ഐലൻഡ് സ്വർണ്ണ പേപ്പറിലാണ് ഗാന്ധി സ്റ്റാംപ് പുറത്തിറക്കിയത്.

ജേക്കബ് മത്തായിയുടെ അംഗത്വം: ഇന്റർ നാഷണൽ ബാങ്ക് നോട്ട് സൊസൈറ്റി അംഗം, നോർത്ത് കരോലിന ഐബിഎൻഎസ്‌ ചാപ്റ്റർ അംഗം, റോയൽ ന്യൂമിസ്മാറ്റിക് സൊസൈറ്റി ബ്രിട്ടന്റെ മുൻ ഫെല്ലോ, സൗത്ത് ഇന്ത്യൻ ന്യൂമിസ്മാറ്റിക് സൊസൈറ്റി ലൈഫ് അംഗം, പത്തനംതിട്ട ജില്ലാ ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് അസോസിയേഷൻ അംഗം,

മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ചരിത്രപരമായ ഈ ശേഖരം ഒരു വ്യക്തിഗത ഫിലാറ്റലിസ്റ്റിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയതും ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളതുമായ ഗാന്ധി സ്റ്റാംപ് ശേഖരമാണ്.

 തിരുവല്ലയിൽ നടന്ന ചടങ്ങിൽ ഏഷ്യ ബുക് ഓഫ് റെക്കോഡ് അഡ്ജ്യൂഡിക്കേറ്റർ കുശാൽ സച്ചിൻ മെഡലുകളും സർട്ടിഫിക്കറ്റും കഴിഞ്ഞ ദിവസം  കൈമാറി. മുൻ എംഎൽഎ ജോസഫ് എം. പുതുശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ അധ്യക്ഷൻ ജിജി മാത്യു, തിരുവല്ല സിഐ പി. ജെ. വിനോദ്, ഫാ. വർഗീസ് തോമസ്, കെ. വി. ജേക്കബ്, കെ. കെ മാത്യു, ലത വിൽസൺ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary : Jacob Mathayi Gandhi stamp collection

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA