സദനം: പരീക്ഷണങ്ങളുടെ അരങ്ങ്

HIGHLIGHTS
  • കേരളത്തിലെ പ്രധാന കഥകളി പഠന കേന്ദ്രങ്ങളിലൊന്നാണ് സദനം കഥകളി വിദ്യാലയം
  • സ്ഥിരം ചേരുവകളുടെ പത്മവ്യൂഹം തകർത്തു കൊണ്ടാണ് അഭിമന്യു അരങ്ങിലെത്തുന്നത്
sadhanam-kathakali-vidhyalam-abhimanyu
SHARE

പുതിയ കഥകളുടെയും താളങ്ങളുടെയും രാഗങ്ങളുടെയും പരീക്ഷണശാലയാണു സദനം കഥകളി വിദ്യാലയം. ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന സദനം കുമാരനാണ് 1953ൽ പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയ്ക്കടുത്തു പേരൂരിൽ ഗാന്ധി സേവാ സദനം സ്ഥാപിക്കുന്നത്. കേരളത്തിലെ പ്രധാന കഥകളി പഠന കേന്ദ്രങ്ങളിലൊന്നായി ഇന്നും സദനം തലയുയർത്തി നിൽക്കുന്നു. വർഷം തോറും ഓരോ പുതിയ കഥ അരങ്ങിലെത്തിക്കും സദനം. ഇപ്പോൾ സ്ഥാപനത്തിന്റെ ചുക്കാൻ പിടിക്കുന്ന സദനം ഹരികുമാരനാണു പുതിയ കഥകൾ രചിച്ചു ചിട്ടപ്പെടുത്തുന്നത്. ഇരുപതിലേറെ ആട്ടക്കഥകൾ ഇപ്രകാരം രചിച്ചു സദനത്തിന്റെ വേദിയിൽ അവതരിപ്പിച്ചു കഴിഞ്ഞു. ഇവയിൽ പലതും മറ്റ് അരങ്ങുകളിലും ഏറെ അഭിപ്രായം നേടി. കഥകളിയിൽ ഡിപ്ലോമ നേടിയ ശേഷം രണ്ടു വർഷം ഉപരിപഠനവും നടത്തിയ ഹരികുമാരൻ സംഗീതത്തിലും ശില്പനിർമാണത്തിലും പ്രഗൽഭനാണ്. 

അഭിമന്യു

കഥകളി അരങ്ങിന്റെ സ്ഥിരം ചേരുവകളുടെ പത്മവ്യൂഹം തകർത്തു കൊണ്ടാണ് അഭിമന്യു അരങ്ങിലെത്തുന്നത്. മഹാഭാരതത്തിലെ – കുരുക്ഷേത്ര യുദ്ധത്തിലെ ഏറ്റവും ഹൃയസ്പർശിയായ സന്ദർഭമാണ് അഭിമന്യുവിന്റെ യുദ്ധവും മരണവും. അർജുനന്റെയും ശ്രീകൃഷ്ണന്റെയും പാരമ്പര്യം സിരകളിലോടുന്ന അഭിമന്യുവിന്റെ മരണം പൊതുവെ കഥകളിയിൽ കാണാറില്ല. അഭിമന്യു എന്ന ആട്ടക്കഥയിലൂടെ സദനം ഹരികുമാരൻ കേവലം കുമാരനായ സുഭദ്രത്മജന്റെ വീരകഥയാണു പറയുന്നത്. അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ കഥയിൽ സവിശേഷമായ രാഗങ്ങളും താളങ്ങളും ആവിഷ്കരിച്ചിരിക്കുന്നു. 

പാർത്ഥാത്മജന്റെ കഥ

കുരുക്ഷേത്ര യുദ്ധത്തിൽ അടിക്കടി പരാജയം നേരിടുന്ന ദുര്യോധനൻ വ്യാകുലനാകുന്നു. ഭീഷ്മപിതാമഹനും രണാങ്കണത്തിൽ വീണു. അർജുനനും ഭീമനും കൗരവ സൈന്യത്തെ നിർദയം അരിഞ്ഞു വീഴ്ത്തുകയാണ്. ആദ്യരംഗത്ത് പടക്കളത്തിൽ വീണു കിടക്കുന്നവരെയോർത്തു ചഞ്ചലചിത്തനായ സുയോധനനെ അവതരിപ്പിക്കുന്നു. യുദ്ധത്തിന്റെ ഗതി മാറ്റണമെന്നു ദ്രോണാചാര്യരെക്കണ്ട് ഉണർത്തിക്കുന്നു. കൗരവപ്പട പൊടിഞ്ഞുടയുകയാണ്. പാണ്ഡവപ്പടയാകട്ടെ ജയശൃംഗം കയറുന്നു. സ്വന്തം ശിഷ്യരിൽ അഗ്രഗണ്യനായ പാർഥന്റെ വിജയക്കൊടി കണ്ടു ഗുരുവായ ദ്രോണർ സന്തോഷിക്കുന്നു. സ്വന്തം സൈന്യത്തിന്റെ നാശവും ശത്രു സൈന്യത്തിന്റെ വിജയവും കണ്ടു സന്തോഷിക്കുന്ന അങ്ങയെ പൂജിക്കയല്ലാതെ മറ്റെന്താണു താൻ ചെയ്യുക. 

വീരന്മാരുടെ മരണം കണ്ടിട്ടും അന്തിമവിജയം തനിക്കാണെന്നു ശഠിക്കുന്ന ദുര്യോധനനു ദ്രോണർ സത്യാവസ്ഥ പറഞ്ഞു കൊടുക്കുന്നു. ‘നിന്റെ അജ്ഞത വെടിയുക. വലംകയ്യിൽ വില്ലെടുത്ത പോരാളികളിൽ അർജുനനെ വെല്ലാൻ ആരുണ്ട്? പോരാത്തതിനു പാർഥന്റെ തേരു തെളിക്കുന്നതു ഭഗവാൻ ശ്രീകൃഷ്ണനും. ഒരായിരം മദയാനകളുടെ മസ്തകം അടിച്ചുടയ്ക്കാൻ കെൽപുള്ള ഭീമസേനൻ കൂട്ടിനും.’

ദ്രോണർ പാണ്ഡവരെ പുകഴ്ത്തിയതു ദുര്യോധനനു രസിച്ചില്ല. പാർഥൻ അജയ്യനാണെന്നാണ് അങ്ങയുടെ ചിന്തയെങ്കിൽ പടനായകസ്ഥാനം കർണനു നൽകുക. അർജുനന്റെ ശിരസ്സറുത്ത് പടയ്ക്കു തീർപ്പുണ്ടാക്കും അംഗേശൻ.  സ്ഥിതി വഷളാകുന്നതു കണ്ട കർണൻ ഇടപെടുന്നു. ദ്രോണർ പടനായകനായിരിക്കുമ്പോൾ കർണനെ സൈന്യാധിപ സ്ഥാനത്ത് അവരോധിക്കുന്നതിനെക്കുറിച്ചു ചിന്തിക്കരുത്. യുദ്ധമര്യാദകളും ആചാര്യനോടുള്ള ബഹുമാനവും കൈവിടരുത്. നാഗാസ്ത്രത്തിൽ പിടയുന്ന അർജുനന്റെ തല കാൽക്കൽ ദക്ഷിണയായി നൽകി സുയോധനനെ ചക്രവർത്തിയായി വാഴിക്കുമെന്നു കർണൻ ആണയിടുന്നു. 

കർണന്റെ വാക്കുകൾ ദുശ്ശാസനനിലും ധൈര്യമേറ്റുന്നു. പാണ്ഡവരെ ഉടനെ കാലപുരിക്കയയ്ക്കുമെന്നു ദുശ്ശാസനൻ പ്രതിജ്ഞ ചെയ്യുന്നു. ഭീമസേനന്റെ മാറിടം പിളർന്നു കുടൽമാലയെടുത്തണിഞ്ഞു പാഞ്ചാലിയോടു പകരം വീട്ടുമെന്നും ദുശ്ശാസനൻ പറയുന്നു. ഒടുവിൽ ദ്രോണർ യുധിഷ്ഠിരനെ കീഴടക്കാൻ പദ്ധതിയിടുന്നു. അർജുനനെ സംശപ്തകപ്പട പോരിനു വിളിച്ചു ദൂരേക്ക് അകറ്റണം. അപ്പോൾ പ്രധാന യുദ്ധമുഖത്ത് പത്മവ്യൂഹം ചമയ്ക്കണം. പത്മവ്യൂഹം രക്ഷിച്ചു ജയദ്രഥൻ മറ്റു പാണ്ഡവരെ ചെറുക്കണം. യുധിഷ്ഠിരനെ ഭർത്സനം ചെയ്തു പോരിനു വിളിക്കണം. അഭിമാനിയായ ധർമപുത്രർ വ്യൂഹം തകർക്കാനെത്തും. അപ്പോൾ തഞ്ചത്തിൽ അകത്തു പെടുത്തി ബന്ദിയാക്കണം.

ചൂതുകളിക്കാൻ കാട്ടിയ ധൈര്യം വ്യൂഹം ഭേദിക്കാൻ കാട്ടുകയെന്നു ദുര്യോധനൻ ധർമപുത്രരെ വെല്ലുവിളിക്കുന്നു. യുദ്ധവിജയവും ഭൂമിയിൽ അഭയവും നിനക്കില്ലെന്നും പിതൃഗൃഹമായ യമപുരിയിൽ പോയി യമനിയമങ്ങൾ പഠിക്കുന്നതാണ് ഉചിതമെന്നും കളിയാക്കുന്നു. ദുര്യോധനന്റെ പോർവിളിയിൽ ചകിതനായ ധർമപുത്രർ അഭിമന്യുവിനെ സമീപിച്ചു കൗരവരെ നേരിടാൻ ആവശ്യപ്പെടുന്നു. പത്മവ്യൂഹം ചമച്ചു വെല്ലുവിളിക്കുകയാണു ശത്രുക്കൾ. വ്യൂഹം ഭേദിക്കാനുള്ള ജ്ഞാനം കൃഷ്ണാർജുനൻമാർക്കേയുള്ളൂ. 

‘ഞാനൊരുക്കമായ് ധീരതയാളുക’ എന്ന അഭിമന്യുവിന്റെ മറുപടി എഴുത്തച്ഛന്റെ പ്രസിദ്ധമായ വരികൾ ഓർമിപ്പിക്കുന്നതാണ്. ‘ഞാനൊരു ബാലനശക്തനെന്നാകിലും മാനിയാമെന്നുടെ താതനെയോർക്ക നീ, പിന്നെപ്പിതാവു തന്നഗ്രജൻ മാരുതി’ എന്നു തുടങ്ങുന്ന വിശേഷണങ്ങളാൽ സ്വയം വീര്യം നിറച്ചാണ് അഭിമന്യു അങ്കത്തിനിറങ്ങുന്നത്. എന്നാൽ, തനിക്കു വ്യൂഹം ഭേദിച്ച് അകത്തു കടക്കാനാകുമെങ്കിലും പുറത്തിറങ്ങാൻ അറിയില്ലെന്നും വ്യൂഹം ഭേദിക്കപ്പെട്ടാൽ പാണ്ഡവപ്പട പിന്തുടർന്ന് അകത്തു കയറണമെന്നും കുമാരൻ നിർദേശിക്കുന്നു. ശംഖപെരുമ്പറ ഘോഷത്തോടെ പിതാവിന് അപകടസൂചന നൽകി അവിടെയെത്തിക്കണമെന്നും അഭിമന്യു നിർദേശം നൽകുന്നു.

യുദ്ധത്തിൽ കൗരവസേനയിലെ അതികായരെ ഒന്നൊന്നായി അഭിമന്യു പരാജയപ്പെടുത്തുന്നു. ദ്രോണരും ദുര്യോധനനും ദുശ്ശാസനനും കർണനും അശ്വത്ഥാമാവും സുഭദ്രാത്മജന്റെ ബാണമേറ്റു മോഹിച്ചു വീഴുന്നു. ശപഥങ്ങളാൽ ബന്ധിതരായതിനാൽ ആരുടെയും ജീവനെടുക്കാതെ വിടുകയാണ് അഭിമന്യു. വ്യൂഹം തകർത്ത് അകത്തു കടന്ന അഭിമന്യുവിനെ ഉണർന്നെണീറ്റ ഇവർ ഐവരും ചേർന്നു ഒരുമിച്ചാക്രമിച്ചു കൊലപ്പെടുത്തുന്നു. യുദ്ധധർമങ്ങൾ കാറ്റിൽ പറത്തിയുള്ള ആ ക്രൂരത ധർമയുദ്ധത്തിന്റെ അന്ത്യം കുറിക്കുന്നു.

രാഗ, താള ഭേദങ്ങൾ 

കഥകളിയിൽ സാധാരണ ഉപയോഗിക്കുന്ന അടന്ത, മുറിയടന്ത, ചമ്പ, ചമ്പട, പഞ്ചാരി, ത്രിപുട, ഏകം എന്നീ താളങ്ങളിൽ നിന്നു  വ്യത്യസ്തമായി പറയെടുപ്പിന്റെ താളം ഉപയോഗിക്കുന്നുണ്ട് അഭിമന്യുവിൽ. പ്രാചീനമായ ഒരു നാടോടി താളമാണത്. ദുര്യോധനന്റെ മാനസിക സംഘർഷം പ്രകടമാക്കാനാണ് ആ താളം പ്രയോഗിച്ചത്. ചെണ്ടയുടെ വലന്തല കൂടി ഉപയോഗിച്ചതോടെ ആ സംഘർഷം ആസ്വാദകരിലേക്ക് എത്തിക്കാനും സാധിച്ചു. 

അതേ താളത്തിലാണ് ‘അജ്ഞത കളയുക സുയോധനാ നീ, അൽപതയെന്നോടോതരുതേ’ എന്ന ദ്രോണരുടെ പദവും. പുതിയൊരു താളം കഥകളിയിൽ അവതരിപ്പിച്ചു എന്നതു പ്രത്യേകതയായി. സാധാരണ കഥകളിയിൽ യുദ്ധവട്ടങ്ങൾക്കു രണ്ടു താളങ്ങളേ ഉള്ളൂ. ചമ്പയും ചമ്പടയും. ഇതിനു പുറമേ തീയാട്ടിന് ഉപയോഗിക്കുന്ന ത്രിപുടയുടെ മറ്റൊരു രൂപം ദുര്യോധനനും അഭിമന്യവും തമ്മിലുള്ള യുദ്ധരംഗത്തിൽ ഉപയോഗിച്ചിട്ടുണ്ട്. പഞ്ചാരിയും ത്രിപുടയും കലർന്ന താളമാണു കർണനും അഭിമന്യുവും തമ്മിലുള്ള യുദ്ധരംഗത്ത് ഉപയോഗിച്ചിരിക്കുന്നത്. ‘കർണപർവം’ എന്ന കഥയിൽ അർജുനനും കർണനും തമ്മിലുള്ള ദ്വൈരഥത്തിൽ ഇതേ താളം പ്രയോഗിച്ചിട്ടുണ്ട്. 

ആഹാര്യപ്പൊലിമ തീരെയില്ലാത്ത കഥാപാത്രമായാണു സാധാരണ ദ്രോണരെ അരങ്ങിൽ അവതരിപ്പിക്കാറ്. എന്നാൽ, ഈ കഥയിൽ ദ്രോണർ പടനായകനാണ്. ആ ഔന്നത്യം ആഹാര്യത്തിലും കാണിക്കണമെന്നതു കൊണ്ടാണു കൂടിയാട്ടത്തിൽ അണിയുന്ന വാസികം ഉപയോഗിച്ചത്. അശ്വത്ഥാമാവിനും ഏതാണ്ട് ദ്രോണർ ഉപയോഗിച്ച ശിരോലങ്കാരം തന്നെ. കഥ നാടകീയമാക്കാനുള്ള ശ്രമങ്ങൾ അഭിമന്യുവിൽ ധാരാളം കാണാം. ശങ്കരാഭരണം, ധന്യാസി, ബേകട, അഠാണ, സാരംഗ, പന്തുവരാളി, ഷൺമുഖപ്രിയ തുടങ്ങിയ രാഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അവസാനം അഭിമന്യുവിന്റെ മരണസമയത്തു രാഗം പാടുന്നതു മറ്റൊരു പരീക്ഷണമാണ്. മരണ സമയത്തു ശുഭ പന്തുവരാളി രാഗം ഉപയോഗിച്ചിരിക്കുന്നു. ഈ കഥയ്ക്കു വേണ്ടി വ്യൂഹം, ദ്രോണർ, അഭിമന്യു എന്നതിനെല്ലാം മുദ്രകൾ സൃഷ്ടിക്കേണ്ടി വന്നതായും സദനം ഹരികുമാരൻ പറയുന്നു.

English Summary : Perur Gandhi Seva Sadan Kathakali Institution 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA