ചുമരിൽ വിവേകാനന്ദ വചനങ്ങൾ; മനസ്സിൽ ജീവിതാക്ഷരങ്ങൾ

HIGHLIGHTS
  • മതിലുകളിൽ എഴുതി വയ്ക്കുന്ന സ്വാമി വിവേകാനന്ദന്റെ വചനങ്ങൾ

വിഡിയോ : അബു ഹാഷിം

SHARE

'വയ്യ എന്ന് ഒരിക്കലും പറയരുത്. എനിക്ക് കഴിവില്ല എന്നു ഒരു കാലത്തും പറഞ്ഞുപോകരുത്.’ മനസ്സിൽ പലവട്ടം ഉരുവിട്ട ശേഷമാണ് സ്വാമി വിവേകാനന്ദന്റെ ആ വചനങ്ങൾ പി.രാമദാസൻ ചുമരിൽ എഴുതാൻ തുടങ്ങിയത്. ശാരീരികമായ വയ്യായ്കകൾ മറന്നു വേനലിലെ തീമഴയത്ത് ചുവരെഴുത്തു നടത്തുന്ന അദ്ദേഹത്തിന് ആ വാക്കുകളും മനഃശക്തിയേറ്റുന്നതാണ്. അടുത്ത ചുമരിൽ മറ്റൊരു വചനമാണ്. ‘നാം സ്വയം ശക്തിയാർജിക്കുന്നതിനു വരുന്ന വലിയൊരു വ്യായാമ ശാലയാണ് ഈ ലോകം.’ അങ്ങനെ കണ്ണഞ്ചേരിയിലെ രാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂളിന്റെയും സേവാശ്രമത്തിന്റെയും മതിലുകളിൽ എഴുതി വയ്ക്കുന്ന സ്വാമി വിവേകാനന്ദന്റെ വചനങ്ങൾ ഓരോന്നും രാമദാസന്റെ അക്ഷരവടിവിൽ വഴിയാത്രക്കാരുടെ മനസ്സിലും കയറിപ്പറ്റും.

നടുവട്ടം പെരച്ചനങ്ങാടി സ്വദേശിയായ രാമദാസൻ (62)ചുവരെഴുത്തിനുള്ള കരാർ ഏറ്റെടുത്തിട്ട് കുറച്ചു ദിവസങ്ങളായി. രാവിലെ ഏഴുമണിയോടെ എത്തി സേവാശ്രമ കവാടത്തിലെ സന്ദർശക ബുക്കിൽ മനോഹരമായ കൈയക്ഷരത്തിൽ ആദ്യ പേരുകാരനാകും. പിന്നെ വെയിൽ മൂക്കുന്നതുവരെ എഴുത്താണ്. യാത്രക്കാരെയോ റോഡിലെ ബഹളമോ ശ്രദ്ധിക്കാതെ സ്വാധീനക്കുറവുള്ള ഇടതുകൈ ചുമരിൽ അമർത്തി ഏകാഗ്രമായ എഴുത്ത്.എഴുതി തീർന്ന വചനങ്ങൾ ചിലർ മൊബൈലിൽ പകർത്തുന്നതും ഉറക്കെ വായിച്ചു അഭിപ്രായം പറയുന്നതും കാണാറുണ്ട്. ഉച്ചയ്ക്ക് വിശ്രമം കഴിഞ്ഞ്, വെയിലാറുന്നതോടെ വീണ്ടും ബ്രഷ് എടുക്കും. സൗകര്യംപോലെ പണി തീർത്താൽ മതിയെന്നതിനാൽ നാലഞ്ചു വചനങ്ങൾ എഴുതി തീർത്താൽ പെരച്ചനങ്ങാടിയിൽ കല്യാണ സാധനങ്ങൾ വാടകയ്ക്കു നൽകുന്ന സാഹിറിന്റെ കടയിലേക്ക് മടങ്ങും. അവിടെയാണ് അവിവാഹിതനായ രാമദാസന്റെ സ്ഥിരം താവളം. പണിയില്ലാത്തപ്പോൾ അവിടെ സഹായിയായി കൂടിയാണ് രാമദാസ് ജീവിതം തള്ളി നീക്കുന്നത്.

ചെറുപ്പത്തിലെ വികൃതിക്കിടയിൽ വീണുണ്ടായ പരുക്കിലാണ് ഇടതുകൈ തളർന്നത്. എസ്എസ്എൽസി കഴിഞ്ഞ് യൂണിവേഴ്സൽ ആർട്സിൽ ചിത്രകലാ പഠനത്തിനു ചേർന്നു. ലളിത കലാ അക്കാദമിയുടെ സ്കോളർഷിപ് ലഭിച്ചിരുന്നുവെങ്കിലും അച്ഛന്റെ മരണത്തോടെ പഠനം തുടരാൻ സാധിച്ചില്ല. പിന്നെ ഉപജീവനത്തിന് പലയിടങ്ങളിലും പരസ്യബോർഡുകൾ എഴുതാനും മറ്റും പോയി. ഫ്‌ളെക്സും കംപ്യൂട്ടർ ഗ്രാഫിക്കുമെല്ലാം വന്നതോടെ വഴിമുട്ടിയ ജീവിതത്തിൽ ഇടയ്ക്കെപ്പോഴെങ്കിലും ഇതുപോലുള്ള ചുവരെഴുത്തുകൾക്ക് ആളുകൾ വിളിക്കാറുണ്ടെന്നു രാമദാസൻ പറയുന്നു. ചെരിപ്പും മൊബൈൽ ഫോണും ഉപയോഗിക്കാത്ത അദ്ദേഹം ഇതുവരെ സർക്കാർ പെൻഷനോ ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങൾക്കോ അപേക്ഷിച്ചിട്ടില്ല. കഴിയുന്നത്ര കാലം ഇതേ മട്ടിൽ പോകട്ടെ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ‘വയ്യ എന്ന് ഒരിക്കലും പറയരുത്...' എന്നാണല്ലോ വിവേകാനന്ദ വചനം. 

English Summary:  P Ramadasan who writes Swami Vivekananda quotes on walls

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA