ADVERTISEMENT

സെലിബ്രിറ്റിക‌ളുടെ വരെ സ്വകാര്യശേഖരത്തിൽ സൂക്ഷിക്കുന്ന സൗന്ദര്യക്കൂട്ട് അനുസ് ഹെർബ്സിന്റെ എംഡി അനു കണ്ണനുണ്ണി ആ വിജയകഥ പറയുന്നു.

സൗന്ദര്യം എന്നാൽ നിറമോ മുടിയുടെ നീളമോ അല്ല, അതൊന്നും ഉണ്ടാക്കിയെടുക്കാനും പറ്റില്ല– പറയുന്നത് നാച്ചുറൽ കോസ്മറ്റിക്സ് രംഗത്ത് ചുവടുറപ്പിച്ച ഒരു ബിസിനസുകാരി ആകുമ്പോൾ കേൾക്കുന്നവർ ആദ്യമൊന്ന് അമ്പരക്കും, പിന്നെന്തിനാണു ഞങ്ങളിതൊക്കെ വാങ്ങിക്കൂട്ടുന്നത് എന്ന മറുചോദ്യം പോലെ. എന്നാൽ കേരളത്തിലും പുറത്തും കുറെയധികം പേരുടെ ആത്മവിശ്വാസമായ അനുസ് ഹെർബ്സിന്റെ എംഡി അനു കണ്ണനുണ്ണി പറയുമ്പോൾ കാര്യം മനസിലാകും. ‘ ഓരോരുത്തർക്കും ഓരോ നിറവും ടെക്സ്ചറുമുണ്ട്. അതാണ് അവരുടെ സൗന്ദര്യം. അതിൽ കേടുപാടുകളോ, പ്രശ്നങ്ങളോ ഇല്ലാതെ സൂക്ഷിക്കാനാണ് ഈ ഉൽപന്നങ്ങൾ. മുടിയുടെ നീളം കൂട്ടാനല്ല, മുടി കൊഴിച്ചിൽ കുറയ്ക്കാനാണ് ഹെയർ പാക്ക്. നിറം കൂടുമെന്നോ, മുട്ടോളം മുടി വളരുമെന്നോ പ്രതീക്ഷിച്ച് നിങ്ങളിതൊന്നും വാങ്ങരുത്’– ആ വാക്കുകളിൽ വിശ്വസിച്ച്, ഉപയോഗിച്ച് ഫലം കണ്ടവരുടെ വാമൊഴി പരസ്യം കൊണ്ട് മാത്രം അനുവും ഭർത്താവ് കണ്ണനുണ്ണിയും ഉണ്ടാക്കിയെടുത്തതാണ് അനുസ് ഹെർബ്സിന്റെ ലോകമെങ്ങും പടർന്ന ബിസിനസ് കൂട്ടായ്മ.

ആകാശവാണിയിൽ നിന്ന് ആയുർവേദത്തിലേക്ക്

പഠനശേഷം ആകാശവാണിയിൽ അനൗൺസർ ആയിട്ടായിരുന്നു അനു തന്റെ കരിയറിന് തുടക്കമിട്ടത്. ഒരു ബിസിനസ് പ്ലാൻ ഒന്നും അക്കാലത്ത് മനസ്സിൽ ഇല്ലായിരുന്നു. അച്ഛന്റെ കുടുംബത്തിൽ പലരും ആയുർവേദ വൈദ്യന്മാരായിരുന്നെങ്കിലും അന്ന് നാട്ടറിവുകളൊന്നും പഠിക്കാൻ ശ്രമിച്ചില്ല. കണ്ണൂരിലും കൊച്ചിയിലുമായി 3 വർഷത്തോളം ആകാശവാണിയിൽ. ഇടയ്ക്ക് വിവാഹം കഴിഞ്ഞു. ഗർഭകാലത്ത് യാത്ര പറ്റില്ലെന്നായതോടെ ജോലി വിട്ടു. 2017ൽ പ്രസവശേഷമാണ് ശരിക്കും പ്രശ്നമായത്. ശരീരം ഒരുപാട് മാറി. മുഖത്ത് വല്ലാതെ പിഗ്മെന്റേഷൻ, പോസ്റ്റ് പ്രഗ്നൻസി പ്രശ്നങ്ങൾ– മുൻപ് കണ്ടവർ ഒറ്റക്കാഴ്ചയിൽ തിരിച്ചറിയാത്ത അവസ്ഥ. ആത്മവിശ്വാസത്തെ പോലും ഈ മാറ്റങ്ങൾ കാര്യമായി ബാധിച്ചു. അങ്ങനെയാണ് അനു മുഖത്തിനു പറ്റിയ ലേപനം തേടി പഴയ ആയുർവേദ ഗ്രന്ഥങ്ങൾ വായിച്ചുതുടങ്ങിയത്. സംസ്കൃതം അറിയുന്നത് തുണയായി. വായിച്ചും പഠിച്ചും ഒരു ആന്റി പിഗ്മെന്റേഷൻ ഫേസ് പാക്ക് തയാറാക്കി ഉപയോഗിച്ചു തുടങ്ങി. ചർമ്മത്തിനു ശ്രദ്ധ കൊടുക്കാനും തുടങ്ങിയതോടെ ഒരു മാസം കൊണ്ട് വലിയ മാറ്റമുണ്ടായി. കുഞ്ഞിന്റെ നൂലുകെട്ടു ചടങ്ങിനു കണ്ടവർ ആറുമാസത്തിനു ശേഷം കണ്ടപ്പോൾ ചോദിച്ചുതുടങ്ങി. മാറ്റം കണ്ട് ചോദിച്ചുവന്നപ്പോൾ കൂട്ടുകാർക്കിടയിൽ മാത്രം തയാറാക്കി നൽകിത്തുടങ്ങി. നല്ല ഫീഡ്ബാക്ക് വന്നതോടെ 2018 ലാണ് നാച്ചുറൽ കോസ്മെറ്റിക് ബിസിനസ് എന്ന ആശയം മനസിലുറപ്പിക്കുന്നത്. ഡിസംബർ 3ന് അനുസ് ഹെർബ്സിന് ഓഫിഷ്യൽ തുടക്കം.

വീട്ടിൽ നിന്ന് നിർമാണ യൂണിറ്റിലേക്ക്

തുടക്കം വീടിന്റെ മുകളിൽ ചെറിയൊരു യൂണിറ്റായിരുന്നു. കുറച്ചുനാളിനുശേഷം ചേർത്തലയിലെ ഒരു നിർമാണ യൂണിറ്റിലേക്ക് മാറി. ബിസിനസ് ആയി തുടക്കം കുറിച്ചപ്പോൾ മുതൽ ടീമിൽ ഒരു ഡോക്ടറെ കൂടി ഉൾപ്പെടുത്തി. രണ്ടുപേരും ചേർന്ന റിസർച്ചിന്റെ ഫലമായി രണ്ടുവർഷം കൊണ്ട് അനൂസ് ഹെർബ്സിൽ നിന്നു പുറത്തിറങ്ങിയത് 16 ഉൽപന്നങ്ങൾ. ഓരോ ക്ലയന്റിന്റെയും പ്രശ്നങ്ങൾ വ്യക്തിപരമായി സംസാരിച്ച് പ്രശ്നങ്ങൾ മനസിലാക്കിയ ശേഷമാണ് ഉൽപന്നങ്ങൾ നൽകുക. ഒരേ പ്രശ്നത്തിന് പലർക്കും പല പരിഹാരങ്ങളാകും വേണ്ടി വരുക. പൂർണമായി വ്യക്തിവിവരങ്ങൾ ചോദിച്ചുമനസിലാക്കി മറ്റ് ചികിത്സ ആവശ്യമാണെങ്കിൽ ഡോക്ടറെ കാണാനും നിർദേശിക്കാറുണ്ട്. 

ബിസിനസ് പൂർണമായും ഓൺലൈനിലാണ്. ഓരോ മാസവും നിശ്ചിത ദിവസങ്ങളിൽ ഓർഡർ എടുക്കും. ഓർഡർ ക്ലോസ് ചെയ്ത് 10 ദിവസത്തിനുള്ളിൽ ഉൽപന്നങ്ങൾ എത്തിച്ചുകൊടുക്കാനും ശ്രദ്ധിക്കും. എത്ര തിരക്കായാലും പ്രത്യേക നിർദേശം ആവശ്യമുള്ളവർക്ക് സ്വന്തം കൈപ്പടയിലുള്ള കുറിപ്പുകൾ തയാറാക്കി കൂടെ വയ്ക്കും. രാവിലെ 9 മുതൽ രാത്രി 10 വരെ നിർമാണ യൂണിറ്റിലാണ് അനുവിന്റെ സമയം. തുടക്കത്തിൽ അനുവും ഭർത്താവ് കണ്ണനുണ്ണിയും മാത്രമായിരുന്നു ബിസിനസ് നോക്കിയിരുന്നത്. ഇപ്പോൾ ഡോക്ടറുൾപ്പെടെ നാലു പേർ കൂടെ ഈ ടീമിൽ പ്രവർത്തിക്കുന്നുണ്ട്. 

നാച്ചുറലാണ്, നാച്ചുറൽ മാത്രം

പ്രിസർവേറ്റീവ്സ് ചേർക്കുന്നില്ല എന്നതാണ് അനൂസ് ഹെർബ്സിന്റെ ഏറ്റവും വലിയ പ്രത്യേകത. കൃത്രിമ നിറങ്ങളോ, പെർഫ്യുമോ ഒന്നും ചേർക്കുന്നില്ല. അതിനാൽ തന്നെ ത്വക്കിന്റെയും മുടിയുടെയും ആരോഗ്യത്തോട് ഏറ്റവും ചേർന്നുപോകുന്ന ഉൽപന്നങ്ങളാണ് ഇവ. പൊതുവേ നാച്ചുറൽ കോസ്മെറ്റികസ് വളരെ വിലപിടിപ്പുള്ളവയാണ്. എല്ലാവർക്കും പ്രാപ്യമായ രീതിയിൽ ഇവ ഒരുക്കുക എന്നതാണ് ലക്ഷ്യം. അസംസ്കൃത സാധനങ്ങളും മരുന്നുചെടികളും നേരിട്ട് പോയി കൃഷിക്കാരുടെ അടുത്ത് നിന്ന് വാങ്ങിക്കും. ചുറ്റുപാടുകളിൽ നിന്ന് ശേഖരിക്കുന്നവയുമുണ്ട്.  ആവശ്യമുള്ള സാധനങ്ങൾ കൃഷിചെയ്യിപ്പിക്കുന്നുണ്ട്. ലിപ്ബാമിലും മറ്റും വളരെയധികം റോസപ്പൂവ് ആവശ്യമുണ്ട്. ഇവയൊക്കെ കൃഷിക്കോരോട് ആവശ്യപ്പെട്ട് കൃഷിചെയ്യിപ്പിച്ചെടുക്കുകയാണ്. വീട്ടിലും വൈകാതെ ഒരു  ആയുർവേദ തോട്ടം ഒരുക്കാനുള്ള ശ്രമത്തിലാണ് ഇവർ. അനുസ് ഹെർബ്സിൽ അനുവിനൊപ്പം ഒട്ടും കുറയാതെ പറയേണ്ട പേരാണ് ഭർത്താവ് കണ്ണനുണ്ണിയുടേത്. ജേണലിസ്റ്റും, ആർജെയും കലാഭവൻ ആർട്ടിസ്റ്റുമായ കണ്ണനുണ്ണിയും മറ്റ് തിരക്കുകളെല്ലാം മാറ്റിവച്ച് ബിസിനസിൽ അനുവിനൊപ്പമുണ്ട്. ലോക്ഡൗൺ ആയതോടെ നാലുവയസ്സുകാരൻ മകൻ അപ്പൂട്ടി വരെ അനൂസ് ഹെർബ്സിന്റെ പ്രൊഡക്ഷൻ യൂണിറ്റിലാണ് ദിവസം മുഴുവൻ. അനുസ് ഹെർബ്സിനെ കുറിച്ച് കൂടുതൽ അറിയാൻ ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പേജുകളുണ്ട്.

അനു കണ്ണനുണ്ണി വീണ്ടും ഓർമിപ്പിക്കുന്നു–

നമ്മുടെ സൗന്ദര്യത്തിന്റെ 90 ശതമാനം ഉള്ളിൽ നിന്നാണ്. നമ്മുടെ ഉള്ളിലെ പോസിറ്റിവിറ്റി തീർച്ചയായും മുഖത്തു പ്രതിഫലിക്കും. സൗന്ദര്യം നാച്ചുറലാണ് അത്, ഉണ്ടാക്കിയെടുക്കലല്ല, 100 ശതമാനം ശ്രദ്ധയോടെ, ആരോഗ്യത്തെ പരിപാലിക്കലാണു ചെയ്യേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com