പുരസ്കാരത്തിന്റെ അരങ്ങു ശോഭയിൽ കലാമണ്ഡലം വാസു പിഷാരടി

HIGHLIGHTS
  • 1972ൽ മാലി മാധവൻ നായരുടെ താൽപര്യപ്രകാരം ദൂരദർശന്‍ കൃഷ്ണദൂത് അവതരിപ്പിച്ചിരുന്നു.
  • വാനപ്രസ്ഥം സിനിമയിൽ മോഹൻലാലിന്റെ ചില വേഷങ്ങളുടെ ദൂരക്കാഴ്ച വാസു ആശാന്റേതാണ്
kalamandalam-vasu-pisharody-the-kerala-sangeetha-nataka-akademi-fellowship-special-story-madhusoodanan-kartha
കലാമണ്ഡലം വാസു പിഷാരടി
SHARE

പാലക്കാട് ∙ അരങ്ങിലെ വെളിച്ചത്തിനു പുറത്താണെങ്കിലും കലാമണ്ഡലം വാസു പിഷാരടി ഇപ്പോഴും പുരസ്കാരങ്ങളുടെ വെള്ളിവെളിച്ചത്തിലാണ്. കാലത്തിനും പ്രായത്തിനും മറയ്ക്കാനാകാത്ത ആശാന്റെ പച്ചകളും കത്തികളും ഇന്നും ആസ്വാദക മനസ്സിൽ നിറഞ്ഞാടുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും മടവൂർ വാസുദേവൻ നായരുടെ സ്മരണാർഥമുള്ള പുരസ്കാരവും തേടിയെത്തുമ്പോൾ  വാസു ആശാന്റെ അരങ്ങിലെ സംഭാവനകൾ ആദരിക്കപ്പെടുകയാണ്.  

പച്ചയിലും കത്തിയിലും ഒരേപോലെ തിളങ്ങിയ അഭിനയ പ്രതിഭയാണു കലാമണ്ഡലം വാസു പിഷാരടി. നളചരിതത്തിലെ നളനും ബാഹുകനും കിർമീര വധത്തിലെ ധർമപുത്രരും കല്യാണസൗഗന്ധികത്തിലെ ഭീമസേനനും ആശാൻ തിളങ്ങിയ പച്ചവേഷങ്ങളാണ്. കോട്ടയം കഥകളിലെ എല്ലാ നായകന്മാരെയും വാസു പിഷാരടി ആശാൻ അരങ്ങിൽ അവിസ്മരണീയമാക്കിയിട്ടുണ്ട്. ഉത്ഭവത്തിലെയും മറ്റു കഥകളിലെയും രാവണൻ, കീചകവധത്തിലെ കീചകൻ, നരകാസുരവധത്തിലെ നരകാസുരൻ എന്നീ കത്തിവേഷങ്ങളിലെ രാജസ പ്രഭാവവും അദ്ദേഹം അരങ്ങിൽ അനശ്വരമാക്കി. ഒരു കാലത്ത് ആശാന്റെ പരശുരാമൻ അരങ്ങിനു ഹരമായിരുന്നു. സന്താനഗോപാലത്തിലെ ബ്രാഹ്മണനടക്കമുള്ള മിനുക്കു വേഷങ്ങളും ആശാന്റെ കയ്യിൽ ഭദ്രമായിരുന്നു. 2003–2004 കാലമായതോടെ കലശലായ മുട്ടുവേദന നിമിത്തം അരങ്ങിനോടു വിട ചൊല്ലേണ്ടി വന്നു. എന്നിട്ടും ചില വേഷങ്ങൾ കൂടി അരങ്ങിലെത്തിക്കാനായി. 2015ൽ കാൽമുട്ടിനു ശസ്ത്രക്രിയ നടത്തി. തുടർന്നു കളിക്കാനാകില്ലെന്നു ഡോക്ടർ പറഞ്ഞെങ്കിലും ഗുരുവായൂരപ്പന്റെ സന്നിധിയിൽ കുചേലവേഷം ചെയ്തു. 

1943ൽ പാലക്കാട് ജില്ലയിലെ കോങ്ങാട്ടാണു വാസു പിഷാരടിയുടെ ജനനം. ഒറ്റപ്പാലം കേരള കലാനിലയത്തിൽ‍ ബാലകൃഷ്ണൻ നായർക്കു കീഴിൽ ആദ്യ കഥകളി അഭ്യസനം. പിന്നീട് മൂന്നു വർഷം കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘത്തിൽ പരിശീലനം. അവിടെ ഗുരുനാഥനായിരുന്ന വാഴേങ്കട കുഞ്ചുനായർ കലാമണ്ഡലത്തിലേക്കു പോയപ്പോൾ വാസു പിഷാരടി ഉൾപ്പെടെയുള്ള ശിഷ്യന്മാരും കലാമണ്ഡലത്തിലേക്കു നീങ്ങി. കലാമണ്ഡലം രാമൻകുട്ടി നായർക്കും കലാമണ്ഡലം പത്മനാഭൻ നായർക്കും കീഴിൽ ഉപരിപഠനം. 1979 മുതൽ കലാമണ്ഡലത്തിൽ അധ്യാപകൻ. 1999ൽ വൈസ് പ്രിൻസിപ്പലായി കലാമണ്ഡലത്തിൽ നിന്നു വിരമിച്ചു.  

life-kalamandalam-vasu-pisharody-the-kerala-sangeetha-nataka-akademi-fellowship-special-story-madhusoodanan-kartha

മാസ്റ്റർപീസ് വേഷങ്ങൾ

ആസ്വാദകരുടെ താൽപര്യ പ്രകാരമാണ് മാസ്റ്റർപീസ് വേഷങ്ങൾ ഉണ്ടാകുന്നത്. പിന്നീടത് വേഷക്കാർക്കും പ്രിയങ്കരമാകുന്നു. വാസു ആശാന്റെ സന്താനഗോപാലത്തിലെ ബ്രാഹ്മണൻ ഇങ്ങനെ ആസ്വാദകരുടെ താൽപര്യ പ്രകാരം രൂപപ്പെട്ടതാണ്. ഒരിക്കൽ കെട്ടിക്കാണുമ്പോൾ ഇഷ്ടപ്പെട്ടാൽ അതിന് ആവശ്യക്കരേറും. എന്നാൽ, വാസു പിഷാരടി ആശാന്റെ വേഷങ്ങളിൽ മുൻപന്തിയിൽ നള ബാഹുകന്മാരും രാവണനും കീചകനും തന്നെ. നല്ല ആരോഗ്യമുണ്ടായിരുന്ന കാലത്ത് അരങ്ങ് ത്രസിപ്പിച്ച പരശുരാമൻ വേഷങ്ങളും ഏറെ കെട്ടിയാടി. കെട്ടിയ വേഷങ്ങളോടെല്ലാം ആത്മാർഥത പുലർത്തിയ ആശാന് എല്ലാ വേഷങ്ങളും ആവോളം സംതൃപ്തിയും നൽകിയിരുന്നു.

കഥകളി അരങ്ങിലേക്ക്

കോങ്ങാട് സ്കൂളിൽ ഒരു അധ്യാപകന്റെ വിരമിക്കലിനു കഥകളി നിശ്ചയിച്ചു. അന്ന് വാസു പിഷാരടിയെന്ന വിദ്യാർഥിക്കും വേഷം കിട്ടി. കലാമണ്ഡലം മുരളീധരനായിരുന്നു പരിശീലിപ്പിച്ചത്. ശ്രീകൃഷ്ണന്റെ വേഷത്തിൽ ആദ്യ അരങ്ങിലെത്തി. പത്തു പതിനഞ്ചു മിനിറ്റ് മാത്രം. അന്നത്തെ അധികാരി താപ്പുണ്ണി നായർ കഥകളി ആസ്വാദകനും കഥകളി കലാകാരന്മാർക്ക് എല്ലാ സഹായവും ചെയ്യുന്നയാളുമായിരുന്നു. അദ്ദേഹത്തോടു കഥകളി പഠിക്കാനുള്ള താൽപര്യം അറിയിച്ചു. അന്ന് അഞ്ചാം ക്ലാസ്സിലാണ്. ഏഴാം ക്ലാസ്സിൽ എത്തട്ടേയെന്നായിരുന്നു ഉപദേശം. കഥകളി പഠനം അത്ര എളുപ്പമല്ലെന്നും വളരെ കഷ്ടപ്പാടാണെന്നും പറഞ്ഞ് അദ്ദേഹം നിരുത്സാഹപ്പെടുത്താൻ നോക്കിയിരുന്നു. അങ്ങനെയാണ് ഒറ്റപ്പാലം കേരള കലാലയത്തിൽ പഠിക്കാനെത്തുന്നത്. ഒരു വർഷം കഴിഞ്ഞു വാഴേങ്കട കുഞ്ചുനായർ ആശാന്റെ കീഴിൽ കോട്ടയ്ക്കലിൽ. കലാമണ്ഡലത്തിന്റെ ആദ്യ  പ്രിൻസിപ്പലായി കുഞ്ചുനായരാശാൻ പോയപ്പോൾ ശിഷ്യന്മാരും (വാസു പിഷാരടി, കോട്ടയ്ക്കൽ ശിവരാമൻ, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, കുഞ്ചുനായർ ആശാന്റെ മകൻ വിജയൻ) കലാമണ്ഡലത്തിലെത്തി. അഞ്ചു കൊല്ലം കലാമണ്ഡലത്തിൽ സ്റ്റൈപൻഡോടെ പഠനം. പിന്നീട് കേന്ദ്രസർക്കാർ സ്കോളർഷിപ്പോടെ 2 വർഷം. ആകെ 11 കൊല്ലത്തോളം അഭ്യാസം. 1969 മുതൽ 79 വരെ പല കാലത്തായി അധ്യാപകനായി കലാമണ്ഡലത്തിൽ സേവനമനുഷ്ഠിച്ചു. 1979 മുതൽ 99 വരെ സ്ഥിരം അധ്യാപകൻ. 1999ൽ കലാമണ്ഡലം വിട്ടത് വൈസ് പ്രിൻസിപ്പലായി.

കലാമണ്ഡലത്തിൽ നിന്നു വിരമിച്ച ശേഷം അമ്പലപ്പുഴ ‘സന്ദർശൻ’ കഥകളി വിദ്യാലയത്തിൽ അധ്യാപകനായി. അവിടെ കലാമണ്ഡലം ഷൺമുഖനും ചമ്പക്കര വിജയകുമാറും കലാനിലയം വിനോദും ശിഷ്യരായിരുന്നു. കലാമണ്ഡലത്തിലെ പഠനശേഷം ഉപരിപഠനം എന്ന നിലയിലായിരുന്നു ആ കളരിയിലെ അഭ്യാസം. 69നു 79നും ഇടയിൽ രണ്ടുമൂന്നു കൊല്ലം ഗുരുവായൂർ കഥകളി ക്ലബ്ബിന്റെ കീഴിലും കുട്ടികളെ അഭ്യസിപ്പിച്ചു. 

വിദേശ പര്യടനങ്ങൾ

പഠനകാലത്തു തന്നെ പല തവണ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി പലയിടത്തും കഥകളി അവതരിപ്പിക്കാൻ അവസരം ലഭിച്ചു. 70ൽ ആദ്യ വിദേശപര്യടനം. കലാമണ്ഡലം സംഘത്തിന്റെ ലോകപര്യടനത്തിൽ ആശാനെയും ഉൾപ്പെടുത്തിയിരുന്നു. ജപ്പാൻ, ഹോങ്കോങ്, ഇന്തോനീഷ്യ, ഫിജി ഐലൻഡ്സ്, ഓസ്ട്രേലിയ, ഹവായ് ഹോണോലുലു, സാൻഫ്രാൻസിസ്കോ.... നാലര മാസത്തെ വിശാലമായ പര്യടനം. എം.കെ.കെ. നായരുടെ നേതൃത്വത്തിൽ എഫ്എസിടി കഥകളി കേന്ദ്രത്തിന്റെ യൂറോപ്യൻ പര്യടനത്തിലും അവസരം ലഭിച്ചു. പിന്നീട് 1972ലും 74ലും ഫാക്ട് കഥകളി കേന്ദ്രത്തോടൊപ്പം വിദേശ പര്യടനം. 

1972ൽ മാലി മാധവൻ നായരുടെ താൽപര്യപ്രകാരം ദൂരദർശന്‍ കൃഷ്ണദൂത് അവതരിപ്പിച്ചിരുന്നു. ദൂരദർശന്റെ ആദ്യകാല കഥകളി അവതരണങ്ങളിൽ ഒന്ന്. അതിൽ വാസു പിഷാരടി കൃഷ്ണന്റെ വേഷം ചെയ്തു. മാമ്പുഴ മാധവപ്പണിക്കരുടെ ദുര്യോധനനും. ഡൽഹിയിൽ അശോകാ ഹോട്ടലിൽ ഒരു കളിയുണ്ടായിരുന്നു. രാവണവേഷം കഴിഞ്ഞു എം.കെ.കെ.നായർ കാറിലാണു ദൂരദർശനിലേക്കു കൊണ്ടുപോയത്. 40 തവണ വിദേശ പര്യടനം നടത്തി. 

life-profile-kalamandalam-vasu-pisharody-the-kerala-sangeetha-nataka-akademi-fellowship-special-story-madhusoodanan-kartha

ചില വിയോജിപ്പുകൾ

കലാമണ്ഡലത്തിലെ രാഷ്ട്രീയം എന്നും കഥകളിക്കു ദോഷമായിരുന്നു എന്ന അഭിപ്രായക്കാരനാണു വാസു പിഷാരടി. പരമ്പരാഗതമായ കുറേ ചിട്ടകളുണ്ട് കഥകളിയിൽ. അതിനു കാലാനുസൃതമായ മാറ്റം വരുത്താമെന്നല്ലാതെ അടിമുടി മാറ്റാനൊന്നും സാധിക്കില്ല. അവിടെയൊക്കെ കയറി പലരും അഭിപ്രായങ്ങൾ പറയുന്നതും മറ്റും സങ്കടകരമാണ്. സിലബസ് മാറ്റത്തെക്കുറിച്ചൊക്കെ ഇവർ ആധികാരികമായി പറഞ്ഞു കളയും. സിലബസ് കമ്മിറ്റി, അവാർഡ് കമ്മിറ്റി എന്നിവയിൽ കുറേപ്പേർ നുഴഞ്ഞുകയറും. ഇത്തരം പ്രവണതകൾ മർമത്തിലേക്കു പിടിച്ചാൽ നാശമാണ്. 

ആദ്യകാലത്തു കഥകളി രംഗത്തു ധാരാളം സ്ത്രീകൾ ഉണ്ടായിരുന്നു. എന്നാൽ, ഒരു ഘട്ടമെത്തിയാൽ ഇവർ‌ പിൻമാറും. അന്നത്തെ സാമൂഹിക വ്യവസ്ഥിതിയായിരുന്നു ഇതിനു കാരണം. കൂടിയാട്ടത്തിൽ സ്ഥിതി വ്യത്യസ്തമാണ്. മിക്കവാറും സ്ത്രീവേഷം സ്ത്രീകൾ തന്നെയാണു ചെയ്യുക. 

സ്ത്രീവേഷം സ്ത്രീകൾ തന്നെ കെട്ടുന്നതാണു നല്ലത്. കഴിഞ്ഞ തലമുറയിൽ സ്ത്രീത്വം കാണിക്കാനേ വേഷത്തിലൂടെ ഉദ്ദേശിച്ചിരുന്നുള്ളൂ. കോട്ടയ്ക്കൽ ശിവരാമനെപ്പോലെയുള്ള ചുരുക്കം ചിലരൊഴിച്ചാൽ സ്ത്രീവേഷം കെട്ടിയാൽ പുരുഷനാണെന്നു മനസ്സിലാവുകയും ചെയ്യുമായിരുന്നു. ഇപ്പോഴാകട്ടെ സ്ത്രീകൾ വേഷം കെട്ടി മനോഹരമായി ആടുന്നു. അതാകട്ടെ പലപ്പോഴും പുരുഷന്മാർ കെട്ടുന്ന സ്ത്രീ വേഷങ്ങളേക്കാൾ സുന്ദരമായിത്തന്നെ. വായിച്ചും എഴുതിയും വളർന്ന നല്ല വിദ്യാഭ്യാസം നേടിയവരാണ് ഇവരേറെയും. സ്ത്രീകൾ തന്നെ സ്ത്രീവേഷം കെട്ടുന്ന രീതി വൈകാതെ വരുമെന്നാണു പ്രതീക്ഷിക്കുന്നത്. കാലം ആവശ്യപ്പെടുന്ന അനിവാര്യമായ മാറ്റമാണത്. യാഥാസ്ഥിതിക ആസ്വാദകർ മുഴുവൻ അംഗീകരിക്കണം എന്നില്ല. ആസ്വാദകർ പല രീതിയിലുള്ളവരാണ്. എല്ലാവർക്കും ഒരേ കാഴ്ചപ്പാടല്ല.

കഥകളിയിലും ആരാധകർ തെക്കും വടക്കും എന്ന ഭേദം മറന്ന് എല്ലാത്തിനെയും സ്വീകരിക്കുന്ന നിലയാണ് ഇന്നുള്ളത്. പ്രാദേശിക വ്യത്യാസമൊന്നും ആസ്വാദനത്തിൽ ഇല്ലാതായി വരുന്നു. തെക്കൻ, വടക്കൻ ശൈലികളെല്ലാം തെക്കും വടക്കും അംഗീകരിക്കുന്നു.

കളരികളിൽ പണ്ടു കഠിനമായ ശിക്ഷ നൽകിയിരുന്നു. ശിക്ഷ പേടിച്ചാണെങ്കിലും ഭക്ഷണം കിട്ടേണ്ടതിനാൽ പലരും രംഗത്തു തുടരുകയായിരുന്നു. ഇപ്പോൾ മോഹിച്ചു വരുന്നവരാണ് ഏറെയും അതിനാൽ കഠിനമായ ശിക്ഷ ആവശ്യമില്ല. ശിക്ഷ കൂടിയാലും ദോഷങ്ങളുണ്ട്. അടിച്ചാൽ കുട്ടികളുടെ ബുദ്ധി ആകെ ഭ്രമിക്കും. പിന്നെ എന്തു പറഞ്ഞുകൊടുത്താലും മനസ്സിലാകില്ല. നന്നായി പഠിപ്പിച്ച ശേഷം തെറ്റു വരുത്തിയാൽ ശിക്ഷിക്കുന്നതിൽ തെറ്റില്ല. കുട്ടികളുടെ ബുദ്ധി വികസിപ്പിക്കുയാണു വേണ്ടത്. 

കൂട്ടുവേഷങ്ങൾ

ആദ്യകാലത്ത് എല്ലാ ആശാന്മാരോടൊപ്പവും ധാരാളം കൂട്ടുവേഷങ്ങൾ ഉണ്ടായിട്ടുണ്ട് പിഷാരടി ആശാന്. പിന്നീട് കലാമണ്ഡലം ഗോപി, സദനം കൃഷ്ണൻകുട്ടി, കോട്ടയ്ക്കൽ ചന്ദ്രശേഖര വാരിയർ എന്നിവർക്കൊപ്പവും പുതിയ തലമുറക്കാർക്കൊപ്പവും ധാരാളം വേഷങ്ങൾ ചെയ്തു. നളചരിതത്തിൽ കോട്ടയ്ക്കൽ ശിവരാമനൊപ്പവും കലാമണ്ഡലം വിജയകുമാറിനൊപ്പവുമാണ് കൂടുതൽ അരങ്ങിൽ വന്നിട്ടുള്ളത്. കല്ലുവഴി വാസുവിനോടൊപ്പവും ധാരാളം വേഷം ചെയ്തിട്ടുണ്ട്. 

പുരസ്കാരങ്ങൾ, ഫെലോഷിപ്പുകൾ

1993ൽ വീരശൃംഖലയും പട്ടിക്കാംതൊടി പുരസ്കാരവും നേടി. (കലാമണ്ഡലത്തിന്റെയും സദനത്തിന്റെയും പട്ടിക്കാംതൊടി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.) 1998ൽ കലാമണ്ഡലം അവാർഡ്, ഫെലോഷിപ്, 2003ൽ കേരള സംഗീതനാടക അക്കാദമി അവാർഡ്, 2004ൽ കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്. 2012ൽ സംസ്ഥാന സർക്കാരിന്റെ കഥകളി പുരസ്കാരം. ഇതിനു പുറമേയാണു കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്, അമൃതാനന്ദമയി പുരസ്കാരം, വിവിധ ക്ലബ്ബുകളുടെയും ഉത്സവക്കമ്മിറ്റികളുടെയും സ്വർണമെഡലുകൾ, പുരസ്കാരങ്ങൾ. ഈ വർഷം കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും മടവൂർ വാസുദേവൻ നായർ സ്മാരക പുരസ്കാരവും.

സിനിമയിൽ ഉണ്ടെന്നും ഇല്ലെന്നും പറയാം

സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്. വാനപ്രസ്ഥം സിനിമയിൽ മോഹൻലാലിന്റെ ചില വേഷങ്ങളുടെ ദൂരക്കാഴ്ച വാസു ആശാന്റേതാണെന്നതു പലർക്കും പുതിയ അറിവാകും. രാവണൻ, ബാലി തുടങ്ങിയ വേഷങ്ങൾ ആ സിനിമയിൽ മോഹൻലാലിനു വേണ്ടി ചെയ്തിട്ടുണ്ട്. വെള്ളിനേഴി കാന്തള്ളൂർ ക്ഷേത്രത്തിലായിരുന്നു ചിത്രീകരണം.

കല കൊണ്ട് ഉപജീവനം

കഥകളി കൊണ്ടു ജീവിക്കാൻ കലാകാരന്മാർക്കു പണ്ടു സാധിക്കുമായിരുന്നില്ല. അതുകൊണ്ടു പലരും രംഗം വിട്ടു പോകാൻ നിർബന്ധിതരായി. കീഴ്പ്പടം കുമാരൻ നായരാശാൻ മദ്രാസിലെത്തി എംജിആറിനെയും രഞ്ജനെയും എം.എൻ.നമ്പ്യാരെയുമെല്ലാം നൃത്തം പഠിപ്പിച്ചിരുന്നു. എഴുപതു കഴിഞ്ഞാണ് അദ്ദേഹം തിരികെ നാട്ടിലെത്തി കഥകളി അരങ്ങു കീഴടക്കിയത്. വാസു പിഷാരടി ആശാനും ഇടക്കാലത്തു ബോംബെയ്ക്കു പോയിരുന്നു. ഇന്നത്തെ കലാകാരന്മാർക്കു ഭാഗ്യവശാൽ അങ്ങനെയൊരു കഷ്ടപ്പാട് അനുഭവിക്കേണ്ടി വരുന്നില്ല എന്ന് ആശാൻ പറയുന്നു.

ഗ്രന്ഥരചന

നളചരിതത്തിലെ വിശദമായ രംഗാവതരണത്തെക്കുറിച്ച് ആശാൻ രചിച്ച ‘രംഗനൈഷധം’ ശ്രദ്ധേയമായ ഗ്രന്ഥമാണ്. നളചരിതം നാലു ദിവസങ്ങളിൽ അരങ്ങിൽ കളിക്കാത്ത ഭാഗങ്ങൾക്കും ഇതിൽ വിശദമായ ചൊല്ലിയാട്ടത്തെക്കുറിച്ചു പറയുന്നുണ്ട്.

English Summary : Kalamandalam Vasu Pisharody, the Kerala Sangeetha Nataka Akademi Fellowship winner

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA