കൊച്ചിയുടെ സാംസ്കാരിക മുഖം മാറ്റാൻ ‘ആസ്ക്’

HIGHLIGHTS
  • കൊച്ചിയിൽ 'ആസ്ക്' ചോദിക്കുകയല്ല, പറയുകയാണ്
  • നമ്മുടെ സാംസ്കാരിക ഇടങ്ങൾക്ക് തിരിച്ചു പിടിക്കാനുള്ള പറച്ചിൽ
arts-space-kochi-a-new-initiative-for-cultural-development
ആസ്ക് ദർബാർ ഹാൾ ഗ്രൗണ്ടിൽ നടത്തിയ സംഗീത പരിപാടിയിൽ നിന്ന്
SHARE

കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ കഴിഞ്ഞ ‍ഡിസംബറിൽ സിംഗപ്പൂരിലെ ‘ക്ലാക്‌കീ’ സെൻട്രൽ മാളിൽ വീണ്ടും കലയുണർന്നു. സംഗീതജ്ഞർ, ചിത്രകാരൻമാർ, നാടക കലാകാരൻമാർ തുടങ്ങിയവരെല്ലാം അവരുടെ കലാ പരിപാടികളുമായി തെരുവിലെത്തിയപ്പോൾ ‘ക്ലാക്‌കീ’ വീണ്ടും ജീവിതം തിരിച്ചു പിടിക്കുകയായിരുന്നു. സിംഗപ്പൂരിലെ നാഷനൽ ആർട്സ് കൗൺസിലാണ് (എൻഎസി) ഇത്തരമൊരു ദൗത്യത്തിനു നേതൃത്വം നൽകിയത്.

ഏകദേശം 350 തെരുവു കലാകാരൻമാർ എൻഎസിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അവരിൽ നിന്നു തിരഞ്ഞെടുത്ത കലാകാരൻമാർക്കാണു ക്ലാക്‌കീ സെൻട്രൽ മാളിൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകിയത്. കലാകാരൻമാർക്ക് അവസരം നൽകുന്നതിനൊപ്പം പൊതുജനങ്ങൾക്കു വിനോദവും മാനസിക ഉല്ലാസവും പ്രദാനം ചെയ്യുകയെന്ന ലക്ഷ്യവും ഈ ദൗത്യത്തിനു പിന്നിലുണ്ടായിരുന്നു. ഫലമോ, അവിടെ വീണ്ടും കലയും കലാസ്വാദനവും സജീവമായി.

ആർട്സ് സ്പേസ് കൊച്ചി അഥവാ ആസ്ക്

സിംഗപ്പൂരിൽ നിന്നു കൊച്ചിയിലെത്തുമ്പോൾ ആ കലാവിപ്ലവം മറ്റൊരു രൂപത്തിൽ അരങ്ങേറുന്നുണ്ട്; ഒരു പക്ഷേ, ഭാവിയിൽ കൊച്ചിയുടെ സാംസ്കാരിക മുഖം തന്നെ മാറ്റാൻ കഴിയുന്ന ഒരു ശ്രമം– ‘ആർട്സ് സ്പേസ് കൊച്ചി’ അഥവാ ആസ്ക്. ‘ആസ്ക്’ എന്ന ഇംഗ്ലിഷ് വാക്കിന്റെ അർഥം ‘ചോദിക്കുക’ എന്നാണ്. കൊച്ചിയിൽ ‘ആസ്ക്’ ചോദിക്കുകയല്ല, പറയുകയാണ്. നമ്മുടെ സാംസ്കാരിക ഇടങ്ങൾക്ക് തിരിച്ചു പിടിക്കാനുള്ള പറച്ചിൽ.

arts-space-kochi-a-new-initiative-for-cultural-development
ആസ്ക് കേരള ലളിത കലാ അക്കാദമിയുമായി ചേർന്നു ചാത്യാത്ത് ക്വീൻസ് വോക്‌വേയിൽ സംഘടിപ്പിച്ച ചിത്രകലാ ക്യാംപിൽ നിന്ന്

എന്താണ് ആസ്ക് ?

കൊച്ചി കോർപറേഷനിൽ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ സെന്റർ ഫോർ ഹെറിറ്റേജ്, എൻ‌വയൺമെന്റ് ആൻഡ് ഡവലപ്മെന്റ് (സി ഹെഡ്) രൂപം നൽകിയ ഒരു സാംസ്കാരിക പ്രോജക്ടാണ് ആർട് സ്പേയ്സ് കൊച്ചി അഥവാ ആസ്ക്. മേയറായി ചുമതലയേറ്റ ശേഷം എം. അനിൽകുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ നടൻ ജയസൂര്യയാണു കലാകാരൻമാർക്കു വേണ്ടി എന്തെങ്കിലും ചെയ്തുകൂടെ എന്ന ചോദ്യമുന്നയിച്ചത്. തുടർന്നാണ് സി ഹെഡിനു കീഴിൽ ആസ്ക് എന്ന പദ്ധതി രൂപമെടുക്കുന്നത്.

ഇത്തവണത്തെ കോർപറേഷൻ ബജറ്റിൽ ആസ്കിന് 20 ലക്ഷം രൂപയാണു നീക്കിവച്ചിട്ടുള്ളത്. താരതമ്യേന ചെറിയ തുകയാണെങ്കിലും ഗുണപരമായ മാറ്റത്തിനു തുടക്കമിടാൻ ഇതുവഴിയാവും. ചലനാത്മകമായ സാംസ്കാരികരംഗം നഗരത്തിന്റെ ജീവിത നിലവാരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. നഗരത്തിലെ മുഴുവൻ സാംസ്കാരിക കേന്ദ്രങ്ങളെയും സാംസ്കാരിക പ്രവർത്തകരെയും ഏകോപിപ്പിച്ചാണ് ആസ്ക് പ്രവർത്തിക്കുക.

ആസ്കിന്റെ ലക്ഷ്യം

പ്രത്യക്ഷത്തിൽ‌ കലാകാരൻമാർക്കു വേദിയൊരുക്കുകയെന്നതാണ് ആസ്ക് മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം. കോവിഡ് മൂലം ഒട്ടേറെ കലാകാരൻമാരാണു പ്രതിസന്ധിയിലായത്. ഉത്സവ സീസണുകളാണു കലാകാരൻമാരുടെ പ്രധാന വരുമാന മാർഗം. എന്നാൽ, കഴിഞ്ഞ തവണത്തെ ഉത്സ‍വ സീസൺ കോവിഡ് മൂലം നഷ്ടപ്പെട്ടു. ഇതോടെ കലാകാരൻമാരിൽ പലരും പ്രതിസന്ധിയിലായി.

പ്രതിസന്ധി നേരിട്ട കലാകാരൻമാർക്ക് ആത്മവിശ്വാസം പകരാനും അവർക്കു വേദിയൊരുക്കാനുമാണ് ആസ്ക് ലക്ഷ്യമിട്ടതെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു. ആസ്കിന്റെ പരിപാടികളോടെ മറ്റുള്ളവരും പരിപാടികൾ സംഘടിപ്പിക്കാൻ തയാറായി. അതു കലാ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. കോവിഡിന്റെ ഭീതി മാറി പൊതു ഇടങ്ങളെ വീണ്ടും സജീവമാക്കാൻ ഇതിലൂടെ കഴിയുമെന്നു മേയർ പറഞ്ഞു.

കൊച്ചി നഗരത്തിൽ ജോസ് ജംക്‌ഷനിലെ കെഎംആർഎൽ പബ്ലിക് പ്ലാസ, ഫോർട്ട് കൊച്ചിയിലെ വാസ്കോഡ ഗാമ സ്ക്വയർ, പനമ്പിള്ളി നഗറിലെ കോയിത്തറ പാർക്ക്, ചാത്യാത്ത് ക്വീൻസ് വോക്‌വേ തുടങ്ങിയ പൊതു ഇടങ്ങളിലെല്ലാം ആസ്ക് കലാപരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു. കടവന്ത്ര ഉൾപ്പെടെ ഒട്ടേറെ സ്ഥലങ്ങളിൽ പരിപാടികൾ അവതരിപ്പിക്കാനും ആസ്ക് ആലോചിക്കുന്നു

വൈകിട്ടെന്താ പരിപാടി?

കുടുംബത്തിനൊപ്പം സായാഹ്നത്തിൽ നടക്കാനിറങ്ങുമ്പോൾ സ്ട്രീറ്റിൽ നിങ്ങൾക്ക് ആസ്വദിക്കാൻ അൽപം സംഗീതമോ, കലാ പരിപാടികളോ ഉണ്ടെങ്കിലോ? അതു നമ്മുടെ മനസ്സിനെ ശാന്തമാക്കും. ടെൻഷൻ പിടിച്ച ജീവിതത്തിൽ അൽപം മാനസിക സന്തോഷം പകരാൻ ഇതു വഴി സാധിക്കും; അതിലൂടെ ഒരാളിന്റെ ജീവിതത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കാനും.

ആസ്ക് സംഘടിപ്പിക്കുന്ന പരിപാടികളുടെ ഒരു ലക്ഷ്യം കൂടിയാണിത്. നഗര ജനതയിൽ വലിയ തോതിൽ സാമൂഹിക–സാംസ്കാരിക മാറ്റമുണ്ടാക്കാൻ ഇതുവഴി സാധിക്കുമെന്ന് ആസ്കിനു നേതൃത്വം നൽകുന്ന സി ഹെഡ് ഡയറക്ടർ ഡോ. രാജൻ ചേടമ്പത്ത് പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം കലാപരിപാടികൾ അവരുടെ ജീവിതത്തിന്റെ ഭാഗം കൂടിയാണ്. മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലും ഇത്തരത്തിൽ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.

പൊതു ഇടങ്ങൾ നമ്മുടേതും

പൊതു സ്ഥലങ്ങൾ മറ്റാരുടേതോ ആണെന്ന ചിന്തയാണു പൊതുവേ ജനങ്ങൾക്ക്. എന്നാൽ, അതിനു പകരം പൊതു ഇടങ്ങൾ നമ്മുടേതു കൂടിയാണെന്ന ചിന്ത ജനങ്ങളിൽ സൃഷ്ടിക്കാൻ ആസ്ക് പരിപാടികളിലൂടെ  സാധിക്കുമെന്നു കരുതുന്നു. പൊതു ഇടങ്ങളിൽ തുപ്പുക, മാലിന്യം വലിച്ചെറിയുക തുടങ്ങിയ ശീലങ്ങൾ ഇല്ലാതാക്കാനും ഇതു വഴി തെളിക്കും. 

‘ജീവിക്കാൻ കഴിയുന്ന നഗരം’ (ലിവബിൾ സിറ്റി) എന്ന രീതിയിലേക്കുള്ള കൊച്ചി നഗരത്തിന്റെ മാറ്റത്തിൽ വലിയ പങ്കു വഹിക്കാൻ ഇത്തരം ശ്രമങ്ങൾക്കു കഴിയുമെന്നു കരുതുന്നു. പൊതു ഇടങ്ങൾ കൂടുതൽ സജീവമാകുന്നതോടെ ഇതിന്റെ പരിസര പ്രദേശങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിൽ വിൽപന വർധിക്കാനും ഇടയാകും. ഇതുവഴി വാണിജ്യ മുന്നേറ്റമുണ്ടാക്കാനും സഹായിക്കും.

ask-logo
ആസ്ക് ലോഗോ

റസി. അസോ. സഹകരണം

നഗരത്തിലെ റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ചു പരിപാടികൾ സംഘടിപ്പിക്കാനും ആസ്ക് ലക്ഷ്യമിടുന്നുണ്ട്. പരിപാടികൾ സംഘടിപ്പിക്കാനുള്ള ചെറിയ സഹായങ്ങൾ ആസ്ക് വഴി കോർപറേഷൻ നൽകും. റസിഡൻസ് അസോസിയേഷനുകളുടെ സ്ട്രീറ്റുകളിൽ തന്നെയുള്ള ചെറിയ ഇടങ്ങളിലാണു പരിപാടികൾ നടത്തുക. റസിഡൻസ് അസോസിയേഷനിലെ കലാകാരൻമാർക്കു തന്നെ ഇതിന്റെ ഭാഗമാവുകയും ചെയ്യാം.

ആസ്ക് പരിപാടികളുടെ സംഘാടനത്തിനായി വിവിധ ഏജൻസികളുമായി സഹകരിക്കുന്ന കാര്യവും പരിഗണയിലാണ്. കേരള ലളിതകലാ അക്കാദമിയുമായി ചേർന്നു ചാത്യാത്ത് ക്വീൻസ് വോക്‌വേയിൽ ആസ്ക് 3 ദിവസം നീണ്ടു നിന്ന ചിത്രകലാ ക്യാംപ് സംഘടിപ്പിച്ചിരുന്നു. ഈ ക്യാംപിൽ വരച്ച ചിത്രങ്ങളുടെ വിൽപനയിലൂടെയും ആസ്ക് പരിപാടികൾക്കു ധനസമാഹരണം നടത്തും.

നൃത്തം, സംഗീതം, ചലച്ചിത്രോത്സവം

കോവിഡ് മൂലം രാജ്യാന്തര ചലച്ചിത്രോത്സവം ഇത്തവണ കൂടുതൽ വേദികളിൽ സംഘടിപ്പിച്ചപ്പോൾ അതിലൊരു വേദി കൊച്ചിയായിരുന്നു. അടുത്ത തവണയും കൊച്ചിയിൽ ചലച്ചിത്രോത്സവം സംഘടിപ്പിക്കാൻ ആലോചനയുണ്ട്. ചലച്ചിത്രോത്സവം, നൃത്ത സംഗീതോത്സവം, നാടകോത്സവം എന്നിവ ആസ്കിനു കീഴിൽ സംഘടിപ്പിക്കുന്ന കാര്യമാണു പരിഗണയിലുള്ളത്. 

കലാ സ്ഥാപനങ്ങൾ, കോളജുകൾ, കലാ കൂട്ടായ്മകൾ എന്നിവയുമായെല്ലാം സഹകരിക്കുന്ന കാര്യം പരിഗണനയിലാണെന്നു ഡോ. രാജൻ ചേടമ്പത്ത് പറഞ്ഞു. സമൂഹത്തിൽ പെട്ടെന്നുള്ള മാറ്റമല്ല ആസ്ക് ലക്ഷ്യമിടുന്നത്. ഒരു സ്വാഭാവിക വളർച്ച ആസ്കിനുണ്ടാകും. അതിനു വഴിയൊരുക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary : Art space Kochi, a new initiative by Kochi Coperation to support artists

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA