ADVERTISEMENT

ഹെലൻ എന്ന സിനിമയിലൂടെ മികച്ച മേക്കപ് ആർട്ടിസ്റ്റിനുള്ള 2019 ലെ ദേശീയ ചലച്ചിത്ര അവാർഡിന് അർഹനായിരിക്കുകയാണ് രഞ്ജിത്ത് അമ്പാടി. മൈനസ് 18 ഡിഗ്രിയുള്ള ഫ്രീസറിൽ അബദ്ധത്തിൽ പെട്ടുപോയൊരു പെൺകുട്ടിയുടെ ശരീരത്തിൽ കൊടും തണുപ്പ് വരഞ്ഞ മരണത്തിന്റെ അടയാളങ്ങളെ അതിസൂക്ഷ്മമായി സൃഷ്ടിച്ചാണു രഞ്ജിത്ത് ദേശീയ പുരസ്കാരത്തിന് അർഹനായത്. 

ഹെലനിലെ മേക്കപ്പിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം രഞ്ജിത്ത് നേടിയിരുന്നു. അ‍ഞ്ചാം തവണ സംസ്ഥാന അവാർഡ് തേടിയെത്തിയ ആ അവസരത്തിൽ രഞ്ജിത്ത് അമ്പാടി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖം പുനർ പ്രസിദ്ധീകരിക്കുന്നു.

∙ മലയാള സിനിമ ഇതുവരെ പിന്തുടരാത്ത ഒരു രീതിയാണ് ഹെലൻ എന്ന ചിത്രത്തിലേത്. ഒരു സർവൈവൽ ത്രില്ലർ സിനിമയിലെ മേക്കപ് ഏറ്റെടുക്കുമ്പോൾ എന്തായിരുന്നു മുന്നൊരുക്കങ്ങൾ ?

തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമായിരുന്നതുകൊണ്ട് റഫറൻസിനു വേണ്ടി ആശ്രയിക്കാൻ മുൻമാതൃകകളില്ല എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പലപ്പോഴും ആ ജോണറിലുള്ള ഇംഗ്ലിഷ് സിനിമകളെയാണ് റഫറൻസിനുവേണ്ടി ആശ്രയിച്ചിരുന്നത്. അപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം അവരുടെ സ്കിൻ ടോണും നമ്മുടെ ആർട്ടിസ്റ്റുകളുടെ സ്കിൻ ടോണും തമ്മിൽ വളരെ അന്തരമുണ്ട് എന്നതാണ്. അതുകൊണ്ടുതന്നെ കളർ ടോണുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അവസരങ്ങളിൽ കുറച്ച് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു.

കുറച്ചു കൂടി വിശദമായി പറഞ്ഞാൽ, അവരുടെ ബ്രൈറ്റ് സ്കിൻ ടോണിൽ വരുത്തുന്ന മാറ്റങ്ങൾ റഫറൻസ് ആയെടുത്ത് ആ കളർ ടോൺ ഇവിടെയുള്ള ആർട്ടിസ്റ്റുകളിൽ അപ്ലൈ ചെയ്യുമ്പോൾ ലഭിക്കുന്നത് മറ്റൊരു കളർ ആകും. ഷൂട്ടിനു മുൻപ് ഒരുപാടു ട്രയലുകളും ഫോട്ടോഷൂട്ടുകളും നടത്തിയാണ് അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത്. അത്രയും കഷ്ടപ്പെട്ടു ജോലി ചെയ്തതിന് നല്ല റിസൽറ്റ് കിട്ടുകയും ചെയ്തു. ആ കഷ്ടപ്പാടിനു കിട്ടിയ അംഗീകാരമായാണ് സംസ്ഥാന പുരസ്കാരത്തെ കാണുന്നത്.

helen

∙ മൈനസ് ഡിഗ്രിയിൽ അകപ്പെടുന്ന ഒരാളുടെ ചർമം വല്ലാതെ വരളും. അത്തരം സൂക്ഷ്മ വിശദാംശങ്ങൾ വരെ എങ്ങനെയാണ് മേക്കപ്പിലൂടെ സാധ്യമാക്കിയത്?

വളരെ ബുദ്ധിമുട്ടിയാണ് അത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഒരു ചെറിയ സിനിമ എന്ന മട്ടിലാണ് പലരും ഹെലനെ കണ്ടത്. സിനിമ അത്ര വലുതല്ലെങ്കിലും വിശദാംശങ്ങൾ വേണ്ട ഒട്ടേറെ കാര്യങ്ങൾ ഈ ചിത്രത്തിലുണ്ടായിരുന്നു. ഷൂട്ടിന് മുൻപ് ഒരുപാട് ട്രയൽസ് എടുത്തിരുന്നു. സംവിധായകൻ, നിർമാതാവ് അങ്ങനെ എല്ലാവരും ട്രയൽസും ഫോട്ടോഷൂട്ടുകളും കണ്ടു വിലയിരുത്തി, പെർഫക്‌ഷനു വേണ്ടി ഇനിയും എന്തൊക്കെ ചെയ്യാമെന്നു തീരുമാനിച്ച് അതിനുവേണ്ട കാര്യങ്ങൾ സേർച്ച് ചെയ്ത് കണ്ടെത്തിയതിനു ശേഷമാണ് കഥാപാത്രത്തിൽ സൂക്ഷ്മമായ വിശദാംശങ്ങൾ വരെ ആവിഷ്കരിച്ചത്. കഴിഞ്ഞ വർഷം ഈ സമയം ഷൈലോക്, മാലിക്, ആടുജീവിതം തുടങ്ങിയ ബിഗ്ബജറ്റ് ചിത്രങ്ങളിലും ഞാൻ വർക്ക് ചെയ്തിരുന്നു. അവയുടെ ഫ്രെയിം തന്നെ വലുതാണ്. ഹെലൻ വലിയൊരു സിനിമയല്ല. ചെറിയ സിനിമയാണെങ്കിലും വളരെ ഡീറ്റെയിലായി ചെയ്യേണ്ട വർക്കായിരുന്നു.

∙ വലിയ മേക്ക്ഓവറുകളാണ് മേക്കപ്പിന്റെ മികവ് എന്ന ഒരു പൊതുബോധമുണ്ട്. അതിനെ പൊളിച്ചുകൊണ്ടാണ് ഹെലനിൽ മേക്കപ് ചെയ്തിരിക്കുന്നത്. അന്നാ ബെന്നിന്റെ  ചുരുളൻ മുടിയെയൊക്കെ അങ്ങനെതന്നെ നിലനിർത്തിയ മേക്കപ്. അതിനെക്കുറിച്ച്?

മിക്കവാറും ബിഗ്ബജറ്റ് സിനിമകളിൽ പ്രത്യേകിച്ച് ഹോംവർക്കിന്റെയൊന്നും ആവശ്യമില്ല. കഥാപാത്രങ്ങൾ ഗ്ലാമറായിരിക്കുക എന്നതിൽ കവിഞ്ഞ് പ്രത്യേകിച്ചൊന്നും ചെയ്യാൻ കാണില്ല. പക്ഷേ ആളുകളുടെ നോട്ടത്തിൽ അതാണ് വലിയ സിനിമ. അമ്പതും നൂറും ദിവസമൊക്കെ ഷൂട്ടിങ്ങുള്ള, നൂറുകോടി ക്ലബിൽ ഇടംപിടിക്കുന്ന സിനിമയാണ് അവരുടെ മനസ്സിലെ വലിയ സിനിമ. ഹെലൻ എന്ന ചിത്രത്തിന് 35 ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആ ഗെറ്റപ്പിലേക്കെത്താൻ പത്തു ദിവസത്തോളം കഠിനാധ്വാനം ചെയ്തിരുന്നു. അങ്ങനെ കഷ്ടപ്പെട്ടു ചെയ്തിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളുണ്ട്.

∙ കാൽനൂറ്റാണ്ട് നീളുന്ന സിനിമ കരിയറിൽ മറക്കാനാകാത്ത അനുഭവം?

നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങളുണ്ട്. പെട്ടെന്ന് ഒരെണ്ണമായി പറയാൻ ബുദ്ധിമുട്ടായിരിക്കും. ഇപ്പോഴത്തെ ഏറ്റവും നല്ല അനുഭവം മികച്ച മേക്കപ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരം അഞ്ചാം വട്ടവും തേടി വന്നു എന്നതാണ്.

ranjith-ambadi-with-nivin-roshan

∙ ഒരേ ആളുകൾ തന്നെ ഒന്നിലധികം കഥാപാത്രങ്ങളായെത്തുമ്പോൾ എങ്ങനെയാണ് മേക്കപ്പിൽ വ്യത്യസ്ത കൊണ്ടുവരുന്നത്?

പ്രധാന കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്തു കഴിഞ്ഞാൽ സൈഡ് ആർട്ടിസ്റ്റുകളുടെ കാര്യത്തിൽ സംവിധായകൻ, സ്ക്രിപ്റ്റ് റൈറ്റർ, മേക്കപ് ആർട്ടിസ്റ്റുകൾ എന്നിവർ ചേർന്ന് ചർച്ച ചെയ്യും. കഥാപാത്രത്തിന്റെ പ്രായം, ഗെറ്റപ്പ് എന്നിവയൊക്കെ  കണക്കു കൂട്ടി, ആരായിരിക്കും ആ റോളിനു ചേരുന്നത് എന്നു കണ്ടെത്തും.  അവരുടെ ഡേറ്റ് ഓക്കെ ആണെങ്കിൽ ലുക്ക് ടെസ്റ്റ് നടത്തും. ചിലരുടെ ശരീരം 40 വയസ്സുകാരന്റെ റോളിനും 70 വയസ്സുകാരന്റെ റോളിനും യോജിച്ചതായിരിക്കും. നേരത്തേ തീരുമാനിച്ച ആൾക്ക് ഡേറ്റ് ക്ലാഷ് ഉണ്ടായാൽ മറ്റൊരാളെ പരിഗണിക്കും. അങ്ങനെയൊക്കെയാണ് ഇക്കാര്യങ്ങൾ തീരുമാനിക്കുക. 

∙ മേക്കപ് ആർട്ടിസ്റ്റും മേക്കപ് ഡിസൈനറും തമ്മിലുള്ള വ്യത്യാസം?

സിനിമയിൽ ഒരു കഥാപാത്രത്തെ ഡിസൈൻ ചെയ്യുകയാണ്. സ്ക്രിപ്റ്റ് റൈറ്റർ അല്ലെങ്കിൽ സംവിധായകൻ കഥാപാത്രത്തിന് രൂപംകൊടുക്കുമ്പോൾ അവർ കണ്ട വിഷ്വൽ അതുപോലെ മേക്കപ് ആർട്ടിസ്റ്റിനും കാണാൻ കഴിയണം. നമ്മുടെ കാഴ്ചയിൽ എന്തെങ്കിലും അപാകത വന്നാൽ അവർ അത് തിരുത്തിത്തരും. അവർ ആവശ്യപ്പെടുന്ന രീതിയിൽ കഥാപാത്രത്തെ മേക്കപ് ചെയ്യുക എന്നതാണ് മേക്കപ് ആർട്ടിസ്റ്റിന്റെ ചുമതല. മേക്കപും ഹെയർ സ്റ്റൈലുമൊന്നും വെവ്വേറെ വിഭാഗമല്ലെങ്കിലും വർക്ക് ഫ്ലോ എളുപ്പമാക്കാനാണ് ഓരോ വിഭാഗമായി തിരിച്ച് അത് കോർഡിനേറ്റ് ചെയ്യുന്നത്.

∙ ഈ കരിയർ തിരഞ്ഞെടുക്കാനുള്ള പ്രചോദനം?

ഒരു തൊഴിൽ എന്ന നിലയ്ക്കാണ് ഈ മേഖലയിലെത്തുന്നത്. 2004 ൽ കാഴ്ച, മകൾ എന്നീ ചിത്രങ്ങളിലെ മേക്കപ്പിന് ആദ്യമായി സംസ്ഥാന അവാർഡ് ലഭിച്ചു. അതൊന്നും തീരെ പ്രതീക്ഷിച്ച കാര്യങ്ങളല്ല. കൊമേഷ്യൽ സിനിമയുടെ ഭാഗമാകുമ്പോഴാണല്ലോ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങുന്നത്. അതുകൊണ്ട് 100 ദിവസം ഓടുന്ന സിനിമയിൽ ജോലി ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് സിനിമയിൽ വന്നത്. അതു സാധിച്ചു. പിന്നെ ആഗ്രഹിച്ചത് അവാർഡിന് പരിഗണിക്കുന്ന രീതിയിലുള്ള സിനിമയിൽ ജോലി ചെയ്യണമെന്നാണ്. ഇന്ന് അത്തരം സിനിമകളും തേടി വരുന്നുണ്ട്.

∙ കുടുംബത്തിൽ മറ്റൊരു മേക്കപ് ആർട്ടിസ്റ്റ് കൂടിയുണ്ടല്ലോ. സഹോദരനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

സഹോദരന്റെ പേര് രതീഷ് അമ്പാടി. ഇപ്പോൾ സ്വതന്ത്രനായി വർക്ക് ചെയ്യുന്നു. എനിക്ക് ഒരുസമയം ഒന്നിലേറെ വർക്കുകൾ ചെയ്യേണ്ടി വരുമ്പോൾ എന്നെ സഹായിക്കാറുണ്ട്. 

∙ ലോക്ഡൗൺ കാല അനുഭവങ്ങൾ

ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പകുതിയാക്കി ജോർദാനിൽനിന്നു മടങ്ങി വന്നതുതൊട്ട് വീട്ടിലായിരുന്നു. ഷൂട്ടിങ് പുനരാരംഭിക്കാൻ ആറുമാസത്തോളം ഇടവേള വരുമെന്നൊന്നും അന്നു ചിന്തിച്ചിരുന്നില്ല. ഇനി വരാനുള്ള പ്രോജക്ടുകളെക്കുറിച്ചുള്ള ഡിസ്കഷനും മറ്റും ഫോണിലൂടെയും ഓൺലൈൻ മീറ്റിങ്ങിലൂടെയും നടന്നു. പുതിയ ചില പ്രോജക്ടുകൾ കമ്മിറ്റ് ചെയ്യാനും സാധിച്ചു. പുതിയ പ്രോജക്ടുകൾ ഈ വർഷം ഒടുവിലോ അടുത്ത വർഷം ആദ്യമോ തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു.

ranjith-ambady-with-mammootty

∙ പുതിയ പ്രോജക്ടുകൾ?

ഇനി റിലീസ് ആകാൻ പോകുന്നത് മാലിക് എന്ന ചിത്രമാണ്. അതിന്റെ വർക്കുകൾ നേരത്തേ കഴിഞ്ഞതാണ്. ആടുജീവിതത്തിന്റെ ഷൂട്ട് ഇനിയും ബാക്കിയുണ്ട്. മാലിക്, ടേക് ഓഫ് എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായ സാനു ജോൺ വർഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലാണ് ഇനി വർക്ക് ചെയ്യാൻ പോകുന്നത്. ബിജുമേനോനും പാർവതിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജുമേനോന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പാണ് ഈ ചിത്രത്തിലേത്. ഷൂട്ട് ഈ മാസം ഒടുവിൽ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary : National Film Award Winner Ranjith Ambadi Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com