ADVERTISEMENT

17 വർഷത്തെ കോർപ്പറേറ്റ് കരിയർ അവസാനിപ്പിച്ചാണു കൃഷ്ണകുമാർ മേനോൻ എന്ന കെ.കെ മേനോൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. അതും ആകസ്മികമായി. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ ആ കരിയർ ഇപ്പോൾ കുടുംബ വിളക്ക് സീരിയലിലെ സിദ്ധാർഥ് എന്ന കഥാപാത്രത്തിൽ എത്തി നിൽക്കുന്നു. പ്രേക്ഷകരുടെ ചീത്ത കേൾക്കേണ്ട അവസ്ഥയിലാണു സിദ്ധാർഥ് കെ.കെയെ എത്തിച്ചത്. കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചു എന്നതിന്റെ തെളിവായാണു കെ.കെ ഇതു കാണുന്നത്. അതുകൊണ്ടു ചീത്ത കേൾക്കുമ്പോൾ കെ.കെ വിഷമിക്കാറില്ല. പ്രിയ താരത്തിന്റെ കൂടുതൽ വിശേഷങ്ങളറിയാം...

അഭിനയത്തിലേക്ക്

ചില വ്യക്തികൾക്ക് അഭിനയം പാഷനായിരിക്കും. മറ്റു ചിലരിലേക്ക് അതു വിധി പോലെ വന്നെത്തുന്നതാണ്. എന്റെ കാര്യത്തിൽ രണ്ടാമത്തെയാണു സംഭവിച്ചത്. 17 വർഷത്തോളം ഒരു കോർപ്പറേറ്റിന്റെ കുപ്പായം അണിഞ്ഞ വ്യക്തിയാണു ഞാൻ. പല മുൻനിര സ്ഥാപനങ്ങളിലും ഇക്കാലയളവിൽ പ്രവർത്തിച്ചു. ഒരു വീടൊക്കെ വച്ചു സെറ്റിലാവാം എന്ന ചിന്ത വന്നപ്പോഴാണു ജോലി ഉപേക്ഷിച്ച് സ്വന്തം ബിസിനസ് തുടങ്ങാൻ തീരുമാനിച്ചത്. അങ്ങനെ ഊട്ടിയിൽ ബിസിനസ് തുടങ്ങി. അതിന്റെ ഭാഗമായുള്ള യാത്രകൾക്കിടയിലാണ് അഭിനയത്തിലേക്ക് എൻട്രി ലഭിക്കുന്നത്.

പ്രാദേശിക സിനിമയിലൂടെ തുടക്കം

അവിചാരിതമായി വന്ന ഒരു ഫോൺ കോളിലാണ് അഭിനയിക്കാൻ താൽപര്യം ഉണ്ടോ എന്ന് ഒരാൾ ചോദിക്കുന്നത്. ആദ്യം എനിക്ക് കൗതുകമായിരുന്നു. പിന്നീട് ആ പ്രൊജക്റ്റിന്റെ ഭാഗമാകാൻ തീരുമാനിച്ചു. അതൊരു പ്രാദേശിക സിനിമ മാത്രമായിരുന്നു. എന്നാൽ ആ  ചെറു സിനിമ എന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ് ആയി. ചില തമിഴ് സീരിയലുകളിൽ അവസരം ലഭിച്ചു. അവിടെ നിന്നു തമിഴ് സിനിമയിലേക്കും. പിന്നീടാണ് മലയാളത്തിലേക്ക് എത്തുന്നത്. 24 ഡേയ്സ് ആയിരുന്നു ആദ്യ മലയാള സിനിമ. പിന്നീട് കൂടെ, ഉയരെ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

kk-menon

കുടുംബവിളക്ക് വഴിത്തിരിവ്

സീരിയലിൽ അഭിനയിക്കാൻ തീരെ താൽപര്യം ഇല്ലാതിരുന്ന സമയത്താണു കുടുംബവിളക്കിലേക്ക് വിളിക്കുന്നത്. അഭിനയ സാധ്യത ഏറെയുള്ള റോൾ ആണെന്നു മനസിലായി. എന്തു ചെയ്യണം എന്ന ആശങ്ക ഉണ്ടായിരുന്നു. ടെലികാസ്റ്റ് ചെയ്യുന്ന ചാനൽ, കൂടെ അഭിനയിക്കുന്നവർ, കഥ എന്നീ കാര്യങ്ങളെപ്പറ്റി വീണ്ടും വീണ്ടും ചിന്തിച്ചപ്പോൾ റോൾ ഏറ്റെടുക്കാൻ തീരുമാനിച്ചു. നെഗറ്റീവ് റോൾ ആയതിനാൽ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്ന ചിന്ത ഉണ്ടായിരുന്നു. റോൾ ഏതായാലും മികച്ച രീതിയിൽ ചെയ്യുക എന്നതാണ് എന്റെ കാഴ്ചപ്പാട്. അതനുസരിച്ചാണു മുന്നോട്ടു പോയത്.

സിദ്ധാർഥ് എന്ന കഥാപാത്രം

നേരത്തെ പറഞ്ഞതു പോലെ അഭിനയ സാധ്യതയുള്ള റോളാണ്. ഒറ്റ നോട്ടത്തിൽ വളരെ നെഗറ്റീവ് ആയ കഥാപാത്രമാണ്. ഭാര്യയെ ഉപേക്ഷിച്ച് സ്വന്തം താൽപര്യങ്ങൾ തേടിപ്പോകുന്ന ഒരു കോർപ്പറേറ്റ് ഉദ്യോഗസ്ഥൻ. എന്നാൽ സിദ്ധാർഥിന് അതിനെല്ലാം അയാളുടേതായ കാരണങ്ങൾ ഉണ്ട്. അങ്ങനെ വളരെ ചാലഞ്ചിംഗ് ആയ കഥാപാത്രമാണ് സിദ്ധാർഥ്. 

പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഷൂട്ടിങ്ങിന്റെ ഭാഗമായും അല്ലാതെയും നടത്തുന്ന യാത്രകളിൽ സിദ്ധാർഥ് എന്ന കഥാപാത്രം എനിക്കു വില്ലനായി വന്നിട്ടുണ്ട്. ചിലയാളുകൾ വന്നു വളരെ ദേഷ്യത്തോടെ സംസാരിച്ചിട്ടുണ്ട്. അതെല്ലാം എന്റെ കഥാപാത്രത്തിന്റെ വിജയമായാണു ഞാൻ കാണുന്നത്. ആളുകൾ ചീത്ത വിളിച്ചില്ലായിരുന്നുവെങ്കിൽ കഥാപാത്രത്തോടു ഞാൻ നീതി കാണിച്ചിട്ടില്ലെന്നു തോന്നിയേനെ.

കുടുംബ വിളക്കിലെ കുടുംബം

പരസ്പരം ഏറെ സഹകരിച്ചു പ്രവർത്തിക്കുന്ന ക്രൂ ആണ് അവിടെയുള്ളത്. സംവിധായകനും നിർമാതാവും ആർട്ടിസ്റ്റ്റുകളും വളരെ സൗഹൃദത്തോടെയാണു പെരുമാറുന്നത്. ഷൂട്ടിങ് ഇല്ലാത്തപ്പോൾ വളരെ ആസ്വദിച്ചാണു സമയം ചെലവഴിക്കുന്നത്. ലോക്ഡൗൺ സമയത്ത് ഷൂട്ടിങ് വച്ചപ്പോൾ എനിക്ക് ഊട്ടിയിലെ വീട്ടിൽ പോയി വരാൻ സാധിക്കില്ലായിരുന്നു. ആ സമയത്തെല്ലാം ഡയറക്ടർ മഞ്ജു ധർമന്റെ വീട്ടിൽ നിന്നാണ് എനിക്കു ഭക്ഷണം കൊണ്ടു വന്നിരുന്നത്. അത്രയേറെ സ്നേഹവും പരിഗണനയും എനിക്ക് നൽകിയിരുന്നു. ശരിക്കും ഒരു കുടുംബം പോലെയാണു കുടുംബവിളക്കിലെ അംഗങ്ങള്‍.

കുടുംബം

krishna-kumar-menon

അച്ഛൻ, അമ്മ, ഭാര്യ, രണ്ടു മക്കൾ എന്നിവരടങ്ങുന്നതാണ് കുടുംബം. എല്ലാവരും ഊട്ടിയിൽ സെറ്റിൽഡ് ആണ്. ഭാര്യ ടീച്ചർ ആണ്. മക്കൾ പഠിക്കുന്നു.

English Summary : Actor Krishnakumar Menon Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com