പിഴ അടയ്ക്കാം സാറേ... എന്റെ പെറ്റിനു സുഖമില്ലാത്തത് എനിക്ക് അത്യാവശ്യമല്ലേ?; പൊലീസ് ഉദ്യോഗസ്ഥന്റെ അനുഭവക്കുറിപ്പ്

sunil-jaleel-police-office-social-media-post
Representative Image. Photo Credit : Javier Brosch / Shutterstock.com
SHARE

കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ, സംസ്ഥാനത്ത് ശനിയും ഞായറും ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നതാണ് സർക്കാർ നിർദേശം. പൊതുജനവുമായി ഏറ്റവുമധികം ഇടപെടേണ്ടി വരുന്ന വിഭാഗമാണ് പൊലീസ് സേന. 

എറണാകുളം ജില്ലയിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ സുനിൽ ജലീലിന്റെ സമൂഹമാധ്യമ കുറിപ്പ് വായിക്കാം. 

സ്റ്റേഷനിൽ എസ്.ഐ TR- 5 എന്ന രശീത് ബുക്ക് കണക്ക് എഴുതി ഏൽപ്പിക്കുകയാണ്. അഞ്ഞൂറിന്റെ ഗുണിതങ്ങളേയുള്ളൂ. കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് അനുസരിച്ച് മിനിമം ഫൈൻ 500 ആണ്. എണ്ണി നോക്കിയപ്പോൾ  അദ്ദേഹം തന്നതിൽ 30 രൂപ കുറവുണ്ട്. ഞാൻ എണ്ണം നിർത്തി നോക്കിയപ്പോൾ അദ്ദേഹം പോക്കറ്റിൽ നിന്ന് ഒരുപിടി ചില്ലറയെടുത്ത് മേശമേൽ വെച്ചു. 

‘കഷ്ടമാണ്... പക്ഷേ എന്തു ചെയ്യാനാണ്...’ ഏതോ ഒരു പാവപ്പെട്ടവൻ കയ്യിൽ കാശില്ലാതെ തപ്പിപ്പെറുക്കിയിട്ട തുട്ടുകളും ഒന്നു രണ്ടെണ്ണം എസ്.ഐ തന്നെ തികയ്ക്കാൻ ഇട്ടതും ആണ്. ശരിയാണ്. ഞങ്ങൾക്ക് നിങ്ങളുടെയൊക്കെ ദാരിദ്ര്യവും പ്രയാസങ്ങളും മനസ്സിലാകായ്കയല്ല. പക്ഷേ കാര്യത്തിന്റെ ഗൗരവം നിങ്ങൾക്കിതു വരെ മനസ്സിലായിട്ടില്ല. അല്ലെങ്കിൽ ഓരോ കാരണങ്ങൾ പറഞ്ഞ് നിങ്ങളിങ്ങനെ പുറത്തിറങ്ങി നടക്കില്ലല്ലോ. അതായത് നിങ്ങടെ ആവശ്യം മറ്റുള്ളവർക്ക് അനാവശ്യമായിരിക്കും. ഒന്നൂടെ ഉറപ്പിച്ചിട്ട് നിവൃത്തിയില്ലെങ്കിൽ മാത്രം പുറത്തിറങ്ങുക. രാഷ്ട്രീയം, ഇലക്ഷൻ പ്രചാരണം അതൊക്കെ എന്തോ ആകട്ടെ. ആ പേരും പറഞ്ഞ് ഒരു കൊലയാളിയെ സ്വന്തം വീട്ടിൽ വലിച്ചു കൊണ്ടുപോയി കയറ്റരുത്.

കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു മണിയോടെ ഒരു കോൾ വന്നു. ക്വാറന്റീലുള്ള കുടുംബമാണ്. 63 വയസ്സുള്ള അമ്മയ്ക്ക് ശ്വാസംമുട്ടൽ. വഷളായാൽ എന്തു ചെയ്യുമെന്നായിരുന്നു അവരുടെ ചോദ്യം. ഞങ്ങൾ എറണാകുളത്തെ മിക്ക ഹോസ്പിറ്റലുകളിലും വിളിച്ചുചോദിച്ചു. എങ്ങും മുറികൾ ഒഴിവില്ല. ആ അറിവ് ഭീകരമായി തോന്നി. ജനറൽ ഹോസ്പിറ്റലിൽ ബെഡുണ്ട്. ആലുവയിലെ ഒരാശുപത്രിയിലും ഒഴിവുണ്ട്. എത്ര ഭീതിദമാണ് ആശുപത്രികൾ നിറയുക എന്നത്.

വിഷയത്തിലേക്ക് തിരികെ വരാം. ആവശ്യങ്ങൾ നിരവധിയുണ്ടാകും. പക്ഷേ അതൊക്കെ കോവിഡ് സാധ്യതയിലേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്ര അത്യാവശ്യമാണോയെന്ന് സ്വയം വിലയിരുത്തുക. പൊലീസുകാരോടും പറയാനുണ്ട്. ആളുകളെ കേൾക്കണം. അവർക്ക് പറയാനുള്ളതിന്റെ ജെനൂയിനിറ്റി മനസ്സിലാക്കണം. നമ്മുടെ ഡ്യൂട്ടിയുടെ സ്ട്രെസ്സ് അതിന് തടസ്സമാവരുത്.

ഒരാൾ കയറി വരികയാണ്. അഞ്ഞൂറുരൂപ ഒരു കൈയിലുണ്ട്. മറുകയ്യിൽ ഒന്നുരണ്ട് മരുന്നുകൾ. മുഖത്ത് നിറയെ വേവലാതികളുടെ ചുളിവുകൾ.

‘എന്താണ് ചേട്ടാ.. ഫൈനടക്കാനാണോ.?’

‘പട്രോളിംഗ് വന്ന പോലീസുകാർ റോഡിൽ വെച്ച് പിടിച്ച് സ്റ്റേഷനിൽ പോയി ഫൈനടക്കാൻ പറഞ്ഞിരുന്നു...’

‘ചേട്ടന് അറിയാവുന്നതല്ലേ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന്..’

‘സാറേ... എന്റെ പട്ടി കുറച്ചുമുമ്പ് കുഴഞ്ഞുവീണു. എണീക്കുന്നില്ല. അതിന് മരുന്ന് വാങ്ങാനിറങ്ങിയതാണ് ഞാൻ...’ അയാളുടെ സ്വരം വിറച്ചു

ഞാനയാളെ ഒന്നുകൂടി നോക്കി. പെറ്റുകളെ മക്കളെപ്പോലെ വളർത്തുന്ന ഒരുപാടുപേരെ എനിക്കറിയാം. പ്രത്യേകിച്ച് ഡോഗ്സ്... മക്കളെപ്പോലുള്ള കുറച്ച് പട്ടികളെയും നേരിട്ടറിയാം. സ്വന്തം കുഞ്ഞിന് ഒരസുഖം വന്നാൽ ഓടിയിറങ്ങുന്ന ഒരച്ഛനെ എനിക്കയാളിൽ കാണാനാവുന്നുണ്ടായിരുന്നു. 

‘ചേട്ടൻ പേടിക്കണ്ട. അതിന് പെട്ടെന്ന് മരുന്ന് കൊണ്ടുപോയി കൊടുക്ക്. അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ ഫൈനൊന്നും അടക്കേണ്ടതില്ല...’

അയാൾ അവിശ്വസനീയതയോടെ എന്നെ നോക്കി. പിന്നെ മെല്ലെ പുഞ്ചിരിച്ച് ഇറങ്ങിപ്പോയി. 

എനിക്കയാളെ മനസ്സിലാവുന്നുണ്ടായിരുന്നു. അയാൾക്ക് എന്നെ മനസ്സിലായിരിക്കുമോ.?

English Summary : Kerala Police Officer Sunil Jalee's Social Media Post about pet lover

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA