‘ഞാൻ മലയാളിയാണെന്ന് പലർക്കും അറിയില്ല’; മനസ്സ് തുറന്ന് കോട്ട ഫാക്ടറി താരം രേവതി പിള്ള

HIGHLIGHTS
  • അപ്രതീക്ഷിതമായി ആറാം ക്ലാസിൽ വച്ച് ഞാനൊരു ഓഡിഷനിൽ പങ്കെടുത്തു
  • എനിക്കൊരു മലയാളിയുടെ ഛായ ഇല്ലെന്നാണ് പലരും പറഞ്ഞിട്ടുള്ളത്
kota-factory-actress-revathy-pillai-interview
രേവതി പിള്ള
SHARE

ഇന്ത്യൻ പശ്ചാത്തലത്തിൽ ഇറങ്ങിയ ടീനേജ് സീരീസുകളിൽ ഏറെ കാഴ്ചക്കാരെ സ്വന്തമാക്കിയ വെബ് സീരീസാണ് 'കോട്ട ഫാക്ടറി'. വെറും അഞ്ചു എപ്പിസോഡുകളിൽ ഇറങ്ങിയ ആദ്യ സീസൺ കണ്ടത് കോടിക്കണക്കിന് പ്രേക്ഷകരാണ്. രാജ്യമൊട്ടാകെ ആരാധകരുണ്ട് കോട്ട ഫാക്ടറിയിലെ താരങ്ങൾക്ക്! എൻട്രൻസ് പരിശീലനത്തിനായി രാജസ്ഥാനിലെ കോട്ടയിലെത്തുന്ന കൗമാരപ്രായക്കാരായ വിദ്യാർത്ഥികളുടെ കഥ പറയുന്ന 'കോട്ട ഫാക്ടറി' കണ്ടവരാരും അതിലെ 'വർത്തിക റാത്‍വാൾ' എന്ന കഥാപാത്രത്തെ മറക്കില്ല. ഒടിടി പ്ലാറ്റ്ഫോമിലും യുട്യൂബിലും സമയം ചെലവഴിക്കുന്ന ന്യൂജെൻ പ്രേക്ഷകർക്കിടയിലെ സൂപ്പർതാരമാണ് വർത്തികയെ അവതരിപ്പിച്ച രേവതി പിള്ള എന്ന മുംബൈ മലയാളി. 'കോട്ട ഫാക്ടറി', 'സ്പെഷൽ ഓപ്സ്', ഫിൽറ്റർ കോപ്പി തുടങ്ങിയ ഹിന്ദി വെബ് സീരീസിലൂടെ പ്രശസ്തിയിലേക്കുയർന്ന രേവതി ഒരു മലയാളിയാണെന്ന് പലർക്കും അറിയില്ല. മാതാപിതാക്കൾക്കൊപ്പം മുംബൈയിൽ ജീവിക്കുന്ന രേവതി അഭിനയ വിശേഷങ്ങളുമായി മനോരമ ഓൺലൈനിൽ. 

ആറാം ക്ലാസിലെ ഓഡിഷൻ

ചെറുപ്പത്തിൽ പ്രത്യേകിച്ച് അഭിനയമോഹം ഒന്നുമുണ്ടായിരുന്നില്ല. എനിക്ക് ഓട്ടോമൊബൈൽ എൻജിനീയറിങ് ചെയ്യാനായിരുന്നു ആഗ്രഹം. അപ്രതീക്ഷിതമായി ആറാം ക്ലാസിൽ വച്ച് ഞാനൊരു ഓഡിഷനിൽ പങ്കെടുത്തു. അതിനു കാരണം എന്റെ ഒരു ചേട്ടനാണ്. ആ സമയത്ത് അദ്ദേഹം ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. ചേട്ടന്റെ ഒരു സുഹൃത്ത് സിനിമയ്ക്കു വേണ്ടി കാസ്റ്റിങ് ചെയ്യുന്ന ആളായിരുന്നു. ഒരു മറാത്തി സിനിമയ്ക്കു വേണ്ടിയുള്ള ഓഡിഷന് അദ്ദേഹം വഴിയാണ് ഞാൻ പോകുന്നത്. അതൊരു ഓഡിഷൻ ആണെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ചേട്ടന്റെ കൂടെ പോയതാണ്. അവിടെ എത്തിയപ്പോൾ സ്ക്രിപ്റ്റ് തന്നു... അതൊന്നു ചെയ്യാൻ പറഞ്ഞു. ഞാൻ അത്ര നന്നായി ചെയ്തൊന്നുമില്ല. എനിക്ക് ആ സിനിമയിൽ അവസരം ലഭിച്ചതുമില്ല. പക്ഷേ, അതായിരുന്നു തുടക്കം. അതിലൂടെ അഭിനയത്തോട് ഒരു ഇഷ്ടമൊക്കെ തോന്നിത്തുടങ്ങി. പതിയെ പതിയെ, ഇതാണ് ജീവിതത്തിൽ ചെയ്യേണ്ടതെന്ന തോന്നലുണ്ടായി. 

രണ്ടു വർഷത്തെ പരിശ്രമങ്ങൾ

ആദ്യത്ത് ഓഡിഷന് വെറുതെ പോയതായിരുന്നെങ്കിൽ, പിന്നീട് സംഗതി സീരിയസായി. കുറെ ഓഡിഷനുകളിൽ പങ്കെടുത്തു. അതിനിടയിൽ ഒരു ടെലിവിഷൻ പരസ്യത്തിൽ ജൂനിയർ ആർടിസ്റ്റായി അവസരം ലഭിച്ചു. രണ്ടു വർഷത്തോളം അങ്ങനെ പല ഓഡിഷനുകൾ നൽകി. ഒരു ടെലിവിഷൻ ഷോയ്ക്കു വേണ്ടി അതിന്റെ പൈലറ്റ് എപ്പിസോഡിൽ അഭിനയിച്ചു. പക്ഷേ, ആ പ്രൊജക്ട് നടന്നില്ല. വീണ്ടും ഒരു ടെലിവിഷൻ പരസ്യം ചെയ്തു. അതും റിലീസ് ആയില്ല. ഒടുവിൽ 'യേ മേരി ഫാമിലി' എന്ന വെബ് സീരിസിൽ അവസരം കിട്ടി. സത്യത്തിൽ എന്റെ ആദ്യത്തെ പ്രൊജക്ടുകളൊന്നും വെളിച്ചം കണ്ടിട്ടില്ല. ഓഡിഷനുകളിൽ തുടർച്ചയായി പങ്കെടുത്തത് ഒരു ആർടിസ്റ്റ് എന്ന രീതിയിൽ എന്നെ ഏറെ പാകപ്പെടുത്തി.  

R2

ക്ലിക്കായി കോട്ട ഫാക്ടറി

'കോട്ട ഫാക്ടറി' എന്ന വെബ്സീരീസ് ആണ് വഴിത്തിരിവായത്. ആ പ്രൊജക്ടിലൂടെയാണ് എന്നെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. ആ വെബ് സീരീസ് വലിയ ഹിറ്റായിരുന്നു. ഞങ്ങൾ അത്രയും വലിയ സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ല. രാജസ്ഥാനിലെ കോട്ട നഗരത്തിൽ പഠിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് ആ സീരീസ് വളരെയധികം കണക്ട് ചെയ്യാൻ കഴിഞ്ഞു. അതിന്റെ രണ്ടാമത്തെ സീസണിന്റെ ഷൂട്ട് കഴിഞ്ഞതേയുള്ളൂ. ഉടനെ അതു റിലീസ് ചെയ്യും. ഇതുവരെ ഞാൻ ചെയ്ത റോളുകൾ എല്ലാം ഏകദേശം ഒരേ മീറ്ററിലുള്ളതാണ്. ഹോട് സ്റ്റാറിനു വേണ്ടി ചെയ്ത 'സ്പെഷൽ ഓപ്സ്' എന്ന സീരീസിൽ മാത്രമാണ് അൽപം വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്തത്. സ്നേഹിച്ച് വഷളാക്കിയ കുട്ടിയെന്നോക്കെ പറയാൻ കഴിയുന്ന തരത്തിലൊരു കഥാപാത്രം. ബാക്കി ചെയ്തിട്ടുള്ള ഒരു വിധം എല്ലാ കഥാപാത്രങ്ങളും 'പാവം' ടൈപ്പ് ആണ്. 'സ്പെഷൽ ഓപ്സ്' ന്റെ രണ്ടാമത്തെ സീസണും ഉടനെ എത്തുന്നുണ്ട്.  

മലയാളി ഛായ ഇല്ലേ ?

ഞാൻ മലയാളിയാണെന്ന് പലർക്കും അറിയില്ല. ഈ സീരീസ് കണ്ടിട്ടുള്ള മലയാളികൾക്കു പോലും ഇതൊരു പുതിയ അറിവാകും. എനിക്കൊരു മലയാളിയുടെ ഛായ ഇല്ലെന്നാണ് പലരും പറഞ്ഞിട്ടുള്ളത്. എനിക്ക് പക്ഷേ, അങ്ങനെ തോന്നിയിട്ടില്ല. ബോളിവുഡിൽ ഓഡിഷന് പോകുമ്പോൾ ഞാൻ മലയാളിയാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്നാൽ ചില ഡയലോഗുകൾ പറയുന്ന സമയത്ത് എനിക്ക് മല്ലു സ്റ്റൈൽ കയറി വരും. അപ്പോൾ അവർ പറയും, ആഹാ... ഉള്ളിലെ മലയാളി പുറത്തു ചാടിയല്ലോ എന്ന്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ മാത്രമേ ഞാൻ ശരിക്കും സൗത്ത് ഇന്ത്യൻ ആണെന്ന് സെറ്റിലുള്ളവർ വിശ്വസിക്കൂ. മലയാളം ഇൻഡസ്ട്രിയിൽ നിന്നും എനിക്ക് വിളികൾ വന്നിരുന്നു. ടെലിവിഷൻ പ്രോജക്ടുകൾക്കാണ് കൂടുതലും എന്നെ സമീപിച്ചത്. അവർ വിളിക്കുന്ന സമയത്തൊന്നും ഞാൻ ഫ്രീ ആയിരുന്നില്ല. പഠനം, പരീക്ഷകൾ... അതൊന്നും മാറ്റി വയ്ക്കാൻ പറ്റില്ലല്ലോ! മലയാളത്തിൽ നല്ലൊരു പ്രൊജക്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിനു വേണ്ടി ഞാൻ തീർച്ചയായും കാത്തിരിക്കുന്നു. 

പഠനത്തിൽ 'നോ' ഉഴപ്പൽ

അഭിനയം ഒരു പാഷൻ ആയിട്ട് എടുത്താൽ മതിയെന്ന് അച്ഛൻ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്. പഠനം ഉഴപ്പാൻ പറ്റില്ല. വിദ്യാഭ്യാസം വളരെ പ്രധാനമാണ്. അക്കാര്യം ഞാനും അംഗീകരിക്കുന്നു. ആക്ടിങ് കരിയർ പോലെ തന്നെ പഠനവും പ്രധാനപ്പെട്ടതാണ്. രണ്ടും ബാലൻസ് ചെയ്തു കൊണ്ടുപോകുകയാണ് ഞാൻ. ബാലതാരമായി അഭിനയത്തിൽ വരുന്ന എല്ലാവരും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ഓഡിഷൻ കൊടുക്കാൻ തുടങ്ങിയത്. പഠനവും അഭിനയവും ഒരുമിച്ചു കൊണ്ടു പോകാൻ എനിക്കിപ്പോൾ കഴിയുന്നുണ്ട്. ആ ബാലൻസിങ് ഞാൻ പഠിച്ചു. എസ്.ഐ.ഇ.എസ് കോളജിൽ ബി.എം.എം എന്ന കോഴ്സാണ് ഇപ്പോൾ പഠിക്കുന്നത്. 

r3

നാട്ടിലേക്കുള്ള ഫൺ ട്രിപ്പ്

'കോട്ട ഫാക്ടറി' റിലീസ് ആയ സമയത്ത് എനിക്ക് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഒന്നുമില്ല. എന്നെക്കുറിച്ച് അന്വേഷിക്കുന്നവർക്ക് യാതൊരു വിവരവും കിട്ടിയിരുന്നില്ല. പിന്നീടാണ് ഞാൻ അക്കൗണ്ട് തുടങ്ങുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണ്. എന്റെ കുടുംബത്തിലെ തന്നെ ഏറ്റവും ഇളയ കുട്ടിയാണ് ഞാൻ. അതുകൊണ്ട് എല്ലാവരുടെയും സ്നേഹലാളനകൾ ഏറ്റുവാങ്ങിയാണ് ഞാൻ വളർന്നത്. ഇളയ കുട്ടി ആയതിന്റെ ഒരു സ്വാതന്ത്ര്യം കൂടി ഉണ്ടല്ലോ! അച്ഛൻ മനോജ് പിള്ള. മുംബൈയിലാണ് ജോലി. അമ്മ ഷീജ അധ്യാപികയാണ്. നാട്ടിൽ വർഷത്തിലൊരിക്കൽ വരും. കായംകുളത്താണ് തറവാട്.  വലിയ കുടുംബം ആയതുകൊണ്ട് എല്ലാ വർഷവും ആരുടെയെങ്കിലും വിവാഹം ഉണ്ടാകും. അതൊരു ഫൺ ട്രിപ്പാണ്. ഒരു വെബ് സീരീസ് തുടങ്ങാനുള്ള സംഭവങ്ങളൊക്കെ ഈ ഒത്തുചേരലിൽ നടക്കാറുണ്ട്. അത്രയും രസകരമാണ് നാട്ടിലേക്കുള്ള ഓരോ യാത്രയും ഒത്തുചേരലുകളും. 

English Summary : Kota Factory webseries actress Revathy Pillai Interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA