ADVERTISEMENT

നടി സ്വാതി നിത്യാനന്ദിന്റെ പൊള്ളലേറ്റ മുഖത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന നാമം ജപിക്കുന്ന വീട് എന്ന സീരിയലിനു വേണ്ടി ചെയ്ത മേക്കപ് ആണിത്. ആസിഡ് ആക്രമണത്തിൽ മുഖത്ത് പൊള്ളലേറ്റ ആരതി എന്ന കഥാപാത്രത്തെയാണു സ്വാതി അവതരിപ്പിക്കുന്നത്. മൂന്നു മണിക്കൂറോളം നീണ്ടു നിൽക്കുന്ന മേക്കപ്പിലൂടെയാണ് ആരതിയിലേക്കുള്ള സ്വാതിയുടെ ഈ മാറ്റം. മികച്ചതും വെല്ലുവിളികൾ ഏറെയുള്ളതുമായ കഥാപാത്രത്തെക്കുറിച്ച് സ്വാതി മനസ്സ് തുറക്കുന്നു.

ആരതി എന്ന കഥാപാത്രത്തിലേക്ക്

ഭ്രമണം സീരിയൽ കഴിഞ്ഞിരിക്കുന്ന സമയത്താണ് ആരതി എന്ന കഥാപാത്രം തേടി വരുന്നത്. ഡയറക്ടർ നിഷാന്ത് സാർ ആണ് എന്നെ വിളിച്ചത്. സീരിയലിൽ ആസിഡ് അറ്റാക്ക് സംഭവിക്കുന്ന ഒരു കഥാപാത്രം വരുന്നുണ്ട്. ഒരേ സമയം സാധ്യതയും വെല്ലുവിളിയും ആണ് കഥാപാത്രം. പ്രേക്ഷകർ നെഗറ്റിവ് ആയും പോസിറ്റീവ് ആയും സ്വീകരിക്കാം. സ്വാതിക്ക് ചെയ്യാൻ താല്പര്യമുണ്ടോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഞാൻ അപ്പോൾ തന്നെ സമ്മതം പറഞ്ഞു. ആദ്യം ഒരു പൈലറ്റ് ഷൂട്ട് നടന്നു. പിന്നീട് കൊറോണ മൂലം ബ്രേക്ക് വന്നു. കൊറോണ വ്യാപനം ഒന്ന് നിയന്ത്രണവിധേയമായപ്പോഴാണു ഷൂട്ടിങ് ആരംഭിച്ചത്. ഇപ്പോൾ 150 എപ്പിസോഡുകൾ വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു.  

കഥാപാത്രത്തെ എങ്ങനെ വിലയിരുത്തുന്നു ?

തീർച്ചയായും എനിക്ക് കിട്ടിയ ഒരു മികച്ച അവസരമായാണു കാണുന്നത്. സീരിയലിൽ ഇത്തരമൊരു കഥാപാത്രം ചെയ്യുന്നത് ഏറെ ശ്രമകരമാണ്. ആസിഡ് അറ്റാക്കിന്റെ മേക്കപ്പ് വളരെ ഹെവി ആണ്. സിനിമയിൽ രണ്ടോ മൂന്നോ ഷെഡ്യൂളിൽ ഇത് തീർക്കാൻ കഴിയും. എന്നാൽ സീരിയലിൽ അതല്ല അവസ്ഥ. മാസത്തിൽ 15 ദിവസം ഷൂട്ട് ഉണ്ട്. അതിൽ 12  ദിവസത്തോളം ഇതേ മേക്കപ്പുമായി ദിവസം മുഴുവൻ അഭിനയിക്കേണ്ടി വരും. അതു വലിയൊരു ടാസ്ക് തന്നെയാണ്. ഒരു ചാലഞ്ച് എന്ന നിലയിലുള്ള ഈ അവസരം എന്നെ തേടി വന്നതിൽ സന്തോഷമുണ്ട്.

swathy-nithyanand-1

മേക്കപ്പിനെ പറ്റി വിശദീകരിക്കാമോ ?

രഞ്ജിത്ത് തിരുവല്ല എന്ന മേക്കപ്പ് ആർട്ടിസ്റ്റാണ് ആരതിയുടെ മേക്കപ്പിനു പിന്നിൽ. വളരെ ശ്രമകരമായാണ് മേക്കപ്പ് ഓരോ തവണയും പൂർത്തിയാക്കുന്നത്. പ്രോസ്തെറ്റിക് മേക്കപ്പ് ആണ് ചെയ്യുന്നത്. ആദ്യം എന്റെ മുഖത്തിന്റെ മോൾഡ് എടുത്തു. അടുത്ത ദിവസം മുതൽ മേക്കപ്പ് ആരംഭിച്ചു. മുഖത്തിന്റെ ഇടത് വശത്തു പൊള്ളലേറ്റതായാണു കാണിക്കുന്നത്. ആ ഭാഗത്ത് കട്ടിയുള്ള പശ ഒഴിക്കുകയാണ് ആദ്യം ചെയ്യുന്നത്. പശ സെറ്റ് അയാൾ ഉടനെ മോൾഡിന്റെ രണ്ട് ഭാഗങ്ങൾ അതിൽ കൊണ്ടു വന്നു ഒട്ടിക്കും. പിന്നീട് കളർ കറക്‌ഷൻ ചെയ്യും. പല നിറങ്ങൾ അതിനായി സംയോജിപ്പിക്കും. മൂന്നു സ്റ്റേജ് ആയിട്ടാണു മേക്കപ്പ് ചെയ്യുന്നത്. 

വിയർക്കുമ്പോൾ മേക്കപ്പ് ഇളകാൻ തുടങ്ങും. അപ്പോൾ വീണ്ടും ചെയ്യേണ്ടതായി വരും. ഇതെല്ലം ഉൾക്കൊണ്ടുകൊണ്ട് ഒരു ചെറിയ കുട്ടിയെ കൈകാര്യം ചെയ്യുന്നതു പോലെയാണ് ഓരോ തവണയും  രഞ്ജിത്തേട്ടൻ മേക്കപ്പ് പൂർത്തിയാക്കുന്നത്. സഹപ്രവർത്തകരെല്ലാം വളരെ ടെൻഷനോടെയാണു മേക്കപ്പ് കണ്ടു നിൽക്കുന്നത്. ഒരേ ദിവസം തന്നെ നോർമൽ ഫേസ് ആയും ആസിഡ് ആക്രമണത്തിന് ഇരയായ മുഖത്തോടു കൂടിയും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അത് വളരെ ശ്രമകരമായിരുന്നു. എന്നാൽ അതൊരു സ്പോർട്ട്സ്മാൻ സ്പിരിറ്റിൽ എടുക്കും.

മൂന്നു മണിക്കൂർ സമയമാണ് മേക്കപ്പിനു വേണ്ടത്. നീക്കം ചെയ്യാൻ ഒരു മണിക്കൂർ സമയം എടുക്കും. ആൽക്കഹോൾ ആണ് ഇതിനായി ഉപയോഗിക്കുന്നത്. പിന്നീട് ചൂടു വെള്ളം കൊണ്ടു കഴുകി ഓയിൽ പുരട്ടും.

സഹപ്രവർത്തകരുടെ പിന്തുണ

ഈ കഥാപാത്രത്തെ മിനിസ്‌ക്രീനിൽ വിജയകരമായി എത്തിക്കാൻ കൂടെ നിന്നത് സീരിയലിലെ ക്രൂ മെമ്പേഴ്‌സ് തന്നെയാണ്. മേക്കപ്പിന്റെ ശ്രമകരമായ ഓരോ ഘട്ടവും പൂർണ ആത്മവിശ്വാസത്തോടെ പിന്നിടാൻ അവരുടെ സഹായം ഉണ്ടായിരുന്നു. മഞ്ജു ചേച്ചി, ആനന്ദേട്ടൻ, മേക്കപ്പ് ചെയ്യുന്ന രഞ്ജിത്തേട്ടൻ, ടിഒപി ചെയ്യുന്ന ഗസൽ സെബാസ്റ്റ്യൻ, കൺട്രോളർ അരുൺ ഗോപാൽ അങ്ങനെ നിരവധിപേർ പിന്തുണ നൽകി.

swathy-nithyanand-3

പ്രേക്ഷക പ്രതികരണം

സീരിയൽ കുറച്ചു കൂടി മുന്നോട്ടു പോകേണ്ടതുണ്ട്. പെട്ടന്നുണ്ടായ ഈ മാറ്റം ഉൾക്കൊള്ളാൻ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകും. നായികയെ മേക്കപ്പും ആഭരണങ്ങളുമായി കാണാൻ ആഗ്രഹിക്കുന്നവർ ഈ മാറ്റത്തെ എങ്ങനെ സ്വീകരിക്കുമെന്നതു കാത്തിരുന്നു കാണണം. മാത്രമല്ല, ആസിഡ് അറ്റാക്ക് പ്രൊമോട്ട് ചെയ്യപ്പെടുമോ എന്ന ഭയം ഉള്ളവരും ഉണ്ട്. എന്നാൽ സമൂഹത്തിൽ ഇത്തരത്തിൽ ഒരു വിപത്ത് ഒരു സ്ത്രീക്കും ഉണ്ടാകരുത് എന്ന ചിന്തയോടെയാണ് ഞങ്ങൾ ഈ കഥാപാത്രത്തെ മുന്നോട്ടു വയ്ക്കുന്നത്.

ചാലഞ്ചിങ് കഥാപാത്രങ്ങൾ ഇനിയുമുണ്ടാകുമോ ?

തീർച്ചയായും. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് എനിക്ക് താല്പര്യം. കഥാപാത്രത്തിന്റെ സ്വഭാവം, പെരുമാറ്റം, രൂപം അങ്ങനെ എല്ലാത്തിലും വ്യത്യസ്തത  ആഗ്രഹിക്കുന്നുണ്ട്. അതിനാൽ ഇത്തരം കഥാപാത്രങ്ങൾക്കു വേണ്ടിയാണു കാത്തിരിക്കുന്നത്. 

ആരതി എന്ന ഈ കഥാപാത്രം ഏറെ മാറ്റങ്ങൾ സീരിയൽ ഇൻഡസ്ട്രിയിൽ കൊണ്ടുവരും എന്നാണു പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ആരതിയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ആസിഡ് അറ്റാക്കിനു ശേഷമുള്ള ആരതി. ബോൾഡ് ആയ ആരതി ഇനി ഡിപ്രഷൻ സ്റ്റേജിലേക്ക് പോകും. അങ്ങനെ വെല്ലുവിളികൾ നിരഞ്ഞ  ഈ കഥാപാത്രത്തെ ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്.

English Summary : Actress Swathy Nityanand on her new character 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com