ADVERTISEMENT

അലമാരയിൽ ഇടംപിടിച്ച, പക്ഷേ ഹൃദയത്തിൽ സ്ഥലമില്ലാതെയായ ഒരു സാരി വീട്ടിലുണ്ടെങ്കിൽ, കോവിഡിന്റെ രണ്ടാംവരവ് തകർത്ത, ലോക്‌ഡൗൺ കാലത്തു വിശപ്പിലായ അനേകർക്ക് ആഹാരം എത്തിക്കാൻ അതുപകരിക്കും. കഴിഞ്ഞ വർഷം ലോക്‌‍ഡൗൺ കാലത്തു തുടക്കമിട്ട സാരി ചാലഞ്ചിലൂടെ ഇതു കണ്ടറിഞ്ഞതാണ് കൊൽക്കത്ത സ്വദേശി മമ്താ ദാസ് ശർമ. ഇത്തവണയും സാരികളെ ‘ഫാഷൻ തടവറയിൽ’ നിന്നു മോചിപ്പിച്ച് വിശപ്പകറ്റാനുള്ള ചാലഞ്ച് കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഈ മുപ്പത്തഞ്ചുകാരി.

 

മമ്താ ശർമയെ അറിയുന്നവർ ഏറെയുണ്ടാകില്ല, എന്നാൽ ‘ബോഹോ ബാലിക’ എന്ന ഇൻസ്റ്റഗ്രാം പേജ് പിന്തുടരാത്ത ഫാഷൻപ്രേമികളില്ല. ഫാഷനാണ് മമതയുടെ പാഷൻ. കൈത്തറിക്കും പ്രാദേശിക ബ്രാൻഡുകൾക്കും കൂടുതൽ പ്രചാരം നൽകുകയാണ് ഈ കൺടെന്റ് ക്രിയേറ്റർ. ഒപ്പം ജീവിതത്തിലെ പ്രതിസന്ധികൾക്കു പരിഹാരം കണ്ടെത്താനും മമ്തയുടെ മുന്നിലുള്ളത് ഇഷ്ടമേഖല തന്നെ. 

 

സാരി എങ്ങിനെയാണ് വിശപ്പിനു പരിഹാരമാവുക ? മമതയുടെ ഉത്തരം ലളിതമാണ്. നിങ്ങളുടെ മനസ്സിൽ ഇടമില്ലാതെയായ സാരി മറ്റുള്ളവരുടെ ഹൃദയത്തിൽ ഇടംപിടിച്ചേക്കും. അങ്ങനെയൊരു സാരി തിരഞ്ഞെടുക്കുക, 

അതിന്റെ ചിത്രം ‘സാരി സേവിങ് ലൈവ്സ് 2’ (#SareeSavingLives@) എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുക. അതു വാങ്ങാനാഗ്രഹിക്കുന്നവർ നേരിട്ടു പണമയക്കേണ്ട എൻജിഒയുടെ വിലാസവും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തി വേണം പോസ്റ്റ് തയാറാക്കേണ്ടത്. പണം അയച്ചതായുള്ള രേഖ ലഭിച്ചാൽ സാരി അവർക്കു കുറിയർ ചെയ്യാം. ഡൽഹി കേന്ദ്രമായുള്ള MCKS, ഫുഡ് ഫോർ ഹംഗ്രി ഫൗണ്ടേഷനുമായി സഹകരിച്ചാണ് മമ്ത സാരി ചാലഞ്ച് ഒരുക്കുന്നത്. പണം നേരിട്ടു സംഘടനയ്ക്കാണ് ലഭിക്കുക. 

 

‘‘ ഇത് എന്റേതു മാത്രമായൊരു സംരംഭം അല്ല, എല്ലാ സാരിപ്രേമികളുടേതുമാണ്. കഴിഞ്ഞ വർഷം നടത്തിയ സാരി ചാലഞ്ചിലൂടെ ഒരു മാസത്തിനിടെ രണ്ടു ലക്ഷം രൂപയോളം കണ്ടെത്താനായി. ഇത്തവണ കൂടുതൽ പേർ പങ്കാളികളാകുമെന്നാണു പ്രതീക്ഷ. നിങ്ങളും അലമാരയിൽ തിരയൂ, ഇഷ്ടം കുറഞ്ഞുപോയ സാരി കണ്ടെത്തു, അതു മറ്റൊരാൾ ഏറെയിഷ്ടത്തോടെ ധരിക്കും, ഒപ്പം ഒരു വയറിന്റെ വിശപ്പും മാറ്റാം’’ മമ്ത പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com