മ്യൂസിക്കിനൊപ്പം ഫാഷനും; ആരാധകരുടെ ഹൃദയം തൊട്ട് ബിടിഎസ്

HIGHLIGHTS
  • ബിടിഎസിന്റെ രണ്ടാമത്തെ ഇംഗ്ലീഷ് മ്യൂസിക് വിഡിയോ കൂടിയാണ് ബട്ടർ
  • ഹെയർ സ്റ്റൈലിനും ഹെയർ കളറിലും ഫാഷൻഗോളുകൾ സമ്മാനിക്കുന്നവരാണ് ഈ സംഘം
bts-music-band-butter-video-fashion-goals
Image Credits : BTS/ YouTube
SHARE

വെണ്ണ ഉരുകാൻ എത്ര സമയമെടുക്കും!. സകല റെക്കോർഡുകളും തകർത്താണ് ബിടിഎസ് മ്യൂസിക് വിഡിയോ ‘ബട്ടർ’ ആരാധകരുടെ ഹൃദയത്തിലലിഞ്ഞു യുട്യൂബിൽ തരംഗമായത്. വിഡിയോ പ്രീമിയറിനായി കണ്ണുനട്ടിരുന്ന ആരാധകർ ആദ്യ 12 മിനിറ്റിൽ തന്നെ ഒരു കോടിയെന്ന മാന്ത്രിക സംഖ്യയുമായി ‘ബട്ടർ’ യുട്യൂബ് ഹിറ്റ് ചാർട്ടിലെത്തിച്ചു. ഏറ്റവും വേഗത്തിൽ ഇത്രയധികം വ്യൂ നേടുന്ന ആദ്യ മ്യൂസിക് വിഡിയോ ആണിത്.

കഴിഞ്ഞ ഓഗസ്റ്റിലെത്തിയ ‘ഡൈനമറ്റിനു’ ശേഷം ബിടിഎസ് ‘ബട്ടർ’ പുറത്തെടുക്കുമ്പോൾ തത്സമയ സംപ്രേക്ഷത്തിന് ഇന്റർനെറ്റിനു മുന്നിലിരുന്നത് 3.89 മില്യൻ ആരാധകരാണ്. യുട്യൂബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മ്യൂസിക് വിഡിയോ പ്രീമിയർ! കുറഞ്ഞസമയത്തിൽ രണ്ടു കോടി വ്യൂ നേടുന്ന മ്യൂസിക് വിഡിയോ എന്ന റെക്കോർഡും ബട്ടറിനു മുന്നിൽ അതിവേഗം അലിഞ്ഞു. അതിനെടുത്തത് 54 മിനിറ്റു മാത്രം. ഗ്രാമി നോമിനേഷൻ നേടിയ ബിടിഎന്റെ തന്നെ ‘ഡൈനമറ്റ്’ 20 മില്യൻ തൊട്ടത് ഒരു മണിക്കൂർ 14 മിനിറ്റിലാണ്.

റെക്കോർഡുകൾ ഉരുക്കി ബട്ടർ എത്തിയപ്പോൾ സന്തോഷിക്കാൻ ഏറെയുണ്ട് ‘ബിടിഎസ് ആർമി’ എന്ന ആരാധകർക്ക്. വിഡിയോയിൽ പലയിടത്തായി ആരാധകരോടുള്ള സ്നേഹപ്രകടനങ്ങളും കാത്തുവച്ചിട്ടുണ്ട് താരങ്ങൾ. തന്റെ ‘ആർമി’ ടാറ്റൂവിൽ ജം കുക്ക് ഉമ്മ വയ്ക്കുന്നതും ആർമിയെന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ പോലെ ഏഴംഗ ബിടിഎസ് സംഘം നിൽക്കുന്നതും കണ്ടതോടെ ആഹ്ലാദത്തിമിർപ്പിലാണവർ.

‘ഡൈനമറ്റി’നു ശേഷം ബിടിഎസിന്റെ രണ്ടാമത്തെ ഇംഗ്ലീഷ് മ്യൂസിക് വിഡിയോ കൂടിയാണ് ബട്ടർ. സംഗീതത്തിൽ മാത്രമല്ല ഫാഷനിലും കൊറിയൻ തരംഗം സൃഷ്ടിക്കുകയാണ് ബിടിഎസ് സംഘം. ‘ബട്ടർ’ എത്തിയപ്പോൾ പാട്ടിൽ മാത്രമല്ല താരങ്ങളുടെ ലുക്കിലും ആരാധകരുടെ മനസ്സുടക്കി. ഹെയർ സ്റ്റൈലിനും ഹെയർ കളറിലും പലപ്പോഴായി ഫാഷൻഗോളുകൾ സമ്മാനിക്കുന്നവരാണ് ഈ ഏഴംഗ സംഘം. ഇക്കുറി നീളൻ മുടിയിൽ പർപ്പിൾ നിറവും പുരികത്തിൽ ക്രിസ്റ്റൽ പിയേഴ്സിങ്ങും ചെയ്താണ് ‘കുക്കി’ എത്തിയത്. മുടിയിഴകളിൽ പിങ്ക് അണിഞ്ഞ് ആർഎം, യൂണികോൺ നിറങ്ങളിൽ മുടിയൊരുക്കി ജിമീൻ, പഴയ ബ്ലോണ്ട് ലുക്കിലേക്കു മടങ്ങി ജെയ്ഹോപ്, അണ്ടർ കട്ട് ഹെയറുമായി ‘വി’ എന്നിവരും ഹെയർ സ്റ്റൈലിങ് പരീക്ഷണങ്ങൾക്കു വഴിയൊരുക്കും.

പുതിയ മ്യൂസിക് വിഡിയോയുടെ ലൈവ് പെർഫോമൻസിന് ഒരുങ്ങുകയാണ് സംഘം. ബിൽബോർഡ് മ്യൂസിക് അവാർഡ്സിനു വേണ്ടിയാണ് ബിടിഎസ് സംഘം ഈ വർഷത്തെ ആദ്യ ‘ബട്ടർ’ വേദിയിലെത്തുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA