പള്ളിക്കൂടത്തിലെ കഞ്ഞിപ്പുരയിൽനിന്ന് ഒരു സങ്കട ലൈവ്; ആവി പാറും ഓർമകൾ...

HIGHLIGHTS
  • ഉച്ചയൂണും സ്കൂളിലെ കറിവിഭവങ്ങളും വിദ്യാർഥികൾക്കു കോവിഡ് കാലത്തെ നഷ്ടങ്ങളാണ്
  • കൊച്ചുകുട്ടികൾക്ക് ആഹാരം വിളമ്പി നൽകുന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം
pampady-mgm-school-staff-pullazhathil-leelamma-krishnankutty-school-reopening-memoir
22 വർഷമായി പാമ്പാടി എംജിഎം സ്കൂളിൽ ഉച്ച ഭക്ഷണമൊരുക്കുന്ന പുല്ലഴത്തിൽ ലീലാമ്മ കൃഷ്ണൻകുട്ടി.
SHARE

ക്ലാസ് മുറികളിക്കെത്തുന്ന ആവി പറക്കുന്ന കഞ്ഞിയുടെയും കറികളുടെയും മണം കുട്ടികളുടെ നാവിൽ രുചിനിറച്ചിരുന്ന നാളുകൾ അകന്നുപോയിട്ട് ഒരു വർഷം.  സ്കൂൾ വളപ്പിലെ കഞ്ഞിപ്പുരകളിൽ അടുപ്പ് പുകഞ്ഞിട്ടു മാസങ്ങൾ. രുചികരമായ ഉച്ചയൂണും സ്കൂളിലെ കറിവിഭവങ്ങളും വിദ്യാർഥികൾക്കു കോവിഡ് കാലത്തെ നഷ്ടങ്ങളാണ്. 

കഞ്ഞിയിലും പയറിലും തുടങ്ങി വിഭവസമൃദ്ധമായ ഊണിൽ  എത്തി നിൽക്കുന്നതാണ് സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി.  അധിക വിഭവങ്ങളായി ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും. പുത്തൻ അധ്യയന വർഷത്തിലും ഓൺലൈനായി ക്ലാസുകൾ തുടരാൻ തീരുമാനിക്കുമ്പോൾ ഈ വർഷവും സ്കൂൾ കഞ്ഞിപ്പുരകൾ അ‍ടഞ്ഞുകിടക്കും.

അധ്യാപകരെപ്പോലെ തന്നെ സ്കൂളിൽ വിദ്യാർഥികളുടെയും  പ്രിയപ്പെട്ടവരാണ് സ്കൂളിലെ പാചക ജീവനക്കാർ. 22 വർഷമായി പാമ്പാടി എംജിഎം സ്കൂളിൽ ഉച്ച  ഭക്ഷണമൊരുക്കുന്ന പുല്ലഴത്തിൽ ലീലാമ്മ കൃഷ്ണൻകുട്ടി (63) പറയുന്നതു കേൾക്കാം. 

അമ്മേ.. ആന്റീ.. ചേച്ചി.. എന്നുള്ള വിളികൾ കേൾക്കാൻ സാധിക്കാത്തതിന്റെ സങ്കടത്തിലാണ് ഞാൻ. 22 വർഷം മുൻപ് കഞ്ഞിയും ചെറുപയറുമായിരുന്നു സ്ഥിരം വിഭവം. രാവിലെ അധ്യാപകർ നൽകുന്ന ലിസ്റ്റ് അനുസരിച്ച് അരിയിടും. ദിവസവും 150 വിദ്യാർഥികൾക്കു കഞ്ഞി വിളമ്പുമായിരുന്നു.  പിന്നീട് ചോറും കറിയുമായി.  ഒഴിച്ചുകൂട്ടാൻ സാമ്പാറോ മോരു കറി, പയർ വർഗത്തിലുള്ള ഒരു തോരൻ.. ഇതായി ഉച്ച ഭക്ഷണം. ഇതോടെ സ്കൂളിൽ നിന്നു ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം കൂടി. പിന്നീട് ചോറിനൊപ്പം 3 കറികൾ വന്നു. പച്ചടി, അവിയൽ, അച്ചാർ, പപ്പടം ഇവയിൽ ഒരെണ്ണം കൂടി വന്നു.  

രണ്ടു വർഷം മുൻപ് കറികൾ വീണ്ടും രണ്ടായി. ഇപ്പോൾ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും പാലും ബുധനാഴ്ച ഊണിനൊപ്പം മുട്ടയും നൽകുന്നുണ്ട്. നിരനിരയായി വന്നു നിൽക്കുന്ന കൊച്ചുകുട്ടികൾക്ക് ആഹാരം വിളമ്പി നൽകുന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം. അധ്യാപകരും സഹായിക്കും. രാവിലെ ഒൻപതിനു സ്കൂളിലെത്തിയാൽ രണ്ടു വരെ ജോലിയുണ്ട് പാചകക്കാർക്ക്.  കുട്ടികൾ ഞങ്ങളുടെ വീടുകളിലുമുള്ളതുകൊണ്ട് എരിവും പുളിയുമെല്ലാം കുറച്ച് അവർക്ക് ഇഷ്ടപ്പെടുന്ന വിധത്തിലാണ് വിഭവങ്ങൾ തയാറാക്കുന്നത്. കോവിഡ് മാറി കൂട്ടുകാർ വീണ്ടും സ്കൂളിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ് ഞങ്ങളെല്ലാം.

Content Summary : Pampady MGM School Staff Pullazhathil Krishnankutty School Reopening Memoir

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA