ക്ലബ്ബ്ഹൗസിന്റെ മുഖമായ കലാകാരി; ഡ്രൂ കറ്റൗകയെ കുറിച്ച് അറിയാം

HIGHLIGHTS
  • ലോകപ്രശസ്ത വിഷ്വൽ ആർടിസ്റ്റും സോഷ്യൽ ആക്ടിവിസ്റ്റുമാണ്
  • 2020 മാർച്ചിൽ ക്ലബ് ഹൗസ് ആരംഭിച്ചപ്പോൾ മുതൽ അംഗമാണ്
asian-american-artist-drue-kataoka-latest-icon-of-clubhouse
SHARE

ക്ലബ്ഹൗസ് ആപ്ലിക്കേഷൻ മലയാളികൾക്കിടയിൽ തരംഗം തീർക്കുകയാണ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചൂടൻ ചർച്ചകൾക്കു വേദിയാകുന്ന ഈ ഓഡിയോ ഒാൺലി ആപ്പ് അതിവേഗമാണു സ്വാധീനം ഉറപ്പിക്കുന്നത്. ഒരു സ്ത്രീയുടെ മുഖമാണ് നിലവിൽ ആപ്പിന്റെ ഐക്കൺ. ഇതാരാണ് എന്നു ചിലരെങ്കിലും ചിന്തിച്ചു കാണും. ലോകപ്രശസ്ത വിഷ്വൽ ആർടിസ്റ്റും സോഷ്യൽ ആക്ടിവിസ്റ്റുമായ ഡ്രൂ കറ്റൗക ആണ് ഇത്.

കൃത്യമായ ഇടവേളകളിൽ മുഖം മാറ്റി ഐക്കൺ പരിഷ്കരിക്കുന്നതാണ് ക്ലബ് ഹൗസിന്റെ രീതി. ഇത്തരത്തിൽ ആപ്പിന്റെ മുഖമായി ക്ലബ്ഹൗസ് തിരഞ്ഞെടുക്കുന്ന എട്ടാമത്തെ വ്യക്തിയും ആദ്യത്തെ ഏഷ്യൻ അമേരിക്കൻ വനിതയും ആദ്യത്തെ മോഡേൺ ആർടിസ്റ്റുമാണ് ഡ്രൂ കറ്റൗക.

2020 മാർച്ചിൽ ക്ലബ്ഹൗസ് ആരംഭിച്ചപ്പോൾ മുതൽ ഡ്രൂ അതിൽ അംഗമാണ്. ഏഷ്യക്കാരോടുള്ള വിവേചനം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന #StopAsianHate എന്ന് ക്യാംപെയിന് വേണ്ടി ക്ലബ് ഹൗസിലൂടെ ഒരു ലക്ഷം ഡോളറാണ് ഡ്രൂവും കിങ് സെന്റർ സിഇഒ ബെർണിസ് കിങ്ങും ചേർന്നു സമാഹരിച്ചത്. തന്റെ കലയും പ്രഫഷനൽ ബന്ധങ്ങളും ഉപയോഗിച്ച് #24HoursofLove എന്ന ക്ലബ്ഹൗസ് ഇവന്റിലൂടെയായിരുന്നു ധനസമാഹരണം. 

drue-kataoka-2

ക്ലബ്ഹൗസിലെ തന്റെ ഏഴ് ലക്ഷത്തോളം ഫോളോവേഴ്സിലൂടെ വംശീയ വിവേചനത്തിനെതിരെ നിരവധി ചർച്ചകളും ബോധവൽക്കരണ ക്യാംപെയിനുകളും ഡ്രൂ സംഘടിപ്പിച്ചിട്ടുണ്ട്. സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങൾക്ക് പണം നല്‍കാൻ സാധിക്കുന്ന ഫീച്ചർ ക്ലബ്ഹൗസ് അവതരിപ്പിച്ചതിലും ഡ്രൂവിന്റെ സ്വാധീനമുണ്ട്.

സിലിക്കൺവാലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡ്രൂ കറ്റൗക  സ്റ്റുഡിയോസ് ലോകത്തെ ഏറ്റവും മികച്ച ആർട് സ്റ്റുഡിയോകളിൽ ഒന്നാണ്. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നു പഠിച്ചിറങ്ങിയ ഡ്രൂ, പരമ്പരാഗത ഗാലറി സംവിധാനത്തിൽനിന്നും വ്യത്യസ്തമായി സ്റ്റുഡിയോയ്ക്ക് രൂപം നൽകുകയായിരുന്നു. 

ശാസ്ത്രവും സാങ്കേതിക വിദ്യയും ഇഴ ചേരുന്ന കലാസൃഷ്ടികളാണ് ഡ്രൂവിന്റേത്. ഇന്ന് അഞ്ചു ഭൂഖണ്ഡങ്ങളിലെ മുപ്പതിലധികം രാജ്യങ്ങളിൽ ഡ്രൂവിന്റെ  കലാസൃഷ്ടികൾ കടന്നെത്തിയിരിക്കുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ആദ്യ സീറോ ഗ്രാവിറ്റി കലാ പ്രദർശനത്തിലും ഡ്രൂവിന്റെ കലാസൃഷ്ടി സ്ഥാനം പിടിച്ചു.

ലോക സാമ്പത്തിക ഫോറത്തിൽ യങ് ഗ്ലോബൽ ലീഡറായും സാംസ്കാരിക നേതാവായും ഡ്രൂ തിരഞ്ഞെടുക്കപ്പെട്ടു. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ സോളോ പ്രദർശനം നടത്തി. ഇതിന് അവസരം ലഭിച്ച വളരെ ചുരുക്കം കലാകാരികളിൽ ഒരാളാണ്. ടോക്കിയോയിലാണ് ഡ്രൂവിന്റെ ജനനം. അച്ഛൻ ജപ്പാൻകാരനും അമ്മ അമേരിക്കൻ വംശജയുമാണ്.

drue-kataoka-3

ക്ലബ് ഹൗസിനെ പോസിറ്റീവായ സാമൂഹിക മാറ്റത്തിന് ഉപയോഗിക്കാൻ ജനങ്ങളെ പ്രാത്സാഹിപ്പിക്കാനുള്ള അവസരമായാണ് ഐക്കൺ പദവിയെ ഡ്രൂ കാണുന്നത്. കലയും സാങ്കേതികവിദ്യയും ഒന്നിച്ചു കൊണ്ടുപോകുന്നതിന് നേതൃത്വം നൽകാൻ ക്ലബ് ഹൗസിന് സാധിക്കുമെന്നും ഡ്രൂ വിശ്വസിക്കുന്നു.

English Summary : Clubhouse Selects Asian American Artist And Activist Drue Kataoka As Its Latest Icon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA