ADVERTISEMENT

1994 സെപ്റ്റംബർ 22ലെ ഒരു തണുപ്പൻ അമേരിക്കൻ സായാഹ്നം. ടിവിയിൽ എൻബിസി ചാനലും വച്ച് അക്ഷമരായി കാത്തിരിക്കുകയായിരുന്നു ഡേവിഡ് ക്രെയ്നും മാർത്ത കഫ്മാനും. തങ്ങളുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഫ്രണ്ട്സ് എന്ന സിറ്റ്കോമിന്റെ (ഹാസ്യ പരിപാടി) ആദ്യ എപ്പിസോഡ് അന്നായിരുന്നു പുറത്തിറങ്ങുന്നത്. ചാർലി ചാപ്ലിനും ബെസ്റ്റർ കീറ്റ്സനും തൊട്ട് ഹാസ്യത്തിന്റെ വേറിട്ട മാനങ്ങൾ തീർത്ത അതികായൻമാർ അടക്കിവാണ അമേരിക്കൻ സിനിമാ ഇൻഡസ്ട്രിയിൽ 6 സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു സിറ്റ്കോം ആളുകൾ സ്വീകരിക്കുമോ എന്ന പേടി ഇരുവർക്കുമുണ്ടായിരുന്നു. എന്നാൽ എല്ലാ വേവലാതികളും അസ്ഥാനത്താക്കി ആദ്യ എപ്പിസോഡ് തന്നെ സൂപ്പർ ഹിറ്റ്. തുടർന്നിങ്ങോട്ട് 10 സീസണുകൾ, 236 എപ്പിസോഡുകൾ, ലോകമൊട്ടാകെ ആരാധകർ. അമേരിക്ക കണ്ട ഏറ്റവും വിജയകരമായ ടെലിവിഷൻ പരിപാടിയായി ഫ്രണ്ട്സ് മാറി.

friends-5

∙ കഥയും കഥാപാത്രങ്ങളും

 ചാൻഡ്‌ലർ ബിങ്, ജോയ് ട്രിബിയാനി, റോസ് ഗെല്ലർ, മോണിക്ക ഗെല്ലർ, റേച്ചൽ ഗ്രീൻ, ഫീബി ബുഫെ എന്നീ 6 സുഹൃത്തുക്കളും അവരുടെ ദൈനംദിന ജീവിതത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ഫ്രണ്ട്സിന്റെ ഇതിവൃത്തം. മാത്യു പെറി, മാറ്റ് ലേബ്ലാ‍ൻക്, ഡേവിഡ് ഷ്വിമ്മർ, കോർട്നി കോക്സ്, ജെനിഫർ അനിസ്റ്റൻ, ലിസ കുർഡോ എന്നിവരാണ് യഥാക്രമം ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കഥയും കഥാപാത്രങ്ങളും ഏവർക്കും സുപരിചിതമാണെങ്കിലും ഈ കഥാപാത്രങ്ങൾക്ക് ഇവർക്കു ലഭിച്ച ശമ്പളത്തെക്കുറിച്ചും ഫ്രണ്ട്സ് സീരീസ് ഉണ്ടാക്കിയ സാമ്പത്തിക ലാഭത്തെക്കുറച്ചും അധികമാർക്കും അറിയാൻ വഴിയില്ല.

friends-3

∙ ലക്ഷത്തിൽ തുടങ്ങി കോടികളിലേക്ക്

ഫ്രണ്ട്സിന്റെ തുടക്കത്തിൽ ഓരോ താരങ്ങളും ഒരു എപ്പിസോഡിന് 22500 ‍ഡോളർ (16.50 ലക്ഷം രൂപ) ആയിരുന്നു പ്രതിഫലമായി വാങ്ങിച്ചിരുന്നത്. എന്നാൽ ഷോ സൂപ്പർ ഹിറ്റായതോടെ ഇവരുടെ പ്രതിഫലവും വർധിച്ചു. അവസാന രണ്ട് സീസണുകളിൽ മില്യൻ ഡോളർ (ഏകദേശം 7.37 കോടി രൂപ) ആയിരുന്നു ഇവരുടെ പ്രതിഫലം. ഈ അടുത്ത് ഫ്രണ്ട്സ് റീ യൂണിയൻ സംഘടിപ്പിച്ചപ്പോൾ ഏകദേശം 2.5 മില്യൻ ഡോളർ (17 കോടിയോളം രൂപ) ആയിരുന്നു ഓരോരുത്തർക്കും പ്രതിഫലമായി ലഭിച്ചത്. ഇതുകൂടാതെ ഫ്രണ്ട്സിന്റെ പുനഃസംപ്രേഷണത്തിന്റെ ഭാഗമായി വർഷം 20 മില്യൻ ഡോളർ വീതവും ഇവർക്ക് ലഭിക്കുന്നുണ്ട്. ഇങ്ങനെ അമേരിക്കൻ ടെലിവിഷൻ മേഖലയിൽ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങിച്ചിരുന്ന താരങ്ങളായിരുന്നു ‘ഈ ഫ്രണ്ട്സ്’. എന്നാൽ ഇതിൽ ജെന്നിഫർ അനിസ്റ്റനൊഴിച്ച് മറ്റുതാരങ്ങൾക്കൊന്നും ഹോളിവുഡിൽ കാര്യമായ നേട്ടമുണ്ടാക്കാ‍ൻ സാധിച്ചില്ല. ഹോളിവുഡിൽ തിളങ്ങിനിന്നപ്പോഴും ഫ്രണ്ട്സിൽ നിന്നു മാറി നിൽക്കാൻ ജെന്നിഫർ തയാറായില്ല. റേച്ചൽ ഗ്രീൻ എന്ന കഥാപാത്രത്തിനു ലഭിച്ച ജനപ്രീതിയായിരുന്നു അതിനു കാരണം. 2000ന്റെ തുടക്കത്തിൽ അമേരിക്കയിൽ പലയിടങ്ങളിലും റേച്ചൽ കട്ട് എന്ന പേരിൽ ഹെയർ സ്റ്റൈൽ വരെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്റെ ഉയർന്ന പ്രതിഫലം ഫ്രണ്ട്സ് ടീമിനു ഉൾക്കൊള്ളാൻ സാധിക്കില്ലെന്നു വന്നപ്പോൾ മറ്റു താരങ്ങൾക്കു ലഭിക്കുന്ന അതേ പ്രതിഫലം മതിയെന്നു ജെന്നിഫർ ഫ്രണ്ട്സ് അധികൃതരെ അറിയിച്ചത്.

friends-2

∙ വർഷം ബില്യൻ ഡോളർ

അഭിനേതാക്കൾക്ക് ഇത്രയധികം പ്രതിഫലം നൽകിയാൽ പ്രൊഡക്‌ഷൻ കമ്പനിക്കു പിന്നെ എന്താണ് ലാഭം എന്നു ചിന്തിക്കുന്നവരുണ്ടാകാം. ഹോളിവുഡിലെ സ്റ്റുഡിയോ ഭീമൻമാരായ വാർണർ ബ്രോ സ്റ്റുഡിയോസാണ് ഫ്രണ്ട്സിന്റെ നിർമാതാക്കൾ. ഫ്രണ്ട്സിന്റെ പുനഃസംപ്രേഷണം വഴിമാത്രം വർഷം 1 ബില്യൻ ഡോളർ ഇവർക്കു ലഭിക്കുന്നു. ഇതിന്റെ 2 ശതമാനം മാത്രമാണ് അഭിനേതാക്കൾക്ക് ലഭിക്കുന്നത്. ഫ്രണ്ട്സിന്റെ സംപ്രേഷണ അവകാശത്തിനായി 100 മില്യൻ (ഏദേശം 730 കോടി രൂപ) ഡോളറാണ് നെറ്റ്ഫ്ലിക്സ് നൽകിയത്. ഫ്രണ്ട്സിന്റെ ഒഫീഷ്യൽ ടി–ഷർട്ടുകൾ മാത്രം ഇതിനോടകം 1 ബില്യൻ ഡോളർ തുകയ്ക്കു വിറ്റുപോയി. ഇങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ഫ്രണ്ട്സിനു പറയാനുള്ളത്.

friends-4

∙ പണം മാത്രമല്ല

കോടികളുടെ കിലുക്കമുണ്ടെങ്കിലും പണത്തെക്കാൾ ഉപരി പലതും നേടാനും നൽകാനും ഫ്രണ്ട്സിനു സാധിച്ചു. അമേരിക്കയിൽ ഉൾപ്പെടെ കുട്ടികളെ ഇംഗ്ലിഷ് ഭാഷ പഠിക്കാനും സംസാരിക്കാനും ഫ്രണ്ട്സ് സീരീസ് കാണുന്നതു സഹായിച്ചതായി പഠനങ്ങൾ പറയുന്നു. വിരഹവും വിരക്തിയും പിടികൂടിയ പലർക്കും അതിൽ നിന്നു രക്ഷപ്പെടാനും ഫ്രണ്ട്സ് മരുന്നായിട്ടുണ്ട്. തങ്ങളുടെ രോഗികളോട് ഫ്രണ്ട്സ് കാണാൻ ആവശ്യപ്പെടാറുള്ളതായി പല മനഃശാസ്ത്രജ്ഞരും സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തിൽ വെറുമൊരു ടിവി ഷോ എന്നതിലുപരി സമൂഹത്തിൽ ഇവരുണ്ടാക്കിയ ഓളം വളരെ വലുതാണ്.

friends-1

∙ ഇംപാക്ട് ഇന്ത്യയിലും

വിദേശ രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും ഫ്രണ്ട്സ് ആരാധകർക്കു പഞ്ഞമില്ല. കൊൽക്കത്ത, പഞ്ചാബ് തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഫ്രണ്ട്സ് തീമിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റുകളും ഹോട്ടലുകളും കാണാം. ഫ്രണ്ട്സ് റീ യൂണിയനും ഏറ്റവുമധികം കാഴ്ചക്കാരെ സമ്മാനിച്ച രാജ്യങ്ങളിലൊന്നും ഇന്ത്യയായിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com