ADVERTISEMENT

ഇന്ദുലേഖ സീരിയലിലെ രേവതി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കൃഷ്ണ തുളസീ ഭായി തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ‘എന്ന് സ്വന്തം കൃഷ്ണപ്രഭ’ എന്നാണു പുസ്തകത്തിന്റെ പേര്. അഭിനയത്തോടൊപ്പം എഴുത്തും മുന്നോട്ടു കൊണ്ടു പോകണമെന്നാണ് കൃഷ്ണ തുളസിയുടെ ആഗ്രഹം. ചെറുപ്പം മുതൽ ഒപ്പമുള്ള കലപരമായ അഭിനിവേശമാണ് എല്ലാത്തിനും പ്രചോദനം. കലയുടെ വിവിധ മേഖലകളിൽ സാന്നിധ്യമറിയിക്കുന്ന കൃഷ്ണ തുളസീ ഭായ് മനസ്സ് തുറക്കുന്നു.

krishna-thulasi-bai-2

∙ അഭിനയരംഗത്തേക്ക്

പൗർണമിത്തിങ്കൽ എന്ന സീരിയലിലൂടെയാണ് ഞാൻ അഭിനയ രംഗത്ത് എത്തുന്നത്. അതിനുശേഷം ‘നന്ദനം’ എന്ന സീരിയലിൽ വേഷമിട്ടു. ഇന്ദുലേഖയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. പ്രിയനന്ദനന്റെ അശാന്തം എന്ന ഷോർട് ഫിലിം ചെയ്തിരുന്നു. അശാന്തം പക്ഷേ പ്രേക്ഷകരിലേക്ക് എത്തിയില്ല. മറ്റു ചില ഹ്രസ്വചിത്രങ്ങളും ചെയ്തിട്ടുണ്ട്. ശിവറാം മണിയുടെ തിമിരം എന്ന സിനിമ ചെയ്തിരുന്നു. ആർ. ശ്രീനിവാസന്റെ വാരണാസി എന്ന സിനിമയിലും വേഷമിട്ടു. അതിന്റെ ഷൂട്ടിങ് തുടരുമ്പോഴാണ് കോവിഡ് വ്യാപനം ഉണ്ടായത്. അതോടെ ഷൂട്ടിങ് മുടങ്ങി. മറ്റൊരു ചിത്രവും കോവിഡ് കാരണം പ്രതിസന്ധിയിലായി. ‘ഐആം ദി സോറി’ എന്നൊരു വെബ് സീരിസിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴിൽ ആൽബങ്ങളും ചെയ്തു. തമിഴിൽനിന്നും സീരിയൽ ഓഫർ വന്നിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തിൽ അതും മുടങ്ങി. 

krishna-thulasi-bai-4

∙ എഴുത്തിലേക്ക്

സ്കൂളിൽ പഠിക്കുമ്പോൾ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. കോളജിൽ പഠിക്കുമ്പോൾ മാഗസിനിൽ എഴുതിത്തുടങ്ങി. ഞാൻ ഫിസിയോതെറാപ്പി പഠിച്ചത് കോയമ്പത്തൂരിൽ ആയിരുന്നു. അവിടെ മലയാളി അസോസിയേഷന്റെ മാസികകളിലും മറ്റും എഴുതുമായിരുന്നു.  

ചെറുപ്പത്തിൽ അച്ഛൻ ഞങ്ങൾക്ക് പുസ്തകങ്ങൾ വാങ്ങിത്തരുമായിരുന്നു. വായനയും എഴുത്തുമായിരുന്നു എന്റെ ലോകം. അഭിനയവും ഇഷ്ടമായിരുന്നു. സോഷ്യൽ മീഡിയ സജീവമായതിനുശേഷം എഴുതാറുണ്ട്. ശാന്തം മാഗസിൻ, ഡി സി ബുക്സിന്റെ സമാഹാരം എന്നിവയിലൊക്കെ എന്റെ കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

krishna-thulasi-bai-3

എന്റെ ആദ്യത്തെ പുസ്തകം ‘എന്ന് സ്വന്തം കൃഷ്ണപ്രഭ’ പബ്ലിഷ് ചെയ്യുക എന്ന സ്വപ്നം സാക്ഷാത്കാരത്തിലേക്ക് അടുക്കുകയാണ്. എഴുത്ത് ഞാൻ നെഞ്ചോട് ചേർക്കുന്ന അഭിനിവേശമാണ്. അനുഭവങ്ങളും കാഴ്ചകളും നെഞ്ചിൽ തിങ്ങിവിങ്ങുമ്പോൾ അതെല്ലാം കഥകളും കഥാപാത്രങ്ങളുമായി പുറത്തേക്കൊഴുകും. എഴുതാതിരിക്കാൻ എനിക്ക് ആവില്ല. അഭിയത്തോടൊപ്പം എഴുത്തും കൊണ്ടുപോകാനാണ് താൽപര്യം. സാഹിത്യസംബന്ധിയായ കൂട്ടായ്മകളിലും ചർച്ചകളിലും പങ്കെടുക്കാറുണ്ട്. ലിറ്ററേച്ചർ ഫൗണ്ടേഷന്റെ ഡയറക്ടർ ആയി പ്രവർത്തിക്കുകയാണ് ഇപ്പോൾ. 

∙ കുടുംബം

പന്തളം ആണ് സ്വദേശം. കുറേനാൾ ദുബായിൽ ആയിരുന്നു. വീട്ടിൽ അമ്മയും സഹോദരങ്ങളും ഉണ്ട്. അച്ഛൻ മരിച്ചു പോയി. ഇപ്പോൾ എന്റെ അമ്മയ്ക്കും മകൾക്കുമൊപ്പം തിരുവനന്തപുരത്താണു താമസം. കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ട് അഭിനയവും എഴുത്തുമൊക്കെ ഒരുപോലെ കൊണ്ടുപോകാൻ കഴിയുന്നു. 

krishna-thulasi-bai-5

കൃഷ്ണതുളസീ ഭായിയുടെ ഏതാനും കുറിപ്പുകൾ;

‘‘ഒരിക്കൽ ജീവിതം വഴുതിപ്പോയ, ഒറ്റയ്ക്കായ, സഹനത്തിന്റേയും കുറ്റപ്പെടുത്തലുകളുടേയും ലോകത്തെ അതിജീവിച്ച, ഒരുപാട് തവണ മരിച്ചുപോയ, നിസ്സംഗതയും മൗനവും കണ്ണുകളിലെ ഭാഷയായ പെണ്ണിനെ പ്രണയിക്കരുത്.... കരിയും ചാരവുമായ ഒരിടത്തുനിന്ന് ജീവിതം ജീവിതം എന്ന് അവൾക്ക് ആർത്തുവിളിക്കാൻ ഒച്ച പൊങ്ങിയില്ലെന്നുവരും.....’’

 

‘‘നിസംഗത എന്തെന്ന് നിങ്ങൾക്കറിയുമോ....? 

അത് ആത്മാവ് വെന്തുപോയ ജീവിതാവസ്ഥയാണ്.....

നഷ്ടങ്ങളുടെ പരകോടിയില്‍ ഒന്നും കിട്ടാനില്ലാത്തവളുടെ കണ്ണുകളില്‍ നിങ്ങൾക്കത് കാണാനാകും.....

അതിലേക്കു എത്തുന്നത്‌ , ‘ഹാ..മരണം എത്രയോ സുന്ദര’മെന്ന് തോന്നിപ്പിക്കും പോലെയുള്ള ഹൃദയവേദനയിലൂടെ കടന്നുപോയിട്ടാണ്....’’  

 

‘‘പരിഗണന ഒരു മനുഷ്യാവകാശമെന്ന് വിശ്വസിക്കുന്നു ഞാൻ....

എല്ലാ ബന്ധങ്ങളിലും ആവശ്യം വേണ്ടത്... 

പരിഗണനക്കായി കാത്തിരിക്കുക എന്നതൊരു നിസ്സഹായതയാണ്, എന്തിന് വേണ്ടിയാണെങ്കിലും...

നമ്മെ പരിഗണിക്കാത്ത ബന്ധങ്ങളില്‍ തളക്കപ്പെടുന്നത് അപമാനകരമാണ്...

ഒറ്റപ്പെടത്തലുകളും അവഗണനകളും കുറ്റപ്പെടുത്തലുകളും തിരക്കുത്തുകള്‍ പോലെ പാഞ്ഞുവന്നപ്പോള്‍ അപരചിതത്വത്തിന്റെ ഏകാന്തതയില്‍ ഒരു ഏങ്ങലടിയുടെ ശബ്ദംപോലുമുണ്ടാക്കാനാകാതെ ഉള്ളിലിട്ട് നീറിനീറി കരഞ്ഞൊരു പെണ്ണ് എന്റെ ഉള്ളകങ്ങളില്‍ ഇപ്പോഴുമുണ്ട്...

ആ വേദനയുടെ തീവ്രത കാലം മായ്ക്കാത്ത മുറിപ്പാടുകളാണ്...

പരിഗണന ഇല്ലാത്തിടത്തേയ്ക്ക് തിരിഞ്ഞു നോക്കുകപോലും അരുത്...’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com