നിക്ഷേപം എത്ര കോടിയെന്നു പറയില്ല, സ്റ്റാർട്ടപ് മാലാഖമാരായി നടിമാർ; ഈ ട്രെൻഡ് അൽപം ‘റിസ്ക്കി’

HIGHLIGHTS
  • അംബീ എന്ന കമ്പനിയിൽ ഐശ്വര്യ റായ് 50 ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തിയത്
  • നിക്ഷേപം നടത്തുന്നതിലും താരമാണ് ദീപിക പദുക്കോൺ
bollywood-celebrities-who-invested-in-startups
ഐശ്വര്യ റായ്, ആലിയ ഭട്ട്, ദീപിക പദുകോൺ ∙ Image Credits : Instagram
SHARE

സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നത് ബോളിവുഡിൽ ഒരു ഫാഷനായി മാറിയിട്ട് കുറച്ചുനാളായി. വെറുതെ നിക്ഷേപം നടത്തി മാറിനിൽക്കുന്ന ചില്ലറക്കളിയല്ല താരങ്ങൾ നടത്തുന്നത്. പലർക്കും ഇതിനായി പ്രത്യേക ഓഫിസും ജീവനക്കാരും ഒക്കെയുണ്ട്. ഒരു സ്‌ക്രിപ്റ്റ് കേട്ട് സിനിമ തിരഞ്ഞെടുക്കുന്ന അതേ ജാഗ്രതയോടെയാണ് താൻ നിക്ഷേപത്തിനായി സ്റ്റാർട്ടപ് കമ്പനികളെ തിരഞ്ഞെടുക്കുന്നതെന്നാണ് ദീപിക പദുക്കോണിന്റ കമന്റ്. സ്റ്റാർട്ടപ്പിലെ നിക്ഷേപം പോലെ റിസ്‌ക് കൂടിയ കളികൾക്ക് സാധാരണ താരങ്ങൾ നിന്നു കൊടുക്കാത്തതാണ്. എന്നാൽ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ നേടുന്ന അദ്ഭുതാവഹമായ മുന്നേറ്റമാണ് താരങ്ങൾക്കും ആത്മവിശ്വാസം നൽകുന്നത്. റിസ്‌ക് കൂടിയ നിക്ഷേപങ്ങളിൽ കൂടുതലും നടത്തുന്നത് നടിമാരാണ്. 

നിക്ഷേപകരുടെ റോളിൽ മാത്രമല്ല ഈ കമ്പനികളിൽ താരങ്ങളുടെ പ്രവർത്തനം. പ്രചാരണത്തിനും ആശയരൂപീകരണത്തിനുമായി നല്ലൊരു സമയം, നിക്ഷേപം നടത്തിയ കമ്പനികൾക്കായി അവർ ചെലവിടുന്നു. തങ്ങളുടെ കോടികൾ വിലയുള്ള ബ്രാൻഡ് അംബാസിഡർ പരിവേഷവും ഇവർ ഈ സ്റ്റാർട്ടപ്പുകൾക്കു നൽകും. നിക്ഷേപത്തുക പല താരങ്ങളും സാധാരണ വെളിപ്പെടുത്താറില്ല എന്നതു വേറെ കാര്യം. കോടികൾ പ്രതിഫലം വാങ്ങുന്ന താരങ്ങൾ ഭൂമി വാങ്ങുന്നതിനും വിദേശത്തുള്ള നിക്ഷേപത്തിനും മാത്രം പണം ചെലവിടുന്ന പതിവു രീതിയിൽനിന്നുള്ള മാറിനടത്തത്തിന് കയ്യടിക്കുകയാണ് സാമ്പത്തിക രംഗവും. അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള കൊച്ചുകൊച്ച് ഉൽപന്നങ്ങളും സേവനങ്ങളും വിപണിയിലെത്തിക്കുന്ന സ്റ്റാർട്ടപ്പുകളിലാണ് നടിമാരുടെ നിക്ഷേപം എന്നതും ശ്രദ്ധേയമാണ്. കത്രീന കെയ്ഫ്, ദീപിക പദുക്കോൺ, ആലിയ ഭട്ട്, ഐശ്വര്യറായ്....നിക്ഷേപ മാലാഖമാർ നിരനിരയായി നിൽക്കുകയാണ്.

aishwarya-rai
ഐശ്വര്യ റായ് ∙ Image Credits : taniavolobueva / Shutterstock.com

ഐശ്വര്യ റായ്

വായുഗുണനിലവാര വിവരസേവനം നൽകുന്ന അംബീ എന്ന കമ്പനിയിൽ ഐശ്വര്യ റായ് 50 ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തിയത്. അമ്മ വൃന്ദയ്‌ക്കൊപ്പമാണ് ബെംഗളൂരു ആസ്ഥാനമായ ഈ സ്റ്റാർട്ടപ്പിൽ ഐശ്വര്യയുടെ നിക്ഷേപം. ഹൈദരാബാദ് ആസ്ഥാനമായ പോസിബിൾ എന്ന ആരോഗ്യസേവന കമ്പനിയിലും കഴിഞ്ഞ ജനുവരിയിൽ ഐശ്വര്യ 5 കോടിയുടെ നിക്ഷേപം നടത്തിയിരുന്നു.

deepika-padukone
ദീപിക പദുകോൺ ∙ Image Credits : taniavolobueva/ Shutterstock.com

ദീപിക പദുക്കോൺ

സിനിമയിലെന്ന പോലെ തന്നെ നിക്ഷേപം നടത്തുന്നതിലും താരമാണ് ദീപിക പദുക്കോൺ. ഇതുവരെ ഏഴോളം കമ്പനികളിൽ നിക്ഷേപം നടത്തി. കെഎ എന്റർപ്രൈസസ് എന്ന സ്വന്തം സ്ഥാപനം വഴിയാണ് നിക്ഷേപങ്ങൾ നടത്തുന്നത്. 2017ലാണ് ഈ സ്ഥാപനം താരം തുടങ്ങിയത്. ഏറ്റവുമൊടുവിൽ നിക്ഷേപം നടത്തിയത് കഴിഞ്ഞ ആഴ്ചയാണ്. തന്റെ ജന്മനാടായ ബെംഗളൂരു ആസ്ഥാനമായ സൂപ്പർടെയ്ൽസ് എന്ന കമ്പനി നടത്തിയ നിക്ഷേപ സമാഹരണ യജ്ഞത്തിലാണ് താരം പങ്കാളിയായത്. പക്ഷേ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഡ്രംസ് ഫുഡ് ഇന്റർനാഷനൽ എന്ന കമ്പനിയിലായിരുന്നു ദീപികയുടെ കന്നി നിക്ഷേപം. രണ്ടാമത് ബെംഗളൂരു ആസ്ഥാനമായി ബെല്ലാട്രിക്‌സ് എയറോസ്‌പേസ് എന്ന കമ്പനിയിലും നിക്ഷേപിച്ചു. ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ ബ്ലുസ്മാർട്ടിലാണ് പിന്നെ നിക്ഷേപം നടത്തിയത്. ലേണിങ് പ്ലാറ്റ്‌ഫോമായ ഫ്രണ്ട്‌റോയിലും ഫർണിച്ചർ വാടകയ്ക്കുകൊടുക്കുന്ന ഫർലെങ്കോയിലും സൗന്ദര്യപരിചരണ സേവന പ്ലാറ്റ്‌ഫോമായ പർപ്പിളിലും താരത്തിന് നിക്ഷേപമുണ്ട്.

priyanka-chopra
പ്രിയങ്ക ചോപ്ര ∙ Denis Makarenko/ Shutterstock.com

പ്രിയങ്ക ചോപ്ര

ആശയങ്ങളാണ് ഇന്നത്തെ കാലത്തെ പണം. പറയുന്നത് ബോളിവുഡിന്റെ പ്രിയതാരം പ്രിയങ്ക ചോപ്രയാണ്. ഇതിനോടകം അമേരിക്ക ആസ്ഥാനമായ സ്റ്റാർട്ടപ്പിൽ അടക്കം നിക്ഷേപം നടത്തിയിട്ടുണ്ട് പ്രിയങ്ക.  ഈ വർഷം കൂടുതലായി ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപത്തിന് ഒരുങ്ങുകയാണ് താനെന്ന് അവർ പ്രഖ്യാപിച്ചുകഴിഞ്ഞു. ബ്യൂട്ടി, ടെക്, എജ്യുക്കേഷൻ സ്റ്റാർട്ടപ്പുകൾക്കാണ് മുൻതൂക്കം നൽകുക എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തുന്ന കമ്പനികളോട് പ്രിയങ്കയ്ക്ക് ഇഷ്ടം അൽപം കൂടുതലുള്ളത് അത്തരം കമ്പനികൾക്ക് മുതൽക്കൂട്ടാകും.

silpa-shetty
ശിൽപ ഷെട്ടി ∙ Image Credits : Instagram

ശിൽപ ഷെട്ടി

ആൺതാരങ്ങൾ നിക്ഷേപരംഗത്ത് ആധിപത്യം പുലർത്തിയിരുന്നിടത്തേക്കാണ് 2013ൽ ശിൽഷെട്ടി കടന്നുവരുന്നത്. ഗ്രൂപ്‌കോ ഡെവലപ്പേഴ്‌സ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം തുടങ്ങിയായിരുന്നു ആ വരവ്. ബേബി കെയർ ഉൽപന്നങ്ങൾ വിൽക്കുന്ന മാമാഎർത്ത് എന്ന സ്റ്റാർട്ടപ്പിലാണ് ശിൽപ ഷെട്ടി നിക്ഷേപിച്ചിരിക്കുന്നത്. 1.6 കോടിയാണ് നിക്ഷേപം.

jacqulin-fernandas
ജാക്വിലിൻ ഫെർണാണ്ടസ് ∙ Image Credits : Instagram

ജാക്വിലിൻ ഫെർണാണ്ടസ്

ജാക്വിലിൻ സൗന്ദര്യസംരക്ഷണത്തിലെന്ന പോലെ ആരോഗ്യകാര്യത്തിലും വലിയ ശ്രദ്ധയുള്ള ആളാണ്. അതുകൊണ്ടാകും താരസുന്ദരി ഹെൽത്തി ജ്യൂസ് നിർമാണ സ്റ്റാർട്ടപ്പായ റക്യാൻ ബീവറേജസിൽ നിക്ഷേപം നടത്തിയത്. പ്രകൃതിദത്ത ജ്യൂസുകൾ റോ പ്രെസറി എന്ന ബ്രാൻഡിൽ വിൽക്കുന്ന കമ്പനിയാണിത്.

pragya-thakoor
പ്രഗ്യാ കപൂർ ∙ Image Credits : Instagram

പ്രഗ്യാ കപൂർ

പ്രമുഖ നടിയും നിർമാതാവുമായി പ്രഗ്യാ കപൂർ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകയുമാണ്. അതിനോട് നീതി പുലർത്തുന്നതാണ് പ്രഗ്യയുടെ നിക്ഷേപവും. പ്രകൃതി സൗഹൃദ ഉൽപന്നങ്ങൾ വിൽക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമായ ബ്രൗൺ ലിവിങ്ങിൽ ആണ് നിക്ഷേപം നടത്തിയിട്ടുള്ളത്. പ്ലാസ്റ്റിക് രഹിത ലോകം സ്വപ്‌നം കാണുന്ന പ്രഗ്യയ്ക്ക് നിക്ഷേപത്തിന് ഏറ്റവും യോജിച്ച കമ്പനി തന്നെ ഇത്.

madhuri-dixit
മാധുരി ദീക്ഷിത് ∙ Image Credits : Instagram

മാധുരി ദീക്ഷിത്

ബോളിവുഡിലെ നൃത്തസുന്ദരി മാധുരി ദീക്ഷിതിന്റെ ആരോഗ്യപ്രേമം പ്രശസ്തമാണല്ലോ. ആരോഗ്യപരിചരണ സേവനം നൽകുന്ന ഗോകി എന്ന കമ്പനിയിലാണ് മാധുരിയുടെ നിക്ഷേപം.  ആരോഗ്യപരിചരണ കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സ്മാർട് വാച്ച് പോലുള്ള ഉപകരണങ്ങളാണ് കമ്പനി വിൽക്കുന്നത്. കമ്പനിയുടെ ചീഫ് മെഡിക്കൽ ഓഫിസർ മാധുരിയുടെ ഭർത്താവ് ശ്രീറാം നെൻ ആണ്.

kajal-aggarwal
കാജൽ അഗർവാൾ ∙ Image Credits : Instagram

കാജൽ അഗർവാൾ

കാജൽ അഗർവാൾ സ്റ്റാർട്ടപ് നിക്ഷേപരംഗത്തേക്ക് വരുന്നത് ഈ അടുത്ത കാലത്താണ്. മുംബൈയിലെ ഗെയ്മിങ് സ്റ്റാർട്ടപ്പ് ആയ ഒകി ഗെയ്മിങ്ങിലാണ് താരം നിക്ഷേപം നടത്തിയത്. 15 ശതമാനം ഓഹരിയാണ് നിക്ഷേപത്തിലൂടെ സ്വന്തമാക്കിയത്. പതിവുപോലെ, തുക വെളിപ്പെടുത്തിയിട്ടില്ല. നമ്മുടെ വള്ളംകളിയൊക്കെ പോലുള്ള നാടൻ ഗെയിമുകളാണ് ഈ സ്റ്റാർട്ടപ്പ് ഉണ്ടാക്കുന്നത്.

INDIA-ARTS-CINEMA-BOLLYWOOD
ആലിയ ഭട്ട് ∙ Image Credits : Sujit Jaiswal / AFP

ആലിയ ഭട്ട്

ആലിയ ഭട്ടിന് ഫാഷൻ-ടെക് സ്റ്റാർട്ടപ്പ് ആയ സ്റ്റൈൽക്രാക്കറിൽ നിക്ഷേപമുണ്ട്. കൂടാതെ ഫാഷൻ ഇ–റീട്ടെയ്ൽ കമ്പനിയായ നൈകായിലും നിക്ഷേപം നടത്തി. പ്രകൃതി സൗഹൃദ കുട്ടിയുടുപ്പുകൾ വിൽക്കുന്ന എദെമാമ്മ എന്ന സ്വന്തം സ്റ്റാർട്ടപ് സംരംഭവും ആലിയ ഭട്ടിനുണ്ട്.

anushka-sharma
അനുഷ്ക ശർമ ∙ Image Credits : Instagram

മറ്റാരൊക്കെ

നൈകായിൽ നിക്ഷേപമുള്ള മറ്റൊരു താരമാണ് കത്രീന കെയ്ഫ്. നൈകായുമായി ചേർന്ന് കേ ബ്യൂട്ടി എന്ന ബ്രാൻഡും കത്രീനയ്ക്ക് ഉണ്ട്. ഡിജിറ്റ് എന്ന പുതുമുറ ഇൻഷുറൻസ് സ്റ്റാർട്ടപ്പിൽ ആണ് അനുഷ്‌ക ശർമയ്ക്ക് നിക്ഷേപം. നടിയും മോഡലുമായ മലൈക അറോറ 2012 മുതൽ സ്റ്റാർട്ടപ് നിക്ഷേപം നടത്തുന്നുണ്ട്. പ്രീമിയം ഉൽപന്നങ്ങൾ വിൽക്കുന്ന ദി ലേബൽ ലൈഫിലാണ് ആദ്യം നിക്ഷേപം നടത്തിയത്. ജെനിഫർ ലോപസ് അടക്കം നിക്ഷേപം നടത്തിയിട്ടുള്ള യോഗാ ഫിറ്റ്‌നസ് സ്റ്റാർട്ടപ്പ് ആയ സർവയിൽ 2019ലും നിക്ഷേപം നടത്തി താരം.

katrina-kaif
കത്രീന കൈഫ് ∙ Image Credits : Instagram

English Summary: Bollywood Celebrities who Invested in Startups

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA