ADVERTISEMENT

സൗഹൃദം ചിലർക്ക് ആഘോഷമാണ്. ചിലർക്ക് ഉന്മാദവും. മറ്റു ചിലർക്ക് സ്നേഹം, സഹകരണം... അങ്ങനെ പലതും. എന്നാൽ കായംകുളത്ത് ഒന്നിച്ച് തയ്യൽക്കട നടത്തുന്ന ഉദയകുമാറും രവീന്ദ്രന്‍ പിള്ളയും സൗഹൃദത്തോടൊപ്പം ഒരു കൗതുകം കൂടി തുന്നിച്ചേർത്തു. 25 വർഷമായി ഒരേ നിറത്തിലും തരത്തിലുമുള്ള വസ്ത്രം ധരിച്ചല്ലാതെ ഇവരെ പുറംലോകം കണ്ടിട്ടില്ല. ഒരേപോലുള്ള വസ്ത്രം ധരിച്ച്, ഒരു ബൈക്കില്‍ സഞ്ചരിക്കുന്ന ഇവരെ ‘പാച്ചുവും കോവാലനും’ എന്നാണു നാട്ടുകാർ വിളിക്കുന്നത്. ആ പേര് ഇഷ്ടത്തോടെ നെഞ്ചിലേറ്റിയ ഇവർ തങ്ങൾ തുടങ്ങിയ തയ്യൽകടക്കും പേരിട്ടു – പി.കെ.ടെയ്‍ലേഴ്സ്.

ഒരേപോലുള്ള വസ്ത്രധാരണം ആൾക്കൂട്ടത്തിൽ ശ്രദ്ധ നേടാനോ, ചർച്ച ചെയ്യപ്പെടാനോ വേണ്ടിയുള്ള ബോധപൂർവമായ ശ്രമം ആയിരുന്നില്ല ഇവർക്ക് . യാദൃച്ഛികമായാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. അതും 1986ല്‍.

അന്ന് കായംകുളത്തെ ഒരു ടെയ്‍ലറിങ് സെന്ററിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. തയ്യല്‍ പഠിക്കാനെത്തിയവർ പതിയെ സുഹൃത്തുക്കളായി. ഷർട്ടിനുള്ള തുണിയെടുക്കാനായി ഒരിക്കൽ ഒന്നിച്ച് കടയിൽ കയറി. ഒരുമിച്ച് വാങ്ങിയാൽ വിലക്കുറവ് ഉണ്ടാകുമെന്നതിനാല്‍ അങ്ങനെ ചെയ്തു. രണ്ടാൾക്കും ഒരേ തുണി മുറിച്ചു വാങ്ങി. ഷർട്ട് തയ്ച്ചതും ഒരുപോലെ. ഇതു കൊള്ളാമല്ലോ എന്ന് അന്നേ തോന്നി. പിന്നെ തുണിയെടുക്കലും തയ്ക്കലുമൊക്കെ ഒരുമിച്ചായി. 25 വർഷമായിട്ടും ആ ശീലത്തിന് മാറ്റമില്ല. ഇപ്പോൾ ഇവർക്ക് ഒരുപോലുള്ള 40 ജോഡി വസ്ത്രങ്ങളുണ്ട്.

ഇപ്പോഴും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ വിവാഹങ്ങൾക്കും മറ്റു പരിപാടികൾക്കും പോകുന്നത് ഒരേ പോലുള്ള വസ്ത്രം ധരിച്ചാണ്. ഇരുവരുടെയും വിവാഹദിവസം മാത്രമാണ് വ്യത്യസ്തമായി വസ്ത്രം ധരിച്ചിട്ടുള്ളത്. 

raveendranpillai-and-udayakumar-2

വസ്ത്രത്തിലെ ഒത്തൊരുമ ശീലമാക്കിയ ഇവർക്ക് ജീവിതം മറ്റൊരു സമാനത കാത്തുവച്ചിരുന്നു. ഭാര്യമാരുടെ പേരിലെ സാമ്യമാണത്. രവീന്ദ്രൻ പിള്ളയുടെ ഭാര്യയുടെ പേര് ബീനാകുമാരി. ഉയദകുമാറിന്റെ ഭാര്യയുടെ പേര് സുനിതാകുമാരി. മക്കൾക്കും സാമ്യതയുള്ള പേരുകളാണ് നൽകിയിരിക്കുന്നത്. രവീന്ദ്രൻ പിള്ളയുടെ മകന്റെ പേര് ശ്രീപ്രിജൽ. ഉദയകുമാറിന്റെ മകളുടെ പേര് ശ്രീലച്ചു. തങ്ങളെപ്പോലെ തന്നെ ഊഷ്മളമായ സൗഹൃദം ഭാര്യമാർക്കും മക്കൾക്കും ഇടയിലുണ്ടെന്ന് ഇവർ പറയുന്നു.

 

സൗഹൃദമെന്നാൽ സമാനമായ വസ്ത്രധാരണം മാത്രമല്ല. 25 വർഷമായി അതിങ്ങനെ ജീവിതത്തോട് ഇഴചേർന്നു കിടക്കുന്നതിന് മറ്റു ചില കാരണങ്ങളുമുണ്ട്. ‘‘ഞങ്ങൾക്ക് മദ്യപാന ശീലമില്ല. പണമിടപാടുകൾ കഴിയുന്നതും ദീർഘിപ്പിക്കാറില്ല. കൊടുക്കൽ വാങ്ങലുകൾ ഒരുപാട് കാലത്തേക്ക് നീണ്ടുപോയാൽ അതു ചിലപ്പോൾ സൗഹൃദത്തെ ബാധിക്കും. ഞങ്ങൾക്കിടയിൽ രാഷ്ട്രീയം ഒരു ചർച്ചാ വിഷയമാകാറില്ല എന്നതും സൗഹൃദത്തിന് കോട്ടം തട്ടാത്തതിനുള്ള കാരണമാണ്'', രവീന്ദ്രൻപിള്ള മനോരമ ന്യൂസ്.കോമിനോട് പറ‍ഞ്ഞു.

raveendranpillai-and-udayakumar-3

ജീവിതകാലം മുഴുവൻ ഇങ്ങനെ തുടരാനാണ് ആഗ്രഹമെന്ന് ഉദയകുമാർ പറയുന്നു. ‘‘ഈ ശീലത്തിന്റെ പേരിൽ ഒരിക്കൽ പോലും നെഗറ്റീവ് ആയ കമന്റ് കേട്ടിട്ടില്ല. എല്ലാവര്‍ക്കും കൗതുകമാണ് ഞങ്ങളുടെ ജീവിതം. വീട്ടുകാർക്കും എതിരഭിപ്രായം ഒന്നുമില്ല. പിണക്കങ്ങളില്ലാതെ ഇതിങ്ങനെ മുന്നോട്ടു പോകാനാകട്ടെ എന്നാണു പ്രാർഥന’’– ഉദയകുമാർ കൂട്ടിച്ചേര്‍ത്തു.

ഒരേ വളപ്പിൽ തന്നെയാണ് ഇരുകുടുംബങ്ങളും താമസം. ചേരാവള്ളിയിൽ താമസിച്ചിരുന്ന ഉദയകുമാർ പുള്ളിക്കണക്കിൽ രവീന്ദ്രൻ പിള്ളയുടെ വീടിനോട് ചേർന്ന് സ്ഥലം വാങ്ങി വീടുവയ്ക്കുകയായിരുന്നു. വീടിന് പി.കെ നിവാസ് എന്ന പേരും നൽകി. ഹൃദയങ്ങൾക്കിടയിലില്ലാത്ത മതിൽ വീടുകൾ തമ്മിലുമില്ല. ഇനി മതിൽ കെട്ടാൻ ആഗ്രഹിക്കുന്നുമില്ല. ഒരു പോലുള്ള പാന്റ്സും ഷര്‍ട്ടുമിട്ട് ഒരേ ബൈക്കിലിരുന്ന് പി.കെ.ടെയ്‍ലേഴ്സ് ഇറങ്ങുമ്പോൾ ഇപ്പോഴും അവർ കാതോർക്കും, നാട്ടുകാരുടെ പാച്ചൂ, കോവാലാ വിളികൾക്കായി. കാരണം അത്രമേൽ അവര്‍ അത് ആസ്വദിക്കുന്നുണ്ട്.

English Summary : Rare friendship story of Raveendran Pillai and Udayakumar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com