ADVERTISEMENT

ബാലതാരമായി എത്തി മലയാളികളുടെ ഇഷ്ടം നേടിയ സുന്ദരിയാണ് അനിഖ സുരേന്ദ്രൻ. അഭിനയത്തോടൊപ്പം ഫാഷൻ ഫോട്ടോഷൂട്ടുകളുമായി നിറഞ്ഞു നിൽക്കുകയാണ് താരമിപ്പോൾ. അനിഖയുടെ ലുക്കുകള്‍ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. വസ്ത്രധാരണത്തിലെയും മേക്കപ്പിലെയും തന്റെ ഇഷ്ടങ്ങള്‍ അനിഖ പങ്കുവയ്ക്കുന്നു.

∙ എങ്ങനെയുള്ള വസ്ത്രങ്ങളോടാണ് പ്രിയം ?

മോഡേൺ വസ്ത്രങ്ങൾ ആണ് ഇഷ്ടം. കംഫർട്ടബിൾ ആയിരിക്കണം. ട്രെൻഡ് അനുസരിച്ചാണ് ഡ്രസ്സ് വാങ്ങുക. എനിക്ക് മോഡേൺ ഡ്രസ്സ് തന്നെയാണ് ചേരുന്നത്. ജീൻസ്‌, ക്രോപ് ടോപ്പ്, സിംപിൾ സ്കർട്ട് ടോപ് എന്നിവയാണ് സാധാരണ ഉപയോഗിക്കുക. പിന്നെ ഫോട്ടോഷൂട്ടിനായി സാരിയും മറ്റു വസ്ത്രങ്ങളും ധരിക്കാറുണ്ട്.

anikha-3

∙ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോൾ പ്രധാന്യം നൽകുന്ന ഘടകം ?

ഫിറ്റിങ് പെർഫക്റ്റ് ആയിരിക്കണം എന്നു നിർബന്ധമുണ്ട്. ഒരുപാട് അയഞ്ഞു കിടക്കുന്ന വസ്ത്രങ്ങൾ ഇഷ്ടമല്ല. വസ്ത്രങ്ങളുടെ ക്വാളിറ്റി നോക്കാറുണ്ട്. ചില ബ്രാൻഡുകളോട് പ്രത്യേക ഇഷ്ടമുണ്ട്. ഓൺലൈനായും ഷോപ്പിങ് നടത്താറുണ്ട്.

∙ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ‌ സഹായിക്കുന്നത് ആരാണ് ?

വസ്ത്രങ്ങളെല്ലാം ഞാൻ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. ചെറുപ്പത്തിൽ അമ്മയായിരുന്നു എനിക്കു വേണ്ടതെല്ലാം വാങ്ങിയിരുന്നത്. എനിക്ക് ചേരുമെന്ന് അമ്മയ്ക്ക് തോന്നുന്നത് വാങ്ങുമായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് എന്റേതായ അഭിപ്രായങ്ങളുണ്ട്. അമ്മയോട് സെലക്‌ഷൻ നന്നായോ എന്നു ചോദിക്കും. എന്നാലും അവസാനം എനിക്ക് ഇഷ്ടപ്പെടുന്നതേ വാങ്ങാറുള്ളൂ. 

∙ തയ്പ്പിക്കാറില്ലേ ?

തയ്പ്പിക്കുക വളരെ കുറവാണ്. കാഷ്വൽവെയർ എല്ലാം വാങ്ങുകയാണ് ചെയ്യുന്നത്. എന്തെങ്കിലും സ്പെഷൽ ആഘോഷങ്ങൾക്കോ, ഇവന്റിനോ ഒക്കെയാണെങ്കിൽ എനിക്ക് ചേരുന്ന വിധത്തിൽ ഡ്രസ്സ് തയ്പ്പിച്ചെടുക്കും. അമ്മയ്ക്ക് ടെയ്‌ലറിങ് അറിയാം. അതുകൊണ്ട് അമ്മയും ചിലപ്പോൾ എനിക്ക് വേണ്ടി ഡ്രസ്സ് ഡിസൈൻ ചെയ്യാറുണ്ട്.

Image Credits : Anikha surendran / Instagram
Image Credits : Anikha surendran / Instagram

∙ ഇഷ്ട നിറങ്ങൾ ? 

എനിക്ക് ഏറ്റവും ഇഷ്ടം കറുപ്പ് നിറമാണ്. ഡ്രസ്സ് വാങ്ങാൻ പോകുമ്പോൾ അവസാനം എപ്പോഴും കറുപ്പിൽ ചെന്ന് നിൽക്കും. കറുപ്പ് എല്ലാവർക്കും ചേരുന്ന നിറമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ വാഡ്രോബിൽ എല്ലാ നിറങ്ങളിലുമുള്ള ഡ്രസ്സുകളുണ്ട്.

അമ്മയുടെ 25 വർഷം പഴക്കമുള്ള ഒരു സ്കർട്ട് ധരിച്ച് ഫോട്ടോ പങ്കുവച്ചിരുന്നല്ലോ ?

അതെ. ആ സ്കർട്ട് കണ്ടപ്പോൾ ഒരു കൗതുകം തോന്നി. അമ്മയുടെ കല്യാണ സമയത്തുള്ള ഡ്രസ്സ് ആയിരുന്നു അത്. മെഹന്ദിക്ക് ധരിച്ചത്. അന്ന് മെഹന്ദി ആയതിന്റെ നിറം ആ ഡ്രസ്സിൽ ഇപ്പോഴുമുണ്ട്. 

ആ സമയത്ത് അമ്മ എന്റെ ഇപ്പോഴത്തെ സൈസ് ആയിരുന്നു എന്ന് തോന്നുന്നു. കാരണം ആ സ്കർട്ട് എനിക്ക് പെർഫക്റ്റ് ഫിറ്റ് ആണ്. അതേ ഡിസൈനിലുള്ള ഒരു ടോപ്പും ഉണ്ടായിരുന്നു. പക്ഷേ അത് ചീത്തയായി. അതുകൊണ്ടു അമ്മ ആ സ്കർട്ടിന് ചേരുന്ന ഒരു പിങ്ക് ടോപ് തയ്ച്ചുതന്നു. അതു ധരിച്ചാണ് ഫോട്ടോ എടുത്തതും പങ്കുവച്ചതും.

∙ ഫാഷൻ അപ്ഡേറ്റുകൾ ഫോളോ ചെയ്യുന്ന ആളാണോ ? 

ഫാഷനോട് വളരെയധികം താൽപര്യമുള്ള ഒരാളാണ് ഞാൻ. അതുകൊണ്ടു തന്നെ ട്രെൻഡ് എന്താണെന്നു നോക്കാറുണ്ട്. ഡ്രസ്സ് മാത്രമല്ല മേക്കപ്പ്, മുടിയിൽ വരുന്ന പരിഷ്‌കാരങ്ങൾ എല്ലാം ശ്രദ്ധിക്കും. പുതിയ ട്രെൻഡുകൾ അതുപോലെ തന്നെ പരീക്ഷിക്കാറില്ല. പകരം അതിൽ എന്റെ സ്വന്തം ചോയ്‌സ് കൂടി ഉൾപ്പെടുത്തി ആണ് ഉപയോഗിക്കുക.  

anikha-5

∙ ഫാഷൻ പൊലീസിങ്ങിന് പലപ്പോഴും ഇരയായിട്ടുണ്ടല്ലോ. ഇത്തരം സൈബർ ആക്രമണങ്ങളെ എങ്ങനെ കാണുന്നു?

ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല. മോശം കമന്റുകൾക്ക് പിറകെ പോയാൽ അതിനെ നേരം കാണൂ. ഒന്നും ഞാൻ മനസ്സിലേക്ക് എടുക്കാറില്ല. നമ്മൾ എത്ര നന്നായി പെരുമറിയാലും എല്ലാം മോശമായി എടുക്കുന്ന ചിലരുണ്ട്. എന്റെ ലോകത്ത് എന്റെ ഇഷ്ടങ്ങളിൽ മുഴുകി ജീവിക്കുന്ന ഒരാളാണ് ഞാൻ. മറ്റുള്ളവർ എന്ത് പറയുന്നു എന്നു നോക്കി എന്റെ സമാധാനം കളയാൻ താല്‍പര്യമില്ല. ചില കമന്റുകൾ ഞാൻ ജോക്ക് ആയി എടുക്കാറുണ്ട്. ചിലത് ഞാൻ തന്നെ ഷെയർ ചെയ്യും, എന്റെ സുഹൃത്തുക്കളോട് പറഞ്ഞു ചിരിക്കും.

∙ മേക്കപ് ചെയ്യുമ്പോൾ ശ്രദ്ധിക്കുന്ന കാര്യങ്ങൾ ?

മേക്കപ്പ് ചെയ്യാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ചെറുപ്പം മുതലേ ആ ഇഷ്ടം ഉണ്ടായിരുന്നു. പിന്നെ സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന ഒരാൾ ആയതുകൊണ്ട് മേക്കപ്പിന്റെ ആവശ്യം കൂടുതലാണല്ലോ. 

മേക്കപ്പ് ചെയ്യാതെ പുറത്തുപോകാറില്ല. സ്വയം പരീക്ഷിക്കൽ ആണ് പതിവ്. ഇവന്റുകൾക്ക് പോകുമ്പോൾ മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിക്കാൻ തുടങ്ങിയത് അടുത്തിടെയാണ്. സ്കൂളിലും ട്യൂഷൻ ക്ലാസ്സിലും പോകുമ്പോൾ സിംപിൾ ആയിട്ടെങ്കിലും മേക്കപ്പ് ചെയ്യാൻ ശ്രദ്ധിക്കാറുണ്ട്. എനിക്ക് നല്ല മൂഡ് ഉണ്ടെങ്കിൽ നന്നായി മേക്കപ്പ് ചെയ്യും.

∙ ഏറ്റവും കൂടുതൽ ഫോക്കസ് ചെയ്യുന്നത് ?

കുറെ നാൾ ലിപ്സ്റ്റിക്കിനോട് ആയിരുന്നു ഭ്രമം. പുതിയ ബ്രാൻഡുകളും കളർ ഷെയ്ഡുകളും ഒക്കെ പരീക്ഷിക്കും. ഇപ്പോൾ ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നത് ക്ലിയർ സ്കിൻ, കോൺടൂറിങ്, ബ്ലഷ് എന്നിവയിലാണ്. ഐ മേക്കപ്പിലും ശ്രദ്ധിക്കാറുണ്ട്.  

anikha-2

∙ പ്രൊഡക്ട്സ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുന്ന കാര്യങ്ങൾ ?

എന്റെ സ്കിൻ ടോണിന് ചേരുന്ന സാധനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കും. ഫൗണ്ടേഷൻ എന്റെ സ്കിൻ ടോണിന് ചേരുന്നത് കിട്ടാറില്ല. അപ്പോൾ മിക്സ് ചെയ്തു വാങ്ങും. മാക്, കളർ ബാർ അങ്ങനെ ചില ബ്രാൻഡുകൾ ആണ് എന്റെ ഫേവറിറ്റ്. പിന്നെ പുതിയതും പരീക്ഷിക്കും.

∙ ആക്സസറീസിന്റെ ഉപയോഗം എങ്ങനെയാണ് ?

ആക്സസറീസിന്റെ കാര്യത്തിൽ ഞാൻ വളരെ മിനിമലിസ്റ്റിക് ആണ്. ഒരു ചെറിയ ഗോൾഡ് കമ്മൽ മാത്രമാണ് എപ്പോഴും ഉപയോഗിക്കുക. പിന്നെ ഹൂക്ഡ് ഇയർറിങ്ങും ചെറിയ ഒരു ഡയമണ്ട് മാലയും ഉപയോഗിക്കാറുണ്ട്. വലിയ ആഭരണങ്ങളോട് താൽപര്യമില്ല.

∙ ഷോർട് ഹെയർ ആണോ ലോങ് ഹെയർ ആണോ ഇഷ്ടം ?

നീളം കുറഞ്ഞ മുടി ആണ് ഇഷ്ടം. പക്ഷേ അടുത്തിടെയായി നീളൻ മുടിയോടും ഇഷ്ടം തോന്നിത്തുടങ്ങി. അതുകൊണ്ട് ഇപ്പോൾ മുടി വളർത്തുന്നുണ്ട്.   

∙ മുടിയുടെ സംരക്ഷണത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ?

മുടിയുടെ സംരക്ഷണത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. അതിനു സമയം കിട്ടാറില്ല എന്നതാണ് സത്യം. അമ്മ കടലപ്പൊടി ഉപയോഗിച്ച് മുടി കഴുകാൻ പറയാറുണ്ട്. ചിലപ്പോൾ അതൊക്കെ പരീക്ഷിക്കും. ഷൂട്ടിങ്ങിനു പോകുമ്പോൾ ഷാംപൂ തന്നെ ഉപയോഗിക്കും. മുടി കൂടുതൽ ഹീറ്റ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കും.

∙ നാച്യുറൽ ബ്യൂട്ടി ടിപ്സ് പരീക്ഷിക്കാറുണ്ടോ ? 

എന്റെ അമ്മ സ്കിൻ നന്നായി ശ്രദ്ധിക്കുന്ന ആളാണ്. കുറെ നാടൻ ടിപ്സ് എനിക്ക് പറഞ്ഞു തരാറുണ്ട്. പാൽപ്പാട മുഖത്തിടുക, കൂടാതെ അമ്മയുടെ ചില സ്വന്തം ഫേസ്–ഹെയർ മാസ്ക്കുകൾ ഒക്കെ പറഞ്ഞു തരും. വീട്ടിൽ ഉള്ളപ്പോൾ എനിക്ക് തോന്നിയാൽ അതൊക്കെ ചെയ്യും. പിന്നെ എന്റെ അമ്മയുടെ അനുജത്തി പറഞ്ഞു തന്ന ടിപ്സ് ഉണ്ട്. മുഖക്കുരു വരുമ്പോൾ ഒരു ചെറിയ ഉള്ളി ഗ്യാസ് സ്റ്റവ്വിന്റെ മുകളിൽവച്ച് ഒന്നു ചൂടാക്കി അതിന്റെ നീര് മുഖക്കുരുവിന് മുകളിൽ വയ്ക്കുക. എല്ലാവർക്കും ഇത് ഫലപ്രദമാകുമോ എന്ന് അറിയില്ല. പക്ഷേ എന്റെ മുഖക്കുരു വളരെ പെട്ടെന്ന് മാറാറുണ്ട്.

anikha-4

∙ ഫിറ്റനസ് നിലനിർത്താൻ എന്തെല്ലമാണ് ചെയ്യുന്നത് ? 

അങ്ങനെ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. പൊതുവെ മടിയാണ്. പിന്നെ പ്ലസ്ടുവിൽ ആയതുകൊണ്ട് ഒരുപാട് പഠിക്കാനുണ്ട്. ഒപ്പം ഷൂട്ടിന്റെ തിരക്കും കാണും. അതുകൊണ്ട് വർക്കൗട്ട് ചെയ്യാനൊന്നും സമയം കിട്ടാറില്ല. അതേക്കുറിച്ചൊന്നും ഇതുവരെ ആലോചിച്ചിട്ടില്ല. ഭക്ഷണം വളരെ നിയന്ത്രിച്ചാണ് കഴിക്കുക. ചോറിന്റെയും ചപ്പാത്തിയുടെയും അളവ് കുറിച്ചിട്ട് പച്ചക്കറികളാണ് കൂടുതൽ കഴിക്കുന്നത്.

English Summary : Actress Anikha Surendran on her style statement 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com