ചലിക്കുന്ന പ്രതലത്തിൽ ചിത്രം വരയ്ക്കുന്നവർ

HIGHLIGHTS
  • ഹനൂമാന്റെ ചുട്ടിക്കാണ് ഏറെ താമസവും ബുദ്ധിമുട്ടും
  • ചുട്ടിക്കാർക്കും അണിയറക്കാർക്കും വേണ്ടത്ര പരിഗണന ലഭിക്കാറില്ല
kalanilayam-saji-on-chutti-in-kathakali
ഗോപിയാശാന്റെ മുഖത്തു ചുട്ടി കുത്തുന്ന കലാനിലയം സജി
SHARE

ജീവനുള്ള, ചലിക്കുന്ന പ്രതലത്തിൽ ചിത്രമെഴുതുന്നവരാണു ചുട്ടി കലാകാരന്മാർ. അതുകൊണ്ടു തന്നെ ഏറ്റവും വിഷമമേറിയ കലയുമാണത്. കഥകളി ചുട്ടി രംഗത്തെ അതുല്യ കലാകാരനായ കലാനിലയം സജി ഒരിക്കൽ പറഞ്ഞതാണിത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കഥകളി ലോകത്തെ നിറ സാന്നിധ്യമാണു കലാനിലയം സജി.

നിശ്ചലമായ കാൻവാസിലോ കടലാസിലോ ചുമരിലോ ചിത്രമെഴുതുന്നതിനെക്കാൾ എത്ര ശ്രമകരമാണ് നിരന്തരം ഇളകുന്ന മനുഷ്യന്റെ മുഖത്തു ചിത്രം വരയ്ക്കുന്നത്. പലപ്പോഴും മയക്കത്തിലോ നല്ല ഉറക്കത്തിലോ മലർന്നു കിടക്കുന്ന വേഷക്കാരന്റെ ചായം തേച്ച മുഖം പച്ചയായും കത്തിയായും താടിയായുമെല്ലാം മോടിയാക്കുന്നത് ഈ കലാകാരന്മാരാണ്. ഉറക്കത്തിലാണെങ്കിലും ഇവർ ഇടയ്ക്ക് ഇളകും. ചിലർ കൂർക്കം വലിക്കും. ചിലപ്പോൾ കൈകൊണ്ടു തട്ടും. അതെല്ലാ തരണം ചെയ്തു വേണം ചുട്ടി കുത്തൽ. തലേന്നു രാത്രിയിലെ കഥകളിയുടെ ക്ഷീണം കലാകാരന്മാർ തീർക്കുന്നതു ചുട്ടിക്കാരന്റെ മുൻപിൽ നീണ്ടുനിവർന്നു കിടക്കുന്ന ഒന്നോ ഒന്നരയോ മണിക്കൂറാണ്. 

ചുട്ടിയിൽ മുൻപൻ ഹനുമാൻ

ഹനൂമാന്റെ ചുട്ടിക്കാണ് ഏറെ താമസവും ബുദ്ധിമുട്ടുമെന്നു കലാനിലയം സജി പറയുന്നു. മുഖത്തു പേപ്പർ കൊണ്ടും അരിനൂലുകൾ കൊണ്ടും നല്ല പണിയാണ്. ഹനുമാന്റെ ചുട്ടിക്ക് ഒന്നര മണിക്കൂറാണു പറയാറുള്ളത്. പക്ഷേ, ഇപ്പോഴതു മതിയാകില്ല. രണ്ടു മണിക്കൂറെങ്കിലും എടുത്തു സൂക്ഷ്മമായി ചെയ്യണം. പഴയ കാലത്തെപ്പോലെ കഥകളി ദൂരെയിരുന്നു കാണുന്ന കളിയല്ല ഇന്ന്. ആട്ടവിളക്കിന്റെ സ്ഥാനം ശക്തിയേറിയ വൈദ്യുതവിളക്കുകളും കയ്യടക്കി. അരങ്ങിലെ കളി സോഷ്യൽ മീഡിയയിലും മറ്റും ഏറെ പ്രചരിക്കും. അതിനാൽ ചുട്ടി മോശമാകരുത്. വളരെ ശ്രദ്ധയോടെ ചെയ്താലേ നല്ല ഫിനിഷിങ് കിട്ടൂ. കത്തി വേഷത്തിനും താടിക്കും വേണം ഒന്നര മണിക്കൂർ. ഒരു മണിക്കൂർ കൊണ്ടു പച്ചവേഷം പൂർത്തിയാക്കാം. ചുട്ടിവേഷക്കാർ ആറിൽ കൂടുതൽ ഉണ്ടെങ്കിൽ ചുട്ടി കലാകാരന്മാർ രണ്ടു പേരെങ്കിലും വേണം. കർണശപഥത്തിൽ നാലു വേഷമേ ഉള്ളൂവെങ്കിലും രണ്ടു ചുട്ടിക്കാർ വേണം. കർണനും ദുര്യോധനും ദുശ്ശാസനനും ചുട്ടി കുത്താൻ സമയമെടുക്കും. മൂന്നും ഒരുമിച്ചു തീരണം. ദുര്യോധനവധത്തിനും ദക്ഷയാഗത്തിനുമെല്ലാം രണ്ടു പേർ വേണ്ടി വരും. 

ചുട്ടി ഒഴികെയുള്ള മുഖത്തെഴുത്ത് വേഷക്കാർ തന്നെ ചെയ്യും. നാമം വയ്ക്കുക, വളയം വയ്ക്കുക, ചുണ്ടെഴുത്ത് എന്നിവ കലാകാരന്മാർ സ്വയം ചെയ്യും. ചുട്ടി മാത്രം ചുട്ടി കലാകാരന്മാർ ചെയ്യും. 

ഇരുമുഖം

ഓരോ മനുഷ്യന്റെയും മുഖത്തിന്റെ രണ്ടു വശവും വ്യത്യസ്തമാണ്. സാധാരണ ഈ വ്യത്യാസം മനസ്സിലാക്കിയാണു വേഷക്കാർ മുഖത്തെഴുത്തു നടത്തുക. ചിലരുടെ മുഖത്തു ചുട്ടി കുത്തുമ്പോൾ മുഖത്തിന്റെ ഇരുഭാഗത്തിന്റെയും അളവെടുത്തു വേണം ചെയ്യാൻ.

ചുട്ടിയൊരുക്കൽ

ചുട്ടിയൊരുക്കൽ ചുട്ടി കലാകാരന്മാരാണു ചെയ്യുക. ചുട്ടിയരി, പശ, പേപ്പർ എല്ലാം തയാറാക്കണം. പച്ചരിയും അതിന്റെ മൂന്നിലൊരു ഭാഗം ചുണ്ണാമ്പും ചേർത്താണു ചുട്ടിമാവ് തയാറാക്കുക. ചുണ്ണാമ്പിന്റെ അളവു കൂടിയാൽ മുഖം പൊള്ളും. വേഷക്കാർ കൂടുതൽ വിയർക്കുന്നവരാണെങ്കിൽ ചുട്ടി നന്നായി ഉണക്കിയ ശേഷമേ അരങ്ങിലെത്തൂ. അല്ലെങ്കിൽ ചുട്ടി അടരാം. ഉണങ്ങിയാൽ പറിച്ചെടുത്താലേ ചുട്ടി മുഖത്തു നിന്നു പോരൂ. 

കലാനിലയത്തിൽ

ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ നിന്ന് 1993ലാണു സജി ചുട്ടിയിൽ കോഴ്സ് കഴിഞ്ഞിറങ്ങുന്നത്. മൂന്നു വർഷത്തെ ചുട്ടിയും വേഷാലങ്കാരവും കോഴ്സ്. കിരീടം, മെയ്യാഭരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വേഷാലങ്കാരവും ചുട്ടിക്കൊപ്പമുണ്ട്. ചെറിയച്ഛൻ പരമേശ്വരാശാനായിരുന്നു അവിടെ ഗുരുനാഥൻ. പ്രീഡിഗ്രി കഴിഞ്ഞ് 19ാം വയസ്സിലാണു കലാനിലയത്തിലെത്തുന്നത്. 

കളിയിൽ നിന്നുള്ള വരുമാനം മാത്രം

വരുമാനം സീസണിലെ പരിപാടികളിൽ നിന്നുള്ളതു തന്നെ. സീസൺ കഴിഞ്ഞാൽ ആടയാഭരണങ്ങളുടെ അറ്റകുറ്റപ്പണിയുണ്ടാകും. അങ്ങനെയാണു വർഷം കടക്കുക പതിവ്. അതായത്, പൂർണമായും കഥകളിയെ ആശ്രയിച്ചുള്ള ജീവിതം. ആ ജീവിതക്രമമാണു കോവിഡ് 19 തകർത്തു കളഞ്ഞത്. കോവിഡ് വന്നു പതിച്ചതോടെ അരങ്ങുകൾ നിശ്ചലമായി. എല്ലാ രംഗവും നിശ്ചലമായി. കലാകാരന്മാർ കഷ്ടപ്പാടിലായി. ഇനിയെന്നാകും മനസ്സറിഞ്ഞൊരു ചുട്ടി കുത്താനാവുക എന്ന ആശങ്കയുമുണ്ട്. 

life-kalanilayam-saji-chutti-artist

ഗോപിയാശാന്റെ മുഖത്ത് ആയിരത്തോളം ചുട്ടികൾ

ഗോപിയാശാന്റെ മുഖത്ത് ആയിരത്തോളം വേഷങ്ങൾക്കു ചുട്ടി കുത്തിയിട്ടുണ്ട്. ഏറ്റവും ഭയപ്പാടോടെ ചുട്ടി കുത്തുന്നതും ആശാന്റെ മുഖത്തു തന്നെ. പൂർണത വരുമോ എന്ന ശങ്ക. ആശാനു ചില നിർബന്ധങ്ങളുണ്ട്. അതു പൂർണമായി ഫലിപ്പിക്കണം. 24ാം വയസ്സിലാണ് ആശാന്റെ മുഖത്ത് ആദ്യമായി ചുട്ടി കുത്തുന്നത്. അന്നമനട മഹാദേവ ക്ഷേത്രോത്സവത്തിനു നളചരിതം രണ്ടാം ദിവസത്തിലെ നളനു വേണ്ടി. ആർഎൽവി രങ്കനായിരുന്നു അന്ന് ചുട്ടിക്ക് ഏറ്റിരുന്നത്. അദ്ദേഹത്തിനു പകരമായിട്ടാണ് അന്നവിടെ പോയത്. അങ്ങനെ ആദ്യമായിട്ട് ഗോപിയാശാനു ചുട്ടി കുത്താനായി. ആശാന് പത്മശ്രീ കിട്ടിയ ശേഷം കൂടുതൽ പരിപാടികൾക്കും താൻ തന്നെയാണ് ചുട്ടി കുത്തിയിരുന്നതെന്നും സജി പറയുന്നു. ആശാന്റെ മുഖത്ത് ഓരോ ചുട്ടി കുത്തുമ്പോഴും വളരെ ഭയഭക്തിയോടെയാണു ചെയ്യാറുള്ളത്. കാരണം ആശാൻ ചുട്ടിയിലും വേഷം ഒരുങ്ങുന്നതിലും വളരെയധികം ശ്രദ്ധിക്കുന്നയാളാണ്. ഓരോ ചുട്ടി കുത്തുമ്പോഴും കണ്ണാടിയിൽ നോക്കി നിർദേശങ്ങൾ തരും. ആശാന്റെ നിദേശപ്രകാരം ബാംഗളൂർ, ചെന്നൈ, അബുദാബി, ദുബായ്, മസ്ക്കറ്റ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ ആശാനോടൊപ്പം കളികൾക്കു പോകാൻ  സാധിച്ചു. ആശാന്റെ  എൺപതാം പിറന്നാളിന് ചുട്ടി കുത്താൻ സാധിച്ചതു വലിയ ഭാഗ്യമായി കരുതുന്നു സജി. പച്ച, കത്തി, കരി, താടി എന്നിങ്ങനെ മിക്ക വേഷങ്ങൾക്കും ആശാന്റെ മുഖത്തു ചുട്ടി കുത്തിയിട്ടുണ്ട്. പച്ചയ്ക്കു പുറമേ, ബാലിയും കാട്ടാളനുമെല്ലാം കുത്തിയിട്ടുണ്ട്. ഹനുമാൻ ചെയ്തിട്ടില്ല. പിന്നെ ധാരാളം ചെയ്തിട്ടുള്ളതു സദനം കൃഷ്ണൻകുട്ടിയാശാനു വേണ്ടിയാണ്. കലാമണ്ഡലം രാമൻകുട്ടി നായർ, മടവൂർ വാസുദേവൻ നായർ, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, ഫാക്ട് പത്മനാഭൻ, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ തുടങ്ങിയവരുടെ മുഖത്തിനും ചുട്ടി കൊണ്ടു ഗാംഭീര്യം പകർന്നു. പുതിയ തലമുറയിലെ ധാരാളം വേഷക്കാർക്കു വേണ്ടിയും ചുട്ടി ചെയ്തു വരുന്നു.

പരിഗണന പലപ്പോഴുമില്ല

പലപ്പോഴും കഥകളിക്കു വേണ്ടി വളരെയധികം കഷ്ടപ്പെടുന്ന ചുട്ടിക്കാർക്കും അണിയറക്കാർക്കും വേണ്ടത്ര പരിഗണന ലഭിക്കാറില്ല. വേഷക്കാരുടെയും പാട്ടുകാരുടെയും മേളക്കാരുടെയും പേരുകൾക്കാണു പ്രാധാന്യം. തങ്ങളും കലാകാരന്മാരാണെന്ന പരിഗണന പലപ്പോഴും കിട്ടാറില്ലെന്നാണു സജിയുടെ പരാതി.

കൃഷ്ണൻകുട്ടിയാശാൻ പകർന്ന ധൈര്യം

വർഷങ്ങൾക്ക് മുൻപു തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നളചരിതം മൂന്നാം ദിവസം കളിക്കു കലാകാരന്മാർ ഒരുങ്ങുന്നു. വെളുത്ത നളൻ കലാനിലയം ഗോപാലകൃഷ്ണനും ബാഹുകൻ സദനം കൃഷ്ണൻ കുട്ടിയും. പരമേശ്വരനാശാൻ വെളുത്ത നളനു ചുട്ടി കുത്താനിരുന്നു. സജിയോടു കൃഷ്ണൻ കുട്ടി ആശാന്റെ ബാഹുകനു ചുട്ടി കുത്താൻ പറഞ്ഞു. പേടിച്ചു നിന്ന സജീയോടു കൃഷ്ണൻ കുട്ടി ആശാൻ പറഞ്ഞത്രേ ‘താൻ പേടിക്കുകയൊന്നും വേണ്ട, ധൈര്യമായി കുത്തിക്കോളൂ’ എന്ന്. അന്നാണു സദനം കൃഷ്ണൻ കുട്ടി ആശാന്റെ മുഖത്ത് ആദ്യമായി ചുട്ടി കുത്തുന്നത്. ആശാന്റെ മുഖം അളവൊത്ത ആകൃതിയുള്ള മുഖമായതിനാൽ ചുട്ടി കുത്താൻ വളരെ സുഖമുണ്ടെന്നും സജീ ഓർക്കുന്നു.

ആദ്യ വിദേശയാത്രയും പുരസ്കാരങ്ങളും

2002 ൽ തൃപ്പൂണിത്തുറ വനിതാ കഥകളി സംഘത്തിന്റെ കൂടെ അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ ആദ്യ വിദേശയാത്ര ചെയ്തു. 2011ൽ ചാലക്കുടി കഥകളി ക്ലബിൽ നിന്നു വി.എൻ. മേനോൻ സ്മാരക സുവർണമുദ്ര ലഭിച്ചു. ആലപ്പുഴ കഥകളി ക്ലബിന്റെ കനക ജൂബിലി അവാർഡ് 2015ൽ കിട്ടി. കലാസാഗർ അവാർഡ്, പള്ളിപ്പുറം കേശവൻ നായർ സ്മാരക അവാർഡ് എന്നിവയും പുരസ്കാര പട്ടികയിൽ തിളങ്ങി നിൽക്കുന്നു.

ഒരു കലാകാരൻ ജനിക്കുന്നു

കോട്ടയം കിടങ്ങൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്താണു കലാനിലയം സജി താമസിക്കുന്നത്. 1971ൽ എണാകുളം ജില്ലയിൽ മുത്തോലപുരം കരയിൽ കുഞ്ഞൻ തങ്കപ്പന്റെയും ഗൗരിയുടെയും മകനായി ജനിച്ചു. എസ്എസ്എൽസിയും പ്രീഡിഗ്രിയും കഴിഞ്ഞു വീട്ടിൽ നിൽക്കുമ്പോൾ ചെറിയച്ഛനായ കലാനിലയം പരമേശ്വരനാശാൻ ഇരിങ്ങാലക്കുടയിലേക്കു കൂട്ടിക്കൊണ്ടു പോന്നു. അങ്ങിനെ പത്തൊൻപതാമത്തെ വയസ്സിൽ ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ ചുട്ടി പഠിക്കാൻ ചേർന്നു. തുടക്കത്തിൽ പരമേശ്വരനാശാന്റെ കൂടെ സഹായിയായി കളികൾക്കെല്ലാം പോകുമായിരുന്നു. കൂടാതെ കോപ്പു പണികളും ചെയ്യുമായിരുന്നു. അങ്ങിനെ 3 വർഷത്തെ ഡിപ്ലോമയും ഒരു വർഷത്തെ മാസ്റ്റർ ഡിഗ്രിയുമെടുത്ത് 1993 ൽ പുറത്തു വന്നു

തുടർന്നു നാലു വർഷത്തോളം കലാനിലയം പരമേശ്വരനാശാന്റെ ആദ്യ ശിഷ്യനായ ശിൽപി ജനാർദനന്റെ കൂടെ ചുട്ടിയും കോപ്പു പണിയുമായി നടന്നു. അക്കാലത്തു കേരളത്തിലെ പ്രമുഖ കഥകളി കലാകരൻമാർക്കു ചുട്ടി കുത്താനുള്ള അവസരം കൈവന്നു. 

ഭാര്യ ജിഷ. മകൻ അനന്ത കൃഷ്ണനും ചുട്ടി പഠിക്കുന്നുണ്ട്. മകൾ അഞ്ജലി കൃഷ്ണ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA