‘മീ ടു, നോ ഫിയർ’ സാരി പറയും ശോഭയുടെ അതിജീവന കഥ

HIGHLIGHTS
  • പത്തുവർഷമായി സാരിയാണ് വേഷവും ജോലിയും സ്വപ്നവുമെല്ലാം
  • എന്റെ കഥ ലോകത്തോടു വിളിച്ചുപറയാൻ സാരിയുണ്ടായിരുന്നു
sobha-viswanaths-mee-too-no-fear-saree
SHARE

കനൽവഴികളിൽ നിന്ന് അഗ്നിശോഭയോടെ പുറത്തെത്തിയപ്പോൾ ശോഭ വിശ്വനാഥ് എന്നത്തെയും പോലെ ധരിച്ചത് ബാലരാമപുരം കൈത്തറി സാരിയാണ്. പക്ഷേ, പതിവില്ലാത്തൊരു സന്ദേശം എഴുതിച്ചേർത്തിരുന്നു ആ സാരിയിൽ – #Me too @No Fear. ആ ഹാഷ്ടാഗ് സന്ദേശം കഥയും ജീവിതവുമായിരുന്നു ശോഭയ്ക്ക്. 10 വർഷമായി സ്ഥിരം അണിയുന്ന വേഷമായിട്ടും സാരിയുടുക്കാൻ പറ്റാതായൊരു നിമിഷം ശോഭയുടെ ജീവിതത്തിലുണ്ടായി. അതിനെ അതിജീവിച്ചു പുറത്തുകടക്കാനുള്ള ശ്രമത്തിൽ ശോഭയൊരുക്കിയതാണ് നോ ഫിയർ ഹാഷ്ടാഗ് സാരി. അതേക്കുറിച്ച് ശോഭ പറയുന്നു: ‘‘സാരിയുടുക്കാൻ 30 സെക്കൻഡുകൾ മാത്രം മതിയെനിക്ക്. സാരിയാണെന്റെ കാൻവാസ്. പത്തുവർഷമായി സാരിയാണ് വേഷവും ജോലിയും സ്വപ്നവുമെല്ലാം. ബാലരാമപുരം കൈത്തറി സാരിയുടെ കഥകൾ കണ്ടെടുത്താണ് വീവേഴ്സ് വില്ലേജ് എന്ന സ്വപ്നം ഞാൻ വളർത്തിയെടുത്തത്. ആദ്യ കലക്‌ഷനുകൾ മുതൽ ഏതൊരു ഉൽപന്നത്തിനും ഓരോ കഥകളുണ്ടായിരുന്നു. പ്ലാസ്റ്റിക് നിരോധനകാലത്ത് തുണിബാഗുകൾ ഒരുക്കിയപ്പോൾ അതു ചെയ്തത് വീട്ടിലിരിക്കുന്ന സ്ത്രീകളാണ്. ജനുവരിയിൽ ജീവിതത്തെ നിശ്ചലമാക്കി ഒരു കഞ്ചാവ് കേസിൽ എന്റെ പേരുൾപ്പെട്ടു. എന്നെ അറിയാവുന്നവരെല്ലാം ചോദിച്ചത്, ‘‘ആരാണിതു ചെയ്തത് എന്നാണ്’’. അതു കണ്ടെത്തണമായിരുന്നു, നിരപരാധിത്വം തെളിയിക്കണമായിരുന്നു. അന്ന്, ഉറക്കമില്ലായിരുന്നു, സ്വപ്നം കാണുന്നത് ജയിൽമുറിയായിരുന്നു. സാരിയുടുക്കാൻ പറ്റാതായി എനിക്ക്. പക്ഷേ, ആ നിമിഷം കടന്നാലെ മുന്നോട്ടുപോകാനാകൂ എന്നെനിക്കറിയായിരുന്നു. രാജ്യാന്തര വനിതാദിനത്തിൽ കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം കിട്ടി. ഞാനന്ന് ആ യാത്രയെക്കുറിച്ച് ഏറെ ആലോചിച്ചു. കേസിൽ അന്വേഷണം നടക്കുന്ന സമയമാണ്. ഒരിക്കൽ കൂടി എന്റെ കാറിലോ ബാഗിലോ എവിടെയെങ്കിലും കഞ്ചാവ് ഒളിപ്പിക്കുന്ന സംഭവമുണ്ടായാൽ എന്ന ചിന്തയായിരുന്നു’’. ശോഭ പറയുന്നു. ആ ദിവസത്തിനു വേണ്ടി ഒരുക്കിയ സാരിയിലാണ് ഹാഷ്ടാഗ് ചെയ്തത്. അന്നു കൊച്ചിയിലെത്തുമ്പോൾ എനിക്കിത് ആരോടും പറയാനാകില്ല. പക്ഷേ, എന്റെ കഥ ലോകത്തോടു വിളിച്ചുപറയാൻ സാരിയുണ്ടായിരുന്നു. ‘മീ ടൂ’ എന്നാൽ ലൈംഗിക പീഡനം മാത്രമല്ല, മാനസികമായ പീഡനങ്ങൾ കൂടിയാണ്. മാരിറ്റൽ റേപ്പിനിരയായിരുന്നു ഞാൻ. അതിൽ നിന്നു പുറത്തുവന്നതാണ്. പക്ഷേ, അതേക്കാൾ കൂടുതൽ തളർത്തിയത് ഈ കേസാണ്. രണ്ടാമതു വിവാഹാലോചനയുമായി വന്നയാളെ അടുത്തു മനസ്സിലാക്കിയപ്പോൾ തന്നെ ‘നോ’ പറഞ്ഞതാണ്. അതിന്റെ പകയോടെയാണു കഞ്ചാവു കേസിൽ കുടുക്കിയത്. ഇരയായിരിക്കരുത്, പേടിച്ചിട്ടു കാര്യമില്ല, ജീവിക്കണമെന്ന തീരുമാനമെടുത്ത് അതിലേക്കു നടക്കുകയാണ് വേണ്ടത്. ഇതാണ് മീ ടു, നോ ഫിയർ സാരി, ശോഭ പറയുന്നു.

sobha-viswanath-2

കുഴിത്തറിയിൽ നെയ്തെടുത്ത ബാലരാമപുരം സാരിയിൽ ഹാഷ്ടാഗ് ചെയ്തു കസ്റ്റമൈസ് ചെയ്യാൻ തിരുവനന്തപുരം വീവേഴ്സ് വില്ലേജും ശോഭ വിശ്വനാഥും റെഡിയാണ്. പറയാതെ പറയാൻ, നിലപാടുകൾ ധരിക്കാൻ സാരിപ്രേമികൾക്ക് അവസരവും!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA