രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള കലാരൂപം; തോല്‍പ്പാവക്കൂത്തിന്റെ ചരിത്രവും രംഗാവിഷ്ക്കാരവും

HIGHLIGHTS
  • രാമായണമാണ് ഇതിലെ പ്രതിപാദ വിഷയം
  • തോല്‍പ്പാവകൂത്ത് കൃതിയെ 'ആടല്‍പറ്റ്' എന്നാണ് പറയുക
history-of-kerala-traditional-art-shadow-puppet-play
SHARE

കേരളത്തിലെ പരമ്പരാഗത ആചാരാനുഷ്ഠാന കലയായ ‘തോൽപ്പാവക്കൂത്ത്’ (Shadow puppet play) രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള കലാരൂപമാണെന്ന് പറയപ്പെടുന്നു. ആര്യ-ദ്രാവിഡ സംസ്കാര സംയോജനത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് തോൽപ്പാവക്കൂത്ത്. കേരളത്തിൽ പാലക്കാട് ജില്ലയിലാണ് തോൽപ്പാവക്കൂത്തിന്‍റെ ഉത്ഭവം. വള്ളുവനാട്ടിലെ ഭഗവതി/ഭദ്രകാളി ക്ഷേത്രങ്ങളിൽ ആചാരപരമായ ദൈവാരാധനയുടെ ഭാഗമായ കലാരൂപമാണിത്. മൃഗങ്ങളുടെ തോൽ കൊണ്ട് ഉണ്ടാക്കുന്ന പാവകൾ ഉപയോഗിച്ചുള്ള കൂത്ത് ആയതിനാലാണ് തോൽപ്പാവക്കൂത്ത് എന്ന പേരു വന്നത്. രാമായണമാണ് ഇതിലെ പ്രതിപാദ വിഷയം. വിവിധ കഥാപാത്രങ്ങളുടെ പാവകളെ നേർത്ത തുകലിൽ നിന്ന് ശരിയായ ആകൃതിയിലും വലുപ്പത്തിലും മുറിച്ച് അവയുടെ നിഴലുകൾ വെളുത്ത സ്‌ക്രീനിൽ പ്രദർശിപ്പിച്ചാണ് തോല്‍പ്പാവക്കൂത്ത് നടത്തുന്നത്. 

തോല്‍പ്പാവക്കൂത്ത്‌ പുരാതനമായ ഒരു കലയാണെന്ന് പറയുന്നുവെങ്കിലും അതിന്‍റെ കൃത്യമായ ഉത്ഭവ കാലം എവിടെയും രേഖപ്പെടുത്തിയിട്ടില്ല. 21 ദിവസങ്ങളിൽ 21 ഭാഗങ്ങളായി അവതരിപ്പിക്കപ്പെടുന്ന തോല്‍പ്പാവക്കൂത്തിന്‍റെ വിഷയം ശ്രീരാമന്‍റെ ജനനം മുതൽ കിരീടധാരണം വരെയുള്ള രാമായണ കഥയാണ്.  7, 8, 14 ദിവസങ്ങളായി കഥ ചുരുക്കിയും കൂത്ത് നടത്താറുണ്ട്‌. പകുതി ശ്ലോകത്തിലും പകുതി ഗദ്യത്തിലും ചിട്ടപ്പെടുത്തിയ തോല്‍പ്പാവകൂത്ത് കൃതിയെ ‘ആടല്‍പറ്റ്’ എന്നാണ് പറയുക. തമിഴ് കവിയായ കമ്പാർ എഴുതിയ രാമായണമാണ് ഇതെന്ന് പറയപ്പെടുന്നു. 12000 ശ്ലോകങ്ങള്‍ ഉള്ളതില്‍ 2100 ശ്ലോകങ്ങളും ഉപകഥകളും മാത്രമാണ് തോല്‍പ്പാവക്കൂത്തിന് ഉപയോഗിക്കുന്നുള്ളൂ. മലയാളം, തമിഴ്, സംസ്കൃതം, തെലുങ്ക് എന്നിവയെല്ലാം ചേര്‍ന്ന സങ്കരഭാഷയാണ് ആടല്‍പറ്റ്. കൂത്ത് അവതരിപ്പിക്കുന്ന കലാകാരന്മാര്‍ കാലാകാലങ്ങളില്‍ സന്ദർഭങ്ങൾക്ക് അനുയോജ്യമായ വിധം സ്വന്തം വാക്യങ്ങളും വിശദീകരണങ്ങളും സംഭാഷണവും ഇതില്‍ കൂട്ടിചേർത്തു പോന്നു. എന്നാൽ ഇവ ഓലകളില്‍ എഴുതി സ്ക്രിപ്റ്റുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. ഗുരുവില്‍ നിന്ന് അവ ശിഷ്യന്മാര്‍ക്ക് വാമൊഴിയായി കൈമാറും. വിശദീകരണങ്ങളിലും വ്യാഖ്യാനങ്ങളിലും ഓരോ കലാകാരനും തന്‍റെ മൗലികത പ്രകടമാക്കുന്നു.

shadow-puppet-play-2

തോല്‍പ്പാവക്കൂത്തില്‍ കമ്പ രാമായണത്തിന്‍റെ സ്വാധീനം ഏകദേശം 350 വർഷങ്ങൾക്ക് മുന്‍പ് ആരംഭിച്ചുവെന്നാണ് അനുമാനം. കമ്പാർ ജീവിച്ചിരുന്ന കാലഘട്ടത്തെ സംബന്ധിച്ച് വളരെയധികം അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചില പണ്ഡിതന്മാർ അദ്ദേഹത്തെ ഒൻപതാം നൂറ്റാണ്ടിൽ പ്രതിഷ്ഠിക്കുന്നുവെങ്കില്‍ മറ്റു ചിലര്‍ അദ്ദേഹം പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചുവെന്ന് അഭിപ്രായപ്പെടുന്നു. എങ്കിലും കമ്പ രാമായണം കേരളത്തിൽ വരുന്നതിനു മുമ്പു തന്നെ, ദേവീ ക്ഷേത്രങ്ങളിൽ തോൽ‌പ്പാവക്കൂത്ത് രാമായണ കഥ അവതരിപ്പിക്കാറുണ്ടായിരുന്നു. അതിനാല്‍ പാവക്കൂത്തു പ്രകടനത്തിനായി പ്രത്യേകം എഴുതിയ ഒരു രാമായണം നിലനിന്നിരുന്നുവെന്ന് അനുമാനിക്കാം. കമ്പ രാമായണത്തിന്‍റെ വരവോടെ അതിന്‍റെ സ്വാധീനം ശക്തമായി എന്നു മാത്രം. ഒറിജിനലിൽ മാറ്റം വരുത്തുകയും കമ്പ രാമായണത്തിലെ പല വാക്യങ്ങളും അതിൽ ഉൾപ്പെടുത്തുകയും ചെയ്തു.

കാളീ ക്ഷേത്രങ്ങളിലെ വാർഷിക ഉത്സവ വേളയിലാണ് സാധാരണയായി പാവക്കൂത്ത് നടത്തുന്നത്. തുടക്കം മുതൽ അവസാനം വരെ ദേവി പ്രകടനം കാണുകയും അതിൽ സന്തോഷിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഈ വിശ്വാസം ഒരു ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

shadow-puppet-play-4

∙ ഐതീഹ്യം

വളരെക്കാലം മുമ്പ് ദാരികൻ എന്നൊരു അസുരൻ ജീവിച്ചിരുന്നു. ദേവന്മാർക്കും ഋഷികൾക്കും മനുഷ്യർക്കും ദാരികൻ ഒരുപോലെ ഭീഷണിയായിരുന്നു. ഈ അസുരനെ വധിക്കാൻ ശിവൻ തൃക്കണ്ണിലെ അഗ്നിയില്‍ നിന്ന് ഭദ്രകാളിയെ സൃഷ്ടിച്ചു. നീണ്ട പോരാട്ടത്തിനൊടുവില്‍ ഭദ്രകാളി ദാരികനെ വധിച്ചു. ഭദ്രകാളി ദാരികനുമായുള്ള യുദ്ധത്തിൽ ഏർപ്പെട്ട സമയത്താണ് രാമ-രാവണ യുദ്ധം നടന്നത്. രാവണന്‍റെ മേൽ രാമന്‍ നേടിയ വിജയത്തിന് സാക്ഷ്യം വഹിക്കാൻ കഴിയാത്തതിനാൽ ദേവി അസന്തുഷ്ടയായി. അങ്ങനെ രാമായണ കഥ ദേവിയെ കാണിക്കുന്നതിന് നിഴല്‍ നാടക രൂപമായി അവതരിപ്പിച്ചു എന്നാണ് ഐതീഹ്യം. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് കാളി ക്ഷേത്രങ്ങളിൽ തോല്‍പ്പാവക്കൂത്ത്‌ അവതരിപ്പിക്കുന്നത്.

∙ തോല്‍പ്പാവ നിർമ്മാണം

ആദ്യകാലങ്ങളില്‍ പാവകള്‍ നിർമ്മിക്കാൻ മാൻതോലാണ് ഉപയോഗിച്ചിരുന്നത്. മാൻ തോലിന് പവിത്രവും ശുദ്ധവുമായ ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ മാന്‍ തോല്‍ ലഭിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് കാള, ആട് എന്നീ മൃഗങ്ങളുടെ തോലുകളിലാണ് പാവകള്‍ നിര്‍മിക്കുന്നത്. വെള്ളവും ചാരവും ഉപയോഗിച്ച് കട്ടിയുള്ള ഒരു പേസ്റ്റ് ആദ്യം തോലിന്‍റെ രോമമുള്ള ഭാഗത്ത് പുരട്ടി ഒരു ബോര്‍ഡില്‍ അരികുകള്‍ വലിച്ച് കുത്തി ഒരാഴ്ചയോളം ഉണക്കാന്‍ വെക്കും. മുളയോ കുപ്പിച്ചില്ലോ കൊണ്ട് രോമങ്ങൾ കളഞ്ഞ് ചർമം വൃത്തിയാക്കി പാവയുടെ രൂപരേഖ അതിൽ വരയ്ക്കും. പാവകളുടെ കറുത്ത നിഴലാണ് സ്‌ക്രീനിൽ പതിക്കേണ്ടത് എന്നതിനാല്‍ മാൻ തോലിന്‍റെ സ്വാഭാവിക കട്ടി ശ്രദ്ധയോടെ നിലനിർത്തുന്നു. പാവകളുടെ ആകൃതികളും മുഖഭാവവും അലങ്കാരങ്ങളും അവയുടെ നിഴലുകളിൽ കൃത്യമായി തനിപ്പകർപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ചർമം ശ്രദ്ധാപൂർവ്വം മുറിക്കും. നിഴലിനെ ഉയർത്തിക്കാട്ടുന്നതിനായി തോലില്‍ ചെറിയ ദ്വാരങ്ങൾ പഞ്ച് ചെയ്യും. തുടർന്ന് വ്യത്യസ്‌ത രൂപത്തിലും വലുപ്പത്തിലുമുള്ള പാവകള്‍ ഉളി ഉപയോഗിച്ച് ചെത്തിയെടുക്കും. തുകൽ വാടുന്നത് അല്ലെങ്കിൽ വശങ്ങളിലേക്ക് നീങ്ങുന്നത് തടയുന്നതിനായി ഒരു മുളയുടെ കഷ്ണം പാവയുടെ മധ്യഭാഗത്ത് മുഴുവൻ നീളത്തില്‍ ലംബമായി ഉറപ്പിക്കും.   

shadow-puppet-play-3

പാവകളെ തിരിച്ചറിയുന്നതിനും അവയെ സജീവമാക്കുന്നതിനും വിവിധ നിറങ്ങള്‍ നല്‍കും. ചപ്പങ്ങ മരത്തിന്‍റെ പുറംതൊലിയും കസവ് മരത്തിന്‍റെ ഇലകളും വെള്ളത്തില്‍ തിളപ്പിച്ചാണ് ചുവപ്പ് നിറം ഉണ്ടാക്കുക. വെളിച്ചെണ്ണ വിളക്കിലെ കരിയും വേപ്പ് മരത്തിന്‍റെ ഇലകളില്‍ നിന്നുള്ള പശയുമുപയോഗിച്ച് കറുപ്പ് നിറം, നീലി ചെടിയുടെ ഇലകളില്‍ നിന്നു നീല നിറം തുടങ്ങി മരങ്ങളുടെ കാതല്‍ കാച്ചിക്കുറുക്കിയും നിറങ്ങള്‍ തയ്യാറാക്കും.

കഥയിലെ ഓരോ പ്രധാന കഥാപാത്രങ്ങളുടേയും ഇരിപ്പ്, നടത്തം, പോരാട്ടം എന്നീ മൂന്ന് വ്യത്യസ്ത ഭാവങ്ങൾ പാവകളാൽ പ്രതിനിധീകരിക്കുന്നു. സാധാരണയായി പാവയുടെ ഒരു കൈ മാത്രം ചലിപ്പിക്കാനാകുന്ന രീതിയിൽ ഉറപ്പിക്കും. ചലിക്കുന്ന സന്ധികൾ രണ്ടും മനുഷ്യാവയവങ്ങളിൽ കാണാം. അമ്പും വില്ലും പിടിക്കാനും മുഷ്ടി മത്സരത്തിൽ ഏർപ്പെടാനും പാവയ്ക്ക് രണ്ട് കൈകളും ആവശ്യമായതിനാല്‍ യുദ്ധം കാണിക്കുന്ന പാവകളെ രണ്ടും കൈകളും ചലിക്കുന്ന രീതിയിലാണ് നിര്‍മാണം. മൃഗങ്ങളെയും പക്ഷികളെയും പ്രതിനിധീകരിക്കുന്ന പാവകൾക്ക് വ്യത്യസ്ത തരം സന്ധികൾ നൽകുന്നു. മരങ്ങൾ, പർവ്വതം, സമുദ്രം തുടങ്ങിയ പ്രകൃതി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനും പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്ത പാവകളുണ്ട്. ഓരോ പ്രധാന കഥാപാത്ര പാവകൾക്കും കൃത്യമായ അളവുകളുണ്ട്‌. ഉദാഹരണത്തിന് ശ്രീരാമൻ നടക്കാനുള്ള നിലപാടിൽ 79 സെന്റിമീറ്റര്‍ നീളവും 46 സെന്റിമീറ്റര്‍ വീതിയുമുള്ള പാവയാണ്. രാവണന്‍റെ പാവയ്ക്ക് 80 സെന്റിമീറ്റര്‍ നീളവും 68 സെന്റിമീറ്റര്‍ വീതിയും. വേണ്ടവിധം സൂക്ഷിച്ചാല്‍ ഒരു പാവ നൂറുവർഷത്തോളം ഉപയോഗിക്കാന്‍ സാധിക്കും. ഏഴ് ദിവസമുള്ള കൂത്തിന് 35 പാവകളും 21 ദിവസത്തെ കൂത്തിന് 180 പാവകളും വേണം.

 ∙ രംഗം, വെളിച്ചം, സംഗീതം, ശബ്ദ ഇഫക്ടുകള്‍

ക്ഷേത്ര പരിസരത്ത് പ്രത്യേകമായി തയ്യാറാക്കിയ കൂത്തുമാടങ്ങളിലാണ് (play houses) തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുക. ക്ഷേത്രത്തിലെ ദേവിയുടെ പ്രതിച്ഛായയെ അഭിമുഖീകരിക്കുന്ന തരത്തിലാണ് കൂത്തുമാടത്തിന്‍റെ സ്ഥാനം. ഭൂനിരപ്പിൽ നിന്ന് നന്നായി ഉയർത്തുകയും അതിന്‍റെ മൂന്ന് വശങ്ങള്‍ പൊതിഞ്ഞ് മേൽക്കൂര നൽകുകയും ചെയ്യുന്നു. കേരളത്തില്‍ നൂറില്‍പ്പരം ക്ഷേത്രങ്ങളില്‍ കൂത്തുമാടങ്ങളുണ്ട്‌. സ്റ്റേജിന്‍റെ മുൻവശത്ത് പകുതി വെള്ളയും കറുപ്പുമായ നേർത്ത തുണി കൊണ്ട് വലിച്ചു കെട്ടും. അതിനുള്ള അവകാശം ദേവിയില്‍ നിന്നു മാടപുലവര്‍ക്കാണ് ലഭിക്കുക. തുണിയെ ‘ആയപ്പുടവ’ എന്നും കെട്ടുന്ന ചടങ്ങിനെ ‘കൂറകേറ്റുക’ എന്നുമാണ് പറയപ്പെടുന്നത്. വെളുത്ത പ്രതലം ഭൂമിയെയും സ്വർഗത്തെയും കറുത്ത പ്രതലം പാതാള ലോകത്തെയും പ്രതിനിധീകരിക്കുന്നു. 

shadow-puppet-play-5

തിരശ്ശീലയ്ക്ക് പുറകില്‍ ഇടുങ്ങിയ ഒരു മരപ്പലക ഒന്നര മീറ്റർ ഉയരത്തിൽ കുറച്ചകലത്തിലായി സ്റ്റേജിന്‍റെ മുഴുവൻ നീളത്തില്‍ പിടിപ്പിക്കും. കൂത്തിന്‍ ആവശ്യമായ പ്രകാശ സജീകരണം ‘വിളക്കുമാടം’ എന്നറിയപ്പെടുന്ന ഈ പലകയിലാണ് സ്ഥാപിക്കുക. തുല്യ ഭാഗങ്ങളായി തകർത്ത 21 തേങ്ങാമുറികൾ വിളക്കുമാടത്തിൽ‌ ഒരേ നിരയിൽ‌ തുല്യ അകലത്തിൽ‌ സ്ഥാപിക്കും (ചില സ്ഥലങ്ങളില്‍ ചിരാത് ഉപയോഗിക്കാറുണ്ട്). അതില്‍ വെളിച്ചെണ്ണ ഒഴിച്ച് കട്ടിയുള്ള കോട്ടൺ തിരികള്‍ കത്തിച്ചാണ് പാവകളുടെ നിഴല്‍ തുണിയുടെ മറുവശത്ത്‌ കാണത്തക്കവിധം പ്രകാശം ക്രമീകരിക്കുന്നത്. തെല്ലിപ്പൊടി (മരപ്പശ ഉണക്കി ഉണ്ടാക്കുന്നത്) വിളക്കുകളുടെ ജ്വാലയിലേക്ക് എറിയുന്നതിലൂടെ അധിക ലൈറ്റിങ് ഇഫക്ടുകൾ സൃഷ്ടിക്കുന്നു. ചില പ്രത്യേക സീനുകളിൽ ഫയർ ടോർച്ചുകളും ഉപയോഗിക്കാറുണ്ട്.

തോല്‍പ്പാവക്കൂത്തിനോടൊപ്പമുള്ള രണ്ട് സാധാരണ ഉപകരണങ്ങളാണ് ‘ഏഴുപറ’യും (കാളക്കുട്ടിയുടെ തൊലി കൊണ്ട് പൊതിഞ്ഞ മരം കൊണ്ടുള്ള ഫ്രെയിം), ബെൽ-മെറ്റൽ കൈത്താളവും. പ്രത്യേക അവസരങ്ങളിൽ ചെണ്ട, മദ്ദളം, പൈപ്പ് എന്നിവയും വായിക്കും. യുദ്ധത്തിന്‍റെ രംഗങ്ങൾ അവതരിപ്പിക്കുമ്പോഴും പോരാളികളുടെ സംഭാഷണം കൈമാറുമ്പോഴും താളത്തിനനുസൃതമായി പ്രത്യേക വായ്ത്താരികളും ശബ്ദങ്ങളും ചേര്‍ക്കും. ഉദാഹരണത്തിന് യുദ്ധത്തില്‍ മരങ്ങൾ പിഴുതെറിയുകയും വാളുകള്‍ ഉരസുന്നതിന്‍റെയും പാറകൾ പരസ്പരം എറിയുകയും ചെയ്യുന്ന സമയത്തെ ശബ്ദ എഫക്റ്റുകള്‍ക്ക്.

∙ അരങ്ങില്‍ തോല്‍പ്പാവകൂത്ത് 

ക്ഷേത്രങ്ങളിലെ വാർഷിക ഉത്സവത്തിന്‍റെ ഭാഗമായാണ് പാവകൂത്ത് പ്രകടനങ്ങൾ നടത്തുന്നത്. ചില സമയങ്ങളിൽ വഴിപാടിന്‍റെ ഭാഗമായി ഭക്തർ അവതരണത്തിന് പണം നൽകുന്നു. പ്രകടനം ആരംഭിക്കുന്ന ദിവസം പ്രത്യേക പൂജകളും സൂര്യാസ്തമയത്തിന് ശേഷം ദേവിക്ക് വഴിപാടുകളും നടത്തി ദേവിയുടെ പ്രതിമയ്ക്ക് മുന്നിൽ കത്തുന്ന എണ്ണവിളക്കിൽ നിന്ന് ഒരു തൂക്കുവിളക്കു കത്തിച്ച് കൂത്തുമാടത്തിലേക്ക് കൊണ്ടുവരുന്നു. വാദ്യോപകരണത്തിന്‍റെ അനുബന്ധമായി ഇത് കൂത്തുമാടത്തിന് മുന്നിൽ തൂക്കിയിട്ട ശേഷമാണ് കൂറയിടല്‍.

shadow-puppet-play-6

വെളിച്ചപ്പാട് (the oracle of goddess) വാളേന്തി ക്ഷേത്രത്തെ മൂന്നു പ്രാവശ്യം വലയംവച്ചശേഷം കൂത്തുമാടത്തിൽ വന്ന് തിരശ്ശീലയ്ക്ക് മുന്നില്‍വച്ച് തോല്‍പ്പാവക്കൂത്ത്‌ കലാകാരന്മാരെ അനുഗ്രഹിക്കുകയും പ്രകടനം ആരംഭിക്കാൻ അനുമതി നൽകുകയും ചെയ്യുമ്പോൾ കളിയുടെ പ്രാഥമികമായ ഇൻസ്ട്രമന്‍റൽ സംഗീതം ആരംഭിക്കും. ‘കളരിച്ചിന്ത്’ എന്ന ചടങ്ങിനെ തുടർന്നാണിത്. ഗണപതി, സരസ്വതി, മഹാവിഷ്ണു മറ്റ് ദേവീദേവതകള്‍ എന്നിവരുടെ അനുഗ്രഹത്തിനായി പാവകൾ സ്തുതിഗീതങ്ങൾ ആലപിക്കുന്നു. തുടർന്ന് തൂക്കുവിളക്കെടുത്ത് കലാകാരന്മാര്‍ തിരശ്ശീലയ്ക്ക് പിന്നില്‍ സ്ഥാപിച്ചിരിക്കുന്ന 21 വിളക്കുകൾ കത്തിക്കും. പ്രകടനത്തിന്‍റെ വിജയം ഉറപ്പാക്കുന്നതിന് രംഗ പൂജ. ഇതിനുശേഷം ഗണപതിയുടെ പാവയെ തിരശ്ശീലയിൽ അവതരിപ്പിക്കുകയും സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്യും. പിന്നീട് മനുഷ്യരാശിയുടെ ക്ഷേമത്തിനായി യാഗങ്ങളും ത്യാഗങ്ങളും നടത്തിയ ദേവന്മാരെ സ്തുതിച്ചുള്ള ഗീതങ്ങൾ, തോല്‍പ്പാവക്കൂത്ത് ഗുരുക്കന്മാർക്ക് ഗുരുവന്ദനം എന്നിവയും അരങ്ങേറും. ഈ ചടങ്ങുകൾ അവസാനിക്കുമ്പോഴാണ് പ്രകടനം ആരംഭിക്കുക.

ദേവിയുടെ അനുഗ്രഹം തേടാനായി ഭക്തർ പണം, തേങ്ങ, വാഴപ്പഴം, മല്ലി, പുഷ്പമാലകൾ, മറ്റ് ശുഭ വസ്തുക്കൾ എന്നിങ്ങനെ വഴിപാടായി നല്‍കും. കൂത്തില്‍ കഥയിലെ ചില ശുഭ മുഹൂര്‍ത്തങ്ങള്‍ വരുമ്പോള്‍ (ഉദാഹരണത്തിന് രാമ സീതാ പരിണയം) ദേവസ്ത്രീകള്‍ നൃത്തം പ്രദർശിപ്പിച്ച് ആഘോഷിക്കും. ഈ സമയം പാവകൾ വഴിപാടുകൾ നടത്തിയ ഭക്തന്‍റെ അഭിവൃദ്ധിക്കായി അവന്‍റെ പേരും ജനനത്തീയതിയും പറഞ്ഞു പ്രാർഥിക്കും. 

തിരശ്ശീലയുടെ മുഴുവൻ നീളത്തിലും (പന്ത്രണ്ട് മീറ്ററോളം) പാവകളെ അവതരിപ്പിക്കേണ്ടതുണ്ട്. ഇതിന് കുറഞ്ഞത് അഞ്ച് കലാകാരന്മാർ ചുമതല വഹിക്കണം. ചില അവസരങ്ങളിൽ അവർ തിരശ്ശീലയുടെ ഒരു അറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് പാവകള്‍ കൈയ്യിലേന്തി ഓടണം. രണ്ടോ മൂന്നോ കലാകാരന്മാർ ശ്ലോകങ്ങൾ ആലപിക്കുന്നതിനും. കൂത്ത് കലാകാരന്‍ ഒരു കൈകൊണ്ട് പാവയില്‍ നീളത്തില്‍ പിടിപ്പിച്ചിട്ടുള്ള തടിയുടെ താഴത്തെ ഭാഗവും അതോടൊപ്പം പാവയുടെ കൈ മറ്റൊരു കൈയിലും പിടിച്ച് കൈകാര്യം ചെയ്യുന്നു.  ഇടയ്ക്ക് സമന്വയിപ്പിക്കുന്ന ശബ്ദങ്ങൾ സൃഷ്ടിക്കുന്നതിന് പാവയുടെ കണങ്കാലുകള്‍ കുലുക്കേണ്ടിയും വരും. പ്രധാനപ്പെട്ട കഥാപാത്രങ്ങളെ കൊല്ലുകയോ തളർത്തുകയോ ചെയ്യുമ്പോൾ, രക്തത്തിന്‍റെ യഥാർത്ഥ ചിത്രം സൃഷ്ടിക്കുന്നതിന് ചുവന്ന ദ്രാവകം (മഞ്ഞൾ വെള്ളവും കുമ്മായവും ഉപയോഗിച്ച്) തിരശ്ശീലയിൽ എറിയും.

shadow-puppet-play-7

രാവണനെ കൊന്നതോടെ ഇരുപതാം ദിവസത്തെ കളി അവസാനിച്ച ശേഷം, തിരശ്ശീല നീക്കം ചെയ്ത് വൃത്തിയാക്കും. കഴുകിയ തിരശ്ശീല അടുത്ത ദിവസത്തെ പ്രകടനത്തിനായി വീണ്ടും ഉപയോഗിക്കും. പരമ്പര സമാപിക്കുന്നത് ശ്രീരാമ പട്ടാഭിഷേകത്തോടെയാണ് (രാമന്‍റെ കിരീടധാരണം). തുടർന്ന് തിരശ്ശീല നീക്കം ചെയ്യുകയും പുലവർ (പണ്ഡിതന്‍) അതിനെ കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. ഒരിക്കൽ ഉപയോഗിച്ച ഒരു മൂടുശീല വീണ്ടും ഉപയോഗിക്കരുതെന്നാണ് ആചാരം. കേരളത്തില്‍ ക്ഷേത്രങ്ങളില്‍ തോല്‍പ്പാവക്കൂത്തിന്‍റെ സീസൺ ജനുവരി മുതൽ ഏപ്രിൽ അവസാനം വരെയാണ്.

∙ പാലക്കാട്ടെ തോല്‍പ്പാവകൂത്ത് പാരമ്പര്യം

തോല്‍പ്പാവകൂത്ത് കലാകാരന്മാരെ പുലവർ (പണ്ഡിതന്മാർ) എന്നാണ് അഭിസംബോധന ചെയ്യുക. ഒരു പാവക്കൂത്ത് കലാകാരന്‍റെ ജിവിതം നീണ്ട പഠനം-പരിശീലന ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുക. ഏഴു വയസ്സ് മുതല്‍ വാക്യങ്ങൾ ചൊല്ലാനും അവ മനഃപ്പാഠമാക്കാനും പാവകളെ നിർമ്മിക്കാനും കൈകാര്യം ചെയ്യാനുമുള്ള പരിശീലനത്തിൽ അവര്‍ വ്യാപരിക്കുന്നു. 

pathmasree-ramachandra-pulavar
പത്മശ്രീ രാമചന്ദ്ര പുലവർ

പാലക്കാടുള്ള കൂനത്തറ കുടുംബമാണ് കേരളത്തില്‍ പൈതൃകമായി തോല്‍പ്പാവകൂത്ത് കല കൈമാറി വരുന്നത്. കൂനത്തറ കുടുംബത്തിലെ തമ്പി പുലവർ, ഇള പുലവർ, മുത്തപ്പ പുലവർ, ലക്ഷ്മണ പുലവർ, കൃഷ്ണൻകുട്ടി പുലവര്‍ എന്നിവരെല്ലാം തോല്‍പ്പാവകൂത്ത് രംഗത്തെ ഗുരുക്കന്മാരാണ്. ഇതേ താവഴിയില്‍പ്പെട്ട ജേഷ്ഠാനുചന്മാരായ പത്മശ്രീ രാമചന്ദ്ര പുലവരും ലക്ഷ്മണ പുലവരും ഇവരുടെ കുടുംബവുമാണ് തോല്‍പ്പാവകൂത്ത് കലകള്‍ ഇന്ന് നിലനിര്‍ത്തുന്നത്. 1980ൽ തോല്‍പ്പാവകൂത്ത് വിദഗ്ദ്ധൻ കൃഷ്ണൻകുട്ടി പുലവര്‍ക്ക് സംഗീത നാടക അക്കാദമിയുടെ ആദരം ലഭിച്ചു. തോല്‍പ്പാവകൂത്ത് കലയ്ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് 2021ല്‍ കൂനത്തറ രാമചന്ദ്ര പുലവര്‍ക്ക് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കൂനത്തറ ലക്ഷ്മണ പുലവരുടെ മക്കളായ കൃഷ്ണകുമാറും വിഷ്ണുവും ജോലിക്കും പഠനത്തിനുമിടയിലും പാരമ്പര്യമായി ലഭിച്ച കലയെ വിട്ട് കളയാതെ ഇന്നും അച്ഛനോടൊപ്പം തോല്‍പ്പാവകൂത്തില്‍ സജീവമാണ്.   

∙ കോവിഡും അതിജീവനവും

കൂത്തുമാടങ്ങള്‍ അടഞ്ഞു കിടക്കുന്ന ഈ കോവിഡ് മഹാമാരി കാലത്ത് അതിജീവനത്തിന്‍റെ പാതയിലാണ് തോല്‍പ്പാവക്കൂത്ത് കലാകാരന്മാര്‍. അടച്ചിരിപ്പിന്‍റെ കാലഘട്ടത്തിൽ തോൽപ്പാവകളെ നിർമ്മിക്കുകയാണ് കൂനത്തറയിലെ ലക്ഷ്മണ പുലവരും കുടുംബവും. കോവിഡ് മഹാമാരി, കലാകാരൻമാർക്ക് വറുതിയുടെ നാളുകളാണ് സമ്മാനിച്ചതെങ്കിലും കലകളും കൂത്തുമാടങ്ങളും സജീവമാകുന്ന നാളേക്കുള്ള പ്രതീക്ഷയിലാണ് ഇവർ. ക്ഷേത്രങ്ങള്‍ക്ക് പുറമേ ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി സ്റ്റേജ് പരിപാടികളായും തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കാറുണ്ട്.

with-koonanthara-lakshmana-pulavar's-family-
കൂനത്തറ ലക്ഷ്മണ പുലവരുടെ കുടുംബത്തോടൊപ്പം

1978ൽ ബെംഗളൂരിൽ സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ദേശീയ നിഴൽ തിയറ്റര്‍ ഫെസ്റ്റിവലാണ് തോല്‍പ്പാവക്കൂത്ത് ദേശീയ തലത്തില്‍ അറിയപ്പെടുത്തുന്നതിന് കാരണമായത്. തുടർന്ന് 1979ല്‍ സോവിയറ്റ് യൂണിയനിൽ നടന്ന ഏഷ്യൻ രാജ്യങ്ങളിലെ പപ്പറ്റ് തിയറ്ററുകളുടെ അന്താരാഷ്ട്ര ഉത്സവത്തിൽ അവതരണത്തിനായി കേരളത്തിലെ തോല്‍പ്പാവകൂത്ത് തിരഞ്ഞെടുക്കപ്പെട്ടു. ജര്‍മ്മനി, ജപ്പാന്‍, അയർലന്റ്, സിംഗപ്പൂര്‍, സ്വീഡന്‍, കൊറിയ തുടങ്ങി വിവിധ രാജ്യങ്ങളില്‍ കേരളത്തിലെ പാവക്കൂത്ത് അവതരിപ്പിച്ചു വരുന്നു. പുതു തലമുറയ്ക്ക് പാവക്കൂത്ത് ജീവിതമാർഗമായി സ്വീകരിക്കാന്‍ താൽപര്യമില്ലാതായത്തോടെ കല അന്യം നിന്നു പോകാതിരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് പാവക്കൂത്തില്‍ പരിശീലനം നേടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് നല്‍കി വരുന്നുണ്ട്.

English Summary : History of traditional art form Shadow Puppet Play

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA