ADVERTISEMENT

ത്രിപുര സ്വദേശിയായ സര്‍ബജിത് സര്‍ക്കാര്‍ എന്ന 26കാരന്‍ ഇന്‍സ്റ്റഗ്രാമിൽ താരമാണ്. സെലിബ്രിറ്റി സ്റ്റൈലുകളെ തന്റേതായ രീതിയില്‍ പുനരാവിഷ്‌ക്കരിക്കുന്ന ഫാഷന്‍ പാരഡിയാണ് സർബജിത്തിന് ആരാധകരെ നേടിക്കൊടുത്തത്. ഇല, പൂവ്, പുല്ല്, വൈക്കോൽ, ചുള്ളിക്കമ്പ് എന്നിങ്ങനെയുള്ള പ്രകൃതിദത്ത വസ്തുക്കളും വീട്ടിലുള്ള പഴയ തുണികളുമാണ് സെലിബ്രിറ്റി വേഷങ്ങൾ അനുകരിക്കാൻ സർബജിത് പ്രധാനമായും ഉപയോഗിക്കുന്നത്. കങ്കണ റണൗട്ടിന്റെ കടുത്ത ആരാധകനായ സര്‍ബജിത്ത്, ‘നീൽ റണൗട്ട്’ എന്ന പേരാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് നൽകിയിരിക്കുന്നത്. നിലവിൽ ഇയാൾക്ക് 35,000 ഫോളോവേഴ്‌സ് ഉണ്ട്.

fashion-3

2019ലെ ഗ്രാസിയ മില്ലേനിയല്‍ പുരസ്‌ക്കാരദാന ചടങ്ങിന് ദീപിക പദുക്കോണ്‍ അണിഞ്ഞ പച്ച ഗൗണിനെ അനുകരിച്ചാണ് നീലിന്റെ തുടക്കം. വാഴയില ഉപയോഗിച്ചുള്ള നീലിന്റെ അന്നത്തെ ചിത്രം ഇന്റര്‍നെറ്റില്‍ ട്രോളന്മാര്‍ ആഘോഷമാക്കിയിരുന്നു. ഇതു ഹിറ്റായതോടെ കൂടുതല്‍ സെലിബ്രിറ്റി ലുക്കുകൾ നീല്‍ അനുകരിച്ചത്. 

fashion-5

തുടക്കത്തില്‍ വീട്ടുകാര്‍ അടക്കം സകലരും ‘ഇതെന്തു കോപ്രായമാണെന്ന്’ ചോദിച്ച് എതിര്‍ത്തു. എന്നാല്‍ നീലിന്റെ ഫാഷന്‍ പാരഡിക്ക് അഭിനന്ദനവുമായി പലരുമെത്തി. അക്കൂട്ടത്തിൽ സെലിബ്രിറ്റി ഡിസൈൻമാരായ അബു ജാനിയും സന്ദീപ് കോസ്‌ലയും ഉണ്ടായിരുന്നു. അതോടെ എതിര്‍ത്തിരുന്ന വീട്ടുകാരും നീലന്റെ ആരാധകരായി. 

fashion-2

അടുത്തിടെ കാന്‍സില്‍ അമേരിക്കന്‍ മോഡല്‍ ബെല്ല ഹാദിദ് ഹിറ്റാക്കിയ ഗോള്‍ഡന്‍ ലങ്‌സ് ലുക്കിനെ ഒരു രൂപ പോലും ചെലവില്ലാതെയാണ് നീല്‍ പുനരാവിഷ്‌ക്കരിച്ചത്. ഒരു മരചില്ലയില്‍ ഗോള്‍ഡന്‍ സ്‌പ്രേ അടിച്ച്, ഒരു കയറിൽ കെട്ടിത്തൂക്കിയാണ് ഗോള്‍ഡന്‍ ലങ്ങസ് ഒരുക്കിയത്. അമേരിക്കന്‍ നടി സെന്‍ദായയുടെ 2019ലെ ലാന്‍കോം ബ്യൂട്ടിപേജന്റിലെ ഹിറ്റ് ലുക്കായ റെഡ് റഫിള്‍സ് പുനരാവിഷ്‌ക്കരിക്കാൻ കുറച്ച് ചുവന്ന പൂക്കളും അമ്മയുടെ പെറ്റിക്കോട്ടും മാത്രമാണു വേണ്ടി വന്നത്.

fashion-4

നീലിന്റെ ഫാഷന്‍ പാരഡിയെ ഗ്രാമത്തിലെ പലരും ഇപ്പോഴും വിമര്‍ശിക്കുന്നുണ്ട്. ഇത്തരം വേഷം കെട്ടലുകൾ ഗ്രാമത്തിന് അപമാനമെന്നാണ് അവർ പറയുന്നത്. എന്നാല്‍ സാധാരണ മട്ടില്‍ ജോലി ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഗ്രാമവാസികളില്‍ ചിലരുടെ ഇടുങ്ങിയ ചിന്താഗതിക്ക് തന്റെ ഇച്ഛാശക്തിയെ നശിപ്പിക്കാനാവില്ലെന്ന് നീൽ ഇ–ടൈംസിനോട് പറഞ്ഞു. ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കുമെന്നും എല്ലാവര്‍ക്കും തന്റെ പുനരാവിഷ്‌ക്കാരങ്ങള്‍ ഇഷ്ടപ്പെടണമെന്ന് നിര്‍ബന്ധമില്ലെന്നും നീല്‍ പറയുന്നു.

fashion-7
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com