ADVERTISEMENT

പോൾരാജിന്റെ ജീവശ്വാസം എന്തെന്നു ചോദിച്ചാൽ ഒരു സംശയവുമില്ലാതെ ഭാര്യ പനീർശെൽവി പറയും ‘ഖാദി’ എന്ന്. 38 വർഷമായി ടെക്സ്റ്റൈൽ മേഖലയിൽ സജീവമായി തുടരുന്ന പോൾരാജിന്റെ വീട്ടിലെ എല്ലാവരും ഇപ്പോൾ നെയ്ത്തുകാരാണ്. വിവാഹശേഷം ഭാര്യയായിരുന്നു വലിയ പിന്തുണ. ഇപ്പോൾ മകനും മകളും പഠനം പൂർത്തിയാക്കി അച്ഛനൊപ്പം സജീവം. ഫാഷൻ ഡിസൈനറാണ് മകൻ അരവിന്ദ്. നൂൽ നൂൽക്കുന്നതിലും നെയ്ത്തിലും വിദഗ്ധ പരിശീലനം പൂർത്തിയാക്കിയ മകൾ അർച്ചനയും ഒപ്പമുണ്ട്. 

1984ൽ തമിഴ്നാട്ടിലെ മാർത്താണ്ഡത്തുനിന്ന് കേരളത്തിലെത്തുമ്പോൾ പോൾ രാജിന് വയസ്സ് 16. റാന്നിയിലെയും മേലുകരയിലെയും സ്വകാര്യ സ്ഥാപനങ്ങളിൽ തയ്യൽജോലി ചെയ്തായിരുന്നു ടെക്സ്റ്റൈൽ മേഖലയിലെ തുടക്കം. 1989 വരെ ഇതു തുടർന്നു. പിന്നീട് ബോംബയിലേക്ക് ചേക്കേറി. അവിടെയും ടെക്സ്റ്റൈൽ മേഖലയിൽ തന്നെയായിരുന്നു പ്രവർത്തിച്ചത്. ആറു വർഷങ്ങൾക്കു ശേഷം വീണ്ടും മേലുകരയിലെത്തി. 2001ൽ ശ്രീബാലാജി ഗാർമെന്റ്സ് എന്ന പേരിൽ ആറന്മുളയിൽ സ്വന്തം തയ്യൽ യൂണിറ്റിന് തുടക്കം കുറിച്ചു. ഖാദിയിലെ പ്രമുഖ ബ്രാൻഡുകളിലൊന്നായ ‘ഗാന്ധി’ ഷർട്ടിന്റെ മാസ്റ്റർ ടെയ്‌ലറായി. 2005 വരെ ഇവർക്കുവേണ്ടി ഷർട്ടുകൾ തയ്ച്ചു. 

∙ പ്രതിസന്ധികളിൽ തളരാതെ 

ഗാന്ധി ഷർട്ടുകൾക്ക് പ്രചാരം ലഭിച്ചതോടെ ഷർട്ടിന്റെ ക്വട്ടേഷൻ മറ്റ് കമ്പനികൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇതോടെ ഇരുപത്തഞ്ചോളം വരുന്ന ജോലിക്കാർക്ക് ജോലി നഷ്ടമാകുമെന്ന അവസ്ഥയിലായി. ഇവരുടെ ജോലി നഷ്ടപ്പെടാതിരിക്കാൻ മറ്റു ഖാദി സ്ഥാപനങ്ങളിൽനിന്ന് ഖാദി തുണിത്തരങ്ങൾ എത്തിച്ച് സ്വന്തമായി ഷർട്ടുകൾ തയ്ച്ചുതുടങ്ങി. അതിനെ ബ്രാൻഡ് ആയി ഉയർത്തുകയും ചെയ്തു. എന്നാൽ ഖാദിയുടെ സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നത് ഇവിടത്തെ ഉൽപന്നങ്ങളുടെ വിപണനത്തെ കാര്യമായി ബാധിച്ചു. പ്രവർത്തിക്കുന്നതിനും ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനും സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. ഇത് ലഭിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ടു ബന്ധപ്പെട്ടു. അങ്ങനെ 2016ൽ ഇൻഡിവിജ്വൽ ഖാദി മാർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു. കേരളത്തിൽ മറ്റാർക്കും ഈ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. അവിടെയും അവസാനിച്ചില്ല പ്രതിസന്ധികൾ. ഹോൾസെയിൽ വ്യാപാരം നടത്തുന്നതിലായിരുന്നു പിന്നീടുള്ള പ്രശ്നങ്ങൾ. ഇതു പരിഹരിക്കുന്നതിനായി മുൻ കേന്ദ്ര വ്യവസായ മന്ത്രി ഗിരിരാജ് സിങ്ങിനെ സമീപിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം, കെവിഐസി (ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ)യുടെ കിഴിൽ സെന്റർ ഫോർ റൂറൽ എംപ്ലോയ്‌മെന്റ് ആൻഡ് ഇക്കണോമിക് ഡവലപ്മെന്റ് (ക്രീഡ്) സൊസൈറ്റി റജിസ്റ്റർ ചെയ്തു. ഖാദി സർട്ടിഫിക്കറ്റും ലഭിച്ചു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് സൊസൈറ്റിയുടെ ഉദ്ഘാടനം നടത്തിയത്. 

∙ വില്ലനായി പ്രളയം 

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സെൽഫ് എംപ്ലോയ്മെന്റ് സ്കീം പ്രകാരം 10 തറിയും 10 ചർക്കയും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഖാദി ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ ഖാദി ഭവൻ തുടങ്ങാനും തീരുമാനിച്ചു. പ്രവർത്തനം നല്ലതോതിൽ മുന്നോട്ടു പോകുമ്പോഴാണ് വില്ലനായി പ്രളയം എത്തുന്നത്. ആറന്മുളയിൽ ആരംഭിക്കാനിരുന്ന ഖാദി ഭവന്റെ നെയ്ത്തുശാലയും നൂൽനൂൽപ്പ് യൂണിറ്റും പ്രളയജലം കൊണ്ടുപോയി. അതോടെ വലിയ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായി. എന്നാൽ പ്രതീക്ഷയുടെ കച്ചിത്തുരുമ്പുമായി കൊച്ചിൻ ഷിപ്‌യാഡിന്റെ പ്രളയ ധനസഹായം ലഭിച്ചതോടെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാനായി. 

∙ ‘ബോധി’ വഴിത്തിരിവ് 

കൈത്തറി മേഖലയിലെ പോൾരാജിന്റെ വിജയഗാഥയ്ക്ക് തുടക്കം കുറിച്ചത് ‘ബോധി’ എന്ന പേരിൽ 2019ൽ ആരംഭിച്ച ഷർട്ട് നിർമാണമാണ്. തയ്ക്കുന്നതിനു മുൻപ് തുണി വാഷ് ചെയ്യുന്നതുകൊണ്ട് നിറം മങ്ങുകയോ ചുരുങ്ങുകയോ ഇല്ല എന്നതാണ് ഷർട്ടുകളുടെ പ്രത്യേകത. ഇതിന്റെ ഓൺലൈൻ വിപണനവും ഉടൻ ആരംഭിക്കും. 

∙ ‘ആറന്മുള ഖാദി’ സ്വപ്നം 

ഖാദി മേഖലയിൽ കർണാടക ഖാദി, പയ്യന്നൂർ ഖാദി, കണ്ണൂർ ഖാദി, അസാറാ ഖാദി, ബംഗാൾ ഖാദി തുടങ്ങി വിവിധയിനം ഖാദികൾ ഉണ്ട്. പൈതൃകങ്ങളുടെ കലവറയായ ആറന്മുളയ്ക്ക് ഒരു പൊൻതൂവൽകൂടിയായി ‘ആറന്മുള ഖാദി’ എന്ന പേരിൽ പുതിയ ഖാദി തുണിത്തരം നിർമിച്ചെടുക്കുക എന്നതാണ് പോൾരാജിന്റെ വലിയ സ്വപ്നം. യുവാക്കളെ ഖാദിയിലേക്ക് ആകർഷിക്കുന്നതിനായി ഖാദി ഡിസൈനർ സ്റ്റുഡിയോ കൂടി ആരംഭിക്കാനും പദ്ധതിയുണ്ട്. ഇതിനായുള്ള പണിപ്പുരയിലാണ് ഇപ്പോൾ അദ്ദേഹവും കുടുംബവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com