ADVERTISEMENT

പ്രായമായില്ലേ, ഇനി അടങ്ങി ഒതുങ്ങി ഇരിക്കരുതോ ? ചുറ്റുപാടിലേക്ക് ഒന്നു കാതോർത്താൽ ഈ ചോദ്യം കേൾക്കാം. പ്രായമായാൽ ജീവിതം തീർന്നു എന്ന ചിന്താഗതി സമൂഹത്തിൽ ശക്തമാണ്. എന്നാൽ അതു സത്യമാണോ ? അല്ല എന്നു നിസംശയം പറയാം. പറയുക മാത്രമല്ല അത് തെളിയിക്കുന്ന ചിലരെ പരിചയപ്പെടുകയുമാവാം. 

∙ നൂറാം വയസ്സിൽ ഗിന്നസ് ബുക്കിൽ

പ്രായമായെന്നു കരുതി വെറുതേയിരുന്നില്ല. സുഹൃത്തിന്റെ നിർബന്ധത്തിൽ 68ാം വയസ്സു മുതൽ ജിമ്മിൽ പോയി കരുത്ത് കൂട്ടി. 91ാം വയസ്സിൽ ഭാരോദ്വഹനം തുടങ്ങി. 98 വയസ്സും 94 ദിവസവും പ്രായമുള്ളപ്പോൾ ലോകത്തിലെ ഏറ്റവും പ്രായമേറിയ പവർലിഫ്റ്റർ എന്ന ഗിന്നസ് ബുക്ക് റെക്കോർഡിലേക്ക്. തോൽക്കാൻ മനസ്സില്ലാത്ത, കയ്യടികളിൽ കരുത്ത് കണ്ടെത്തിയ ഒരു ഫ്ലോറിഡക്കാരിയുടെ നേട്ടങ്ങളാണ് ഇവ. ഓഗസ്റ്റ് 8നു നൂറാം വയസ്സിലേക്കു കടക്കുന്ന എഡിത് മുറേ ട്രയാനയാണ് ഒളിംപിക്സിനിടയിലും പവർലിഫ്റ്റർമാരുടെ കണ്ണിൽ നിറ‍ഞ്ഞു നിൽക്കുന്നത്. 40–150 പൗണ്ട് (18– 68 കിലോഗ്രാം) ഭാരം ഉയർത്തി പവർലിഫ്റ്റിങ് സർക്യൂട്ട് പൂർത്തിയാക്കിയാണ് നേട്ടം. മുറേ മുത്തശ്ശി ഓരോ തവണ മത്സരിക്കാനെത്തുമ്പോഴും വേദിയിൽ കയ്യടികൾ നിറഞ്ഞു. 2022ലെ ഗിന്നസ് റെക്കോർഡുകൾക്കായുള്ള പ്രകടനത്തിലാണു മുത്തശ്ശി ഗിന്നസ് അധികൃതരെ ഞെട്ടിച്ചത്.

ഡാൻസ് ടീച്ചർ ആയിരുന്ന മുറേ കായിക ഇനങ്ങളിൽ താൽപര്യം കാണിച്ചിരുന്നില്ല. വിശ്രമ ജീവിതത്തിൽ തന്റെ അടുത്ത സുഹൃത്താണ് മുത്തശ്ശിയെ ജിമ്മിലേക്കു കൊണ്ടുപോയത്. ചെറിയ വർക്ഔട്ടുകളിൽ തുടങ്ങി പിന്നെ ചെറിയ ഭാരം ഉയർത്താൻ തുടങ്ങി. അതിൽ ഹരം പിടിച്ചതോടെ പവർലിഫ്റ്റിങ് മത്സരങ്ങൾക്കു പങ്കെടുക്കാനും തുടങ്ങി. ‘‘ഡാൻസ് ടീച്ചർ ആയിരുന്നതുകൊണ്ട് കയ്യടിയിൽ ഭ്രമമുണ്ടായിരുന്നു. ഓരോ തവണയും കൂടുതൽ കയ്യടിക്കായി ഞാൻ കൂടുതൽ പരിശ്രമിച്ചു. ഈ പ്രായത്തിൽ എനിക്കു തോന്നുന്നത് നമ്മൾ ആരാണെന്നും നമ്മുടെ കഴിവുകൾ എന്താണെന്നും നമ്മൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്നാണ്’’ – മുറേ മുത്തശ്ശി പറഞ്ഞു.

മുൻപ് വടിയുടെ സഹായത്തോടെ നടന്നിരുന്ന മുറേ മുത്തശ്ശി ഇപ്പോൾ പരസഹായമില്ലാതെ നടക്കും. വയസ്സായി എന്നു സ്വയം കരുതുന്നവർക്ക് ഒന്നു മാറ്റി ചിന്തിക്കാവുന്നതാണ്.

∙ 99ാം വയസ്സിൽ മോഡലിങ്ങിലേക്ക്

സാധാരണ സൗന്ദര്യവുമായി ബന്ധപ്പെട്ട പരസ്യങ്ങളിൽ യുവാക്കളാണ് മോഡൽ ആകുക. എന്നാൽ അമേരിക്കയിലെ സെയ് ബ്യൂട്ടി എന്ന സ്ഥാപനം പുതിയ ഒരു മോഡലിനെ പരീക്ഷിച്ചു; മറ്റാരുമല്ല, ഉടമയുടെ മുത്തശ്ശിയാണ് പുതുമുഖം. 99 വയസ്സുകാരി ഹെലൻ സൈമണാണു മനം കവരുന്ന പോസുകളിൽ തരംഗമാകുന്നത്. 6 മക്കളും 11 പേരക്കുട്ടികളുമുള്ള മുത്തശ്ശിക്ക് പ്രായം ഒന്നിനും തടസ്സമല്ല. ‘നാന ഇൻ ദ് സ്പോട്‌ലൈറ്റ് എന്ന ക്യാപ്ഷനോടുകൂടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു ധാരാളം ആരാധകരാണുള്ളത്. പരസ്യ മേഖലയിലെ തന്നെ സ്ഥിരം രീതികളിൽ മാറ്റം കൊണ്ടുവരികയാണ് മുത്തശ്ശിയും കൊച്ചുമകളും.

∙ 15ാം വയസ്സിൽ വിവാഹം; 75ാം വയസ്സിൽ സമൂഹ മാധ്യമങ്ങളിൽ തരംഗം

ഉത്തർപ്രദേശിലെ മുസാഫർനഗർകാരി ശാന്ത വർമയ്ക്കു തന്റെ ജീവിതം തിരഞ്ഞെടുക്കാനുള്ള അവസരം ഒരിക്കൽ നിഷേധിക്കപ്പെട്ടതാണ്. 15ാം വയസ്സിൽ വിവാഹം നടത്തി. വീട്ടുകാര്യങ്ങളും മക്കളെയും നോക്കി വീട്ടിൽ കഴിയാനായിരുന്നു അടുത്തിടെ വരെ കഴിഞ്ഞിരുന്നത്. ഭർത്താവ് യശ്പാലിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറിയതോടെയാണ് ശാന്ത വർമ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. വീട്ടിലെ തമാശകൾക്കു വലിയ ആരാധാകരുണ്ടാകുമെന്ന കണക്കുകൂട്ടലിൽ കൊച്ചുമകളാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നു നൽകിയത്. 16,000 പേർ മാത്രം ഫോളോ ചെയ്തിരുന്ന പ്രൊഫൈലിൽ ശാന്ത വർമ ഇടപെട്ടു തൂടങ്ങിയതോടെ 56,000 കടന്നു വരിക്കാരുടെ എണ്ണം കുതിക്കുകയാണ്. വെറും 109 പോസ്റ്റുകൾ മാത്രമാണ് ഇവരുടെ പ്രൊഫൈലിൽ ഇതുവരെ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

മുത്തശ്ശന്റെ ഡാൻസും പ്രാങ്കും ഷൂട്ട് ചെയ്യവെ തന്നെക്കൊണ്ട് ഇതിലും നന്നായി ചെയ്യാൻ കഴിയും എന്നു പറഞ്ഞ് ശാന്ത വർമ മുന്നോട്ടു വരികയായിരുന്നു. കുട്ടികൾക്കായി വസ്ത്രങ്ങൾ മനോഹരമായി തയ്ച്ച് ഒരുക്കുന്ന ശാന്ത, ട്രെൻഡിങ് വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ ഫോളോവേഴ്സിന്റെ എണ്ണം കുതിക്കുകയായിരുന്നു.

വീടിനുള്ളിൽ അധികം അവസരങ്ങളില്ലാതെ കഴിഞ്ഞിരുന്ന ശാന്ത വർമ ഇപ്പോൾ പാറിപ്പറക്കുകയാണ്. 75ാം വയസ്സിൽ തന്റെ ആഗ്രഹങ്ങൾ ഓരോന്നായി സാധിച്ചുകൊണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com