സോജന്റെ ക്യാമറയിലെ വ്യത്യസ്തനായ നീളൻ മുടിക്കാരൻ; ഇന്ന് ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ്

HIGHLIGHTS
  • അത്‌ലറ്റുകൾക്കു പലപ്പോഴും അവരുടെ നല്ല ചിത്രങ്ങള്‍ ലഭിച്ചിരുന്നില്ല
  • ചിത്രങ്ങൾ എടുക്കുന്നതിൽ മലയാളി എന്ന പരിഗണന സോജൻ വച്ചില്ല
tokyo-olympic-gold-winner-neeraj-chopras-photographer-sojan-philip-story
നീരജിനൊപ്പം സോജൻ ഫിലിപ്പ്
SHARE

ജയമോ പരാജയമോ അല്ല, വലിയ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നതു തന്നെ കായിക താരങ്ങളെ സംബന്ധിച്ച് അഭിമാനകരമായ കാര്യമാണ്. തങ്ങളുടെ ജീവിതത്തിലെ ആ വിലയേറിയ മുഹൂർത്തങ്ങൾ പലപ്പോഴും കായിക താരങ്ങളുടെ ഓർമകളിൽ മാത്രമാകും അവശേഷിക്കുക. കാരണം മത്സരങ്ങൾക്കു ശേഷം അവശേഷിക്കുക വിജയികളുടെ വാർത്തകൾ മാത്രമാകും. ചെറുപുഴ സ്വദേശിയായ സോജൻ ഫിലിപ്പ് എന്ന കായികാധ്യാപകൻ അവിടെയാണു വ്യത്യസ്തനായത്. ട്രാക്കിലും ഫീൽഡിലും ജേതാക്കളാകുന്നവരുടെ മാത്രമല്ല പരാജയപ്പെടുന്നവരുടെയും പോരാട്ടങ്ങളുടെ നിമിഷങ്ങളുടെ ചിത്രങ്ങൾ സോജൻ പകർത്തും. താരങ്ങൾക്കു പ്രിയപ്പെട്ട നൂറുകണക്കിനു ചിത്രങ്ങൾ പകർത്തിയിട്ടുള്ള സോജൻ ഇപ്പോൾ വലിയ ആഹ്ലാദത്തിലാണ്. വലിയ താരമാകും മുന്നേ തന്റെ ക്യാമറയിൽ ഒട്ടേറെ ചിത്രങ്ങൾ പകർത്തിത്തുടങ്ങിയ നീരജ് ചോപ്ര ഒളിംപിക്സ് അത്‌ലറ്റിക്സിൽ ഇന്ത്യക്കായി ആദ്യ സ്വർണം നേടിയിരിക്കുന്നു. 

∙ വ്യത്യസ്തനായ നീളൻ മുടിക്കാരൻ

6 വർഷം മുൻപ് 2015ൽ മംഗളൂരുവിൽ ദേശീയ സീനിയർ അന്തർ സംസ്ഥാന അത്‌ലറ്റിക് മീറ്റ് നടക്കുന്നു. ജാവലിൻ ത്രോയിൽ ഒരു നീളൻ മുടിക്കാരന്റെ ആക്‌ഷൻ സോജൻ ഫിലിപ്പിനെ ആകർഷിച്ചു. ഒരു കൗതുകത്തിനു മാത്രം ചിത്രമെടുക്കാൻ എത്തിയതാണു സോജൻ. ജാവലിൻ എറിഞ്ഞ ശേഷം വായുവിൽ മലക്കം മറിഞ്ഞ് നിലത്തു നിൽക്കുന്ന പ്രത്യേക ആക്‌ഷൻ. അന്നു സ്വർണ മെഡൽ ലഭിച്ചില്ലെങ്കിലും നീളൻ മുടിക്കാരന്റെ ചിത്രങ്ങൾ സോജന്റെ ക്യാമറയിൽ പലതവണ പതിഞ്ഞിരുന്നു.

2016ൽ നീരജ് അണ്ടർ 20 വിഭാഗത്തിൽ ലോക റെക്കോർഡ് ജേതാവായി. പിന്നെ നീരജിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് ഒഡീഷയിൽ മറ്റൊരു ദേശീയ മീറ്റിനിടെ പഴയ ചിത്രങ്ങൾ കാണിച്ചപ്പോൾ നീരജിനും കൗതുകമായി. വിജയിക്കാത്ത ഒരാളുടെ ഇത്രയും ചിത്രങ്ങൾ മറ്റാരും പകർത്തില്ലല്ലോ. തന്റെ ആക്‌ഷന്റെ സൂക്ഷ്മമായ ഒട്ടേറെ ചിത്രങ്ങൾ ലഭിച്ചത് പരിശീലനം മെച്ചപ്പെടുത്താനും നീരജിനു സഹായകമായി. തുടർന്നുള്ള മീറ്റുകളിലും കണ്ടതോടെ ഊഷ്മളമായ ബന്ധമായി. 

neeraj-chopra-sojan3
സോജൻ പകർത്തിയ നീരജന്റെ ചിത്രങ്ങൾ

∙ കായികാധ്യാപകൻ ഫൊട്ടോഗ്രാഫറായ കഥ

2002ലാണ് സോജൻ അധ്യാപന ജോലിയിൽ പ്രവേശിക്കുന്നത്. കമ്പല്ലൂർ സ്കൂളിലായിരുന്നു നിയമനം. അവിടെ സ്കൂളിലെ ഹാൻഡ് ബോൾ ടീമിലെ കുട്ടികളുടെ മത്സര ചിത്രങ്ങളെടുത്താണ് തുടക്കം. കുട്ടികൾക്കു പിന്നീട് ഓർത്തിരിക്കാവുന്ന വിജയ നിമിഷങ്ങൾ പകർത്തുകയെന്നത് സോജനും സന്തോഷമുള്ള കാര്യമായിരുന്നു. മൊബൈൽ ക്യാമറയിലായിരുന്നു തുടക്കം. പിന്നീട് ചെറിയ ക്യാമറകൾ ഉപയോഗിച്ചു തുടങ്ങി. നാഷനൽ ഗെയിംസിൽ പങ്കെടുക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ പകർത്തി. സാധാരണ ഫൈനൽ മത്സരങ്ങളുടെയും വിജയികളുടെയും ചിത്രങ്ങളഅ‍ മാത്രമാണ് മറ്റു ഫോട്ടോഗ്രാഫർമാർ പകർത്തിയിരുന്നത്. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിലെ തന്നാൽ സാധിക്കുന്ന ചിത്രങ്ങളെല്ലാം സോജൻ പകർത്തി. 

‘ഏറ്റവും മികച്ച നിമിഷം, അതു സംഭവിക്കുന്നത് ഫൈനലിൽ ആകണമെന്ന് നിർബന്ധമില്ല. നല്ല ആക്‌ഷൻ പടങ്ങൾ പലപ്പോളും ആദ്യ ഘട്ട മത്സരങ്ങളിൽ നിന്നു ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് പലപ്പോഴും ജീവിതകാലം മുഴുവൻ ഓർത്തെടുക്കാൻ പറ്റുന്ന ഒരു നിമിഷമായി അത് പകർത്തുന്നത് വലിയ സന്തോഷം തരുന്ന കാര്യമാണ്’, സോജൻ പറയുന്നു. 

 പിന്നീട് പ്രൊഫഷനൽ ക്യാമറയിലേക്കെത്തി. സ്കൂൾ മീറ്റുകളിലും ഗെയിംസുകളിലും സോജൻ മുടങ്ങാതെ ക്യാമറയുമായെത്തി. എല്ലാ മത്സരങ്ങളുടെയും എല്ലാ മത്സരാർഥികളുടെയും ചിത്രങ്ങളെടുക്കുമെന്നതായിരുന്നു സോജന്റെ പ്രത്യേകത. 2015ൽ കൂടുതൽ മെച്ചപ്പെട്ട ക്യാമറയെടുത്തു.

∙ സ്പോർട്സ് ഫോട്ടോഗ്രഫി

മംഗളൂരുവിൽ 2015ൽ നടന്ന അത്‌ലറ്റിക് മീറ്റ് നടന്നപ്പോൾ ഫോട്ടോഗ്രഫിയോടുള്ള താൽപര്യം മൂലം സോജനും പോയിരുന്നു.  അന്നത്തെ സർവീസസ് കോച്ചായ മുഹമ്മദ് കുഞ്ഞിയെ കണ്ടുമുട്ടി. അന്നു ജേതാക്കളായ സർവീസസ് ടീമിന്റെ ഒട്ടേറെ ചിത്രങ്ങൾ സോജൻ പകർത്തി. അവ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. 

neeraj-chopra-sojan-1
സോജന്‍ പകർത്തിയ നീരജിന്റെ ചിത്രം

അത്‌ലറ്റുകൾക്കു പലപ്പോഴും അവരുടെ നല്ല ചിത്രങ്ങള്‍ ലഭിച്ചിരുന്നില്ല. അത്‌ലറ്റ് പൂവമ്മയുടെ ഗൃഹപ്രവേശത്തിനു സോജനെ വിളിച്ചിരുന്നു. മുൻപ് മീറ്റുകളിൽ പകർത്തിയ ഏതാനും ചിത്രങ്ങളും ഫ്രെയിം ചെയ്ത് സമ്മാനമായി ഒപ്പം കരുതിയിരുന്നു. വീട്ടിലെത്തിയ സാജൻ ഞെട്ടി. മുൻപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച റെസലൂഷൻ വളരെ കുറഞ്ഞ ചിത്രം വളരെ ചെറുതായി ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു. അർജുന അവാർഡ് ജേതാവായ, ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവായ ഒരാളുടെ കയ്യിൽ പോലും നല്ലൊരു ചിത്രമില്ല എന്ന കാര്യം സോജനു പ്രയാസമുണ്ടാക്കി. അതോടെ ഉയർന്ന റെസലൂഷനിലുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു തുടങ്ങി. 

ചിത്രങ്ങൾ എടുക്കുന്നതിൽ മലയാളി എന്ന പരിഗണന സോജൻ വച്ചില്ല. എല്ലാവരുടെയും ചിത്രങ്ങൾ പകർത്തി. തുടർന്നുള്ള മീറ്റുകളിൽ മുഹമ്മദ് കുഞ്ഞി സോജനെ വിളിച്ചു തുടങ്ങി. 2017 വരെ മുഹമ്മദായിരുന്നു ദേശീയ കോച്ച്. 2017ൽ ഏഷ്യൻ ചാംപ്യൻഷിപ് മുതൽ അത്‌ലറ്റിക് ഫെഡറേഷന്റെ മീറ്റുകൾക്കു സ്ഥിരമായി ക്ഷണം ലഭിച്ചു തുടങ്ങി. സ്കൂളിലെ ജോലിയോടൊപ്പം സ്പോർട്സ് ഫോട്ടോഗ്രഫിയും ഒപ്പം കൊണ്ടുപോയി. സർവീസസ് മീറ്റിനു പുറത്തു നിന്നുള്ളവർക്ക് പ്രവേശനമില്ല. ആ മീറ്റുകളിലും ചിത്രങ്ങൾ പകർത്താൻ സോജനു കഴിഞ്ഞു. 

∙ ടോക്കിയോയിൽ പോകാനായില്ല, എങ്കിലും ഹാപ്പി

നീരജിന്റെ മത്സരം നെഞ്ചിടിപ്പോടെയാണ് സോജൻ കണ്ടു തീർത്തത്. ഒളിംപിക്സിൽ പങ്കെടുക്കാൻ സോജനും ഒരുപക്ഷേ അവസരം ലഭിച്ചേനെ. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ തടസമായി. നീരജിന്റെ സുവർണ നേട്ടം ലൈവായി കണ്ട് സന്തോഷിച്ചു. 

ലക്ഷ്യത്തിനായി കഠിന പരിശീലനമാണ് നീരജ് നടത്തിയിരുന്നത്. നിന്ന നിൽപിൽ 5 അടിയോളം ഉയരത്തിൽ ചാടിക്കയറാൻ വരെ നീരജിനു സാധിക്കും. ആരോഗ്യം മാത്രം പോര ജാവലിൻ എറിയാൻ. സാങ്കേതികതയിലെ പൂർണതയാണ് ജാവലിനെ കൂടുതൽ ദൂരേക്ക് എറിയാൻ നീരജിനെ പ്രാപ്തനാക്കിയത്. നീരജിന്റെ ആദ്യ ത്രോ 87 മീറ്റർ പിന്നിട്ടപ്പോൾ തന്നെ മെഡലുറപ്പിച്ചിരുന്നു. രണ്ടാം ത്രോയോടെ സമ്മർദത്തെ മറികടന്ന് കൂടുതൽ പിന്നിട്ടു. വെള്ളി നേടിയ താരം 86 മീറ്റർ പിന്നിട്ടപ്പോൾ മാത്രമാണ് ചെറിയ വെല്ലുവിളിയുണ്ടായത്. സമ്മർദങ്ങളെ അതിജീവിക്കാൻ നീരജിനു കഴിഞ്ഞുവെന്നും സോജൻ പറഞ്ഞു. 

അടുത്ത പരിചയക്കാരിലൊരാൾ ഒളിംപിക് സ്വർണം നേടിയതിന്റെ ആഹ്ലാദത്തിലാണ് ഈ ചെറുപുഴ സ്വദേശിയായ കായികാധ്യാപകൻ. ഭാര്യ സ്മിത സെബാസ്റ്റ്യന്‍ സ്വകാര്യ കോളജ് അധ്യാപികയാണ്. വിദ്യാർഥികളായ ഐറിൻ റോസ് സോജൻ, ഐബിൻ ഫിലിപ്പ് സോജൻ എന്നിവർ മക്കളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA