കൈ കോർക്കാം, കൈത്തറിക്കായി; ഇതാ അഞ്ജലിയുടെ ഹാൻഡ്‌ലൂം ചാലഞ്ച്

HIGHLIGHTS
  • ഈ ഓണത്തിന് കൈത്തറിക്കായി ഒരു ചാലഞ്ചുമായി അഞ്ജലിയുടെ ഇംപ്രസയുണ്ട്
  • വിദൂര നെയ്ത്തു ഗ്രാമങ്ങളിൽ വരെ കൈത്തറിത്തുണി തേടി അഞ്ജലിയെത്തി
anjlai-chandran-challenge-helped-Handloom-workers-during-onam
അഞ്ജലി ചന്ദ്രൻ
SHARE

കൈത്തറിത്തുണി നമ്മുടെ പാരമ്പര്യമാണെന്നും അഭിമാനമാണെന്നുമൊക്കെ എല്ലാവരും പറയും. എന്നാൽ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പറ്റാത്ത, ജീവിക്കാൻ പ്രയാസപ്പെടുന്ന നെയ്ത്തുകാരെപ്പറ്റി മിക്കവരും ഓർക്കാറില്ല. പക്ഷേ, നെയ്ത്തുകാരുടെ ക്ഷേമത്തിനായി ജീവിതം മാറ്റിവച്ച, മൾട്ടി നാഷനൽ കമ്പനിയിലെ ജോലിയുപേക്ഷിച്ച് കൈത്തറിയുടെ ഉന്നമനത്തിനായി ഇന്ത്യ മുഴുവൻ സഞ്ചരിച്ച അഞ്ജലി ചന്ദ്രന് അതോർക്കാതിരിക്കാനാവില്ല.

ഈ ഓണത്തിന് കൈത്തറിക്കായി ഒരു ചാലഞ്ചുമായി അഞ്ജലിയുടെ ഇംപ്രസയുണ്ട്. നെയ്ത്തുകാരുടെ ക്ഷേമത്തിനായി 550 രൂപ മുടക്കിയാൽ അഞ്ചു കൈത്തറി തോർത്ത്, ഒരു കാവിമുണ്ട്, ഒരു വെള്ള സിംഗിൾ മുണ്ട്, ഒരു ബാത് ടവ്വലും 2 തോർത്തും, ഒരു കള്ളിമുണ്ട് ഇവയിൽ ഏതെങ്കിലുമൊന്നു വീട്ടിലെത്തും. പാഴ്സൽ തുക കഴിച്ച് ബാക്കി മുഴുവൻ കിട്ടുന്നതു കേരളത്തിലെ നെയ്ത്തുകാർക്ക്. www.impresa.in സന്ദർശിച്ചാൽ ചാലഞ്ചിൽ പങ്കാളികളാകാം.

handloom-1

ചാലഞ്ചുകൾ മുൻപും

നെയ്ത്തുകാർക്കായി മുൻപും പല ചാലഞ്ചുകളും നടത്തി വിജയിപ്പിച്ചിട്ടുണ്ട് അഞ്ജലി. കോവിഡ് കാലത്തു നെയ്ത്തുകാരുടെ ഇഴതെറ്റിയ ജീവിതം കണ്ടപ്പോൾ നടത്തിയ ചാലഞ്ച് ജനങ്ങൾ ഏറ്റെടുത്തിരുന്നു. 550 രൂപയ്ക്ക് രണ്ടര മീറ്റർ കൈത്തറിത്തുണി വീട്ടിലെത്തുന്ന ചാലഞ്ചായിരുന്നു അത്. ‘ആത്മാഭിമാനമുള്ള, ആരുടെ മുന്നിലും കൈനീട്ടാത്ത, എട്ടു വർഷമായി കൂടെയുള്ള കുറെ മനുഷ്യരുടെ ജീവിതത്തിൽ ഒരിത്തിരി വെളിച്ചം നൽകാൻ നിങ്ങളെന്റെ കൂടെ നിൽക്കുമോ?’ എന്ന് ഫെയ്സ്ബുക്കിൽ അഞ്ജലി ചോദിച്ചപ്പോൾ കൂടെ നിൽക്കാനെത്തിയത് ആയിരങ്ങളാണ്. അവർ താങ്ങായത് ആന്ധാപ്രദേശിലെ പോച്ചംപള്ളിയിലെ നെയ്ത്തുഗ്രാമങ്ങളിലുള്ള നൂറുകണക്കിനു പേർക്ക്.  

പോച്ചംപള്ളി ഇക്കത്താണ് ചാലഞ്ചിൽ പങ്കെടുത്തവർക്ക് ഇന്ത്യ പോസ്റ്റ് വഴി ലഭിച്ചത്. ഷർട്ടോ കുർത്തയോ കുഷ്യൻ കവറോ ടേബിൾ സ്പ്രെഡോ എന്തായും ഉപയോഗിക്കാൻ പറ്റിയ രണ്ടര മീറ്റർ കൈത്തറിത്തുണി. നെയ്തു കൂട്ടിയ തുണികൾ വിറ്റഴിക്കാനാകാതെ കോവിഡ് കാലത്ത് ദുരിതത്തിലായ എത്രയോ നെയ്ത്തുകാർക്ക് ആശ്വാസമായി ചാലഞ്ച്. അവർക്കു വേണ്ടത് സഹായമല്ല, ജോലിയും അതു ചെയ്യാനുള്ള സാഹചര്യവുമാണെന്ന തിരിച്ചറിവിലായിരുന്നു ചാലഞ്ചിന്റെ തുടക്കം.

നാട്ടിൻപുറത്തെ തയ്യൽക്കാർക്കായും നടത്തി ഒരു ചാലഞ്ച്. കോവിഡ് കാലത്ത് സ്കൂളുകൾ പോലുമടച്ചതോടെ പ്രയാസത്തിലായ അവർക്കായും നാടു കൈ കോർത്തു. കൈത്തറിത്തുണി ഓരോരുത്തർക്കും വേണ്ട അളവിൽ വസ്ത്രമായി തയ്ച്ച് അയച്ചുകൊടുക്കുന്നതായിരുന്നു ചാലഞ്ച്. ഗ്രാമങ്ങളിലെ ഒട്ടേറെ ചെറുകിട തയ്യൽക്കാരുടെ ജീവിതത്തിൽ പ്രകാശം പരത്തി ഈ പദ്ധതി.

മട്ടാഞ്ചേരിയിലെ ഭിന്നശേഷിക്കായ കുഞ്ഞുങ്ങളുടെ അമ്മമാരെ സഹായിക്കാനായിരുന്നു ഹാപ്പിനെസ് ചാലഞ്ച്. അവർ നിർമിക്കുന്ന  തുണി ബാഗുകൾ ചാലഞ്ചിലൂടെ വാങ്ങിയതു നൂറുകണക്കിനു പേരാണ്. കോവിഡ് കാലത്തെ ദുരിതത്തിലും ആത്മാഭിമാനം കൈവിടാതെ സ്വയം തൊഴിൽ കണ്ടെത്തിയ ആ വീട്ടമ്മമാരുടെ നിറഞ്ഞ മനസ്സിന്റെ പുണ്യം കൂടി കിട്ടിയിട്ടുണ്ടാകും അതിൽ പങ്കെടുത്തവർക്ക്.

കൈത്തറി വസ്ത്രങ്ങളുടെ എൻജിനീയർ

സംരംഭകയാകാൻ എത്തിയ ആളല്ല അഞ്ജലി ചന്ദ്രൻ. പക്ഷേ, കൈത്തറിയോടുള്ള അടുപ്പം കുട്ടിക്കാലം തൊട്ടേയുണ്ടായിരുന്നു. ബിറ്റ്സ് പിലാനിയിൽ നിന്ന് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞ് ബെംഗളൂരു വിപ്രോയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുമ്പോഴും പ്രിയം കൈത്തറിത്തുണികളോടു തന്നെയായിരുന്നു. മകൾ ചാരു നൈനിക ജനിച്ചപ്പോൾ അഞ്ജലി സ്വന്തം നാടായ കോഴിക്കോട്ടേക്കു മാറി. അന്നു ബെംഗളൂരുവിൽ നിന്നു കൊണ്ടുവന്ന കുറെ കൈത്തറിത്തുണികൾ ഇംപ്രസ എന്ന ഫെയ്സ്ബുക് പേജുണ്ടാക്കി പ്രദർശിപ്പിച്ചു. ആവശ്യക്കാർ ഏറെയായിരുന്നു. ദിവസങ്ങൾ കൊണ്ട് അതു തീർന്നപ്പോഴും ആവശ്യക്കാർ ഏറെ ബാക്കി. വിവിധ സംസ്ഥാനങ്ങളിലുള്ള അഞ്ജലിയുടെ സുഹൃത്തുക്കൾ അവരുടെ നാട്ടിലെ കൈത്തറിയെക്കുറിച്ചു വാചാലരായി. ആ സമൂഹത്തിന്റെ ദുരിതങ്ങളും പ്രയാസങ്ങളും അഞ്ജലിയുടെ മനസ്സു തൊട്ടു. അപ്പോഴുണ്ടായിരുന്ന, സ്വകാര്യ കമ്പനിയിലെ പ്രോജക്ട് മാനേജർ ജോലി ഉപേക്ഷിച്ച് അങ്ങനെ അ‍ഞ്ജലി നെയ്ത്തു ഗ്രാമങ്ങളിലേക്കിറങ്ങി.

പിന്നെ യാത്രയായിരുന്നു. ഇന്ത്യയിലെ വിവിധ കോണുകളിലെ വിദൂര നെയ്ത്തു ഗ്രാമങ്ങളിൽ വരെ കൈത്തറിത്തുണി തേടി അഞ്ജലിയെത്തി. കൈത്തറി രംഗം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും മനസ്സിലാക്കിയതോടെ ഇടനിലക്കാരില്ലാതെ നേരിട്ട് അവരിൽ നിന്നു തുണികൾ വാങ്ങി. അന്യം നിന്നു കൊണ്ടിരുന്ന പല തുണിയിനങ്ങളും അഞ്ജലിക്കു വേണ്ടി മാത്രമായി അവർ നെയ്തു തുടങ്ങി. കേരളത്തിലെ ഏതോയിടത്തു നിന്ന് ഉത്തരേന്ത്യയിലെയും മറ്റും കുഗ്രാമങ്ങളിലേക്കു കൈക്കുഞ്ഞുമായി വരുന്ന പെൺകുട്ടി തങ്ങളെ പറ്റിക്കില്ലെന്ന് അവർക്കുറപ്പുണ്ടായിരുന്നു. അതു തെറ്റിയില്ല.

handloom

മികച്ച പ്രതിഫലം കൊടുത്തു വാങ്ങിയ തുണികൾ ചെറിയ ലാഭം മാത്രം ഈടാക്കി ആവശ്യക്കാർക്കു കൊടുത്തു. സ്നേഹവും വിശ്വാസവും ഊടും പാവുമാക്കി നെയ്തെടുത്ത തുണികളുടെ മികവു കൊണ്ടു തന്നെ കേരളം മുതൽ ആഫ്രിക്കയിലെ ബോട്‌സ്വാനയിൽ വരെയുണ്ട് ഇന്ന് ഇംപ്രസയുടെ ഉപഭോക്താക്കൾ.രണ്ടര വർഷം ഫെയ്സ്ബുക് പേജിലൂടെ മാത്രമായിരുന്നു വിൽപന. പിന്നീട് കോഴിക്കോട് എമറാൾഡ് മാളിൽ ഇംപ്രസ ബുട്ടീക് തുടങ്ങി. പിന്നീടിപ്പോൾ കോഴിക്കോട് മലാപ്പറമ്പിലാണ് ഷോറൂം. പലപ്പോഴായി വിവിധ നഗരങ്ങളിൽ പ്രദർശനവും നടത്തിയിട്ടുണ്ട്.

കോഴിക്കോട് മുതൽ പാരിസ് വരെ

സമൂഹത്തിനായി അർപ്പണ ബോധത്തോടെ നിലകൊള്ളുന്ന സംരംഭക എന്ന നിലയിൽ ഒട്ടേറെ ഉന്നത പുരസ്കാരങ്ങളും അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട് അഞ്ജലിയെ. പാരിസിലെ കാപ്ജെമിനി ലോകത്തിലെ മികച്ച 10 സംരംഭകരെ കണ്ടെത്തിയപ്പോൾ അതിലൊന്ന് അഞ്ജലിയായിരുന്നു അവരുടെ ക്ഷണപ്രകാരം പാരിസിലെത്തിയാണ് ഇംപ്രസയെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയത്. യുഎസ് സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിന്റെ ക്ഷണപ്രകാരം യുഎസ് സന്ദർശിച്ച 53 രാജ്യങ്ങളിൽ നിന്നുള്ള 53 വനിതകളിൽ ഇന്ത്യൻ പ്രതിനിധിയായിരുന്നു അഞ്ജലി. സംരംഭകത്വവുമായി ബന്ധപ്പെട്ട യുഎസ് വിദഗ്ധ സമിതി അംഗമായി അവരുടെ സെമിനാറുകളിലെ സ്ഥിരം ക്ഷണിതാവു കൂടിയാണിപ്പോൾ. കേരളത്തിലെ മികച്ച യുവ വനിതാ സാമൂഹികോന്മുഖ സംരംഭകയ്ക്കുള്ള 2017ലെ കൈരളി ജ്വാലാ അവാർഡും അഞ്ജലിക്കായിരുന്നു. 

വനിതാ സംരംഭകർക്ക് പ്രോത്സാഹനവും പരിശീലനവും നൽകുന്ന ആഗോള പദ്ധതിയായ 10000 വിമൻ ഗോൾഡ്മാൻ സാക്ക്സ് എന്ന പ്രോഗ്രാമിൽ പങ്കെടുക്കാനും അവസരം ലഭിച്ചു. അവരുടെ ലോകമെമ്പാടുമുള്ള ചെറുകിട സംരംഭകരുടെ മാർക്കറ്റ് പ്ലേസിൽ ലിസ്റ്റ് ചെയ്ത കേരളത്തിൽ നിന്നുള്ള ഏക വെബ് സൈറ്റ്  www.impresa.in ആണ്. ബെംഗളൂരു ഐഐഎമ്മിന്റെ എൻഎസ്ആർസിഇൽ തിരഞ്ഞെടുത്ത മികച്ച 10 സ്റ്റാർട്ടപ്പുകളിൽ ഒന്നുമായി ഇംപ്രസ. കോഴിക്കോട് ഐഐഎമ്മിൽ വിസിറ്റിങ് പ്രഭാഷണങ്ങളും നടത്താറുണ്ട് അഞ്ജലി. ഈയടുത്ത് കേരള സർക്കാറിന്റെ ജെന്റർ പാർക്കും യുഎൻ വിമനും നടത്തിയ ഇന്റർനാഷനൽ കോൺഫറൻസ് ഓൺ ജെൻഡർ ഈക്വാലിറ്റിയിൽ കേരളത്തിലെ സാമൂഹിക സംരംഭങ്ങളെപ്പറ്റി പ്രഭാഷണം നടത്തി.

English Summary: How Anjali Chandran's Challenge Helped Hand loom Workers During Onam?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA