ആഘോഷം കുടുംബത്തോടൊപ്പം; നമിത പ്രമോദിന്റെ ഓണവിശേഷങ്ങള്‍

actress-namitha-pramod-onam-special-interview
SHARE

മലയാളികളുടെ പ്രിയതാരം നമിത പ്രമോദ് ഓണവിശേഷങ്ങൾ മനോരമ ഓണ്‍ലൈനോട് പങ്കുവയ്ക്കുന്നു.

∙ ഓണം കുടുംബത്തോടൊപ്പം

എല്ലാ വർഷവും ഓണം കുടുംബത്തോടൊപ്പമാണ് ആഘോഷിക്കുക. ഓണത്തിന് ഉറപ്പായും സദ്യ ഉണ്ടാകും. അമ്മയാണ് സദ്യ തയ്യാറാക്കുക. ഇതുവരെ സദ്യ പുറത്തുനിന്നും വാങ്ങിയിട്ടില്ല. പാചകം തനിയെ ചെയ്യുന്നതാണ് അമ്മയ്ക്ക് ഇഷ്ടം. നമ്മൾ ഇടയ്ക്കു കയറുന്നത് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. അമ്മൂമ്മ ഉണ്ടായിരുന്നപ്പോൾ അമ്മൂമ്മയും കൂടുമായിരുന്നു. കഴിഞ്ഞ വർഷം അധികം ആഘോഷങ്ങൾ ഇല്ലാതെയായിരുന്നു ഓണം. എല്ലാ ആഘോഷങ്ങളും കോവിഡ് കാരണം മുടങ്ങിയിരുന്നല്ലോ.

∙ ഷൂട്ടിങ് ലൊക്കേഷനിൽ ഓണം ആഘോഷിച്ചിട്ടുണ്ടോ?

അങ്ങനെ പറയത്തക്കതായിട്ട് ഒന്നുമില്ല. ഞാൻ എല്ലാ ഓണത്തിനും വീട്ടിലെത്താൻ ശ്രമിക്കാറുണ്ട്. ഒരു ഓണമോ മറ്റോ സെറ്റിൽ ആഘോഷിച്ചിട്ടുണ്ട്. എനിക്കിഷ്ടം കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്നതാണ്.

∙ കുട്ടിക്കാലത്തെ ഓണം 

കുട്ടിക്കാലത്ത് ഇഷ്ടംപോലെ ഓണക്കോടി കിട്ടുമായിരുന്നു. അപ്പൂപ്പൻ കോടിക്കൊപ്പം ഒരുപാട് സമ്മാനങ്ങളും വാങ്ങിത്തരും. പെൺകുട്ടികളെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും വലിയ ഇഷ്ടമായിരുന്നു. പുതിയ ഉടുപ്പുകളും ആഭരണങ്ങളും ധരിപ്പിച്ച് ഒരുക്കി നിർത്തും. അപ്പൂപ്പൻ എനിക്ക് ചെറുതായിരിക്കുമ്പോൾ തന്നെ ഹൈ ഹീൽസ് വാങ്ങി തന്നിട്ടുണ്ട്. ഓണക്കോടി മൂന്നോ നാലോ എണ്ണം എടുത്തു തരും. അദ്ദേഹം മിലിട്ടറിയിൽ ആയിരുന്നു. അവരുടെ കാന്റീനിൽ നിന്നും എനിക്ക് ക്രീം ബിസ്ക്കറ്റ് വാങ്ങിത്തരുമായിരുന്നു. ക്രീം ബിസ്കറ്റ് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. പിന്നെ ഒരു പ്രത്യേകതരം പെൻസിൽ ബോക്സ് ഉണ്ട്. അതും വാങ്ങിത്തരും. പോക്കിമോന്റെ കാർട്ടൂണുള്ള പെൻസിൽ ബോക്സ്. അന്നൊക്കെ അത് ട്രെൻഡ് സാധനം ആയിരുന്നു. സ്കൂളിൽ കൊണ്ടുപോകുമ്പോൾ അത്തരത്തിൽ ഒന്ന് വേറെ ആർക്കും ഉണ്ടാകില്ല. 

actress-namitha-pramod-onam-special-interview

വലുതായിക്കഴിഞ്ഞപ്പോൾ അപ്പൂപ്പനും അമ്മൂമ്മയും ഡ്രസ്സ് വാങ്ങാനുള്ള പണം തരാൻ തുടങ്ങി. ഞങ്ങൾ പോയി ഇഷ്ടമുള്ളത് വാങ്ങും. ഒരു സിനിമാതാരം ആയതോടെ പുതിയ ഡ്രസ്സ് ആരും വാങ്ങിത്തരാതായി. ഷൂട്ടിങ്ങിനായാലും മറ്റു പരിപാടികൾക്കായാലും നമ്മൾ പുതിയ ഡ്രസ്സാണല്ലോ ഇടുന്നത്. അതുകൊണ്ടുതന്നെ വല്ലപ്പോഴും കിട്ടിയിരുന്ന പുതിയ ഡ്രസ്സിന്റെ മഹിമ നഷ്ടപ്പെട്ടു.

∙ ‘അമ്മ’യുടെ ഓണാഘോഷം

വളരെ നാളുകൾക്ക് ശേഷം എല്ലാവരെയും കണ്ടപ്പോൾ സന്തോഷം തോന്നി. ആഘോഷങ്ങളേക്കാൾ എല്ലാവരും ഒത്തുചേരുന്നതാണല്ലോ ഏറ്റവും വലിയ കാര്യം. ഇപ്പോൾ നമുക്ക് നഷ്ടപ്പെടുന്നതും ആ ഒത്തുചേരലാണ്. ‘ഒപ്പം അമ്മയും’ പദ്ധതിയിലൂടെ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത നൂറു വിദ്യാർഥികളെ കണ്ടെത്തി ടാബുകള്‍ സമ്മാനിച്ചു. അങ്ങനെ എല്ലാംകൊണ്ടും സന്തോഷവും സംതൃപ്തിയുമുള്ള ഒരു ഒത്തുചേരൽ ആയിരുന്നു അത്.  

∙ ഇത്തവണത്തെ ഓണം

ഇത്തവണ ഓണത്തിന് കോടിയൊന്നും എടുത്തിട്ടില്ല. ഏതു ഡ്രസ്സിടും എന്ന് ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല. പല പരിപാടികൾക്കായി വാങ്ങിയ സാരികളും ചുരിദാറുകളും ഉണ്ട്. അവയിൽ ഏതെങ്കിലുമൊക്കെ മിക്സ് ചെയ്ത് ധരിക്കും. പിന്നെ ആരെക്കാണിക്കാനാണ് ഉടുത്തൊരുങ്ങുന്നത് എന്ന് തോന്നും. കൂട്ടുകാരെയൊന്നും കാണാൻ കഴിയില്ലല്ലോ. മീനാക്ഷി ചെന്നൈയിൽ ആണ്. മറ്റു സുഹൃത്തുക്കൾ വേറെ പല സ്ഥലങ്ങളിലും. എല്ലാവർക്കും അവരവരുടെ വീട്ടിൽ ഓണാഘോഷം ഉണ്ടാകുമല്ലോ. ഓണത്തിന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് തന്നെയാണ് നല്ലത്.

English Summary : Actress Namitha Pramod Onam special Interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA