ADVERTISEMENT

55ാം വയസ്സിൽ കഥകളിയിൽ അരങ്ങേറ്റം കുറിച്ച അധ്യാപിക ടി.പി. ശൈലജ അരങ്ങിൽ വിസ്മയമാകുകയാണ്. അരങ്ങേറ്റം 55ൽ ആണെങ്കിലും അഞ്ചു പതിറ്റാണ്ടിലേറെ നീളുന്ന കഥകളി ബന്ധമുണ്ടു ശൈലജയ്ക്ക്. പാലക്കാട് നഗരത്തിലെ കൊപ്പം ജിഎൽപി സ്കൂളിലെ പ്രധാനാധ്യാപികയായ അവർ ഔദ്യോഗികവും ഗാർഹികവുമായ തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന സമയം കൊണ്ടാണു തന്റെ സ്വപ്നം സഫലമാക്കുന്നത്. 

കഥകളിക്കു പ്രസിദ്ധി കേട്ട വെള്ളിനേഴി കലാഗ്രാമത്തിന്റെ പരിസരത്തെ കുറുവട്ടൂർ ഗ്രാമത്തിലാണു ശൈലജയുടെ ജനനം. കുറുവട്ടൂർ പിഷാരത്ത് ഗോപാലൻകുട്ടിയുടെയും ഭാരതിക്കുട്ടിയുടെയും മകൾക്കു ചെറുപ്പത്തിലേ കഥകളിയിൽ ഏറെ താൽപര്യമുണ്ടായിരുന്നു. കഥകളി ആചാര്യന്മാരുടെ സാമീപ്യവും നിരന്തരം കളി കാണാനുള്ള സൗകര്യവുമായപ്പോൾ ആ താൽപര്യം വർധിച്ചു. ആട്ടം പഠിക്കാൻ മോഹമുണ്ടായിരുന്നെങ്കിലും അക്കാലത്തു പെൺകുട്ടികൾക്ക് അതത്ര എളുപ്പമായിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളും തടസ്സമായി.

വെള്ളിനേഴി നാണു നായരുടെ ചുവന്ന താടിയുടെ ധാടിയും കലാമണ്ഡലം രാമൻകുട്ടി നായരുടെ കത്തിയുടെ രാജസപ്രഭാവവും കലാമണ്ഡലം പത്മനാഭൻ നായരുടെ കത്തിയുടെയും പച്ചയുടെയും പ്രൗഢിയും ആസ്വദിച്ചു കൊണ്ടായിരുന്നു ശൈലജയെന്ന പെൺകുട്ടിയുടെ ബാല്യകൗമാരങ്ങൾ. പിന്നീട് കല്ലേക്കുളങ്ങരയ്ക്കു താമസം മാറ്റിയിട്ടും കഥകളി വേഷങ്ങളുടെ പച്ചപ്പ് മനസ്സിൽ മായാതെ കിടന്നു.

മലപ്പുറം ജില്ലയിലെ അരീക്കോട് തെഞ്ചേരി ജിഎൽപിഎസിൽ അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയതോടെ കളിക്കമ്പം അടക്കി വയ്ക്കേണ്ടി വന്നു. പിന്നീട് എളമ്പുലാശേരി, വെള്ളിനേഴി, കൽപാത്തി, പെരുവെമ്പ്, ഒലവക്കോട് എന്നിവിടങ്ങളിലെ സ്കൂളുകൾ കടന്നു കൊപ്പം ജിഎൽപിയിലെ പ്രധാനാധ്യാപിക എന്ന പദവിയിലെത്തി. ഇക്കാലത്തിനിടെ കലാമണ്ഡലം വെങ്കിട്ടരാമൻ ടീച്ചറുടെ വീടിനു സമീപം താമസമാക്കി കല്ലേക്കുളങ്ങര കഥകളി ഗ്രാമമെന്ന പേരിൽ കഥകളിക്കളരി തുടങ്ങി. അവിടെയാകട്ടെ പെൺകുട്ടികൾക്കായിരുന്നു പ്രാധാന്യം. ഒരിക്കൽ തന്റെ താൽപര്യം അദ്ദേഹത്തെ അറിയിച്ചു ശൈലജ. ‘ടീച്ചർ വന്നോളൂ... നമുക്കു നോക്കാം...’ എന്ന മറുപടി നൽകിയ ധൈര്യത്തിൽ പഠനം തുടങ്ങി. പലപ്പോഴും തിരക്കുകൾ കഴിഞ്ഞു വൈകിയാകും കഥകളി പഠിക്കാനിറങ്ങുക. ഭർത്താവുമൊത്തു മുദ്രാ പഠനത്തിനു പോയി കുറേ നാൾ. പിന്നീടാണ് അരങ്ങേറ്റമെന്ന മോഹം മനസ്സിൽക്കയറിയത്. കൊറോണക്കാലത്തെ ലോക്ഡൗൺ കൂടുതൽ പരിശീലനത്തിന് അവസരമായി.

വ്യാഴാഴ്ച യാക്കര എസ്എ ഹാളിൽ കുചേലവൃത്തത്തിലെ ശ്രീകൃഷ്ണനായി അരങ്ങേറിയപ്പോൾ ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമായ സന്തോഷത്തിലായിരുന്നു ശൈലജ. ജോലിയിൽ നിന്നു വിരമിക്കും മുൻപു കഥകളിയിൽ അരങ്ങേറ്റം കുറിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു.

ഭർത്താവ് റിട്ട. റയിൽവേ ജീവനക്കാരനായ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നാരായണനും മക്കൾ പ്രവീണും പ്രഭാതും ശൈലജയുടെ കഥകളി ആവേശത്തിന് ഊർജമാണ്. അരങ്ങേറ്റത്തിനു ശേഷം പുതിയ കഥാപാത്രങ്ങൾ ചൊല്ലിയാടണമെന്ന ആവേശത്തിലാണു ശൈലജ. ഏതു വേഷം കിട്ടിയാലും ചെയ്തു നോക്കണമെന്നാണ് ആഗ്രഹം. എത്ര ചെറിയ വേഷം കിട്ടിയാലും സന്തോഷം തന്നെ. അടുത്ത വർഷം ജോലിയിൽ നിന്നു വിരമിക്കുന്നതോടെ കഥകളിയിൽ കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നും ആഗ്രഹിക്കുന്നു. ഭർത്താവ് നല്ലൊരു കഥകളി ആസ്വാദകനാണ്. മൂത്ത മകൻ പ്രവീൺ കഥകളിയിൽ കുറച്ചു വേഷങ്ങളെല്ലാം ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com