ADVERTISEMENT

സന്തുഷ്ടമായ ഒരു കുടുംബ സിനിമയിലെ ഗൃഹനാഥനെപ്പോലെ സൂപ്പർസ്റ്റാർ മോഹൻലാൽ. അദ്ദേഹത്തിന്റെ കയ്യിലിരുന്ന് വാത്സല്യം പിടിച്ചു പറ്റുന്ന, ഓമനത്വം തുളുമ്പുന്ന ബെയ്‌ലി എന്ന നായ്ക്കുട്ടി. ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ മനോരമ ഓൺലൈൻ പുറത്തിറക്കുന്ന കലണ്ടർ അപ്ലിക്കേഷന്റെ ഭാഗമായുമുള്ള ഫാഷന്‍ ഫോട്ടോഷൂട്ടിലെ ഈ ചിത്രം ആരുടെയും ഹൃദയം നിറയ്ക്കും. താരങ്ങൾക്കൊപ്പം പ്രകൃതി സൗന്ദര്യത്തിനും വളർത്തു മൃഗങ്ങൾക്കും പ്രാധാന്യം കൊടുത്താണു മനോരമ ഓൺലൈന്‍ കലണ്ടർ ഈ വർഷമെത്തുന്നത്. ഇതിലെ മോഹൻലാലിന്റെ രണ്ടാമത്തെ ലുക്ക് ആണിത്. മോഹന്‍ലാൽ തന്റെ ജന്മദിനത്തിൽ പങ്കുവച്ച, കടൽക്കൊള്ളക്കാരനെ അനുസ്മരിപ്പിക്കുന്ന മാസ് ലുക്കിലുള്ള ഫോട്ടോ ആയിരുന്നു ആദ്യത്തേത്. അതിൽ നിന്നു തീർത്തും വ്യത്യസ്തമായാണ് രണ്ടാമത്തെ ഫോട്ടോ ഒരുക്കിയിരിക്കുന്നത്. 

ആദ്യത്തെ ലുക്കിൽ നിന്ന് എല്ലാ അർത്ഥത്തിലും വ്യത്യസ്തമായിരിക്കണം രണ്ടാമത്തേത് എന്നു തീരുമാനിച്ചിരുന്നു. അതിന് അനുസരിച്ചാണ് ഫോട്ടോ കംപോസ് ചെയ്തത്. ആർട്ടിസ്റ്റും മൃഗവുമാണ് ഷൂട്ടിൽ പൊതുവായി വരുന്ന ഘടകം. കടൽകൊള്ളക്കാരനെ അനുസ്മരിപ്പിക്കുന്ന ആദ്യ ലുക്കിൽ എമുവിനെയാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പ്രണയവും സന്തോഷവുമൊക്കെ തോന്നിക്കുന്ന ക്യൂട്ട് ലുക്കിലുള്ള ഈ ചിത്രത്തിൽ മോഹൻലാലിന്റെ സ്വന്തം നായ്ക്കുട്ടിയായ ബെയ്‌ലിയാണു സ്ഥാനം പിടിച്ചത്. മോഹൻലാൽ എന്ന നടനെ സ്നേഹിക്കുന്ന ആർക്കും ഇഷ്ടം തോന്നുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ഫോട്ടോഷൂട്ടിന്റെ കൺസപ്റ്റ് ഡയറക്ടർ ഫാഷൻ മോംഗർ അച്ചു പറഞ്ഞു.

പൂക്കളും ചെടികളും മരച്ചില്ലകളും ആകാശവും ഇഴച്ചേരുന്നതാണ് ഫോട്ടോയുടെ പശ്ചാത്തലം. താടിയും മീശയും മുടിയുമെല്ലാം വൃത്തിയായി ഒരുക്കിയാണ് ആദ്യ ലുക്കിലെ പരുക്കൻ ഭാവത്തിൽ നിന്നുള്ള മാറ്റം സാധ്യമാക്കിയിരിക്കുന്നത്. അക്വാ ഗ്രീൻ നിറത്തിലുള്ള ടിഷര്‍ട്ടാണ് മോഹൻലാലിന്റെ വേഷം. ‘‘ആദ്യ ഫോട്ടോഷൂട്ടിൽ ഡാർക് ഷെയ്ഡുകളും പരുക്കൻ തുണികളുമാണ് ഉപയോഗിച്ചത്. അതിൽ നിന്നു തീർത്തും വ്യത്യസ്തമാണ് ഇതിലെ കോസ്റ്റ്യൂം. വളരെ കൂൾ ആയി തോന്നിക്കാൻ ഈ ടിഷർട്ട് സഹായിക്കുന്നു. ശരീരത്തിന്റെ നിറവും ബെയ്‌ലിയുടെ നിറം വേർതിരിച്ചു നിർത്താനാണ് ഫുൾ സ്ലീവ് ഉപയോഗിച്ചത്’’– സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീൻ പറഞ്ഞു. 

mohanlal-manorama-photoshoot1

മോഹൻലാൽ ആക്സസറൈസ് ചെയ്ത വാച്ചാണ് ശ്രദ്ധേയമായ മറ്റൊരു ഘടകം. അദ്ദേഹത്തിന്റെ പഴ്സനൽ കലക്‌ഷനിലുള്ള ഉബ്ലോ ബിഗ് ബാങ് യുണീകോ ഇറ്റാലിയ ഇന്‍ഡിപെന്‍ഡന്‍റ് ലിമിറ്റഡ് എഡിഷൻ വാച്ച് ആണിത്. ഐ വെയര്‍ രംഗത്തെ പ്രമുഖ കമ്പനിയായ ലാപോ എല്‍ക്കാന്‍റെ ഇറ്റാലിയ ഇന്‍ഡിപെന്‍ഡന്റുമായി ചേർന്നാണ് ഉബ്ലോ ഈ വാച്ച് നിർമിച്ചിട്ടുള്ളത്. വിപണിയിലെ പരീക്ഷണങ്ങളുടെ ഭാഗമായാണ് ഈ കൈകോർക്കൽ. 

mohanlal-manorama-photoshoot-3

പുതിയ സ്റ്റൈലുകൾ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വച്ചാണ് ഈ വാച്ച് പുറത്തിറക്കിയിരിക്കുന്നത്. ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിലാണ് ഡിസൈൻ. നീല, ഗ്രേ എന്നീ നിറങ്ങളിൽ 500 വീതം വാച്ചുകള്‍ മാത്രമാണ് വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഡെനീം കൊണ്ടാണ് സ്ട്രാപ്. ഗ്രേ, കറുപ്പ് നിറങ്ങളിലുള്ള സ്റ്റഡുകള്‍ സ്ട്രാപ്പിന് പ്രൗഢിയേകുന്നു. വാച്ചിന്റെ കെയ്സും ബെസലും നിർമിക്കാൻ ടെക്സാലിയം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതു വാച്ചിന് പ്രീമിയം ഫീൽ നൽകുന്നു. 23,000 യൂറോ (ഏകദേശം 20 ലക്ഷം രൂപ) ആണ് വാച്ചിന്റെ വില. സെര്‍ബിയന്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചാണ് ഉബ്ലോ വാച്ചുകളുടെ ബ്രാന്‍ഡ് അംബാസഡര്‍. 

mohanlal-manorama-photoshoot-2

പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും പ്രവർത്തിക്കുമെന്നതാണ് മനോരമ കലണ്ടർ ആപ്പിന്റെ പ്രധാന സവിശേഷത. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് ഓർമപ്പെടുത്തും. ഉദാഹരണത്തിന് വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർക്കാൻ ഇൻഷുറൻസ് എന്ന വിഭാഗമുണ്ടാക്കി ഓർമപ്പെടുത്താൻ ആവശ്യപ്പെടാം. ഓർമപ്പെടുത്തൽ സന്ദേശം ഇ–മെയിൽ ആയും ലഭിക്കും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാറം ക്രമീകരിക്കാനും സൗകര്യമുണ്ട്.

മൊബൈൽ കലണ്ടർ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ചേർന്നു പ്രവർത്തിക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും സാധിക്കും. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സൂക്ഷിക്കാം. 

ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും െഎഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ്പ് ഡൗൺലോഡ് ചെയ്യാം.

Android , iOS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com