ADVERTISEMENT

മലബാർ ഗോൾഡിന്റെ സമൂഹമാധ്യമ പോസ്റ്റിനു താഴെ കമന്റ് ചെയ്ത ധന്യ സോജനെ വൈറലാക്കിയ പരസ്യം തയാറാക്കിയത് ദമ്പതികൾ ചേർന്ന്. ആലപ്പുഴ സീ വ്യൂ വാർഡ് ചേംബർ ലെയ്ൻ വടക്കേക്കളത്തിൽ റോആൻ മാത്യു (26) സംവിധാനം ചെയ്ത പരസ്യത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറാണ് ഭാര്യ പല്ലവി കൈനടി. 

∙ പരസ്യ ചിത്രത്തിനെക്കുറിച്ച് സംവിധായകൻ പറയുന്നു:

‘സമൂഹമാധ്യമത്തിൽ മലബാർ ഗോൾഡിന്റെ പരസ്യത്തിനു ധന്യ സോജന്റെ കമന്റ് വന്നതോടെയാണ് അവരെക്കുറിച്ച് ഞങ്ങൾ അന്വേഷിച്ചത്. ‘ഈ ആഭരണങ്ങൾ ധരിച്ച് ഫോട്ടോഷൂട്ട് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എനിക്ക് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അതിനൊരു അവസരം നൽകുമോ?’ എന്നായിരുന്നു ധന്യയുടെ കമന്റ്. ധന്യയെ കണ്ടപ്പോൾ വെറും ഫോട്ടോഷൂട്ട് മാത്രം പോര എന്നു ഞങ്ങൾക്കു മനസ്സിലായി. രോഗത്തിന്റെ അവസ്ഥയിലും അവരുടെ എനർജിയും ആറ്റിറ്റ്യൂഡും വലുതായിരുന്നു. ധന്യയുടെ ‘വൈബ്’ എല്ലാവരിലേക്കും എത്തിക്കാൻ കഴിയുന്ന വിഡിയോ ചിത്രം തന്നെ തയാറാക്കാമെന്നു ഞാനും പല്ലവിയും ആലോചിച്ചു. മലബാർ ഗോൾഡ് മാനേജമെന്റിന് ഞങ്ങളുടെ ആശയം ഇഷ്ടമായി. അങ്ങനെയാണ് പരസ്യചിത്രം തയാറാക്കാൻ‍ അനുമതി ലഭിച്ചത്.

സ്ക്രിപ്റ്റ് ഇല്ലാതെയാണ് പരസ്യം തയാറാക്കിയത്. റിയലായിട്ടുള്ള സന്ദർഭങ്ങളിലൂടെ അവരുടെ യഥാർഥ വികാരപ്രകടനങ്ങളാണ് ചിത്രീകരിച്ചത്. റീടേക്ക് ഇല്ലാത്തതു കൊണ്ടു തന്നെ ചില ഷോട്ടുകൾ ബുദ്ധിമുട്ടുള്ളതായിരുന്നു. ധന്യയെ ഇരുത്തിയ ശേഷം കുടുംബാംഗങ്ങളെ ചുറ്റും നിർത്തി ആഭരണങ്ങൾ അണിയിക്കുമ്പോഴുണ്ടാകുന്ന അവരുടെ പ്രതികരണങ്ങളെല്ലാം സ്വാഭാവികമായുണ്ടാകുന്നതാണ്.

ധന്യയെ ഒരുക്കിത്തുടങ്ങിയപ്പോൾ തന്നെ എല്ലാ  കണ്ണാടികളും അവിടെ നിന്നു മാറ്റി. ഒരുക്കിക്കഴിഞ്ഞ് കണ്ണാടിക്കു മുന്നിലെത്തുമ്പോൾ ധന്യയുടെ എക്സൈറ്റ്മെന്റും സന്തോഷവുമെല്ലാം കൃത്യമായി സ്വാഭാവികമായി തന്നെ ക്യാമറയിൽ പതിഞ്ഞു. ഫോട്ടോഷൂട്ട് ചെയ്യാൻ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകരെല്ലാം വളരെ അനുഭവപരിചയമുള്ളവരാണ്. ആദ്യമായി ഫോട്ടോഷൂട്ടിനെത്തുന്ന ധന്യയെ കംഫർട്ടബിൾ ആക്കാൻ അവരുടെ അനുഭവസമ്പത്ത് ഗുണം ചെയ്തു. ആലുവയിലെ പോർട്ട് മുസിരിസ് ഹോട്ടലിൽ ഒറ്റദിവസത്തെ ചിത്രീകരണമാണുണ്ടായിരുന്നത്. പരസ്യം ഇത്രയും വൈറലാകുമെന്നു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. കരീന കപൂറും തമന്നയും ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ ഷെയർ ചെയ്തതോടെ വേറെ ലെവലായി’ – റോആൻ പറയുന്നു.

∙ ഭാര്യയും ഭർത്താവും ഒരു കമ്പനി

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് കാര്യമായ ജോലിയൊന്ന‍ുമില്ലാതിരുന്നപ്പോഴാണ് റോആനും ഭാര്യ പല്ലവിയും കൂടി ഒന്നിച്ച് ഒരു പരസ്യചിത്രം തയാറാക്കിയത്. അത് നല്ലതായെന്നു മനസ്സിലായപ്പോൾ തുടർന്നും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. അമേരിക്കയിൽ പഠിച്ച പല്ലവി അവിടെ പ്രശസ്തമായ ജെഡബ്ല്യു ടി എന്ന പരസ്യ കമ്പനിയിൽ ആർട് ഡയറക്ടറായിരുന്നു.

‘കണ്ടന്റ് കണ്ടന്റ്’ എന്ന പേരിൽ പരസ്യ കമ്പനി രൂപീകരിച്ച ശേഷം മലബാർ ഗോൾഡ് മാനേജ്മെന്റിനെ ഇരുവരും ചേർന്നു തയാറാക്കിയ പരസ്യം കാണിച്ചു. അത് ഇഷ്ടമായതോടെ ‘ബ്രൈഡ്സ് ഓഫ് ഇന്ത്യ’ പരസ്യങ്ങളുടെ ക്രിയേറ്റീവ് ചുമതല നൽകി. അടുത്തതായി സ്വന്തമായി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് റോആൻ.

∙ നിയമം പഠിച്ച സംവിധായകൻ

വ്യവസായിയും പ്ലാന്ററുമായ ആലപ്പുഴ സീവ്യൂ വാർഡ് ചേംബർ ലെയ്ൻ വടക്കേക്കളത്തിൽ ജോജി മാത്യുവിന്റെയും ഇന്നർവീൽ ക്ലബ് ഡിസ്ട്രിക്ട് ചെയർമാൻ സിൻഡ ജോജിയുടെയും മകനായ റോആൻ മാത്യു സ്കൂൾ പഠന കാലം മുതൽ നാടകങ്ങളും ഹ്രസ്വചിത്രങ്ങളും സംവിധാനം െചയ്തിട്ടുണ്ട്. ഡൽഹിയിലെ ജിൻഡൽ ഗ്ലോബൽ ലോ സ്കൂളിൽ നിയമം പഠിക്കുന്ന കാലത്ത് സംവിധാനം ചെയ്ത ‘ലെറ്റ്സ് ഹാവ് സെക്സ്’ എന്ന നാടകം വിവാദമായിരുന്നു. തുടർന്ന് ‘സെൻസേർഡ്’ എന്നു പേരു മാറ്റിയാണ് നാടകം വേദിയിലെത്തിച്ചത്. പഠന കാലത്ത് സിദ്ദീഖിന്റെ ‘ഫുക്രി’, ബോളിവുഡ് ചിത്രം ‘ബോഡി’ എന്നിവയിൽ ഇന്റേൺ ആയി പ്രവർത്തിച്ചു. മലബാർ ഗോൾഡിന്റെയും മലബാർ ഡെവലപേഴ്സിന്റെയും ചില പരസ്യങ്ങളും ഡോക്യുമെന്ററികളുമായാണ് പരസ്യ രംഗത്തു ചുവടുറപ്പിച്ചത്. ജീത്തു ജോസഫിന്റെ മിസ്റ്റർ ആൻഡ് മിസിസ് റൗഡി, റാം എന്നീ സിനിമകളിൽ സഹസംവിധായകനായി. ‘ബൈ മീ’ എന്ന വെബ്സീരിസ് തയാറാക്കിയെങ്കിലും റിലീസ് ചെയ്തിട്ടില്ല. 

സ്തപതി ആർക്കിടെക്ചറിൽ പ്രിൻസിപ്പൽ ആര്‍ക്കിടെക്ടായ കോഴിക്കോട് കുറ്റിക്കാട്ടൂർ മലബാർ മൊണ്ടാന എസ്റ്റേറ്റ്സ് യാഹ്വിയിൽ ടോണി ജോസഫിന്റെയും സോണിയയുടെയും മകളാണ് പല്ലവി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com